'ട്രെയിനിൽ തിക്കിത്തിരക്കി ഇരിക്കുമ്പോഴും ഗർഭിണിയായ ഭാര്യയെയും ജനിക്കാൻ പോകുന്ന കുഞ്ഞിനെയും കുറിച്ചായിരുന്നു അയാളുടെ ചിന്ത...'

പൈപ്പിൻ ചുവട്ടിൽ വയ്ക്കാനായി ലളിതൻ ബക്കറ്റെടുത്തതും അതു സംഭവിച്ചതും ഞൊടിയിടയിലായിരുന്നു. ഒരു കൂട്ടം കട്ടുറുമ്പുകൾ. കുളിമുറിയുടെ നാലു വശത്തേക്കുമായി പാഞ്ഞു. ചിലത് ഒറ്റക്കെട്ടായി, ചിലത് കൂട്ടം തെറ്റി.
പൈപ്പിൻ ചുവട്ടിൽ വയ്ക്കാനായി ലളിതൻ ബക്കറ്റെടുത്തതും അതു സംഭവിച്ചതും ഞൊടിയിടയിലായിരുന്നു. ഒരു കൂട്ടം കട്ടുറുമ്പുകൾ. കുളിമുറിയുടെ നാലു വശത്തേക്കുമായി പാഞ്ഞു. ചിലത് ഒറ്റക്കെട്ടായി, ചിലത് കൂട്ടം തെറ്റി.
പൈപ്പിൻ ചുവട്ടിൽ വയ്ക്കാനായി ലളിതൻ ബക്കറ്റെടുത്തതും അതു സംഭവിച്ചതും ഞൊടിയിടയിലായിരുന്നു. ഒരു കൂട്ടം കട്ടുറുമ്പുകൾ. കുളിമുറിയുടെ നാലു വശത്തേക്കുമായി പാഞ്ഞു. ചിലത് ഒറ്റക്കെട്ടായി, ചിലത് കൂട്ടം തെറ്റി.
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ മെല്ലെ മെല്ലെ നീങ്ങി തുടങ്ങി. വിയർത്തൊട്ടിയ ശരീരവുമായി ജനറൽ കംപാർട്ട്മെന്റിൽ ഇരിക്കുന്ന ലളിതൻ ബാഗ് തുറന്ന് വീണ്ടും കുപ്പിയെടുത്തു. കുപ്പിയിൽ ഒരിറ്റ് വെള്ളമില്ല...! നേരത്തെയും നോക്കിയതാണ്. ഇനിയും നോക്കും... ജനൽ കമ്പികൾക്കിടയിലൂടെ പുറത്തേക്ക് അയാളുടെ കണ്ണുകൾ പാഞ്ഞു. ഒരില പോലും അനങ്ങാത്ത വെളുത്തവാവ്. തിരുവനന്തപുരം ആർസിസിയിലേക്ക് പോകുന്ന രോഗിയും കൂട്ടിരിപ്പുകാരും ചൂടകറ്റാൻ പത്രമെടുത്ത് വീശുകയാണ്. കടകടാ കറങ്ങുന്ന ഫാനിലേക്ക് ലളിതൻ വീണ്ടും നോക്കി. വസ്ത്രമൊക്കെ ഊരിക്കളഞ്ഞ് നഗ്നനായി ഇരിക്കണമെന്ന് അയാൾക്ക് തോന്നി. ഹൊ എന്തൊരു സുഖമായിരിക്കും! തനിക്കൊപ്പം ഇരിക്കുന്നവരുടെ മുഖത്തേക്ക് ലളിതന്റെ കണ്ണുകൾ പാഞ്ഞു. ഇരിക്കുന്നവരെല്ലാം നഗ്നരായിരുന്നുവെങ്കിൽ അവർക്കും പാതി ചൂട് കുറഞ്ഞേനെയെന്ന് അയാൾ ചിന്തിച്ചു. അതിനിടയിൽ സുഖമായി കിടന്നുറങ്ങുന്ന ഒരു ചേട്ടന് കമ്പിളിപുതപ്പ് വിരിച്ചു കൊടുക്കണമെന്നും തോന്നി.
ഇതിനിടെ ഗർഭിണിയായ ഭാര്യയുടെ മുഖം പലതവണ മനസ്സിലേക്കെത്തി. അവൾ സുഖമായി ഉറങ്ങുന്നുണ്ടാകും. പക്ഷേ അപ്പാ വായെന്ന് വയറ്റിൽ കിടക്കുന്ന കുഞ്ഞ് പറയുകയാണ്.. വെള്ളമില്ലാത്ത കുപ്പിയും ചാർജില്ലാത്ത ഫോണുമായി ലളിതൻ കൊല്ലം വരെയെത്തി. പ്ലാറ്റ്ഫോമിലെ കടയിലേക്കോടി വെള്ളം വാങ്ങി തിരികെയെത്തിയപ്പോഴേക്കും സീറ്റിൽ മറ്റൊരാൾ. സീറ്റു നോക്കാൻ ഏൽപ്പിച്ചിട്ടു പോയ അമ്മാവൻ ഇത്രയും നേരം വിയർപ്പൊട്ടി ഇരുന്നിട്ടും പരിചയഭാവം കാണിക്കുന്നില്ല. അയാളുടെ മനസ്സ് വീണ്ടും വീട്ടിലേക്ക് ചൂളം വിളിച്ചു. നേരം പുലരാറായിട്ടും ഗർഭപാത്രത്തിൽ അയാളുടെ മകൻ ഉറങ്ങിയിട്ടില്ല.. ‘പാവം അപ്പ, എത്ര കഷ്ടപ്പെട്ടാ എന്നെ കാണാൻ വരുന്നത്...’
തിങ്ങികൂടി നിൽക്കുന്നവർക്കിടയിൽ അസ്വസ്ഥനായി നിന്ന് അയാൾ ട്രെയിൻ യാത്ര തുടർന്നു. പരവൂർ കഴിഞ്ഞപ്പോഴേക്കും മൂത്രശങ്ക പിടിപെട്ടു. അതൊന്നു പുറത്തേക്ക് കളയണമെന്നും വേണ്ടെന്നും രണ്ടു മനസ്സാണ്. വർക്കലയിൽ ട്രെയിൻ നിർത്തിയപ്പോഴേക്കും മൂത്രമൊഴിക്കാൻ അയാൾ തീരുമാനമെടുത്തു. എന്നാൽ ശുചിമുറിയുടെ വാതിൽ തുറന്നപ്പോഴേക്കും തീരുമാനം മരവിപ്പിക്കാൻ ശരീരവും മനസ്സും തീരുമാനിക്കുകയായിരുന്നു. കഴക്കൂട്ടം സ്റ്റേഷനിൽ ട്രെയിൻ നിർത്തിയതും ശരവേഗം അയാൾ പുറത്തേക്ക് ചാടി. നേരം പുലർന്നുവരുന്നതേയുള്ളൂ. നായക്കൂട്ടങ്ങളെ മാത്രം പേടിച്ചാൽ മതി. മനുഷ്യരധികം ഉണർന്നിട്ടില്ല. പാതവക്കിൽ മൂത്രമൊഴിച്ച ശേഷം ഈ നാട്ടുകരനല്ലേയെന്ന ഭാവത്തിൽ ലളിതൻ നടന്നു.
ഓട്ടോക്കാരനു നൂറു രൂപ നോട്ടു നൽകി പടിക്കൽ നിന്ന ഭാര്യയെ നോക്കി ഒരു ചെറുചിരി മാത്രം പാസാക്കി അയാൾ മുറിയിലേക്ക് പാഞ്ഞു. അയാൾക്കു പിന്നാലെ സങ്കടഭാവത്തിൽ നിറവയറുമായി ഭാര്യയും. അവൾ മുറിയിലെത്തിയപ്പോഴേക്കും ലളിതൻ ഷർട്ടും പാന്റുമെല്ലാം മാറ്റി തോർത്തുടുത്തിരുന്നു. ‘ദേഹം മൊത്തം വിയർപ്പാ. ട്രെയിനിൽ ആരെയൊക്കെ ചാരി വരുന്നതാ. അതുകൊണ്ടല്ലേ’ വിഷമം വിട്ടുമാറാത്ത മുഖഭാവവുമായി ഭാര്യ അങ്ങനെ തന്നെ നിന്നു. അവളുടെ വയറിലേക്കായിരുന്നു അയാളുടെ നോട്ടം. ‘ചെക്കൻ കുറച്ചുകൂടി വളർന്നിട്ടുണ്ടല്ലോ’ ‘അച്ഛന്റെ മോൻ തന്നെയാ. വെളുപ്പിനു നാലു മണിക്ക് എഴുന്നേൽക്കും. മനുഷ്യനൊരു സ്വസ്ഥത തരില്ല.’ ചെറുചിരിയോടെ ലളിതൻ കുളിമുറിയിലേക്ക് നടന്നു. ഷവർ തുറന്നിട്ട് കുറച്ചുനേരം അതിന്റെ ചുവട്ടിൽ നിന്നു. മനസ്സു നിറയെ അവളുടെ വയറ്റിൽ കിടക്കുന്ന മകനാണ്. കുളിച്ചു വൃത്തിയായിട്ട് വേണം അവനൊരു മുത്തം കൊടുക്കാൻ. പിന്നെ ഒരു അഞ്ച് മിനിറ്റെങ്കിലും അവനോട് സംസാരിക്കണം.
പൈപ്പിൻ ചുവട്ടിൽ വയ്ക്കാനായി ലളിതൻ ബക്കറ്റെടുത്തതും അതു സംഭവിച്ചതും ഞൊടിയിടയിലായിരുന്നു. ഒരു കൂട്ടം കട്ടുറുമ്പുകൾ. കുളിമുറിയുടെ നാലു വശത്തേക്കുമായി പാഞ്ഞു. ചിലത് ഒറ്റക്കെട്ടായി, ചിലത് കൂട്ടം തെറ്റി. ‘മീനാക്ഷി......’ കുളിമുറിയുടെ വാതിൽ തുറന്നതും നെഞ്ചിടിപ്പോടെ മീനാക്ഷി അവിടെ വന്നുനിന്നു. ‘എന്താ എന്തുപറ്റി?’ ‘ഉറുമ്പ്, കട്ടുറുമ്പ്’ ‘അതിനാണോ ഈ നിലവിളിച്ചത്?’ ‘നീ ഇങ്ങോട്ട് നോക്കിയേ’ വെപ്രാളപ്പെടുന്ന കട്ടുറുമ്പുകളെ കണ്ട് അവൾ ഞെട്ടി. ‘ദൈവമേ ഇത്രമാത്രം എവിടന്നാ...’ അതിനിടെ കാലിൽ കയറിയ കട്ടുറുമ്പുകളെ തട്ടിക്കളയാനുള്ള തിടുക്കത്തിലായിരുന്നു ലളിതൻ. ‘ഞാൻ പോയി മണ്ണെണ്ണ എടുത്തിട്ടുവരാം ചേട്ടാ’ ‘എന്തിനു വീടിനു തീയിടാനാ...’ അടുക്കളയിലേക്ക് ഓടിയ അവൾ ചൂലുമായി വന്നു. അപ്പോഴും ശരീരത്തിലേക്ക് കയറുന്ന കട്ടുറുമ്പുകളെ തട്ടിമാറ്റാനുള്ള തത്രപ്പാടിലായിരുന്നു ലളിതൻ.
മീനാക്ഷി പൈപ്പ് വെള്ളം തുറന്നുവിട്ടു. വെള്ളത്തിൽ തട്ടിയും തെറിച്ചും ഉറുമ്പുകൾ പിന്നെയും പല വഴിക്ക്. ‘ചേട്ടനിറങ്ങ്, ഞാൻ ഇതിനെയൊക്കെ അടിച്ചുക്കൊല്ലാം’ വേഗം പുറത്തേക്കിറങ്ങിയ അയാളുടെ ചെവിയിലേക്ക് പെട്ടെന്നാണ് മകന്റെ ശബ്ദം പതിച്ചത്. ‘വേണ്ടപ്പാ കൊല്ലണ്ട...’ ലളിതൻ ഒരുനിമിഷം ഭാര്യയുടെ വയറ്റിലേക്ക് നോക്കി. ‘വേണ്ട, നീ കൊല്ലണ്ട’ ‘പിന്നെ ?’ ‘ഗർഭിണിയായിരിക്കുമ്പോ നീ ഇങ്ങനെ കൊല്ലണ്ട അതിനെയൊന്നും’ ‘ചേട്ടനൊന്ന് മാറിക്കേ’ പൊടുന്നനെയാണ് വാതിൽ അടഞ്ഞത്. ‘കൊല്ലണ്ടാന്ന് പറ അപ്പാ... എന്റെ പൊന്നപ്പനല്ലേ’ അകത്ത് വെള്ളത്തിന്റെയും ചൂലടിയുടെയും ശബ്ദം. പരവശനായി അയാൾ മുറിക്കുള്ളിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ‘വാതിലിൽ തട്ടി അമ്മയോട് പറയപ്പാ... കൊല്ലണ്ടാ’ അയാൾ പലതവണ വാതിലിൽ തട്ടിയെങ്കിലും മറുപടിയുണ്ടായിരുന്നില്ല. ‘എന്നെ പോലെ കൊച്ചുപിള്ളേരല്ലേ അപ്പാ...’
പത്ത് മിനിറ്റിനു ശേഷം മീനാക്ഷി വാതിൽ തുറന്നു. വെള്ളത്തിലും വിയർപ്പിലും കുളിച്ചുനിൽക്കുകയാണ് അവൾ. ‘അടിച്ചടിച്ച് എനിക്ക് മുതുക് വയ്യ ചേട്ടാ, ഇനിയുമുണ്ട്’ പകരം മത്സരാർഥി എന്ന പോലെ അവൾ ലളിതനു ചൂലു കൈമാറി. വാതിൽ അടച്ച ശേഷം ചൂലുയർത്തി പിടിച്ച് അയാൾ ചുറ്റുംനോക്കി. തലയ്ക്കു ചുറ്റും മകന്റെ ശബ്ദം ‘കൊല്ലല്ലേ അപ്പാ... കൊല്ലല്ലേ.. എന്റെ പൊന്നപ്പനല്ലേ’ അയാൾ ചൂലു താഴെ വച്ചതും കട്ടുറുമ്പ് തുടയിൽ കടിച്ചതും ഒരുമിച്ചായിരുന്നു. മുൻപിൻ നോക്കാതെ ലളിതൻ തറയിലെ ഉറുമ്പുകളെ ആഞ്ഞാഞ്ഞടിച്ചു. മകൻ പൊട്ടിക്കരയാൻ തുടങ്ങുന്ന ശബ്ദം ലളിതന്റെ കാതുകളിലേക്കെത്തി. ‘ഈ അപ്പന് എന്നോട് ഒരു സ്നേഹവുമില്ല’ ‘മോനേ അപ്പനോട് ക്ഷമിക്ക് അബദ്ധം പറ്റി പോയതാ’
മകനോട് ക്ഷമാപണം നടത്തിയതിനു പിന്നാലെ രണ്ടു കാലിലും കട്ടുറുമ്പുകൾ ആഞ്ഞു കടിക്കാൻ തുടങ്ങി. രണ്ട് കൈകളും ഇരു കാലുകളിലേക്കായി പാഞ്ഞു. കട്ടുറുമ്പുകളെ കൈയ്യിലെടുത്ത് വിരലുകൾക്കുള്ളിലാക്കി ചതച്ചരച്ചു കൊന്നു. ആശ്വസിക്കാൻ തോന്നിയെങ്കിലും മകന്റെ മുഖം അതിന് അനുവദിച്ചില്ല. സർവവ്യാപിയായി കട്ടുറുമ്പുകൾ ഓടുകയാണ്. ഇതിനിടെ അതിർത്തിയിൽ തീവ്രവാദികൾ നുഴഞ്ഞുകയറുംപോലെ ചിലർ. മറ്റുചിലരാകട്ടെ ഹിമാലയം കീഴടക്കും ആവേശത്തിൽ രോമങ്ങൾക്കിടയിലൂടെ ശരീരത്തിന്റെ ഉന്നതികളിലേക്ക് പ്രവേശിക്കുന്നു. കട്ടുറുമ്പുകൾക്ക് അയാളുടെ കൈകാലുകൾ ഏണിപ്പടിയായിരുന്നു. കുടവയർ മുങ്ങിപോകാത്തൊരു കുഞ്ഞരുവിയും മുതുക് നീന്തിത്തുടിക്കുന്ന കടലുമായിരുന്നു. സുനാമിയെന്ന പോലെ ഉറുമ്പുകളെ നിലംപരിശാക്കി ലളിതന്റെ കൈകൾ ശരീരത്തിലൂടെ ചീറിപായാൻ തുടങ്ങി. മകൻ പൊട്ടിക്കരയുകയാണ്. ‘കരയല്ലേടാ അപ്പനു വേദനിക്കുന്നോണ്ടല്ലേ’
കട്ടുറുമ്പുകളെ കൊല്ലരുതെന്ന് അയാളുടെ മനസ്സ് പറയുന്നുണ്ട്. പക്ഷേ ഇതല്ലാതെ വേറെ വഴിയില്ല. ഗർഭപാത്രത്തിൽ കിടന്ന് അവൻ അലറിവിളിക്കാൻ തുടങ്ങി. ‘അവരെ നോവിക്കല്ലേ അപ്പാ, എനിക്കും നോവുകയാ...’ അയാളുടെ കൈയ്യൊന്ന് വിറച്ചു. ചൂൽ പതിയെ മൂലയിലേക്ക് ചാരിവച്ച ശേഷം തോർത്തഴിച്ചു മാറ്റി ഷവറിനു കീഴിൽ അയാൾ നിന്നു. മകനും അയാളും കരയുകയാണ്. ‘എന്നെ പോലെ അവർക്കും അമ്മയില്ലേ അപ്പാ. ഭൂമിയിൽ വന്നല്ലേയുള്ളൂ. ഞാൻ നിങ്ങളെയൊന്നും കണ്ടില്ല. അവർ കണ്ടുതുടങ്ങിയിട്ടേയുള്ളൂ...’ പൊട്ടിക്കരയണമെന്ന് അയാൾക്കു തോന്നി. ആ പ്രവൃത്തി ചെയ്തു തീർക്കാൻ അയാൾ വെമ്പൽക്കൊണ്ടു.
കാൽമുട്ടിൽ നിന്നും തടിയനൊരു കട്ടുറുമ്പ് ലളിതന്റെ തുടയിലേക്ക് പാഞ്ഞത് അപ്പോഴായിരുന്നു. തടിച്ചുക്കൊഴുത്ത തുടയിലൊരു ഉമ്മ കൊടുക്കണമെന്ന് ഉറുമ്പിനു തോന്നിയില്ല. അരക്കെട്ടിൽ എത്തിയപ്പോൾ മുകളിലേക്ക് അവനൊന്ന് നോക്കി. കുത്തനെയൊരു കയറ്റമാണ്. ഓഫ് റോഡ് ഡ്രൈവിങ് ഇഷ്ടമുള്ള അവൻ അൽപം താഴോട്ടിറങ്ങി വലത്തോട്ട് തിരിഞ്ഞ് തുടയിടുക്കിലേക്ക് പതിയെ പതിയെ ഇഴഞ്ഞു. തുടയിടുക്ക് അവനൊരു തൂക്കുപാലമായിരുന്നു. പാലത്തിനപ്പുറമൊരു ദ്വീപുണ്ട്. ദ്വീപായിരുന്നു അവന്റെ ലക്ഷ്യം. കുഞ്ഞിക്കണ്ണുകൾ ദ്വീപിലേക്ക് തക്കംപാത്തു. ചാടാൻ പറ്റില്ല. അൽപം ചുറ്റാൻ തന്നെ അവൻ തീരുമാനമെടുത്തു. മല കയറി കാടിറങ്ങി അവൻ ദ്വീപിലെത്തി.
നിലവിളിയോടെ ലളിതൻ ഷവറിനു താഴെ നിന്നും കുതറിമാറി. കട്ടുറുമ്പിനെ ആ നിമിഷം തന്നെ അവൻ കൊന്നിരുന്നു. ‘അപ്പാ.....’ മകൻ പൊട്ടിക്കരയാൻ തുടങ്ങിയെങ്കിലും അയാൾക്ക് അതിനെക്കാൾ അപ്പുറമായിരുന്നു തന്റെ മാംസത്തിനേറ്റ വേദന. മുൻപിൻ നോക്കാതെ അയാൾ ചൂലെടുത്ത് കട്ടുറുമ്പുകളെ കൊല്ലാൻ തുടങ്ങി. മകന്റെ പൊട്ടിക്കരച്ചിലുകളെ അയാൾ മനപൂർവം അവഗണിക്കാൻ ശ്രമിച്ചു. ഇപ്പോൾ അതല്ലാതെ മറ്റുവഴിയില്ല. കാതുപൊട്ടും കണക്കെ മകൻ കരഞ്ഞെങ്കിലും ലളിതൻ ഗൗനിച്ചതേയില്ല. ‘അവർക്ക് മിണ്ടാൻ പറ്റത്തോണ്ടല്ലേ അപ്പ ഇങ്ങനെയൊക്കെ ചെയ്യുന്നേ...’ ഏങ്ങിയേങ്ങി കരഞ്ഞ മകനു നൽകാൻ ലളിതന് ഉത്തരമുണ്ടായിരുന്നില്ല. ആ കൊല്ലാക്കൊല അയാൾക്കൊരു ഹരമായി. ഉറുമ്പുകൾക്ക് പുറത്തുകൂടി ചാടിചാടി അയാൾ കൊലപാതകിയായി. ഇതുകണ്ട മകൻ ഭയന്നുവിറച്ചു. കഴുത്ത് ഞെരിച്ചും കണ്ണുകൾ കുത്തിപൊട്ടിച്ചും തലയ്ക്കടിച്ചും ലളിതൻ ഉറുമ്പുകളെ കൊന്നു. കൈകഴുകുമ്പോഴാണ് പ്രതികാരദാഹിയായ അയാളുടെ കണ്ണുകളിൽ വാതിലിന്റെ ഇടുക്കുകളിൽ ഇരിക്കുന്ന കട്ടുറുമ്പുകൾ ശ്രദ്ധയിൽപ്പെട്ടത്. ശ്വാസംമുട്ടി മരിക്കാനായിരുന്നു അവയുടെ വിധി. കൈകഴുകിയിട്ടും തൃപ്തിവരാതെ വീണ്ടും വീണ്ടും അയാൾ കട്ടുറുമ്പുകളെ കൊന്നുകൊണ്ടേയിരുന്നു.
പ്രസവ വാർഡിനു മുന്നിൽ 10 മണിക്കൂറിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ ആൺകുഞ്ഞാണെന്ന് നഴ്സ് ലളിതനോടായി പറഞ്ഞു. സന്തോഷം കൊണ്ട് കണ്ണ് ചുറ്റുമൊന്നു പാഞ്ഞു. വരിവരിയായി ഉറുമ്പുകൾ ചുമരിലും തറയിലും... കണ്ണുമിഴിച്ച് ചിരിച്ചിരിക്കുന്ന കുഞ്ഞുമായി നഴ്സ് ലളിതനരികിലേക്ക് എത്തി. സന്തോഷത്തോടെ ആ കുഞ്ഞിനെ ഏറ്റുവാങ്ങിയപ്പോഴേക്കും അവൻ പൊട്ടിക്കരയാൻ തുടങ്ങി. പേടിക്കല്ലേ അപ്പൻ ഇനി ഉറുമ്പുകളെ കൊല്ലില്ലെന്ന് ലളിതൻ കുഞ്ഞിന്റെ ചെവിയിൽ പറഞ്ഞു. കരച്ചിലടക്കാൻ അവനു യാതൊരു ഭാവവുമില്ല. ചെലവ് എപ്പഴാ അളിയായെന്ന് അടുത്ത് നിന്ന സുഹൃത്ത് തോളിൽകൈവച്ച് ചോദിച്ചു. കുഞ്ഞിനെ നഴ്സിന്റെ കൈയ്യിൽ തിരികെ ഏൽപ്പിച്ച് ആശുപത്രിക്ക് അടുത്തുള്ള ബേക്കറിയിലേക്ക് ലളിതൻ പോയി. 10 ലഡ്ഡു വാങ്ങി. പണം കൊടുത്ത ശേഷം പാക്കറ്റിനു പുറത്ത് ലളിതൻ ആഞ്ഞൊരു അടിയടിച്ചു. ബേക്കറിക്കാരനും ചുറ്റും നിന്നവരും അമ്പരപ്പോടെ അയാളെ നോക്കി. അവരെ നോക്കി ചിരിച്ചുകൊണ്ട് അയാൾ ആശുപത്രിയിലേക്ക് നടന്നു.
ആശുപത്രി വളപ്പിലൂടെ അയാൾ അലസനായി നടന്നു. മരച്ചുവട്ടിൽ കണ്ട ഉറുമ്പിൻ കൂട്ടത്തിനിടയിലേക്ക് ലളിതൻ ലഡ്ഡുവിന്റെ പൊടിവിതറി. ആർത്തിയോടെ ഉറുമ്പുകൾ മധുരമഞ്ഞയെ വളഞ്ഞു. പിന്നീട് അയാൾ ലേബർ റൂമിനു മുന്നിൽ നേരത്തെ കണ്ട ഉറുമ്പുകൾക്കരികിലേക്ക് പോയി. അവിടെ ലഡ്ഡു വിതറുന്നത് കണ്ട് ശുചീകരണ തൊഴിലാളിയായ സ്ത്രീ തെറിവിളിച്ചെങ്കിലും അയാൾ ചിരിച്ചുകൊണ്ടുനിന്നു. ആ പകൽ മുഴുവൻ ആ ആശുപത്രി പരിസരത്ത് അയാൾ ലഡ്ഡു വിതറി നടന്നു. ഇതിനിടെ 10 ലഡ്ഡു വാങ്ങി വീട്ടിലേക്ക് പോയി അവിടെയും ഉറുമ്പുകൾക്ക് അയാൾ ലഡ്ഡു വിതറി. ഉറുമ്പുകളും കട്ടുറുമ്പുകളും ചോനനും ഈച്ചയുമെല്ലാം ആ മഞ്ഞമധുരം നുണഞ്ഞു.
തിരികെ അയാൾ ആശുപത്രിയിലെത്തിയപ്പോഴേക്കും അമ്മയേയും കുഞ്ഞിനെയും മുറിയിലേക്ക് മാറ്റിയിരുന്നു. മകന്റെ കരച്ചിൽ തുടരുകയാണ്. ലളിതനെ കണ്ടതും ഇതാരാ മേനേ നോക്ക് നിന്റെ അച്ഛനാ എന്ന് മീനാക്ഷി പറഞ്ഞു. ലളിതനെ കണ്ടതും കുഞ്ഞിന്റെ മുഖത്ത് പാൽപുഞ്ചിരി. നിർത്താതെയുള്ള പുഞ്ചിരിയ്ക്കിടെ ലളിതൻ മകനെ മാറോട് ചേർത്തു. കവിളിലൊരു മുത്തം നൽകിയ ശേഷം ചെവിയിലായി അയാൾ രഹസ്യം പറഞ്ഞു. ‘അപ്പയോട് ക്ഷമിക്കണം...’