ഇന്ന് ദേശീയ യുവദിനം- സ്വാമി വിവേകാനന്ദനെ സ്മരിക്കുമ്പോൾ...

നിത്യ പ്രചോദനമായ യുഗപുരുഷൻ സ്വാമി വിവേകാനന്ദന്റെ ജന്മവാർഷികദിനമായ ഇന്ന് ദേശീയ യുവദിനമായി രാജ്യം ആചരിക്കുന്നു.

സ്വാമി വിവേകാനന്ദൻ എന്ന് കേൾക്കുമ്പോൾ കാവി വസ്ത്രധാരിയായി, സൗമ്യമുഖത്തോട് കൂടി കൈകൾ കെട്ടിനിൽക്കുന്ന ഒരു സന്ന്യാസിയേയും ‘ഉത്തിഷ്ഠത ജാഗ്രത’ എന്ന് തുടങ്ങുന്ന ഉദ്ധരണിയും ആയിരിക്കും സാധാരണക്കാരന്റെ മനസ്സിലേക്ക്
വരുക. എന്നാൽ നരേന്ദ്രനാഥൻ എന്ന സകലകലാവല്ലഭനെ എത്ര പേർക്ക് അറിയാം?

സകലകലാവല്ലഭന്മാരെ നാം സ്ഥിരം കാണുന്നത് ഇപ്പോള്‍ കച്ചവട സിനിമയിൽ ആണ്. ജീവിതത്തില്‍ നടക്കാത്ത കാര്യങ്ങൾ തങ്ങളുടെ കഥാപാത്രങ്ങൾക്ക് സാധിക്കും എന്ന് കൃത്രിമമായി ചമച്ച് ജനകോടികളിൽ നിന്നും ‘കോടികൾ’ കൈപറ്റുന്ന കച്ചവടസിനിമയിലെ നായകന്മാരിൽ നിന്നും ഏറെ വിഭിന്നനാണ് നരേന്ദ്രൻ‍ എന്ന സകലകലാവല്ലഭന്‍. നരേന്ദ്രൻ തന്റെ ബാല്യകൗമാരങ്ങളുടെ ജീവിതയാഥാർഥ്യങ്ങളിൽ ആണ് സകലകലാവല്ലഭനായി തിളങ്ങിയത്. അക്കാലത്ത് പ്രസിദ്ധനായ അഹമദ്ഖാന്റെ ശിഷ്യനായ വേണുഗുപ്തനിൽ നിന്നും ഗീതവും വാദ്യവും അഭ്യസിച്ചതിനു ശേഷം സ്വയം ഗാനങ്ങൾ രചിക്കുന്നതിലും ഭാരതീയ സംഗീതതത്വം എന്ന് ആമുഖപ്രസംഗം എഴുതുന്നതിലും മിടുക്കനെന്നു തെളിയിച്ചു. സംഗീതപ്രതിഭയായിരുന്ന നരേന്ദ്രൻ സുരേന്ദ്രനാഥമിത്രന്റെ ഭവനത്തിൽ മതപരമായ ആഘോഷത്തിൽ പങ്കെടുക്കുകയും അദ്ദേഹത്തിന്റെ പ്രേരണ മൂലം പാടിയ അതിമനോഹരമായ ഗാനമാണ് തദ്ദവസരത്തിൽ സന്നിതനായ ശ്രീരാമകൃഷ്ണന്റെ ശ്രദ്ധ ആദ്യമായി നരേന്ദ്രനിൽ പതിയാനിടയാക്കിയത്. സംഗീതത്തില്‍ മാത്രമല്ല, ശാസ്ത്രീയവാദം, അടിയും തടയും, കായികാഭ്യാസം തുടങ്ങിയവ അഭ്യസിക്കുകയും മത്സരങ്ങളിൽ പങ്കെടുത്ത് പ്രതിഭ തെളിയിക്കുകയും ചെയ്ത വല്ലഭനാണ് നരേന്ദ്രൻ.

ദ്വൈതസിദ്ധാന്തത്തിൽ അടിസ്ഥിതമായ പുരാണങ്ങളിലും മറ്റും ഈശ്വരനെ പറ്റി വായിച്ചറിഞ്ഞ നരേന്ദ്രൻ കണ്ടുമുട്ടുന്ന മഹർഷിമാരോടും പണ്ഡിതന്മാരോടും നിങ്ങളീശ്വരനെ കണ്ടിട്ടുണ്ടോ എന്ന ചോദ്യം ചോദിച്ചിരുന്നു. എന്നാൽ ശ്രീരാമകൃഷ്ണപരമഹംസരെ കണ്ടുമുട്ടിയതിനു ശേഷം നരേന്ദ്രനാഥനിൽനിന്നും വിവേകാനന്ദ സ്വാമികളിലേക്കുള്ള യാത്രയിൽ ഉപനിഷത്തുക്കളിലെ ബ്രഹ്മവിദ്യയിൽ വിദഗ്ധപാണ്ഡിത്യം നേടിയ അദ്ദേഹം യഥാർത്ഥ ഭാരതീയ വേദാന്തം സൂചിപ്പിക്കുന്നത് ഈശ്വരൻ എന്നാൽ ഒരു വ്യക്തിയല്ല മറിച്ച് സർവ്വവ്യാപിയായ ശക്തിസ്രോതസ്സ് ആണെന്നും താനുൾപ്പെടെ സകല ചരാചരങ്ങളും ആ ശക്തിസ്രോതസ്സിലെ അംഗമാണെന്നും തിരിച്ചറിവ് ഉണ്ടായി. സ്വാമി വിവേകാനന്ദന്റെ ഗുരു ശ്രീരാമകൃഷ്ണപരമഹംസർ ആയിരുന്നുവെങ്കിലും മാതൃകപുരുഷൻ 8–ാം ശതകത്തിൽ ജീവിച്ചിരുന്ന ശങ്കരാചാര്യർ ആയിരുന്നു. വേദങ്ങളിലും ഉപനിഷത്തുക്കളിലും ആയി കിടക്കുന്ന ബ്രഹ്മജ്ഞാനം സംഭരിച്ച് ശങ്കരാചാര്യർ രൂപം നൽകിയ അദ്വൈതസിദ്ധാന്തം ശക്തിപ്പെടുത്താനും ഭാരതീയ തത്വശാസ്ത്രവും യോഗശാസ്ത്രവും ദർശിച്ച ഇന്ത്യൻ ഋഷിമാർ ഇന്ത്യൻ സയന്റിസ്റ്റുകള്‍ കൂടിയായിരുന്നുവെന്നും പുറംലോകത്തെ അറിയിക്കാൻ സ്വാമിജിക്ക് സാധിച്ചു.

ലോകത്ത് H2O മാത്രമേയുള്ളൂ ചിലർ അതിനെ വാട്ടർ എന്നും ചിലർ അതിനെ പാനി എന്നും മറ്റൊരു വിഭാഗം അതിനെ വെള്ളം എന്നും ജലമെന്നും വിളിക്കുന്നത് പോലാണ് വ്യത്യസ്ത മതവിശ്വാസങ്ങൾ എന്ന് തന്റെ പ്രഭാഷണങ്ങളിലൂടെ ഉത്ബോധിപ്പിച്ചു. അമേരിക്കയിൽ നടന്ന ലോകമത സമ്മേളനത്തിൽ ലോകത്ത് വേദാന്തം ഒന്ന് മാത്രമേയുള്ളുവെന്നും അത് ആചാരങ്ങളിലും വിശ്വാസങ്ങളിലും സ്വാധീനം
ചെലുത്തുമ്പോൾ ഹിന്ദു മതവും, ദ്വൈതരൂപത്തിലുള്ള അവസ്ഥ പടിഞ്ഞാറുള്ള മാനവികരുടെ ആലോചനകളിലും രൂപം കൊണ്ടപ്പോൾ അത് ക്രിസ്തുമതമായെന്നും സെമിറ്റിക് ഗോത്രക്കാരുടെ ആശയത്തിൽ ചെലുത്തുമ്പോൾ ഇസ്ലാം മതമായെന്നും അദ്ദേഹം സമർത്ഥിച്ചു.

ചെറുപ്പത്തിൽ സ്കൂൾ അധ്യാപകനായി ജോലി ലഭിക്കാതെ പോയ നരേന്ദ്രന്‍ പിൽക്കാലത്ത് ആഗോളതലത്തിൽ അംഗീകാരം ലഭിച്ച ലോകഗുരു ആയ സ്വാമിവിവേകാനന്ദൻ ആയി മാറി. ഒരു വൻ ആൽമരം ഒരു ചെടിച്ചട്ടിയിൽ ഒതുങ്ങി നിൽക്കേണ്ടതല്ല എന്ന പ്രകൃതി സത്യം ആണ് ഇതിലൂടെ തെളിയിക്കപ്പെട്ടത്.

1901 –ൽ ബേലൂർ മഠത്തിലെത്തിയ സ്വാമിജി സഹോദര സന്ന്യാസിമാരുടെ അപേക്ഷ മാനിച്ച് അവിടെ താമസിച്ചെങ്കിലും വ്യക്തി പൂജ പാടില്ലെന്നും ഗുരുവിന്റെ ചിത്രം വച്ചുള്ള പൂജ പോലും പാടില്ല എന്നും വിശദീകരിച്ചു. അദ്വൈതമാണ് നമുക്കാവശ്യം. എല്ലാം ഒന്നാണ് ഒന്ന് മാത്രം എന്നാണ് പറഞ്ഞത്. ഇക്കാലത്ത് സ്വന്തം പൂജ ചെയ്യാൻ ഇരുന്നു കൊടുക്കുകയും ദൈവത്തിന്റെ ഇടനിലക്കാരനൊ അവതാരമോ ആയി സ്വയം അവരോധിക്കുകയും ചെയ്യുന്നവർ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ എത്രയോ നന്നായിരുന്നു. നരേന്ദ്രനാഥനിൽനിന്നും വിവേകാനന്ദ സ്വാമികളിലേക്കുള്ള യാത്രയിൽ അദ്ദേഹം പഠിച്ചതും പഠിപ്പിച്ചതും അദ്വൈത സിദ്ധാന്തം ആണ്. സൃഷ്ടിയും സൃഷ്ടാവും ഒന്ന് തന്നെയാണ് അഥവാ ഈശ്വരനും പ്രപഞ്ചവും ഒന്ന് തന്നെയാണ്. National Youth Day ആയി എന്തുകൊണ്ടും ആഘോഷിക്കേണ്ടത് സ്വാമിജിയുടെ ജന്മദിനം തന്നെയാണ്. ഈ ലേഖനം പൂർണമാക്കുന്നതോടൊപ്പം ചില പോയിന്റുകൾ കൂടി ചൂണ്ടിക്കാട്ടട്ടെ.

∙ പ്രശസ്തനല്ലാത്ത കാലത്ത് സന്ന്യാസിമാരെ പുച്ഛത്തോടെ കണ്ട ഒരു വിഭാഗം ആളുകളില്‍ നിന്നും പുച്ഛവും പരിഹാസവും ഏറ്റുവാങ്ങിയിട്ടും പ്രകോപിതനാകാതെ സമചിത്തതയോടെ നിന്നു. (കായിക അഭ്യാസിയും, അടിതടകൾ പഠിച്ചവനുമായ നരേന്ദ്രൻ വിവേകാനന്ദസ്വാമിയുടെ മനകരുത്ത് കൂടി തെളിയിക്കുകയാണ് ചെയ്തത്.)

∙ ISRO യിൽ നിരവധി വർഷം സേവനമനുഷ്ഠിച്ച Dr. T.G.K. Murthy എഴുതിയ ‘Swami Vivekanda An Inutitive Scientist’ എന്ന പുസ്തകം സ്വാമിജിയിലെ ശാസ്ത്രജ്ഞനെ പ്രത്യേകം എടുത്ത് കാണിക്കുന്നതാണ്. പ്രശസ്ത ശാസ്ത്രജ്ഞന്മാരായ ആൽബർട്ട് ഐൻസ്റ്റീൻ, ലോർഡ് കെൽവിൻ, നിക്കോളാസ് തെസ്‌ല തുടങ്ങിയവരുടെ ശാസ്ത്രീയ നിരീക്ഷണങ്ങൾക്കൊപ്പമോ അതിലധികമോ ആണ് സ്വാമിജിയുടെ Scientifice Thoughts എന്ന് തെളിയിക്കപ്പെടുന്ന പുസ്തകം കൂടിയാണിത്.

∙ പ്രശസ്ത വൈദ്യുത ശാസ്ത്രജ്ഞന്‍ ആയ നിക്കോളാസ് തെസ്‌ല, സ്വാമിവിവേകാനന്ദന്റെ സംഖ്യാ ശാസ്ത്രത്തെ പറ്റിയുള്ള പ്രഭാഷണം കേട്ടതിനെ തുടർന്നാണ് ഭൗതിക വസ്തുക്കൾ ഊർജത്തിന്റെ ആവിഷ്കാരമാണ് എന്ന അവലോകനത്തിലെത്തിയത് എന്ന വസ്തുത കൂടി ശ്രദ്ധിച്ചാൽ മുകളിൽ വിവരിച്ച കാര്യം ഒന്നു കൂടി അടിവരയിട്ട് തരുന്നതാണ്.

∙ രാഷ്ട്രപിതാവായ ഗാന്ധിജി മുതൽ (സ്വാമിജിയെക്കാൾ 6 വയസ്സ് മാത്രം താഴെ) ചിന്തകനായ സുകുമാർ അഴിക്കോട് മാഷ് വരെ സ്വാമി വിവേകാനന്ദന്റെ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ടവരാണ്.

∙ കാലത്തിന് മുമ്പേ സഞ്ചരിച്ച മഹത് വ്യക്തിയായിട്ടാണ് എല്ലാവരും സ്വാമി വിവേകാനന്ദനെ കണക്കാക്കപ്പെടുന്നത്. സ്വാമിജിയുടെ പുസ്തകങ്ങൾ വായിക്കുമ്പോൾ ഇപ്പോഴും പുതുമ തോന്നുന്നതിന്റെ കാരണവും മറ്റൊന്നുമല്ല.

സ്വാമി വിവേകാനന്ദന്റെ വാക്കുകൾ എക്കാലത്തേക്കും ഉള്ളതാണ്. സ്വാമി വിവേകാനന്ദനും...