'മരിച്ചു എന്ന് അറിഞ്ഞപ്പോഴാണ് ഞാൻ അമ്മയെ ഓർക്കാതെ പോയതിൽ നൊമ്പരമുണ്ടായത്...'
Mail This Article
ആകാശം കറുത്തിരുണ്ട് തുടങ്ങിയിരുന്നു. കുത്തും കോമയും ഇല്ലാതെ നിരതെറ്റിയ എഴുത്തുകൾ പോലെ മനുഷ്യർ നഗരവീഥിയിൽ ധൃതിപ്പെട്ട് നടക്കുന്നു. ഞാൻ കയറിയ ബസ്സിലും തിരക്കേറി വന്നു. ചുറ്റിലുമുള്ള മുഖങ്ങളിലേക്ക് വെറുതെയൊന്ന് കണ്ണോടിച്ചു. ഓരോ കഥകൾ പോലെ പരിചിതമല്ലാത്ത കുറെ മനുഷ്യർ ഒരു വണ്ടിക്കുള്ളിൽ എവിടെയൊക്കെയോ എത്തിപ്പെടാൻ ഒരുമിച്ച് യാത്ര ചെയ്യുന്നു. ഈ യാത്ര എന്തിനെന്ന് സ്വയം എത്ര ചോദിച്ചിട്ടും തൃപ്തികരമായ ഒരു ഉത്തരം എനിക്ക് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കാരണം ഹൃദയമിപ്പോൾ കലങ്ങിമറിഞ്ഞ കടൽ പോലെയാണ്. കാറ്റ് വീശുവാൻ തുടങ്ങി ആകാശത്തിന്റെ ഹൃദയത്തിലേക്ക് മിന്നൽ പിണരുകൾ തുളഞ്ഞു കയറുന്നു. ദൂരത്ത് നിന്നും മഴയുടെ ഇരമ്പൽ കേൾക്കാം. ആളുകൾ ബസ്സിലെ ഷട്ടറുകൾ അടയ്ക്കാൻ തുടങ്ങി. വെളിച്ചം എത്ര പെട്ടെന്നാണ് ഇരുൾ ആയത്.
നനഞ്ഞ വസ്ത്രങ്ങളുടെ മുഷിഞ്ഞ ഗന്ധമാണിപ്പോൾ. എന്തുകൊണ്ടോ എനിക്കതിൽ മടുപ്പ് തോന്നിയില്ല കയറിവന്ന മനുഷ്യർക്കൊപ്പം ആ ഗന്ധവും തിരികെ ഇറങ്ങിപ്പോകുമെന്നറിയുന്നത് കൊണ്ടാവാം അത്. എന്തെന്നാൽ ഓരോ മനുഷ്യരും അതാത് സമയങ്ങളിൽ നമ്മിലേക്ക് കയറിവരുന്നു ഒരു ഘട്ടം കഴിയുമ്പോൾ അനുവാദം പോലും ചോദിക്കാതെ ഇറങ്ങിയങ്ങ് പോകുന്നു. അങ്ങനെ എത്ര മനുഷ്യർ ഇറങ്ങിപ്പോയൊരു ശ്മശാനമാണ് എന്റെ ഹൃദയമിന്ന്. ആളുകൾ പതിയെ പതിയെ ഒഴിയുവാൻ തുടങ്ങി ഞാൻ മെല്ലെ ഷട്ടർ തുറന്നു. പുറത്ത് കാറ്റിന്റെ ശക്തി കുറഞ്ഞു. മഴത്തുള്ളികൾ എണ്ണം കുറഞ്ഞു കുറഞ്ഞ് മഴച്ചില്ലകളിൽ ഒതുങ്ങി കൂടിയിരുന്നു ജനൽ കമ്പികളിലേക്ക് ഞാൻ തല ചായ്ച്ചു.
അരുന്ധതി എങ്ങോട്ടാണ് എന്ന ചോദ്യം കേട്ടാണ് പെട്ടെന്ന് ഞാൻ തലയുയർത്തി നോക്കിയത്. കയ്യിൽ ഒരു ബാഗും ഇളം നീല ഷർട്ടും വെള്ളമുണ്ടുമുടുത്തൊരാൾ. അയാൾ എന്റെ പേരാണ് വിളിച്ചത് എനിക്കരികിൽ എന്നെയാണ് നോക്കുന്നതും. പ്രായം മറച്ചു പിടിക്കാത്തതിനാൽ അയാളുടെ മുടികൾക്കിടയിലും താടിയിലുമായി നരകൾ കാണാമായിരുന്നു ഞാൻ ഒന്നൂടെ സൂക്ഷിച്ചു നോക്കി മനസ്സിലാവുന്നില്ല, എന്നെ ഓർമിക്കുന്നില്ലേ എന്നയാൾ വീണ്ടും ചോദിച്ചു, ദിവസേന എത്ര മനുഷ്യരെ കാണുന്നു. അതിൽ ആരെയെല്ലാം ഓർമിക്കണം ആരെയെല്ലാം മറക്കണം എന്നത് വലിയൊരു ഉത്തരവാദിത്തമാണെന്ന് അപ്പോളെനിക്ക് തോന്നി. ഞാൻ നന്ദനാടോ എന്നയാൾ പറഞ്ഞതും ബോധപൂർവ്വം അടക്കിവെച്ച ഓർമ്മകളിലേക്ക് തിരികെ ഞാൻ ചലിച്ചു. അരികിലേക്ക് ഇരിക്കുവാൻ നന്ദനെ കണ്ണുകൊണ്ട് കാണിച്ചു ഞങ്ങൾക്കിടയിൽ കാരണങ്ങളൊന്നും ഇല്ലാത്ത ഒരു നിശബ്ദത ഘനീഭവിച്ചു. വർഷങ്ങളുടെ ഏടുകൾ പിന്നോട്ട് മറിക്കുവാൻ ഞാൻ നിർബന്ധിതയായി. യാദൃശ്ചികമായ കണ്ടുമുട്ടലുകൾ പലപ്പോഴും മുറിവുകളാണ് സമ്മാനിക്കുന്നതെന്ന് എനിക്ക് തോന്നി. ജീവിതത്തിനോടുള്ള അകലം കൂടിക്കൂടി മനുഷ്യരിൽ നിന്നും അകലേണ്ടി വന്ന ഒരുവളെ മനസ്സിലാക്കുവാൻ ഇവിടെ ആർക്കാണ് കഴിയാറുള്ളത്. ഈ മഴയിൽ ചൂട് പാറുന്ന കാപ്പി കുടിച്ചിറക്കും പോലെ അപ്പോഴും ഞങ്ങൾ ഇരുവരും മൗനത്തെ കുടിച്ചിറക്കുകയായിരുന്നു.
താൻ എങ്ങോട്ടാണെന്ന് നന്ദന്റെ ചോദ്യം അതുവരെ ഞങ്ങൾക്കിടയിൽ ഉടലെടുത്ത മൗനത്തെ ഇല്ലാതാക്കി. ആ ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരം എനിക്ക് പറയാൻ ഇല്ലാത്തതിനാൽ തന്നെ, അതിനെ അവഗണിച്ച് നന്ദൻ എവിടേക്കെന്ന് ഞാൻ തിരികെ ചോദിച്ചു. അമ്മ മരിച്ചിരുന്നു ഞാൻ തിരുനെല്ലിയിലേക്കാണ് കർമ്മങ്ങൾ ചെയ്യണമെടോ. ജീവിച്ചിരുന്നപ്പോൾ ഞാൻ അവരോട് നീതിപുലർത്തിയിട്ടില്ല ഇതെങ്കിലും ചെയ്യണം വിശ്വാസമുണ്ടായിട്ടല്ല ഇന്നും അതിലൊന്നും കാര്യമുള്ളതായി എനിക്ക് തോന്നിയിട്ടുമില്ല, ജീവിച്ചിരിക്കുമ്പോൾ നമുക്ക് ചുറ്റുമുള്ളവർ അത് എത്ര പ്രിയപ്പെട്ടതാണെന്ന് അവർ തന്ന് പോവുന്ന ശൂന്യത എത്ര വലുതാണെന്ന് തിരിച്ചറിയുമ്പോൾ നാം എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു ആരൊക്കെയോ ബോധ്യപ്പെടുത്തുവാനും സ്വയം ആശ്വസിക്കാനുമായി. ആത്മാവ് ഉടൽ വിട്ടു പിരിഞ്ഞിട്ട് എന്ത് നൽകിയിട്ടും എന്ത് കാര്യമാണുള്ളത് നന്ദാ, അരുന്ധതി പറഞ്ഞു. ഈശ്വരനോട് പറയുവാനുള്ള വാക്കുകൾ എനിക്കും നഷ്ടമായിരിക്കുന്നു, തോൽക്കുകയാണെന്ന് അറിഞ്ഞിട്ടും പൊരുതുകയായിരുന്നു. എന്നിട്ടും ഒടുവിൽ തോറ്റുപോയി അതാണി യാത്രയും.
നന്ദനോർമ്മയുണ്ടോ നമ്മൾ പഠിച്ചിരുന്ന കാലത്ത് കോളജിനടുത്ത് മാടക്കട നടത്തിയിരുന്ന വിളർത്ത് മെലിഞ്ഞ് പാതികാഴ്ചയുള്ള ഒരു അമ്മയെ?? ആരാടോ അവരെ മറക്കുക താൻ അവർക്ക് എന്നും പൊതിച്ചോറ് കൊടുക്കാറുണ്ടായിരുന്നതല്ലേ നന്ദൻ ചോദിച്ചു. അൽപനേരത്തെ മൗനത്തിനുശേഷം അരുന്ധതി പറഞ്ഞു അച്ഛന്റെയും അമ്മയുടെയും മരണത്തിനുശേഷം അമ്മാവന്മാർക്കൊപ്പം ആയിരുന്നു എന്റെ ജീവിതം. വലിയൊരു ഭാരം അവർക്കുമേൽ കെട്ടിവച്ച് ഏറെ കടം വരുത്തി അച്ഛനും അമ്മയും ആത്മഹത്യ ചെയ്തു. അവരോടുള്ള മറ്റുള്ളവരുടെ വെറുപ്പ് ഓരോ ദിവസവും എന്റെ പകലുകൾക്കും രാത്രികൾക്കും അഗാധമായ മുറിവുകളായിരുന്നു സമ്മാനിച്ചത്. വ്രണപ്പെട്ട ഓർമ്മകളുടെ ജീവിക്കുന്ന അവശിഷ്ടമായിരുന്നു അവർക്കൊക്കെ എന്നും ഞാൻ. അതിൽ നിന്നുമൊക്കെ എനിക്ക് വലിയൊരു മോചനമായിരുന്നു ആ അമ്മ. അവരുടെ സ്നേഹം വാത്സല്യം നഷ്ടമായതെന്തോ തിരികെ ലഭിച്ചത് പോലെയായിരുന്നു. ആ വൃദ്ധയോടുള്ള വികാരങ്ങൾ എന്തെല്ലാമെന്ന് വാക്കുകൾക്കും അതീതമായിരുന്നു.
ഒരു മകനുണ്ടെന്നും മകൾ മരിച്ചുപോയെന്നും അല്ലാതെ അവരെക്കുറിച്ച് എനിക്കൊന്നുമറിയില്ലായിരുന്നു ഞാൻ ചോദിച്ചിരുന്നില്ല എന്നതാവും ശരി, എന്നിട്ടും പലപ്പോഴും ഹൃദയം നീറുമ്പോൾ ഞാൻ അവർക്ക് അരികിലേക്ക് ഓടി ചെല്ലുമായിരുന്നു. തേങ്ങിനിൽക്കുന്ന എന്നോട് ഒരു വാക്കുപോലും ചോദിക്കാതെ വാത്സല്യം മുഴുവൻ വാരി കുടഞ്ഞ് പരുപരുത്ത വിരലുകൾ കൊണ്ട് നിറുകയിൽ തലോടുമായിരുന്നു. ഒരു പുഞ്ചിരിക്കും പൊതിച്ചോറിനപ്പുറം ഞാൻ അവർക്ക് ആരൊക്കെയോ ആണെന്ന് തോന്നൽ ആ സ്പർശനങ്ങളിൽ വ്യക്തമായിരുന്നു. അഞ്ചുവർഷങ്ങൾ ഒരമ്മയുടെ സ്നേഹം ഒരു മതിലുകളും ഇല്ലാതെ ഞാൻ അനുഭവിച്ചു. ഒടുവിൽ കോളജ് അടയ്ക്കുന്ന ദിവസം ക്ലാസ് മുറികളിൽ ബഹളവും പരസ്പരം യാത്ര പറച്ചിലുകളും ആരംഭിച്ച നിമിഷം എന്റെ ഹൃദയം പെട്ടെന്ന് താറുമാറായത് പോലെ തോന്നി. ഞാനാ അമ്മയ്ക്കൊരുകിലേക്കോടി. അവിടെ അവർ മാത്രമായിരുന്നു എനിക്ക് ഏറെ പ്രിയപ്പെട്ടത്. ഞാൻ കരഞ്ഞുപോയി അവരുടെ നെഞ്ചിലേക്ക് വീണു ഒരു കുട്ടിയെ പോലെ കരഞ്ഞു. നോവുമ്പോൾ അമ്മയുടെ മാറിടം നൽകുന്ന കരുതലിന്റെ വാത്സല്യത്തിന്റെ ചൂട് അന്ന് ഞാനറിഞ്ഞു.
ഹൃദയം വിങ്ങുമ്പോഴും കണ്ണുകൾ നിറയാതെ അവരെന്നെ ചേർത്ത് പിടിച്ചു പിന്നീടുള്ള കുറച്ചുനാളുകൾ അടച്ചിട്ട വീടുപോലെ നിശബ്ദമായിരുന്നു എന്റെ ഹൃദയം. ദുഃഖിക്കാൻ കഴിയാത്ത വിധം മനസ്സപ്പോൾ തളർന്നിരുന്നു. പഠിത്തം ഞാൻ മുടക്കിയില്ല എല്ലാവരോടുമുള്ള വാശി കൊണ്ട് പഠിച്ചതിനാൽ നല്ല മാർക്ക് ഉണ്ടായിരുന്നു. സ്വന്തം കാലിൽ നിൽക്കണമെന്ന് ലക്ഷ്യം മാത്രമായിരുന്നു അപ്പോൾ. വീടും നാടും ഉപേക്ഷിച്ച് ഞാൻ ചെന്നൈയിലേക്ക് പോയി. അവിടെ ചെറിയൊരു ജോലി കിട്ടി അതിനൊപ്പം പഠിത്തവും. നാടുമായുള്ള ബന്ധം പതിയെ പതിയെ ഇല്ലാതായി ആർക്കും അതിൽ യാതൊരു പരിഭവങ്ങളും ഉള്ളതായി തോന്നിയുമില്ല. പടിപടിയായി ഞാനെല്ലാം നേടി അല്ല ഓടുകയായിരുന്നു വിശ്രമമില്ലാതെ, ഒടുവിൽ ഓടിത്തളർന്നപ്പോൾ മാത്രമാണ് ഞാൻ ആ അമ്മയെ വീണ്ടും ഓർത്തത്. തിരികെ ഞാൻ എത്തിയപ്പോൾ ആ അമ്മ മരിച്ചു എന്നാണ് അറിഞ്ഞത്, വറ്റിപ്പോയ ദിവസങ്ങളിൽ ഞാൻ അമ്മയെ ഓർക്കാതെ പോയതിൽ വല്ലാത്ത ഒരു നൊമ്പരമാണ്.
എങ്ങോട്ടാണ് അരുന്ധതി പോകുന്നത്??? നന്ദൻ വീണ്ടും ചോദിച്ചു, കാത്തിരിക്കാൻ ആരുമില്ലാത്ത എനിക്ക് ഈ ഭൂമിയിൽ എവിടെയും സഞ്ചരിക്കാൻ കഴിയും. ഇന്നിടം എന്നില്ലല്ലോ എന്ന് അരുന്ധതി പറഞ്ഞു. തന്റെ ഇപ്പോഴത്തെ അവസ്ഥ എനിക്ക് മനസ്സിലാവും. ആശങ്ക മാറ്റിവച്ച് താൻ എനിക്കൊപ്പം തിരുനെല്ലിക്ക് പോരു അവിടെ ചെന്നിട്ട് തീരുമാനമെടുക്കാം, അരുന്ധതി മറിച്ചൊന്നും പറഞ്ഞില്ല, ചിലപ്പോഴൊക്കെ നീറുന്ന വേളകളിൽ നമ്മെ കേൾക്കുവാൻ ഒരിടമാണ് എല്ലാവരും തിരയുന്നത്. ഭാരിച്ച എന്തോ ഒന്ന് ഇറക്കിവെച്ച ആശ്വാസത്തിലാവാം ഞാൻ എപ്പോഴോ മയക്കത്തിലേക്ക് തെന്നി വീണിരുന്നു. നന്ദൻ തട്ടി വിളിച്ചപ്പോഴാണ് ഞാൻ ഞെട്ടി ഉണർന്നത്. ബസ്സിറങ്ങി ബ്രഹ്മഗിരിയുടെ താഴ്‌വരയിലെ തിരുനെല്ലി ക്ഷേത്രത്തിലേക്ക് ഞങ്ങൾ നടന്നു. അതിനിടയിൽ യാത്രയുടെ ആലസ്യത്തെയും നേർത്ത തണുപ്പിനേയും ഒരു കാപ്പിയാൽ ഞങ്ങൾ അകറ്റി. അവിടെ ഞങ്ങൾക്കായി നന്ദൻ രണ്ടു മുറികൾ എടുത്തു, കുളിച്ചതിനുശേഷം ഞങ്ങൾ ക്ഷേത്രത്തിലേക്ക് മടങ്ങി. നാളെ ചെയ്യേണ്ട കർമ്മങ്ങൾക്കായി നന്ദൻ തിരുമേനിയെ കണ്ടു, മരിച്ചവരുടെ മോക്ഷത്തിനായി ചെയ്ത പാപങ്ങളൊക്കെ കഴുകി കളയുവാൻ അതിലൂടെ മനശാന്തി ലഭിക്കുവാൻ എത്ര മനുഷ്യരാണ് ഇവിടെ എത്തിയിട്ടുള്ളത്. കൽത്തൂണുകളിൽ പടർന്നു കിടക്കുന്ന വള്ളിപ്പടർപ്പുകൾ, ചുറ്റും കിളികളുടെ ശബ്ദം, അച്ഛനും അമ്മയ്ക്കുമായി ചെറുപ്പത്തിലിട്ട ബലിയല്ലാതെ മറ്റൊന്നും എനിക്കറിയില്ലായിരുന്നു.
ആർക്കുവേണ്ടി എന്ന് തിരുമേനി ചോദിച്ചപ്പോൾ അമ്മയ്ക്ക് വേണ്ടി എന്നും ആരെല്ലാം ഇടുന്നു എന്നതിന് ഞങ്ങൾ രണ്ടാളെന്നും നന്ദൻ മറുപടി പറഞ്ഞു. ആശ്ചര്യത്തോടെയും അതിലേറെ ചോദ്യ ഭാവത്തിലും ഞാൻ നന്ദനെ നോക്കി. രണ്ടുനിമിഷം എന്റെ കണ്ണുകളിലേക്ക് നോക്കിയിട്ട് അയാൾ പറഞ്ഞു എന്നിലും അവകാശം ഇതിനിപ്പോൾ തനിക്ക് ഉണ്ടെടോ. എന്റെ അമ്മയെ താൻ അറിയും. മാടക്കട നടത്തിയിരുന്ന തന്റെ അമ്മ എന്റെയാ അമ്മയാണ് കല്യാണിക്കുട്ടിയമ്മ. പേഴ്സിൽ നിന്നും അവർ ഒന്നിച്ചു നിൽക്കുന്ന ഫോട്ടോയെടുത്ത് നന്ദൻ എന്നെ കാണിച്ചു, ചോദിക്കാൻ ചോദ്യങ്ങളോ പറയുവാൻ ഉത്തരങ്ങളോ എനിക്ക് ഉണ്ടായിരുന്നില്ല, ജലം കൊണ്ട് കണ്ണുകൾ മുറിഞ്ഞു. ചന്ദനത്തിരികളുടെ ഗന്ധത്താൽ നേർത്തൊരു കാറ്റുവീശി. നെറുകയിൽ ആ പരുപരുത്ത വിരലുകൾ തലോടിയ പോലെ, അമ്മ മണം ഞാൻ തിരിച്ചറിഞ്ഞു തിരുനെല്ലിയിലെ കാറ്റെന്നെ പൊതിഞ്ഞു...