പ്രേമം എന്ന സിനിമയുടെ ആലോചന നടക്കുന്ന കാലത്ത് സംവിധായകനായ അൽഫോൻസ് പുത്രൻ നിവിൻ പോളിയോടു പറഞ്ഞു, ‘നിന്റെ നാട്ടുകാരനായ ഒരു പയ്യൻ വന്നു കഥ പറഞ്ഞിരുന്നു. അതിലൊരു ഫയറുണ്ട്. നോക്കാവുന്നതാണ്.’ കഥ പറയുന്നവരുടെ എണ്ണം വളരെ കൂടുതലാണെങ്കിലും അൽഫോൻസ് പുത്രൻ പറഞ്ഞപ്പോൾ നിവിനു സംശയിക്കേണ്ട കാര്യമില്ലായിരുന്നു. ‘എന്നാൽ കേൾക്കാം’ എന്നു നിവിൻ പറഞ്ഞു. മുണ്ടുടുത്തു, മെലിഞ്ഞ, ബുദ്ധിജീവിയാകാൻ ശ്രമം നടത്തി പരാജയപ്പെട്ടുപോയ ഒരാൾ ദിവസങ്ങൾക്കു ശേഷം നിവിനെ കാണാനെത്തി. വളരെ പതുങ്ങിയ ശബ്ദത്തിൽ ആ കുട്ടി പറഞ്ഞു, ‘ഞാനാണു അൽഫോൻസ് പുത്രൻ പറഞ്ഞ ആൾ’.
പേരെന്താ?
അൽത്താഫ് സലിം...അൽത്താഫിനെ കണ്ടാൽ ആദ്യം തോന്നുന്ന സംശയം ഈ പയ്യനാണോ സിനിമ എഴുതി സംവിധാനം ചെയ്യാൻ വന്നത് എന്നാണ്. അതു തോന്നിയോ ഇല്ലയോ എന്നു നിവിൻ ഇപ്പോൾ പറയുന്നില്ല. കഥ പറഞ്ഞു തുടങ്ങിയപ്പോൾ നിവിനു മനസ്സിലായി അൽഫോൻസിനു പിഴച്ചിട്ടില്ലെന്ന്. കഥ മുഴുവനാക്കി എഴുന്നേൽക്കാൻ ശ്രമിച്ച അൽത്താഫിനോട് ഇരിക്കാൻ പറഞ്ഞു. എവിടെയോ നല്ല സ്പാർക്കുള്ള കഥ. അതിലുമുപരി കഥ പറയുമ്പോൾ പോലും അൽത്താഫ് നല്ല തമാശ പറയുന്നു. എന്നിട്ടു അതുമായി ഒരു ബന്ധവുമില്ലാതെ ഇരിക്കുകയും ചെയ്യുന്നു.
അതൊരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു. രണ്ടു മണിക്കൂർകൊണ്ടു മലയാളത്തിലെ തിരക്കുള്ള താരത്തെ അൽത്താഫ് വീഴ്ത്തിയിരിക്കുന്നു. എഴുന്നേറ്റു പോകുന്നതിനു മുൻപു നിവിൻ അൽഫോൻസ് പറയാൻ ഏൽപ്പിച്ച ഒരു കാര്യം കൂടി പറഞ്ഞു, ‘ഈ സിനിമ ഞാനും അൽഫോൻസും ചേർന്നു നിർമിക്കാം.’ പിന്നീട് അൽഫോൻസ് മറ്റു തിരിക്കുകളിലേക്കു പോയപ്പോൾ നിവിൻ നിർമാതാവായി. അങ്ങനെയാണ് ‘ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള’ എന്ന സിനിമ ഉണ്ടാകുന്നത്.
നിവിൻ ഇതോടെ നിർമാതാവാകുകയാണ്. എന്തു തോന്നുന്നു?
ഓണക്കാലത്തു ലാലേട്ടന്റെയും മമ്മൂക്കയുടെയും ദിലീപേട്ടന്റെയുമെല്ലാം സിനിമയ്ക്കു വേണ്ടി അടുത്ത കാലം വരെ തിയറ്ററിൽ ക്യൂനിന്നിരുന്ന ആളാണു ഞാനും അൽത്താഫും. ഈ ഓണത്തിനു ഞങ്ങൾ ഒരുമിച്ചൊരു സിനിമ ചെയ്യുന്നു എന്നതുതന്നെ അത്ഭുതം. അതു ഞാൻ നിർമിക്കുന്നു എന്നുകൂടി പറയുമ്പോൾ സത്യത്തിൽ നല്ല ചങ്കിടിപ്പുണ്ട്. ഞാൻ ഒരു സ്വപ്നത്തിന്റെ അടുത്താണെന്നു പറയാം.
നിവിൻ തിരക്കുള്ള നടനാണ്. ഏതു സംവിധായകനെ വേണമെങ്കിലും കിട്ടും. എന്നിട്ടും എന്തുകൊണ്ട് അൽത്താഫിനെപ്പോലൊരു പുതിയ എഴുത്തുകാരനെയും സംവിധായകനെയും ഇത് ഏൽപ്പിച്ചു?
അൽത്താഫ് എന്റെ നാട്ടുകാരനാണ്. പ്രേമം മുതൽ ഞങ്ങൾ അടുത്ത സുഹൃത്തുക്കളുമാണ്. ആളുകൾ പറയുന്നതുപോല അവൻ കുട്ടിയൊന്നുമല്ല. നല്ല പരന്ന വായനയുള്ള മുതിർന്ന മനുഷ്യനാണ്. കുട്ടിയുടെ ലുക്കാണെന്നു മാത്രം. സിനിമയെക്കുറിച്ചു നല്ല ധാരണയുണ്ട്. കഥ പറയുമ്പോൾപോലും ഇതുവരെ കാണാത്ത തരത്തിലുള്ള ഹ്യൂമറും പറയുന്നുണ്ടായിരുന്നു. ആദ്യം കേട്ട കഥ പല തവണ തിരുത്തി എഴുതിയാണ് ഈ സിനിമയിൽ എത്തിയത്.
അൽത്താഫിന്റെ മനസ്സിൽ നല്ല സിനിമയുണ്ടെന്നു ആദ്യമേ തോന്നിയിരുന്നു. ചിലർ സംസാരിക്കുന്നതും ജോലി ചെയ്യുന്നതും കണ്ടാൽ അറിയാമല്ലോ അവരുടെ രീതി എങ്ങനെയായിരിക്കുമെന്ന്. തിരക്കഥ പൂർത്തിയാക്കി ഷൂട്ടിങ് തുടങ്ങുമ്പോൾ ഓരോ ഫ്രെയിമും എങ്ങനെ വേണമെന്ന് അൽത്താഫിന്റെ മനസ്സിലുണ്ടായിരുന്നു. ഓരോ നടനും ഇടുന്ന വേഷത്തിന്റെ നിറം പോലും അവൻ തീരുമാനിച്ചിരുന്നു. എന്റെ ആദ്യ സിനിമ നല്ല സിനിമയാണെന്നു ജനം പറയുന്നതാകണമെന്നു ഞാൻ ആഗ്രഹിക്കുന്നു. അൽത്താഫിന്റെ മനസ്സിലെ സിനിമ അതാകുമെന്ന് എനിക്കു തോന്നി. ഓരോ ദിവസവും ബലപ്പെടുന്ന ബന്ധമായിരുന്നു ഞങ്ങളുടെത്. പ്രേമം ഷൂട്ടിങ് തുടങ്ങുമ്പോൾത്തന്നെ അതു ബലപ്പെട്ടിരുന്നു.
അൽത്താഫ് അതിനിടയിൽ അഭിനയിക്കുകയും ചെയ്തുവല്ലേ?
പ്രേമത്തിൽത്തന്നെ അവൻ അഭിനയിച്ചു. പിന്നീടു സിദ്ധാർഥ് ശിവ ‘സഖാവ്’ എന്ന സിനിമയെക്കുറിച്ചു ചർച്ച ചെയ്യുന്ന കാലത്തു അൽത്താഫിനെ കണ്ടു. എന്റെ കൂട്ടുകാരനായി അവനെത്തന്നെ വയ്ക്കാമെന്നു പറയുകയും ചെയ്തു. സംവിധാനം തന്നെയാണു അവന്റെ സ്വപ്ന മേഖലയെന്നാണു ഞാൻ കരുതുന്നത്.
നിവിന്റെ സൗഹൃദ വലയത്തിലെ പലരും ഈ സിനിമയിലുമുണ്ടല്ലോ?
പ്രേമം എന്ന സിനിമയിലെ മിക്കവരും ഈ സിനിമയിലും ഉണ്ട്. അന്നത്തെ സാങ്കേതിക വിദഗ്ധർ തന്നെയാണ് ഈ സിനിമയുടെ പിന്നണിയിലും ഉള്ളത്. സത്യത്തിൽ ഇത് ആ സിനിമ ചെയ്തുവരുടെ കൂടിക്കാഴ്ചയായിരുന്നു. സജു, കിച്ചു, ഷറഫ്, ജോർജ്, അൽത്താഫ്, വിജയ്, മജു, സിബു അങ്ങനെ പലരും വീണ്ടും ഇതിൽ അഭിനയിക്കുന്നു. ഞങ്ങളിൽ പലർക്കും ഈ സിനിമയൊരു പുതിയ ജീവിതമാണ്.
എന്നുവച്ചാൽ?
ഞാൻ ആദ്യമായി നിർമാതാവാകുന്നു. അൽത്താഫ് എഴുത്തുകാരനും സംവിധായകനുമാകുന്നു. മുകേഷ് ആദ്യമായി സ്വതന്ത്ര ക്യാമറാമാനാകുന്നു. ജസ്റ്റിൻ വർഗീസ് ആദ്യമായി സ്വതന്ത്രനായി സംഗീതം ചെയ്യുന്നു. നായികയായ ഐശ്വര്യ എന്ന പെൺകുട്ടിയുടെ ആദ്യ സിനിമയാണിത്. അങ്ങനെ പലർക്കുമിതു പുതിയ ജീവിതത്തിന്റെ തുടക്കമാണ്.
ഈ സിനിമയുടെ പേര് എന്തൊരു പേരാണ്. സിനിമയിലും ഞണ്ടുണ്ടോ ?
അൽത്താഫിട്ട പേരാണിത്. കഥയിൽ ഉള്ളൊരു ആകാംക്ഷ പേരിലും ഉണ്ടാകണമെന്ന് അൽത്താഫിനുണ്ടായിരുന്നു. അതുകൊണ്ടുള്ള പേരാണിത്. ഇത് ഏതു കുടുംബത്തിലും ഉണ്ടാകുന്ന സാധാരണ സംഭവമാണിത്. സ്ഥിരം സിനിമാക്കഥ പറയുന്നതു പോലെ അല്ലാതെ പറയുന്നു എന്നു മാത്രം. ആ കഥ പറച്ചിലിലാണു ഭംഗി.
ഇതു സുഹൃത്തുക്കളുടെ സിനിമയാണെന്നു പറയാം അല്ലേ?
തൃശൂരിൽ ഷൂട്ടു സമയത്തു മിക്കവരും ഉണ്ടായിരുന്നു. ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും ആരുടെയെങ്കിലും ജന്മദിനം ഉണ്ടാകും. എന്റെ ഭാര്യയും കുഞ്ഞും ഏറെക്കാലത്തിനു ശേഷം അവിടെ വന്നു താമസിച്ചു. അവർക്കും കൂട്ടുകാരുടെ കുടുംബങ്ങളോടൊപ്പം താമസിക്കാനായി. തൃശൂരിലെ നാട്ടുകാർക്കൊരു പ്രത്യേകതയുണ്ട്. ഏതു ചെറിയ കാര്യത്തിനു അവർ വലിയ സ്നേഹം പ്രകടിപ്പിക്കും. ആരുമായും അകൽച്ചയില്ല. മിക്ക ദിവസവും ഷൂട്ട് ഒരേ വീട്ടിലായിരുന്നു. ആ വീടു വലിയൊരു തറവാടു പോലെയായിരുന്നു എല്ലാവർക്കും. ഒരു അവധിക്കാലം പോലെയായിരുന്നു അത്. മിക്ക ദിവസവും ഞങ്ങൾ കുലുക്കിസർബത്തു വാങ്ങിക്കുടിക്കും. ‘സഖാവ്’ എന്ന സിനിമ തുടങ്ങിയതും തൃശൂരിലായിരുന്നു. ആ സമയം മുതൽ ദിവസങ്ങളോളം ഞങ്ങൾ അവിടെ ഉണ്ടായിരുന്നു. ശാന്തി കൃഷ്ണയെന്ന വലിയ നടിയുടെ കൂടെ അഭിനയിക്കാനായി എന്നതും ഭാഗ്യം.
സിനിമയ്ക്കു അങ്ങനെ ഭാഗ്യ സ്ഥലം വല്ലതുമുണ്ടോ?
അതെനിക്കറിയില്ല. തൃശൂരിൽ വന്നപ്പോൾ ഞാൻ പത്മരാജൻ സാറിന്റെ തൂവാനത്തുമ്പികൾ ഷൂട്ടു ചെയ്ത വീടു കണ്ടിരുന്നു. പത്മരാജൻ സാർ താമസിച്ച ഹോട്ടലും ലാലേട്ടൻ അശോകേട്ടനെയും കൊണ്ട് ആദ്യമായി പോയ ബാറും കണ്ടിരുന്നു. ആ സിനിമയും അതു ഷൂട്ടു ചെയ്ത സ്ഥലവും എന്നെപ്പോലെ എത്രയോ പേരെ ഇപ്പോഴും വല്ലാത്തൊരു മൂഡിലേക്ക് എത്തിക്കുന്നു. ആ നഗരത്തിൽ ഞാനൊരു സിനിമ നിർമിച്ചു അതിൽ അഭിനയിച്ചുവെന്നതു പ്രാർഥനയോടെ മാത്രമേ എനിക്ക് ഓർക്കാനാകൂ.