'സൂര്യവെട്ടം കയറി വരുന്ന ഓടിട്ട മച്ചും റെഡ് ഓക്സയിഡ് അടിച്ച തറയും അന്നത്തെ കാലത്ത് ഭയങ്കര സംഭവമായിരുന്നു...'

Mail This Article
അപ്പമ്മച്ചിക്ക് കുളിപ്പീരാർന്ന് പണി. പേറ് കഴിഞ്ഞ പെണ്ണുങ്ങളേം അവരുടെ കുട്ട്യോളേം വയ്യാതെ കെടക്കണ തള്ളാരേം അവര് കുളിപ്പിക്കും. പ്രായം തൊണ്ണൂറ് കടന്നപ്പളും അപ്പമ്മച്ചി കുളിപ്പീര് തൊടർന്ന്. നാട്ടാരുടെ മാത്രല്ല വീട്ടാരുടേം പെമ്പിറന്നോത്തിമാരാരും അപ്പമ്മച്ചി കുളിപ്പിക്കാതെ പെറ്റെണീറ്റട്ടില്ല. അമ്മേനേം എന്നേം പേറെടുപ്പ് കഴിഞ്ഞു കുളിപ്പിച്ചതെല്ലാം അപ്പമ്മച്ചി തന്നാ. എന്‍റപ്പന്‍റമ്മച്ചിയാർന്ന് അപ്പമ്മച്ചി. അതോണ്ടാണോ, അല്ലേ മഞ്ഞു പോലെ വെളുത്ത പാലപ്പം ചോയ്ക്കുമ്പ ചോയ്ക്കുമ്പ ചുട്ടുതരുവാർന്നോണ്ടാണോന്നറിയില്ല, ഞാനവരെ അപ്പമ്മച്ചീന്ന് വിളിച്ചോടങ്ങിയത്. ആരക്ക വിളിച്ചാലും ദുഃഖവെള്ളി ദെവസം മാത്രം അപ്പമ്മച്ചി കുളിപ്പിക്കാമ്പോവൂല്ല. അതിപ്പോ ഒടേ തബ്രാൻ നേരിട്ട് വന്ന് പറഞ്ഞാലും പോവൂല്ലന്നാ അപ്പമ്മച്ചി പറേണത്. ദുഃഖവെള്ളീടന്നു വെളുക്കുന്നേന് മുന്നേ അപ്പമ്മച്ചി മലയാറ്റൂർ മല കേറാമ്പൊകും. അപ്പമ്മച്ചീനേലും വല്യോര് കുരിശും പിടിച്ച് ചെരുപ്പിടാണ്ട് 'പൊന്മല കേറ്റം മുത്തപ്പോ' എന്ന് നല്ല ഈണത്തില് പാട്ടുമ്പാടി അപ്പമ്മച്ചി വീട്ടീന്നെറങ്ങും. കൂടെ കേറണ യൂത്തമ്മാരൊക്ക ഒന്നാ സ്ഥലോത്തുമ്പഴേക്കും ശ്വാസങ്കിട്ടാൻ പാടുപെടുമ്പ അപ്പമ്മച്ചി നല്ല പുളിങ്കുരു പോല ചാടിച്ചാടി മലകേറണ കാണാന്തന്നൊരു ചന്തമാ.
പത്താം വയസ്സില് അപ്പമ്മച്ചീട അപ്പന്റ കൂടെ കേറിതൊടങ്ങിയതാ, മലയാറ്റൂർ മല. അപ്പിച്ചി കെട്ടി കൊണ്ട് പോയേ പിന്നെ രണ്ടാളും കൂടിയായി കേറ്റം. എന്‍റപ്പന പെറ്റ് കെടന്ന കൊല്ലം മാത്രം ആ മലകേറ്റം മൊടങ്ങി. ബാക്കിയൊള്ളോരേ നോക്കീം കണ്ടൊക്കെയാ പെറ്റത്, അതോണ്ട് പിന്നൊരു തട്ടുകേടൊണ്ടായീല്ലന്ന് കുലുങ്ങി ചിരിച്ചോണ്ട് അപ്പമ്മച്ചി പറയും. തലയ്ക്ക് വെളിവ് പോയ അന്നത്താത്തിനെ പണ്ടെങ്ങാണ്ട് കൊറച്ച് നാൾ അപ്പമ്മച്ചി നോക്കാൻ പോയതാര്ന്ന്. അപ്പമ്മച്ചി തള്ളേനെ നോക്കിയപ്പോ കൂടെ പോയ എളേമോൻ ജോണിക്കുട്ടി തള്ളേടെ മോളേ നോക്കി. തള്ളേടെ ദീനം മാറുമ്പോളേക്കും മോള് ജോണിക്കുട്ടീടെ പൊരേല് പൊറുതീമായി, അവന്റെ രണ്ട് പിള്ളാരേം പെറ്റു. പൈനഞ്ചാം വയസ്സിലാണ് അപ്പിച്ചി അപ്പമ്മച്ചീനെ മിന്നുകെട്ടി കൊണ്ടോന്നത്. അപ്പിച്ചിക്ക് അപ്പൊ ഇരുപത്തിരണ്ട് വയസ്സും. തയ്യപ്പണിയാർന്ന് അപ്പിച്ചിക്ക്. അന്നൊക്കെ നാട്ടാരെ മുഴോൻ കാൾസറായി ഇടീച്ചത് അപ്പിച്ചിയാർന്ന്. അപ്പമ്മച്ചി അഞ്ചാങ്ക്ളാസ്സ് വരെ പഠിച്ചിട്ടൊണ്ട്. അതോണ്ടന്നെ അപ്പിച്ചിക്കും അപ്പമ്മച്ചിയെ വല്യ കാര്യാർന്നു. പഠിപ്പൊള്ള പെണ്ണിനെ കിട്ടിയത് അപ്പിച്ചീടെ ഭാഗ്യാണന്ന് ആളോള് പറഞ്ഞു. അപ്പമ്മച്ചി എപ്പോളും ചട്ടേം മുണ്ടും മാത്രേ ഉടുക്കുവാർന്നൊള്ളു. അപ്പിച്ചി കെട്ടിക്കൊണ്ട് വന്നേടക്ക്, ഞായറാഴ്ച്ച കുർബാന കാണാൻ പള്ളീൽ പോണ അപ്പമ്മച്ചിയെ കാണാങ്കൊതിച്ച് കൊറേ കണ്ണോൾ വേലിപൊറത്തേക്ക് പാഞ്ഞു വരും. മുണ്ടിന്റെ കോന്തല എളക്കിയൊള്ള നടപ്പിന് ഒര് ഭംഗിയൊക്കെ ഉണ്ടാർന്ന്.
കൊല്ലങ്ങളായിട്ട് കുടിയേറി പാർക്കുവാർന്നത് കൊണ്ട് 1963 - ൽ കുടികെടപ്പ് നിയമം വന്നപ്പോ സര്‍ക്കാര് പതിപ്പിച്ച് കൊടുത്തതാര്ന് കൂര കെട്ടി താമസിച്ച മൂന്ന് സെന്റ് ഭൂമി. മരപ്പലകകൾ നെരത്തി ആണിയടിച്ച് വച്ച മതിലോളും എടക്കെടക്കൊള്ള ഒട്ടകളീക്കൂടി സൂര്യന്റ വെട്ടം കേറി വരണ ഓടിട്ട മച്ചും റെഡ് ഓക്സയിഡ് അടിച്ച തറേം അന്നത്ത കാലത്ത് ഭയങ്കര സംഭവാർന്ന്. അപ്പിച്ചിക്ക് തൊണ്ടേല് കാൻസർ പിടിച്ച് കെടപ്പിലാക്കണ വരെ അപ്പമ്മച്ചി വീട്ടാര്യോം നോക്കി അങ്ങനെ സുഖിച്ച് ജീവിക്കുവാർന്ന്. പറഞ്ഞിട്ടെന്താ കാര്യം, അമ്മാതിരി പൊകയല്ലാർന്ന മൂപ്പര് വലിച്ച് കൂട്ടിയെക്കണത്. അപ്പമ്മച്ചി ആദ്യം കുളിപ്പിച്ചോടങ്ങിയത് അപ്പിച്ചിയെയാർന്നു. കെടന്ന കെടപ്പില് ഒന്നും രണ്ടും സാധിക്കുമ്പോ അപ്പമ്മച്ചി ഒരു പരാതീം പറയാണ്ട് അപ്പിച്ചീനെ കുളിപ്പിച്ച്. നല്ല കുടുംബത്തീ പെറന്ന പെണ്ണുങ്ങള് അങ്ങനാന്നാ അപ്പമ്മച്ചിക്ക് അപ്പമ്മച്ചീടെ അമ്മച്ചി പറഞ്ഞോടുത്തത്. സൊഗത്തില് മാത്രോല്ല ദുക്കത്തിലും ഒരുമിച്ച് പോണം. അപ്പമ്മച്ചി അത് മനസ്സോണ്ട് തന്നെ ചെയ്യേം ചെയ്ത്.
ആദ്യോക്കെ അപ്പിച്ചിയെ നോക്കാൻ എന്റപ്പനെ ഏപ്പിച്ചേച്ച് അപ്പമ്മച്ചി ഐസ് കമ്പനീ പണിക്ക് പോയി. അപ്പിച്ചിക്ക് ദീനം കൂടി പണിക്ക് പോകാൻ പറ്റാണ്ട് വന്നപ്പ ബീഡി തെറ്ത്തു പാലത്തിനപ്പർത്ത കുഞ്ഞോനിക്കാന്റെ കടേൽ കൊടുക്കാൻ അപ്പന്റെല് കൊടുത്ത് വിടും. താഴേളോരൊന്നും അന്ന് ആവതായി വന്നട്ടില്ല. പാലത്തെക്കൂടി വണ്ടി പോകുമ്പ പാലം കെടന്നാടണപോലെ തോന്നുവാർന്ന് അപ്പന്. അന്നേരത്ത് താഴേള്ള വെള്ളത്തേ നോക്കിയാ തല കറങ്ങും. കണ്ണുമ്പൂട്ടി ഒറ്റോട്ടാണ്. കുഞ്ഞോനിക്കാന്റെ പെട്ടിക്കടേടെ മുമ്പിലാ ഓട്ടം നിക്കണേ. കടേലിരിക്കണ കുപ്പീല് നെറച്ചും കടലമുട്ടായീം തേൻമുട്ടായീം ഇഞ്ചിമുട്ടായീം നാരങ്ങാമുട്ടായീം ഒക്കേണ്ടാവും. അറിയാണ്ടാണേലും അതിലാട്ടൊന്ന് നോട്ടം പോകുമ്പ അപ്പന്റ കൈ ഓട്ടക്കളസത്തിന്റ കീശേല് ചുമ്മാണ്ടങ്ങന ഓടി നടക്കും. പൊരേടെ പൊറകില് പള്ളിക്കാർടെ പറമ്പാർന്ന്. അവിട നെറച്ചും മരങ്ങളും. ഒന്നോ രണ്ടോ മരത്തേല് കാച്ചില് പടർന്ന് കേറീട്ടുമൊണ്ട്. അപ്പിച്ചി കെടപ്പായേപ്പിന്നെ ഒത്തിരി വയറോള് വെശക്കാണ്ട് കാത്തത് ആ കാച്ചിലാ. അപ്പിച്ചി മരിക്കുമ്പോളേക്കും എന്റപ്പൻ ചെറിയ പണിയോളൊക്കെ ചെയ്‌ത് തൊടങ്ങിയാർന്ന്. അപ്പമ്മച്ചി കുളിപ്പിക്കാമ്പോകാനും. എല്ലാരും നല്ലോണം തിന്നാനും കുടിക്കാനും തൊടങ്ങി.
അപ്പമ്മച്ചി കുളിപ്പിച്ചാ കൊച്ചിങ്ങള് സൊഗം പിടിച്ചങ്ങാടൊറങ്ങും. കൊച്ചിങ്ങളൊറങ്ങിയാ പിന്ന തള്ളമാർക്കും സൊഗമായല്ലാ! വേദ് വെള്ളത്തില് അസ്സല് തേച്ച് കുളീം കഴിഞ്ഞ് അതുങ്ങളും കെടന്നങ്ങൊറങ്ങും. വരുന്നോരേം പോണോരേം കൊച്ചിനേം തള്ളേം കാണിക്കാൻ അപ്പമ്മച്ചി സമ്മയ്ക്കൂല്ല. തള്ളയ്ക്ക് പാലോണ്ടാ, പുള്ളയ്ക്ക് നെറോണ്ടാന്ന് ചോയ്ച്ച് ഒറ്റോരെണ്ണത്തിനേം അകത്ത് കേറ്റൂല്ലാന്ന് അപ്പമ്മച്ചി കട്ടായമ്പറയും. അപ്പമ്മച്ചീനെ പേടിച്ച് ആരും അങ്ങട് വരൂല്ലാ. അതോണ്ടന്നെ തള്ളേം പുള്ളേം നല്ല എണ്ണം പറഞ്ഞോണമിരിക്കും അപ്പമ്മച്ചിട കുളിപ്പീര് കഴിഞ്ഞാ. അപ്പമ്മച്ചി മിച്ചം പിടിക്കണ കാശെല്ലാം ഒര് വീട് വെക്കാനായിരുന്ന്. അപ്പമ്മച്ചീടെ ഏറ്റോം വല്യ സൊപ്‌നോര്ന്ന് അടച്ചൊറപ്പൊള്ള ഒരു വീട്. പെരുമഴേള്ളോര് രാത്രീല് മതിലേലെ മരപ്പലക ഒരണ്ണം മാറ്റി ആരാണ്ട് വീട്ടിനുള്ളിലാട്ട് നോക്കീന്ന് എന്‍റെ കൊച്ചാമ്മ ഒരിക്കേ ആർത്തു കരഞ്ഞേ പിന്നെ അപ്പമ്മച്ചീടെ മനസ്സില് കയറിക്കൂടിയ പൂതിയാർന്ന് ഇഷ്ടിക മതിലൊള്ള വീടൊന്ന് വെക്കണോന്ന്.
അപ്പിച്ചിക്ക് സർക്കാര് പതിപ്പിച്ച് കൊട്ത്ത സലം പള്ളിക്കാരുടെ സലത്തിന്റെ നടുക്കാർന്ന്. അതോണ്ട് അവരടെ സലം ഒന്നിനും ഉപയോഗിക്കാമ്പറ്റാണ്ട് കൊല്ലങ്ങളായിട്ട് കെടക്കേം ചെയ്ത്. പള്ളിക്കാര് എടപെട്ട് അപ്പമ്മച്ചീടെ സലം ഒര് വശത്തോട്ടിച്ചിരി മാറ്റി തന്നാ അവര് നഷ്ടം ഒതുക്കാൻ ഒര് സെന്റൂടി പള്ളിവക സലവും തരാന്ന് പറഞ്ഞു. എന്നാ സലം മാറ്റി എഴുതീട്ടാകാം വീടുപണീന്നും പറഞ്ഞ് അപ്പമ്മച്ചി കാത്തിര്ന്നത് വർഷം കൊറച്ചൊന്നുമല്ല. അപ്പഴേക്കും മക്കളെല്ലാം പല വഴിയായി. ഉള്ള സലത്ത് വീട് വെച്ചാ പോരേന്ന് ചോയ്‌ച്ചാ, വാക്ക് പറഞ്ഞാ വാക്കാരിക്കണം എന്ന ഒറ്റ ഉത്തരത്തില് ചോയ്‌ച്ചോരുടെ നാവടപ്പിക്കും അപ്പമ്മച്ചി. പള്ളിക്കാരുടെ പിന്നാലെ നടന്ന് ഒടുക്കം വാക്ക് പോലെ അപ്പമ്മച്ചി സലം വാങ്ങിയെടുത്ത് അവിടെ വീട് പണീം തൊടങ്ങി. ഈ പ്രായത്തിലും അപ്പമ്മച്ചീടെ ആ തന്റേടം കണ്ടോരെല്ലാം മൂക്കത്ത് വെരല് വച്ചു. പെണ്ണിന്റെ രണ്ടാം പേറാണ്. മൂത്തകൊച്ചൊരെണ്ണമുള്ളതിന് വയസ്സൊന്ന് കഴിഞ്ഞട്ടൊള്ളൂ. അതോണ്ട് കുളിപ്പിച്ചാ മാത്രം പോരാ കുളി കഴിയണ വരെ കൂടെ നിൽക്കേം വേണോന്ന് പറഞ്ഞു വിറോണി വിളിച്ചപ്പോ ആവതും ഒഴിവാക്കിവിടാൻ നോക്കീതാണ് അപ്പമ്മച്ചി - വീട് പണി തീർന്ന് കേറി താമസിക്കാൻ നിക്കണ നേരം. ഈസ്റ്റർ കഴിയട്ടേന്ന് എന്റപ്പനും പറഞ്ഞോണ്ടാണ് അങ്ങനെ നീണ്ട് പോയേ - ആദ്യത്തെ പേറിനും കുളിപ്പിച്ചത് അപ്പമ്മച്ചി തന്നേര്‍ന്ന്.
വിറോണീടെ കരച്ചില് കണ്ടപ്പോ പോകാന്ന് വച്ച്. ദുഃഖവെള്ളിയാഴ്ച മാത്രം വരൂല്ല എന്ന് കട്ടായം കെട്ടി, കെട്ടും കെടക്കേമെടുത്ത് വിറോണീടെ വീട്ടീ ചെന്ന് കുളിപ്പീര് തൊടങ്ങി. വലിയ ബുധന്റന്ന് രാത്രി കൊച്ച് എണീറ്റ് കരയണ പോലെ തോന്നി ചാടിയെണീറ്റതാ അപ്പറത്തെ മുറീൽ കെടന്നൊറങ്ങുവാർന്ന അപ്പമ്മച്ചി. എണീറ്റ് നിന്നതും കൊഴഞ്ഞ് താഴെ വീണ്. കൊച്ചിന്റ നിർത്താണ്ടൊള്ള കരച്ചില് കേട്ട് വിറോണി എണീറ്റ് വന്നപ്പോളാണ് അപ്പമ്മച്ചീടെ കെടപ്പ് കണ്ടത്. അപ്പോ തന്നെ കെട്ടിയോനെ വിളിച്ചെണീപ്പിച്ച് വണ്ടീ കേറ്റി ആശൂത്രീ കൊണ്ടോയേലും അപ്പോഴേക്കും അപ്പമ്മച്ചീടെ ജീവൻ അപ്പിച്ചീടടുത്ത് എത്തിയാർന്ന്. എല്ലാരേം കുളിപ്പിക്കണ അപ്പമ്മച്ചീനെ ആരാണ്ടൊക്കെയോ കുളിപ്പിച്ച് ആശിച്ചോണ്ടാക്കിയ വീടിന്റെ ഉമ്മറത്ത് കൊണ്ട് കെടത്തി. ആ മൊകത്ത് നോക്കിയിരുന്നപ്പോ പെട്ടന്നോർത്തത് അപ്പനെ പെറ്റു കെടന്നപ്പോഴല്ലാണ്ട് അപ്പമ്മച്ചി മരിക്കുന്ന വരെ ദുഃഖവെള്ളിയാഴ്ച മല കേറാണ്ടിരുന്നട്ടില്ലല്ലാ എന്നും പറഞ്ഞ് ഇപ്പോ അപ്പിച്ചിയും അപ്പമ്മച്ചിയും കുലുങ്ങി ചിരിക്കുവാരിക്കുമെന്നാണ്.