സ്നേഹിച്ചവനെ തട്ടിയെടുത്ത് അനിയത്തി, അവളുടെ കള്ളങ്ങള്ക്കു മുന്നിൽ അമ്മ പോലും ഒറ്റപ്പെടുത്തി; ഒടുവിൽ കാലം അവരെ ശിക്ഷിച്ചു
ദിവസങ്ങൾക്കിപ്പുറം മണ്ഡപത്തിൽ ഗോപേട്ടന്റെ കൈ പിടിച്ചു ഗോപിക നടന്നപ്പോൾ ഒരു മനുഷ്യഹൃദയം എത്രമേൽ പൊടിയാമെന്നും ഒരാൾക്ക് എത്രയധികം ഉള്ളുനോവാമെന്നും അനുഭവിച്ചറിഞ്ഞു. ആ രാത്രി വീടുവിട്ടു. ഇനിയിത് എന്റേതല്ല.
ദിവസങ്ങൾക്കിപ്പുറം മണ്ഡപത്തിൽ ഗോപേട്ടന്റെ കൈ പിടിച്ചു ഗോപിക നടന്നപ്പോൾ ഒരു മനുഷ്യഹൃദയം എത്രമേൽ പൊടിയാമെന്നും ഒരാൾക്ക് എത്രയധികം ഉള്ളുനോവാമെന്നും അനുഭവിച്ചറിഞ്ഞു. ആ രാത്രി വീടുവിട്ടു. ഇനിയിത് എന്റേതല്ല.
ദിവസങ്ങൾക്കിപ്പുറം മണ്ഡപത്തിൽ ഗോപേട്ടന്റെ കൈ പിടിച്ചു ഗോപിക നടന്നപ്പോൾ ഒരു മനുഷ്യഹൃദയം എത്രമേൽ പൊടിയാമെന്നും ഒരാൾക്ക് എത്രയധികം ഉള്ളുനോവാമെന്നും അനുഭവിച്ചറിഞ്ഞു. ആ രാത്രി വീടുവിട്ടു. ഇനിയിത് എന്റേതല്ല.
“ഇപ്പോഴത്തെ പിള്ളേരൊക്കെ ഇങ്ങനെയാ! ബെല്ലും ബ്രേക്കുമില്ല…” അശ്രദ്ധമായി, പാട്ടും കേട്ട് വന്ന ഒരു സ്കൂട്ടിക്കാരനെ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചെടുത്തു മരത്തിൽ പോയി ഇടിച്ചു നിന്നതിന്റെ പരിദേവനം സേതുവിൽനിന്നുണ്ടായതും ഗായത്രി തന്റെ ചിന്തയിൽ നിന്നുണർന്നു. ഒന്നും പറ്റിയില്ല, കാറിനു ചെറിയ പരിക്കേയുള്ളൂ. ഇനി ഒരു തിരിച്ചു വരവ് ഉണ്ടാകരുതേ എന്ന് പ്രാർഥിച്ചിരുന്നു. എന്നിട്ടും പത്തു വർഷങ്ങൾക്കു ശേഷം വീണ്ടും കാണേണ്ടിവന്ന തന്റെ ഗ്രാമത്തിലെ ദിവസവും നടന്നിരുന്ന വഴികളത്രയും അപരിചിതമായി തോന്നി, ഗായത്രിക്ക്. അപ്രതീക്ഷിതമായിട്ടായിരുന്നു ജോലി സ്ഥലത്തേക്ക് ഓപ്പോളുടെ വിളി എത്തിയത്. “ഗോപികയും മറ്റും കാറപകടത്തിൽ പെട്ടു. അമ്മയുടെ നില കഷ്ടമാണ്. നിന്നെ കാണണമെന്ന് പറയുന്നു. വിരോധമില്ലായെങ്കിൽ…” തന്നെ എങ്ങനെ തേടിപിടിച്ചു എന്നറിയില്ല. സേതുവേട്ടനോട് പറഞ്ഞപ്പോഴേ സമ്മതം പറഞ്ഞു: “അമ്മയ്ക്ക് അങ്ങനെ ആഗ്രഹമുണ്ടെങ്കിൽ പോകണം.”
ചാത്തോത്തുമുക്കിൽ അച്ഛൻ നടത്തിയിരുന്ന പലചരക്കുകടയിൽ നിന്നുള്ള ചുരുങ്ങിയ വരുമാനത്തിൽ ജീവിച്ചിരുന്ന അച്ഛനും അമ്മയും ഞങ്ങൾ മൂന്ന് പെൺകുട്ടികളും അടങ്ങിയ കുടുംബം. ഞങ്ങൾ എന്ന് പറഞ്ഞാൽ ഓപ്പോൾ ഗീത, ഞാൻ ഗായത്രി, പിന്നെ എനിക്കിളയവൾ ഗോപിക, എന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരി. പെൺകുട്ടികൾ മാത്രം വളർന്ന വീട്ടിൽ എന്തുസഹായത്തിനും അമ്മായിയുടെ മകനായ ഗോപേട്ടനുമുണ്ടായിരുന്നു. ഇടക്കെപ്പോഴോ അച്ഛനും അമ്മായിയും പറഞ്ഞുവച്ചിരുന്നു ഗോപൻ ഗായത്രിക്കുള്ളതാണ് എന്ന്. എന്റെ പ്രീ-ഡിഗ്രിക്കാലത്താണ് അച്ഛന്റെ മരണം. റോഡിനപ്പുറമുള്ള തന്റെ ഉറ്റതോഴനായ ജോസപ്പേട്ടന്റെ ചായക്കടയിൽ പോയതാണ്. കാറിന്റെ രൂപത്തിൽ വന്ന മരണത്തോടൊപ്പം അച്ഛൻ പോയി. എന്റെ സങ്കടകാലത്തിന്റെ തുടക്കം. കട നിർത്തേണ്ടിവന്നു. കടയ്ക്കുവേണ്ടി വീടും സ്ഥലവും അച്ഛൻ മുമ്പേ പണയം വച്ചിരുന്ന കാര്യം അറിഞ്ഞത് മറ്റൊരാഘാതമായി.
ജോസപ്പേട്ടന്റെയും മറ്റു പലരുടെയും സഹായത്തോടെ ഞാൻ ടിടിസി യ്ക്ക് ചേർന്നു. കുടുംബത്തെ താങ്ങാനൊരു ജോലി, അത് അത്യാവശ്യമായിരുന്നു. പഠനം തീർന്നപ്പോഴേ ദേവസ്വം വക സ്കൂളിൽ എനിക്ക് ജോലിയായി. ബിരുദമൊക്കെ കഴിഞ്ഞിട്ടും ജോലിയൊന്നുമാവാതെ നിരാശനായിരുന്ന ഗോപേട്ടനെ ഞാൻ നിർബന്ധിച്ചു കമ്പ്യൂട്ടർ പഠിക്കാനയച്ചു. പത്തിലേ പഠിത്തമവസാനിപ്പിച്ച ഓപ്പോൾ, സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുന്ന ഗോപിക, അമ്മയുടെ ചികിത്സ, ഗോപേട്ടന്റെ പഠിപ്പ്, വീടിന്റെ ലോൺ, ഇതിനെല്ലാമായി എന്റെ വരുമാനം വീതം വയ്ക്കപ്പെട്ടു. എന്റെ കഷ്ടപ്പാട് കണ്ടറിഞ്ഞ ജോസപ്പേട്ടനാണ് അദ്ദേഹത്തിന്റെ കടയുടെ ചായ്‌പിൽ എനിക്കൊരു ട്യൂഷൻ സെന്റർ തുടങ്ങാൻ പ്രോത്സാഹിപ്പിച്ചത്. കുട്ടികളേറിവന്നപ്പോൾ രാവിലെയും വൈകിട്ടുമായി അത് പതിയെ പച്ചപിടിച്ചു. ഏറെ കഷ്ടപ്പെട്ടെങ്കിലും കാര്യങ്ങളൊക്കെ നേരെയാകുമെന്ന് വിശ്വസിച്ച ഒരു കാലം.
ഓപ്പോളുടെ കല്യാണം ലോണും കടവുമൊക്കെയായി നടത്തി. പഠനത്തിനിടക്കൊക്കെ വന്നുപോയിരുന്ന ഗോപേട്ടനായിരുന്നു ഏറ്റവും വലിയ ആശ്വാസം. കുഞ്ഞാലിമാഷിന്റെ തെങ്ങിൻതോപ്പിന്റെ അടുത്തുള്ള ഇടത്തോടിന്റെ പടവിൽ അദ്ദേഹത്തിന്റെ നെഞ്ചിന്റെ തണലിൽ ഒരുപാടുനേരമിരിക്കും. ചിരിക്കും. കരയും. കുറച്ചൊരഭിമാനത്തോടെ എന്റെ നെട്ടോട്ടങ്ങളുടെ കഥകൾ പങ്കുവെക്കും. ‘എന്റെ പഠിപ്പൊക്കെ കഴിഞ്ഞു ഒരു ജോലിയായാൽ എല്ലാം ശരിയാകു’മെന്ന് അപ്പോൾ അദ്ദേഹമെനിക്ക് ധൈര്യം തരും. അദ്ദേഹത്തിന്റെ സ്നേഹപ്രകടനങ്ങൾക്കിടയിൽ എല്ലാം തികഞ്ഞ ഒരു വീട്ടമ്മയായി മാറുന്നത് ഞാൻ സ്വപ്നം കാണും. അങ്ങനെ തെങ്ങോലത്തലപ്പുകളുടെ നിഴലുകൾ മറയാക്കി ഞങ്ങളുടെ എത്രയോ സമാഗമങ്ങൾ. ഇതിനിടയിൽ ഓപ്പോൾ ഭർത്താവുമായി പിണങ്ങിപ്പോന്നു. അമ്മയാകാൻ പോകുകയാണെന്നറിഞ്ഞിട്ടുപോലും ഓപ്പോളെ അയാൾ വന്നു കണ്ടില്ല. ഗോപേട്ടനു നല്ലൊരു ജോലി ആയപ്പോൾ ഞങ്ങളുടെ കല്യാണാലോചന വീണ്ടും പൊന്തിവന്നു. അനുജത്തി ഗോപികയുടെ കല്യാണം ആദ്യം നടക്കട്ടെയെന്നു ഗോപേട്ടനോട് ഞാൻ സ്നേഹത്തോടെ വാശിപിടിച്ചു. ഗോപേട്ടനും എതിർത്തില്ല. ഇതിനിടയിൽ ഡിഗ്രി പൂർത്തിയാക്കിയ ഗോപികക്ക് തന്റെ ജോലിസ്ഥലത്തു തന്നെ ഒരു ജോലിയാക്കി കൊടുത്തപ്പോൾ ഗോപേട്ടന്റെ കരുതലിൽ എന്റെ മനംനിറഞ്ഞിരുന്നു.
“ഗോപനും ഗോപികയും വരുന്നുണ്ട്, അവൾക്കൊരു കല്യാണം ഏതാണ്ട് ഉറച്ചപോലെ ആണ്.” പെട്ടെന്നൊരു ദിവസം അമ്മ പറഞ്ഞപ്പോൾ എനിക്ക് കുറച്ചല്ലാത്തൊരു അത്ഭുതമുണ്ടായി. പിന്നീടുള്ള ചോദ്യങ്ങൾക്ക് അമ്മയോ ഓപ്പോളോ പറഞ്ഞ മറുപടികൾ പൂർണമല്ലെന്നു വിഷമിച്ചു. ഗോപിക എത്തിയശേഷം അവളുടെ മറച്ചുപിടിക്കലുകളും എന്നെ വല്ലാതാക്കി. അവധിക്കു വന്നിട്ടും ഗോപികയുടെ പെണ്ണുകാണൽ ചടങ്ങിന്റെ സമയത്തേ ഗോപേട്ടൻ പ്രത്യക്ഷപ്പെട്ടുള്ളു. അമ്മായിയുമുണ്ട് കൂടെ. സെറ്റുമുണ്ടുടുത്തു സുന്ദരിയായി ചായയുമായി ഗോപിക വന്നു. അവൾ ഗോപേട്ടനു നേരെ ചായ നീട്ടിയ നിമിഷം ജീവൻ നഷ്ടപ്പെടാൻ പോകുന്നുവെന്ന് എനിക്ക് തോന്നി. വീഴാതിരിക്കാൻ ഉമ്മറത്തുള്ള മേശയിൽ പിടിച്ചു ഞാൻ നിന്നു. പിന്നെ, പലരുടെയും മൗനങ്ങൾ സൃഷ്ടിച്ച ഇരുളിലൂടെ വീടിനകത്തേക്ക് പതറി നടന്നു. ആരോടും ഒന്നും ചോദിച്ചില്ല. ദിവസങ്ങൾക്കിപ്പുറം മണ്ഡപത്തിൽ ഗോപേട്ടന്റെ കൈ പിടിച്ചു ഗോപിക നടന്നപ്പോൾ ഒരു മനുഷ്യഹൃദയം എത്രമേൽ പൊടിയാമെന്നും ഒരാൾക്ക് എത്രയധികം ഉള്ളുനോവാമെന്നും അനുഭവിച്ചറിഞ്ഞു. ആ രാത്രി വീടുവിട്ടു. ഇനിയിത് എന്റേതല്ല. എന്റെ കഥയെല്ലാം അറിയാവുന്ന ഒരു കൂട്ടുകാരി അടുത്തുള്ള ഒരു സ്കൂളിൽ തന്നെ ജോലി തരപ്പെടുത്തി. അവിടെ വച്ചാണ് സേതുവേട്ടനെ പരിചയപ്പെട്ടത്.
“വീടെത്തിയിരിക്കുന്നു.” സേതു കാർ നിർത്തി പറഞ്ഞു. ഓർമ്മകളവിടെ മുറിഞ്ഞു. ഉറപ്പില്ലാത്ത കാലടിയോടെ ഉമ്മറത്തേക്ക് കയറിയതും ‘ഗായൂ’ എന്ന് അമ്മ കരയുന്നതു കേട്ടു. അമ്മയ്ക്കരികിലിരുന്നു ഞാൻ അവരുടെ കണ്ണുകൾ തുടയ്ക്കവേ മറ്റൊരു മുറിയിൽനിന്നും ഒരു തേങ്ങിക്കരച്ചിൽ എന്റെ നേർക്കുവന്നു. ഗോപിക! അവിടേക്കു നടക്കുമ്പോൾ ഹൃദയം നൊന്തുപൊട്ടുന്നത് എനിക്ക് മനസ്സിലാവുന്നുണ്ട്. എന്നെ കണ്ടതും എന്റെ കാലിൽ കെട്ടിപിടിച്ചു അലറുന്നതുപോലെ കരഞ്ഞു. രണ്ടു കാലുകളും നഷ്ടപ്പെട്ട് ദേഹമാകെ ഒടിവുകളും ചതവുകളുമായി കട്ടിലിൽ ഒരു ജീവച്ഛവം പോലെ ഗോപേട്ടൻ കിടക്കുന്നതും ഞാൻ കാണുന്നു. കരച്ചിലിനിടയിലൂടെ ഗോപിക വിളിച്ചു പറയാൻ തുടങ്ങി. അതെ, ചില മൗനങ്ങളിൽ ഒളിഞ്ഞിരുന്ന വാക്കുകൾ കാലം എനിക്കായി വെളിപ്പെടുത്തുന്നു.
“ഗായേച്ചി മാപ്പ്..!” ഗോപിക നിലവിളിക്കുന്നതുപോലെ ഒച്ചയിട്ടു. “ജോസഫ്ചേട്ടനും ഗായേച്ചിയും തമ്മിൽ അരുതാത്ത ബന്ധമുണ്ടെന്ന് ഞാൻ വിശ്വസിപ്പിച്ചത് കൊണ്ടാണ് ഗോപേട്ടൻ എന്റേതായത്.. കള്ളത്തെളിവുകളും, എന്റെ നുണകളും എല്ലാവരും വിശ്വസിച്ചു. ഇല്ലാക്കഥകൾ മെനഞ്ഞു ഗോപേട്ടനെ എന്റെ സ്വന്തമാക്കിയപ്പോൾ ചേച്ചിയെ ഞാൻ ഓർത്തുപോലുമില്ല. ഗായേച്ചിതന്നെ വളർത്തിയ കുടുംബം ചേച്ചിയെ കൈവിട്ടപ്പോൾ തളർന്നുപോയ ചേച്ചിയെ ഞാൻ തിരിഞ്ഞുനോക്കിയില്ല.. ദൈവം എന്നെ ശിക്ഷിച്ചു.. എന്നെ വെറുക്കല്ലേ ചേച്ചി..” ഗോപിക എനിക്കുനേരെ കൈകൂപ്പി കരഞ്ഞു. അവളെ എഴുന്നേൽപ്പിച്ചു നെറുകയിൽ കണ്ണീരുകലർന്ന ഒരു ചുംബനം കൊടുത്തു. എനിക്ക് ഒരുപാടു ചോദ്യങ്ങൾ ചോദിക്കാനുള്ളവരെയും ചോദ്യങ്ങളെത്തന്നെയും ആ വീട്ടിലുപേക്ഷിച്ചു ഞാൻ കാറിലേക്ക് നടക്കുകയാണ്. ചിലപ്പോഴൊക്കെ മൗനമല്ലേ ഹൃദയഭേദകം. വാക്കുകളേക്കാൾ ആഴത്തിൽ ഹൃദയം തകർക്കാൻ കഴിയുന്ന അദൃശ്യഭാഷയാണ് മൗനം. പ്രിയപ്പെട്ടവരെന്നു ധരിച്ചവർ നമ്മെ ചതിക്കുമ്പോൾ മൗനം തന്നെയാണ് നല്ല മറുപടി. മൗനമാണ് അവർക്കുള്ള വലിയ ശിക്ഷ.