കലപിലാന്ന് സംസാരിച്ചോണ്ടിരുന്ന ടീച്ചര്‍മാരെല്ലാം ഒരു നിമിഷം സ്തബ്ധരായി, മലയാളം ടീച്ചറോടി വന്ന് അതിനകം പൊട്ടിയ വടി പിടിച്ചു വാങ്ങി. കരയാനോ, ഒന്നു മിണ്ടാന്‍ പോലുമോ മറന്നു പോയിരുന്നു ഞാൻ. പരിചയമുള്ള ഒരു സദസ്സിനു മുമ്പിൽ പെട്ടെന്ന് ആക്രമിക്കപ്പെടുമ്പോൾ വേദനയല്ല,

കലപിലാന്ന് സംസാരിച്ചോണ്ടിരുന്ന ടീച്ചര്‍മാരെല്ലാം ഒരു നിമിഷം സ്തബ്ധരായി, മലയാളം ടീച്ചറോടി വന്ന് അതിനകം പൊട്ടിയ വടി പിടിച്ചു വാങ്ങി. കരയാനോ, ഒന്നു മിണ്ടാന്‍ പോലുമോ മറന്നു പോയിരുന്നു ഞാൻ. പരിചയമുള്ള ഒരു സദസ്സിനു മുമ്പിൽ പെട്ടെന്ന് ആക്രമിക്കപ്പെടുമ്പോൾ വേദനയല്ല,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കലപിലാന്ന് സംസാരിച്ചോണ്ടിരുന്ന ടീച്ചര്‍മാരെല്ലാം ഒരു നിമിഷം സ്തബ്ധരായി, മലയാളം ടീച്ചറോടി വന്ന് അതിനകം പൊട്ടിയ വടി പിടിച്ചു വാങ്ങി. കരയാനോ, ഒന്നു മിണ്ടാന്‍ പോലുമോ മറന്നു പോയിരുന്നു ഞാൻ. പരിചയമുള്ള ഒരു സദസ്സിനു മുമ്പിൽ പെട്ടെന്ന് ആക്രമിക്കപ്പെടുമ്പോൾ വേദനയല്ല,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്‍റെ സ്‌കൂളിൽ ഞാനൊരു ഒന്നാംനിര പഠിപ്പിസ്റ്റാണ്. ശാസ്ത്രം കൗതുകമാണ്, സാമൂഹ്യപാഠത്തോട് താൽപര്യമാണ്, കണക്കിനോട് കുസൃതിയാണ്, മലയാളത്തിനോടും, മലയാളം പഠിപ്പിക്കുന്ന ശ്വേതാ മേനോന്‍റെ ചേലുള്ള ചന്ദ്രിക ടീച്ചറോടും ഒരുപൊടിക്ക് പ്രണയം പോലുമാണ്. അങ്ങനെ സ്കൂള്‍ജീവിതം ആസ്വദിച്ചാഘോഷിച്ച് തുമ്പിച്ചിറകുകളുമായി പാറിപ്പറന്ന് ഞാന്‍ അഞ്ചിലെത്തി. ദേ വരുന്നു ഹിന്ദി എന്ന പേരിലൊരു മാരണം, തലയ്ക്കു മുകളിൽ കമ്പികൾ നിരത്തി വെച്ച് തൂങ്ങിയാടുന്ന അക്ഷരങ്ങളോട് ആദ്യ നോട്ടത്തിൽ തന്നെ ഒരതൃപ്തി. പുലി പിടിക്കാനായിട്ട് അത് പഠിപ്പിക്കാൻ വന്നതാകട്ടെ മൂക്ക് പൊടിയുടെ മണം പരത്തുന്ന, മടിക്കുത്തിൽ ഒരു കുഞ്ഞു പൊടി ഡപ്പിയും, കറ പിടിച്ചൊരു തൂവാലയും കൊണ്ട് നടക്കുന്ന, തല മുഴുവനും കഷണ്ടി കയറിയ കുഞ്ഞികൃഷ്ണൻ മാഷ്. പത്രാസോ കരയോ ഒന്നുമില്ലാത്ത, അടിയിലെ വള്ളി നിക്കര്‍ തെളിഞ്ഞു കാണുന്ന പഴയ പോളിസ്റ്റർ മുണ്ടിലും, മുട്ടോളം തന്നെ നീളമുള്ള അലക്കി പിഞ്ഞിയ വെളുത്ത ഫുൾ കൈ ഷര്‍ട്ടിലുമായി ആ അയഞ്ഞ ശരീരം കുടുങ്ങി കിടക്കാൻ തുടങ്ങിയിട്ട് വളരെയേറെ വർഷങ്ങൾ ആയിട്ടുണ്ടാവണം.

ആദ്യ ആഴ്ചകളിലെ അക്ഷരം പഠിപ്പിക്കലിന് ശേഷം പുള്ളിക്കാരൻ നാളെ പരീക്ഷ വെക്കും പഠിച്ചിട്ടു വരണമെന്ന് പറഞ്ഞു. എന്റെ ഹിന്ദി വിരുദ്ധതയറിയുന്ന, സാധാരണ പഠനവിഷയങ്ങളില്‍ തലയിടാത്ത അമ്മയന്ന് രാത്രി മൂന്നു റൗണ്ട് പരീക്ഷയും ഇടവിട്ടോരോ റൗണ്ട് ലാത്തിച്ചാര്‍ജ്ജും നടത്തി. അങ്ങനെ അക്ഷരമാലയും, ഹിന്ദിയോട് തീർത്താൽ തീരാത്ത വെറുപ്പും എന്നിലുറച്ചു. പിറ്റേന്നത്തെ ക്ലാസ്സ് പരീക്ഷയിൽ ഒറ്റ വളവും തെറ്റാതെ, ഒറ്റ കൊളുത്തും പിഴക്കാതെ, അക്ഷരങ്ങളേയെല്ലാം കൃത്യമായി തൂക്കിക്കൊന്ന് മുഴുവൻ മാർക്കുമായി ഞാന്‍ ഒന്നാമത്!!!!. അടുത്ത ദിവസം മാഷ് ക്ലാസ്സില്‍ വന്നപ്പോൾ കയ്യിലൊരു ആശംസാകാർഡുണ്ട്‌. അതിലെ വാചകങ്ങള്‍ ഓര്‍മയില്ല, എന്നാലും വെളുത്ത പ്രതലത്തിലെ കറുത്ത മുന്തിരിക്കുലയും അതിനെ ചുറ്റിയുള്ള സ്വര്‍ണ്ണവരകള്‍ അതിരിട്ട, പച്ച റിബ്ബണുമൊക്കെ ഓർമ്മയിൽ തിമിരം ബാധിക്കാതെ ഇപ്പോഴുമുണ്ട്. മാഷെന്നെ അടുത്ത് വിളിച്ച് സ്നേഹത്തോടെ കാർഡ് തന്നു. പിന്നെ നടന്ന സംഭാഷണം ഇഴ തിരിച്ചു കിട്ടുന്നില്ല, ക്ലാസ്സിന്റെ ഒത്ത നടുക്ക് എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ഞാനൊരു സങ്കടപ്പെരുമഴയായി, എനിക്ക് ഹിന്ദി പഠിക്കേണ്ട എന്നും കരച്ചിലിനിടയിൽ പറഞ്ഞു കാണണം. ഏതായാലും ചൂരലിന്‍റെ രുചി അതുവരെ കാര്യമായറിഞ്ഞിട്ടില്ലാത്ത ഞാൻ ഹിന്ദി ക്ലാസ്സില്‍ മാത്രം നിരന്തരം അടി വാങ്ങി. ഏറ്റവും കുറവ് മാർക്കും ഹിന്ദിയിലായി. ആറാം ക്ലാസ്സിലും മാഷ് തന്നെ ഹിന്ദി. ഏഴിലെത്തിയപ്പോള്‍ വേറൊരു ടീച്ചർ വന്നു, കാര്യങ്ങൾ അൽപ്പം മെച്ചപ്പെട്ടു. മാഷും ഞാനും പരസ്പരം പരമാവധി കണ്ടില്ലെന്നു നടിച്ചു.

ADVERTISEMENT

അങ്ങനെയിരിക്കെ ഒരു ദിവസം ഉച്ചക്ക് ആദ്യ പിരീഡ് ടീച്ചറില്ല, ക്ലാസ്സ് ലീഡറായ ഞാൻ ലോകത്തേറ്റവും ഉത്തരവാദിത്വമുള്ള ജോലിയായ, സംസാരിക്കുന്നവരുടെ പേരെഴുതാൻ ടീച്ചറുടെ മേശക്കരികിൽ പോയി നിൽക്കുന്നു. ഞങ്ങളുടെ ഏഴാം ക്ലാസ്സിനു പുറകിലെ അരമതില്‍ കഴിഞ്ഞ് ഒരു ചെറിയ മുറ്റത്തിനപ്പുറം അടിത്തറ ഉയർത്തി കെട്ടിയ ടീച്ചേഴ്സ് റൂമിന്‍റെ വരാന്തയാണ്. അവിടെ നിന്ന് നോക്കിയാൽ അരമതിലിന്‍റെ മറവ് കാരണം ക്ലാസ്സിന്‍റെ മുൻവശവും പിന്നെ പേരെഴുതാൻ നിൽക്കുന്ന എന്നെയുമേ കാണൂ. ഏതായാലും കട്ട ഗൗരവത്തില്‍ ക്ലാസ്സിന്‍റെ ലോ ആന്‍ഡ് ഓര്‍ഡര്‍ ഭദ്രമെന്ന് നെഞ്ചും തള്ളി നില്‍ക്കലെ അവസാന ബെഞ്ചിലിരിക്കുന്ന ഉല്ലാസ് അടുത്തിരിക്കുന്നവനുമായി എന്തോ കശപിശ. ഉഴപ്പനെങ്കിലും “അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍” ഒക്കെ മനോഹരമായി പാടി വയറിനകത്ത് പതിഞ്ഞ ചിത്രശലഭച്ചിറകടികള്‍ ഉരുവാക്കുന്നവനായതുകൊണ്ട്, പേരെഴുതിയെന്ന് ഞാന്‍ വെറുതേ ഭാവിക്കുന്നു, അവൻ, ഓ പിന്നേ എന്നേയങ് തൂക്കിക്കൊല്ലുമെന്ന് മുഖം കോട്ടുന്നു, ഞാൻ തിരിച്ചു വിസ്തരിച്ചു കൊഞ്ഞനം കുത്തി കാണിക്കുന്നു. ഈയൊരു പ്രകടനം കഴിഞ്ഞാണെന്‍റെ നേര്‍രേഖയില്‍ ടീച്ചേര്‍സ് റൂമിന്‍റെ വരാന്തയില്‍, രൂക്ഷമായി എന്നെ തന്നെ നോക്കി നില്‍ക്കുന്ന മാഷെന്‍റെ ദൃഷ്ടികോണിനുള്ളില്‍ പെടുന്നത്. പുള്ളി കൈകാട്ടി വിളിച്ചു. സംഭവം കയ്യീന്നു പോയത് മനസ്സിലായെങ്കിലും, മാഷിനെ കാണിച്ചതല്ല എന്ന സത്യം പറയാം, കിട്ടിയാൽ ഒരെണ്ണം മേടിച്ചേക്കാം എന്ന രീതിയിൽ ഞാന്‍ ടീച്ചേഴ്സ് റൂമിലേക്ക്‌ ചെല്ലുന്നു, കൈ നീട്ടാൻ പോലുമിട തരാതെ പുള്ളി പൊതിരെ എന്നെയങ്ങു തല്ലുന്നു, എന്ന് പറഞ്ഞാൽ പുറത്തും ചുമലിലും ഒക്കെയായി ചൂരലിന് എത്താവുന്നിടത്തെല്ലാം നിര്‍ത്താതെ വീശി വീശി അടി. 

കലപിലാന്ന് സംസാരിച്ചോണ്ടിരുന്ന ടീച്ചര്‍മാരെല്ലാം ഒരു നിമിഷം സ്തബ്ധരായി, മലയാളം ടീച്ചറോടി വന്ന് അതിനകം പൊട്ടിയ വടി പിടിച്ചു വാങ്ങി. കരയാനോ, ഒന്നു മിണ്ടാന്‍ പോലുമോ മറന്നു പോയിരുന്നു ഞാൻ. പരിചയമുള്ള ഒരു സദസ്സിനു മുമ്പിൽ പെട്ടെന്ന് ആക്രമിക്കപ്പെടുമ്പോൾ വേദനയല്ല, സത്യത്തിൽ ഒരു തരം ഷോക്കാണ്. ആത്മാവിനോളം ആഴത്തിലെത്തുന്ന മരവിപ്പ്, ആ മാനസികാവസ്ഥ അനുഭവിച്ചു തന്നെ അറിയണം. അടിയും കഴിഞ്ഞു ഹിസ്റ്റീരിയ ബാധിച്ച പോലെ പരിസരം മറന്ന് പുലമ്പി കൊണ്ടിരുന്ന മാഷിനടുത്ത് തറഞ്ഞു നിന്ന എന്നെ ബലമായി വലിച്ചു മാറ്റി എന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്‍റെ ക്ലാസ്സ് ടീച്ചര്‍, പക്ഷേ വായുവില്‍ പുളയുന്ന ചൂരലിന്‍റെ ശബ്ദമല്ലാതെ മറ്റൊന്നും എന്റെ ചെവിയിലേക്കെത്തുന്നില്ല. ഏതായാലും അലിവോടെ അവരെന്നെ വീട്ടില്‍ പോകാനനുവദിച്ചു. വീട്ടിലെത്തിയ ഞാന്‍ കഥ മുഴുവന്‍ വിസ്തരിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല.  മാഷ് തല്ലിയെന്ന് മാത്രം പറഞ്ഞൊപ്പിച്ചു. മകളുടെ ദേഹത്തെ ചൂരലിന്റെ തിണർത്ത പാടുകളില്‍ പരിഭ്രമിച്ച അച്ഛന്‍ കാര്യമറിയാന്‍ എന്‍റെ കൂടെ വന്ന് മാഷിനെ കണ്ടു. ഏത് കൊടുങ്കാറ്റിലും പേമാരിയിലും പാറ പോലെ മുന്നിലുണ്ടാകുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന മനുഷ്യനും പക്ഷേ മാഷിന്‍റെ വിവരണങ്ങളില്‍ പ്രചോദിതനായി രൂക്ഷമായെന്നെ നോക്കിയതോടെ, നാളതുവരെ തോന്നാത്ത വല്ലാത്തൊരു അനാഥത്വത്തിൽ പെട്ട് പോയി ഞാന്‍.   

ADVERTISEMENT

അന്ന് ഉറങ്ങാന്‍ കഴിഞ്ഞില്ല, എന്റെ തുമ്പിച്ചിറകുകളെല്ലാം ഇനി ഒരിക്കലും പറക്കാനാവാത്ത വിധം നനഞ്ഞു കുതിർന്നു തിടം വെച്ചു, ജീവിതത്തെ മുമ്പും ശേഷവും എന്ന് പകുത്തെടുത്തൊരു രാത്രിയായിരുന്നു അത്. പക എന്നൊരു വികാരമുണ്ടെന്ന് എനിക്കന്നാദ്യമായി പിടികിട്ടി. കണ്ണിൽ കനലെരിഞ്ഞ കണ്ണകിയുടെ പക, മുലയറുത്തു ആട്ടിപ്പായിച്ചപ്പോൾ ശൂർപ്പണഖക്കു തോന്നിയ അതെ പക. പക്ഷേ വാരിക്കുഴി കുഴിക്കാനോ മറഞ്ഞിരുന്നു തലമണ്ട എറിഞ്ഞു പൊളിക്കാനോ ഉള്ള സാമർഥ്യമോ, മനക്കട്ടിയോ അന്നുമില്ല ഇന്നുമില്ല. കൊന്നത്തെങ് പോലെ ഇടംവലം ആടിയാടി നടന്നു പോകുന്ന ആ രൂപത്തിനെ ഒന്നിലേറെ തവണ ഞാനെന്‍റെ ലേഡി ബേര്‍ഡ് സൈക്കിളിൽ പിന്തുടർന്നിട്ടുണ്ട്, അവസാന നിമിഷം ധൈര്യം സംഭരിക്കാന്‍ കഴിഞ്ഞേക്കും എന്ന പ്രതീക്ഷയിൽ,  പക്ഷേ കിട്ടിയില്ല. അവസാനം ഏതൊരു ദുർബല ഹൃദയത്തിന്‍റെയും അത്താണിയായ ദൈവത്തിനു ഞാനെന്‍റെ കൊട്ടേഷന്‍ നേരിട്ടേല്‍പ്പിച്ചു. നേർച്ചകാശ് കുറേ വാങ്ങി തിന്നതല്ലാതെ അങ്ങോര് ചെറുവിരലനക്കിയില്ല. അങ്ങനെ ഒരു വര്‍ഷം കൂടി കഴിഞ്ഞു പോയി, ഞാന്‍ എട്ടിലെത്തി. വെറുതേ സൊറ പറഞ്ഞിരുന്നൊരുച്ച നേരത്ത്, മാലതി ടീച്ചറുണ്ട് പരിഭ്രമിച്ച് ഓടിക്കയറി വരുന്നു. നമ്മുടെ കുഞ്ഞികൃഷ്ണന്‍ മാഷ് മരിച്ചു, കാണാന്‍ പോണം എന്നൊറ്റശ്വാസത്തില്‍ പറഞ്ഞോപ്പിച്ച് വന്നതിലും വേഗത്തിലവര്‍ തിരിച്ചു പോയി. മരണം മായ്ക്കാത്ത മുറിപ്പാടുകൾ ഇല്ലെന്നാണ്, എന്നാലും ആണ്ടോടാണ്ട് പൊട്ടി തുറക്കുന്ന അണലി മുറിവ് പോലെ, എന്റെ മുതുകിലെ മാഞ്ഞു തുടങ്ങിയ ചൂരൽപ്പാടുകൾ രണ്ടുവരി കോപ്പി പുസ്തകങ്ങളിലെപ്പോലെ വരിയൊപ്പിച്ചു തിണര്‍ത്തു വരുന്നത് ഞാനറിഞ്ഞു. എന്റെ കണ്ണിലങ്ങനെ ചൂടടിച്ചു കയറി നിറഞ്ഞുനിറഞ്ഞു വരുന്നു. 

ഞങ്ങൾ കുട്ടികൾ വരി വരിയായി അദ്ദേഹത്തിന്റെ വീട്ടിലെത്തി. മാഷ് തന്‍റെ സ്ഥിരം വേഷത്തില്‍ ശാന്തനായി പായയില്‍ കിടക്കുന്നുണ്ട്, കാലിലെയും താടിയിലേയും കെട്ടും, ആളുകള്‍ വെച്ചിട്ടു പോയ റീത്തുകളും മാത്രമാണാശരീരത്തില്‍ മരണം അടയാളപ്പെടുത്തുന്നത്. എല്ലാവരും കണ്ട് കഴിഞ്ഞു തിരിച്ചു പോരാൻ തുടങ്ങി, പക്ഷേ ഞാനിറങ്ങിയില്ല. ഞാനാ മുറിയിലും പരിസരത്തും തന്നെ ചുറ്റിപ്പറ്റി നിന്നു. കത്തിക്കാൻ പറമ്പിലേക്കെടുത്തപ്പോഴും ഞാൻ പിന്നാലെ കൂടി. ഏതാണ്ട് മൂന്ന് മണിക്കൂറോളം ആ കുഞ്ഞ് വീടിന്‍റെ പിന്‍വരാന്തയിൽ ഓരോരം പറ്റി, കത്തുന്ന ചിത കൺകോണുകളിൽ നിന്ന് മായാതെ, മറയാതെ ഞാൻ നോക്കി നിന്നു. മാവിന്‍ തടികള്‍ക്ക് ചുറ്റിനും അതിരിട്ടു വെച്ച ചാണകവരളി മാലകള്‍ക്കും ചിരട്ടകള്‍ക്കും മുകളിലായി, വായു സഞ്ചാരത്തിനുള്ള ഓട്ടകളൊഴിച്ച്, എല്ലായിടവും ചാണകം മെഴുകി മിനുസപ്പെടുത്തിയ, താഴേന്ന് എരിഞ്ഞുകത്തിക്കയറുന്ന ഐവര്‍മഠം ചിതക്കുള്ളില്‍, മാഷ് പതിയെപ്പതിയെ പുകയും, തീയും കടന്ന് കനലായി മാറുന്നത് വരെ ഞാനൊരേ നിൽപ്പ് നിന്നു. തന്‍റെ അച്ഛനോടുള്ള ശിഷ്യയുടെ അതിരു കടന്ന വാത്സല്യം കണ്ട മാഷിന്റെ മകൻ അലിവോടെ കൊണ്ട് തന്ന നേന്ത്രപ്പഴവും കട്ടൻ ചായയും കഴിച്ച്‌, ശ്ശോ എന്ത് ഗുരുത്വമുള്ള കൊച്ചെന്ന നെടുവീർപ്പുകൾക്കിടയിലൂടെ നിറഞ്ഞ സ്വാസ്ഥ്യത്തോടെ ഞാൻ തിരിച്ചു നടന്നു.

ADVERTISEMENT

അത്രയൊന്നും ബോധമില്ലാത്ത പ്രായത്തിലെങ്കിലും, മാഷിന് ദൈവം എനിക്കായി കൊടുത്തതെന്ന് വിശ്വസിച്ച ശിക്ഷയിൽ കയ്യൊപ്പു പതിപ്പിക്കാൻ ഞാൻ കാണിച്ച ആ പ്രാകൃതമായ വ്യഗ്രത മുപ്പതു വര്‍ഷങ്ങള്‍ക്കിപ്പുറവും എന്‍റെയുള്ളിലൊരു കനലായി നീറുന്നുണ്ട്. ഏതായാലും മാഷിന്‍റെ മറു കൊട്ടേഷനാണോ എന്നറിയില്ല, എനിക്കായി കാലം കാത്തു വെച്ചതും ഒരധ്യാപിക കുപ്പായമായിരുന്നു. ഒരധ്യാപികയുടെ കുപ്പായത്തില്‍ കയറി നിന്ന് ആലോചിക്കുമ്പോള്‍, അദ്ദേഹത്തിന്റെ പ്രവർത്തികളെ ന്യായീകരിക്കാൻ കഴിയില്ലെങ്കിലും എനിക്കദ്ദേഹത്തെ മനസ്സിലാക്കാൻ കഴിയുന്നുണ്ട്. ഒരുപക്ഷേ അദ്ദേഹത്തിനായി വാദിക്കാൻ പോലും കഴിയുന്നുണ്ട്. ക്ലാസ്സിനു മാതൃകയാകേണ്ടുന്നൊരാള്‍ നേരെ എതിര്‍പക്ഷത്തു പോയി നില്‍ക്കുന്നത് കാണുമ്പോള്‍ വരുന്ന നിരാശയും, ദേഷ്യവും എനിക്കിന്ന് മനസ്സിലാകും. ആ അടി കലശല്‍ കഴിഞ്ഞ് എപ്പോഴെങ്കിലും അദ്ദേഹത്തിനടുത്തു പോയി, മാഷേ ഞാനതു ചെയ്തതല്ല എന്ന് പറഞ്ഞിരുന്നെങ്കിൽ, ഒരു പക്ഷേ പുള്ളിയത് കണക്കിലെടുത്തേനെ. ഞങ്ങൾക്ക് പരസ്പരം ക്ഷമിക്കാമായിരുന്നു, അതും ഞാൻ ചെയ്തില്ല.

പറഞ്ഞു വന്നത് ഇങ്ങനെ വൈരാഗ്യബുദ്ധിയോടെ അല്ലെങ്കിലും നമ്മളോരോരുത്തരും ചെറിയ ചെറിയ തെറ്റുകളുടെ പേരിൽ ഓർമ്മകളുടെ അറ്റത്തോളം അധ്യാപകരെ പ്രതികൂട്ടിൽ നിർത്തുമ്പോൾ മറന്നു പോകുന്ന ഒരു കാര്യമുണ്ട്, ക്ലാസ്സ്റൂം എന്ന നാല് ചുവരുകൾക്കും അധ്യാപകരുടെ കുപ്പായത്തിനുമൊക്കെ അപ്പുറത്ത് അവരും മനുഷ്യരാണ്, തെറ്റുകളും കുറവുകളും, പിഴവുകളുമൊക്കെ സംഭവിക്കാവുന്ന സാധാരണ പച്ചമനുഷ്യർ. തഞ്ചത്തിന്‌ കയ്യില്‍ കിട്ടുന്നവരെ ചവിട്ടിതേക്കുന്നതില്‍ ആത്മനിര്‍വൃതി കണ്ടെത്തുന്ന ഭാസ്കരപട്ടേലര്‍മാരും, പ്രിയപ്പെട്ട ശിഷ്യനു വേണ്ടി, ഏകലവ്യന്‍മാരുടെ പെരുവിരല്‍ ഛേദിച്ചു വാങ്ങുന്ന ദ്രോണാചാര്യന്മാരും ഇന്നും ഇല്ലെന്നല്ലാ, കുറവാണ്. മിക്കവര്‍ക്കും ഒരു നിമിഷത്തിന്‍റെ ആവേശത്തില്‍ പിടിവിട്ടു പോകുന്നതാണ്, ആ ഒരു നിമിഷം കഴിയുമ്പോൾ ചെയ്യരുതായിരുന്നു എന്ന് ചിന്തിക്കുന്നവരുമാണ്, പക്ഷേ അപ്പോഴേക്കും അധ്യാപിക-വിദ്യാര്‍ഥി ഈഗോ പണി തുടങ്ങിയിട്ടുണ്ടാകും. സമാനമായി നമ്മളെ വേദനിപ്പിക്കുന്ന, അല്ലെങ്കില്‍ മാനസികമായി മുറിപ്പെടുത്തുന്ന കൂട്ടുകാരോടും, അച്ഛനമ്മമാരോടും, സഹോദരങ്ങളോടും ഒക്കെ നമ്മള്‍ ദേഷ്യം വെച്ച് പുലർത്തുന്നത് ഒരു മണിക്കൂർ, കൂടിയാല്‍ ഒരു ദിവസം, അത് കഴിഞ്ഞാൽ നമ്മളതു മറക്കുന്നു, ക്ഷമിക്കുന്നു. എന്നാൽ അധ്യാപകരെ മാത്രമെന്തേ നമ്മള്‍ വെറുതെ മഴയത്തു നിര്‍ത്തുന്നത്. കാലങ്ങളോളം നമ്മൾ മഴയത്തു നിർത്തിയ, ഇപ്പഴും നിർത്തിയിരിക്കുന്ന ഒരധ്യാപികയോ, അധ്യാപകനോ എല്ലാവരുടെ ജീവിതത്തിലുമുണ്ടാകും ശരിയല്ലേ. ഇനിയെങ്കിലും അവര്‍ക്കായി നമുക്കൊരു ക്ഷമയുടെ കുട ചൂടി കൊടുത്തുകൂടെ. കഴിയുമെങ്കിലവരെ തപ്പിയെടുത്തു ഫോണിലോ നേരിട്ടോ സംസാരിക്കുക, പൊറുത്തു കൊടുക്കുക. 

ഏതായാലും കുഞ്ഞികൃഷ്ണന്‍ മാഷെന്നെ നല്ലൊരു വിദ്യാര്‍ഥിയാവാന്‍ സഹായിച്ചില്ലെങ്കിലും നല്ലൊരു അധ്യാപികയാവാന്‍ സഹായിക്കുന്നുണ്ട്. "ദി ബിഗ്  ബാങ് തിയറി" വെബ് സീരീസിൽ, ഷെൽഡനു മുമ്പിൽ പ്രത്യക്ഷപ്പെടുന്ന, മരിച്ചു പോയ അദ്ദേഹത്തിന്റെ പ്രൊഫസർ പ്രോട്ടോണിനെ കണ്ടിട്ടില്ലേ, അതേപോലെ അനാവശ്യമായെനിക്ക് കലി കയറുന്ന ക്ലാസ്സ് മുറികളിലെല്ലാം പുറകില്‍ നിന്നെനിക്കൊരു തുമ്മല്‍ ശബ്ദം കേള്‍ക്കാം, ഏതെലുമൊരു മൂലയില്‍ ശ്രദ്ധയോടെ പൊടി വലിച്ച് മൂക്കില്‍ കയറ്റി, തുമ്മി ചീറ്റി നില്‍പ്പുണ്ടാകും എന്‍റെ മാഷ്. ചിലപ്പോള്‍ പരിധിവിട്ട് ദേഷ്യം കയറുന്ന സമയത്ത് പിള്ളേരുടെ വക്കാലത്തുമായി വന്നാല്‍ ഞാന്‍ പറയും, ഒന്നു പോയേ, പണ്ടെനിക്ക് ഒരല്‍പ്പം കൂടി ധൈര്യം സംഭരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ നിങ്ങളൊരു വര്‍ഷം മുമ്പേ അങ്ങേത്തിയേനെ, ഞാന്‍ വല്ല ദുര്‍ഗുണപരിഹാര പാഠശാലയിലുമെന്ന്, അത് കേള്‍ക്കുമ്പോള്‍ ലോകത്തെ എല്ലാ തോല്‍വികളുടെ ഭാരവും ഏറ്റുവാങ്ങി കുനിഞ്ഞ കഷണ്ടിത്തലയോടെ, പൊടി ഡപ്പിയും അരയില്‍ തിരുകി അങ്ങേരിറങ്ങി നടക്കാന്‍ തുടങ്ങും അതോടെ ഞാനൊന്നടങ്ങും. ഏതായാലും ചത്ത് കിടക്കുമ്പോൾ കെട്ടി പിടിച്ചു പൊട്ടി കരയാനും മാത്രം ആത്മബന്ധമുള്ള ശിക്ഷ്യഗണങ്ങളെ ഉണ്ടാക്കി എടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും, എരിഞ്ഞു തീരുന്നതും കണ്ട് സംതൃപ്തിയടയാൻ ഒരാളും വന്നു നിൽക്കരുത് എന്നെനിക്കു നിർബന്ധം ഉണ്ട്. അത് മാത്രമാണ് അധ്യാപികയെന്ന നിലയിലുള്ള ഒരേയൊരു പ്രാര്‍ഥന. 

English Summary:

Malayalam Memoir ' Chithayilum Mazha Nanayunnavar ' Written by Anupama Vineeth