ഗാസയിൽ നിന്നുള്ള കത്ത് – അബ്ദുൽ ഹാദി എഴുതിയ കവിത

Mail This Article
പ്രിയ കൂട്ടുകാരാ,
എന്റെ വീടിനു മുറ്റമില്ല, ഇടുങ്ങിയ തെരുവിലാണെന്റെ വീട്.
പുറത്തിറങ്ങി നടക്കാൻ ഞങ്ങൾക്ക് റോഡില്ല,
ഞങ്ങളുടെ ചുറ്റും മതിലുകളാണ്.
വീടിനകത്തെ മുറികളിലെല്ലാം ഇരുട്ടാണ്.
ഞങ്ങൾക്ക് വെളിച്ചം തന്നിരുന്ന
വെളിച്ചക്കാലുകളെല്ലാം അവർ തകർത്തു.
തിരി കത്തിക്കുന്ന എണ്ണയ്ക്കാണെങ്കിൽ തീ പിടിച്ച വിലയാണ്.
എന്റെ ബാബയ്ക്ക് അത്രയൊന്നും സമ്പാദ്യമില്ല.
അതുകൊണ്ടുതന്നെ ഏറെ നേരവും ഞങ്ങളിരുട്ടിലാണ്.
ഇരുട്ടിനാണെങ്കിൽ വെടിയുപ്പിന്റെ വാസനയും.
ചില നേരങ്ങളിൽ അത്തരം വാസന എന്നെ ശ്വാസം മുട്ടിക്കും..
ഉറങ്ങാൻ എനിക്കു കണ്ണടക്കേണ്ടതില്ല.
മുറിയിൽ മാത്രമല്ല, ചുറ്റിലും, തൊടിയിലും,
തൊടിയ്ക്കപ്പുറത്തും ഒക്കെ ഇരുട്ടാണ്.
അതിനിടയിൽ ആരെങ്കിലും തൊടുത്തുവിട്ട
റോക്കറ്റിന്റെ പ്രകാശവലയം തിരിച്ചടിയായെത്തുന്ന
അമിട്ടിന്റെ ഭൂമി കുലുക്കുന്ന ഒച്ച, നിലവിളികൾ,
അപായ സൈറണുകൾ....
ഇതാണ് എന്റെ പതിവ്.
അരികിൽ അനിയനുറങ്ങുന്നുണ്ടാകും.
അവനെപ്പോഴും നഷ്ടപ്പെട്ടുപോയ അവന്റെ
വലം കൈയാണെന്നു കരുതി
എന്റെ കൈ പിടിച്ചുവലിക്കും.
ഒന്നുറങ്ങി വരുമ്പോഴായിരിക്കും അവനങ്ങനെ ചെയ്യുക.
എനിക്കെന്തു ചെയ്യാനാണാവുക.
പട്ടാളക്കാർ വെടിവെച്ചിട്ട
അവന്റെ വലംകൈക്കു
പകരം എനിക്കെന്താണ് നൽകാനാവുക.
എനിക്കിപ്പോഴും മറക്കാനാവുന്നില്ല.
വീടിറങ്ങുമ്പോൾ ബാബയും ഉമ്മിയും
എന്നെ ചട്ടം കെട്ടിയതാണ്.
എന്നിട്ടും....
മതിലുകൾക്കരികിലെ കല്ലുകൾ
കൂട്ടിയിട്ടിരിക്കുന്നിടത്ത് അനാഥമായി കിടക്കുന്ന
പന്തെടുക്കാൻ അവൻ തുനിയവേ
തൊട്ടപ്പുറത്തെ ടാങ്കിൽ നിന്നും
അവനെ ഉന്നം വെച്ച് ഒരാൾ....
ഞാൻ നിലവിളിച്ചു.
അവർ കരുതികാണും അവരെ എറിയാൻ
അവൻ കല്ലെടുക്കുകയാണെന്ന്.
അവർ ഏറെ ഭയന്നിരുന്നതും
ഞങ്ങൾ കുട്ടികൾ എറിയുന്ന കല്ലുകളെയായിരുന്നു.
പാവം, പന്തെടുക്കാൻ പോയ
എന്റെ കുഞ്ഞനിയന്റെ വലതുകൈ അവർ വെടിവെച്ചിട്ടു.
അറ്റുതൂങ്ങുന്ന കയ്യുമായി, നിലവിളിയോടെ
അവനെന്നിലേക്കു വീണു....
വേർപെട്ടുപോയ വലംകൈയിലെ വിരലുകൾ
അപ്പോഴും അവന്റെ പന്ത് കൈവിട്ടിരുന്നില്ല.
സത്യം, എനിക്ക് കരച്ചിൽ വരുന്നു.
ഞാനാണ് ആ പന്ത് അത്ര ദൂരേക്കെറിഞ്ഞത്.
ഞാനങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ അവനൊപ്പം
ഇപ്പോഴും അവന്റെ വലംകൈയിരിക്കുമായിരുന്നല്ലോ....
ഒരുവേള, ആശ്വസിപ്പിക്കാനെന്ന വണ്ണം
ഞാനെന്റെ ഇടംകൈ
അവന്റെ അറ്റുപോയ വലംകൈ തീർത്ത
ശൂന്യതയിൽ വെച്ചു!