കടമായി ആരെങ്കിലും ക്വട്ടേഷൻ ഏറ്റെടുക്കുമോ: പി.സി.ജോർജ്

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപ് കുറ്റക്കാരനാണെന്ന തോന്നൽ ഇപ്പോഴും ഇല്ലെന്ന് പി.സി.ജോർജ് എംഎൽഎ. സംഭവത്തിനു പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. തെറ്റുകാരനാണെങ്കിൽ ദിലീപ് ശിക്ഷിക്കപ്പെടട്ടെയെന്നും പി.സി.ജോർജ് പറയുന്നു.

‘എന്റെ മനസിൽ ഇപ്പോഴും ദിലീപ് കുറ്റക്കാരനാണെന്ന തോന്നൽ ഇല്ല. എന്റെ മനസാക്ഷിക്ക് അയാൾക്കെതിരെയുള്ള തെളിവ് കിട്ടിയിട്ടില്ല’–പി.സി. ജോർജ് മനോരമ ഓൺലൈനിനോട് പറഞ്ഞു. ഈ അഭിപ്രായത്തിലെത്താനുള്ള കാരണങ്ങൾ പി.സി.ജോർജ് വിശദമാക്കുന്നു

∙ആരെങ്കിലും ക്വട്ടേഷൻ കടമായി ഏറ്റെടുക്കുമോ?

‘ക്വട്ടേഷൻ കൊടുക്കുന്നത് കടമായിട്ടാണോ. ഇവൻ(സുനി) പറഞ്ഞതുപോലെ ദിലീപ് ക്വട്ടേഷൻ കൊടുത്തതാണെങ്കിൽ കടം പറഞ്ഞ് ഒരുത്തൻ ക്വട്ടേഷൻ വാങ്ങിക്കുമോ? ഇവൻ ഈ പെൺകുട്ടിയെ മാത്രമല്ല നേരത്തെ രണ്ടുപെൺകുട്ടികളെയും ഇതേപോലെ ചെയ്തിട്ടുണ്ട്. അതാരുടെ ക്വട്ടേഷനാണെന്നു പറയണ്ടേ? എന്തുകൊണ്ട് അവനെ(സുനി) കസ്റ്റഡിയിലെടുത്ത് അതു തെളിയിക്കുന്നില്ല. പിന്നെ മറ്റൊരു കാര്യം 2013ലാണു സുനി വേറൊരു നടിയോട് ഈ രീതിയിൽ പെരുമാറിയത്. അവരുടെ ഭർത്താവ് അന്ന് കേസ് കൊടുത്തിട്ട് കഴിഞ്ഞ ദിവസങ്ങളിലാണ് എഫ്ഐആർ എടുത്തിരിക്കുന്നത്’

∙ജയിലിലെ സീലുള്ള പേപ്പർ എങ്ങനെ പുറത്തെത്തി?

‘ജയിലിന്റെ സീലുള്ള പേപ്പറിൽ സുനി ദിലീപിന് എഴുതിയ കത്ത് ജയിൽ സൂപ്രണ്ട് അറിയാതെ എങ്ങനെ പുറത്തെത്തിച്ചു. അപ്പോ സൂപ്രണ്ട് അറിഞ്ഞുകൊണ്ടല്ലേ? ഇത് മൊഴികൾ കെട്ടിച്ചമച്ച കള്ളകേസാണെന്നാണ് വിശ്വാസം. നൂറു ശതമാനം വിശ്വാസം അങ്ങനെയാണ്. എന്നാൽ, ദിലീപ് കുറ്റക്കാരനാണെന്നു തെളിഞ്ഞാൽ അയാളെ ശിക്ഷിക്കുന്നതിൽ യാതൊരു വിരോധവും ഇല്ല. ശിക്ഷിക്കണമെന്ന അഭിപ്രായം തന്നെ ഞാൻ രേഖപ്പെടുത്തുകയും ചെയ്യും’

∙അറസ്റ്റിനു പിന്നിൽ സർക്കാർ ഗൂഢാലോചന?

‘ഇയാളെ(ദിലീപിനെ) അറസ്റ്റു ചെയ്ത ദിവസം കേരളത്തിലെ വ്യാപാരികൾ സമരം നടത്തുകയായിരുന്നു. ആരെങ്കിലും അറിഞ്ഞോ?ദിലീപ് വിഷയത്തിൽ തള്ളിപോയി. ഇവിടുത്തെ റേഷൻ കാർഡ് വിതരണം മൊത്തം അലമ്പായി കിടക്കുകയായിരുന്നു. ബിപിഎൽ ആളുകൾക്ക് എപിഎൽ കൊടുത്തു. എപിഎൽ ആളുകൾക്കു ബിപിഎൽ കൊടുത്തു. ആകെ നാശമായി. ആരെങ്കിലും അറിഞ്ഞോ?അരിവില കിലോയ്ക്ക് 51 ആയി. പച്ചക്കറികളുടേയും നിത്യോപയോഗ സാധനങ്ങളുടേയും വില സാധാരണക്കാർക്ക് താങ്ങാവുന്നതിലധികമായി. ഇവിടെ ചർച്ച ചെയ്യാൻ ആളില്ല. പകർച്ചപനി ബാധിച്ച് ആളുകൾ മരിക്കുന്നു. ചർച്ച ചെയ്യാൻ ആളില്ല. കർഷക പെൻഷൻ കൊടുക്കുന്നില്ല,നെല്ലു സംഭരിച്ച പണം കൊടുക്കുന്നില്ല. നശിച്ചു നാറി നിൽക്കുന്ന ഗവൺമെന്റ് ദിലീപിനെ പിടിച്ച് രക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതാണ് എന്റെ സങ്കടം. അതാണ് ഞാൻ ഇതിൽ ദുരൂഹതയുണ്ടെന്നു പറയുന്നത്’

∙മുഖ്യമന്ത്രിയുടെ ഇടപെടൽ? 

‘മുഖ്യമന്ത്രി പിണറായി വിജയന് മഞ്ജുവാര്യർ ഒരു കത്തു കൊടുത്തെന്നാണ് പറയുന്നത്. ആ കത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി ഇടപെട്ട് ആണ് എല്ലാത്തിനും തുടക്കം കുറിക്കുന്നത്.’

∙ സാമ്പത്തിക ശ്രോതസ് അന്വേഷിക്കണം

‘ദിലീപിന്റെ സാമ്പത്തിക ശ്രോതസ് മാത്രം അന്വേഷിക്കുകയാണ്. അതെങ്ങനെ ശരിയാകും? എല്ലാ നടീ നടൻമാരുടേയും സാമ്പത്തിക ശ്രോതസ് അന്വേഷിക്കണം. എല്ലാവരുടേയും അന്വേഷിക്കാതെ എങ്ങനെ ശരിയാകും. അതുകൊണ്ട് സർക്കാർ ഈ വിഷയത്തിൽ ശരിയോടൊപ്പം നിൽക്കണം’–പി.സി. ജോർജ് പറയുന്നു.