പാര്‍വതിയെ ആശ്വസിപ്പിച്ചിരുന്നു: നിലപാട് വ്യക്തമാക്കി മമ്മൂട്ടി

തിരുവനന്തപുരം രാജ്യാന്തരചലച്ചിത്രമേളയില്‍ മമ്മൂട്ടിച്ചിത്രം കസബയുമായി ബന്ധപ്പെടുത്തി നടി പാര്‍വതി ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ ഉണ്ടാക്കിയ വിവാദം തുടരുന്നതിനിടയില്‍ വിവാദത്തെക്കുറിച്ച് ആദ്യമായി മമ്മൂട്ടി സംസാരിക്കുന്നു. മനോരമ ഓണ്‍ലൈനിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മമ്മൂട്ടി നിലപാട് വ്യക്തമാക്കിയത്. മമ്മൂട്ടിയുമായി മനോരമ ന്യൂസ് പ്രതിനിധി വിവേക് മുഴക്കുന്ന് നടത്തിയ അഭിമുഖം.

നടി പാർവതിയുടെ കസബയെ കുറിച്ചുളള പരമാർശവും വിവാദവും ശ്രദ്ധയിൽപെട്ടിരുന്നില്ലേ.എന്താണ് താങ്കൾ നിശബ്ദത പാലിച്ചത് 

     

പാർവതി തന്നെ ഇക്കാര്യം എനിക്ക് അന്ന് ടെക്സ്റ്റ് ചെയ്തിരുന്നു.ഇതൊന്നും സാരമാക്കേണ്ടതില്ലെന്നും നമ്മളെ പോലുളള ആൾക്കാരെ ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചി‍ഴക്കുന്നത് ഒരു രീതിയാണെന്നും പറഞ്ഞ് ഞാൻ പാർവതിയെ അന്ന് തന്നെ ആശ്വസിപ്പിച്ചിരുന്നു.എന്നാൽ പിന്നീട് വിദേശയാത്രകളിലും മറ്റു തിരക്കുകളിലും ആയതു കൊണ്ട് പല കാര്യങ്ങളും ശ്രദ്ധയിൽ പെട്ടില്ല. 

വിവേക് മുഴക്കുന്ന്, മമ്മൂട്ടി

ഒരു കലാ സൃഷ്ടിയെ കുറിച്ചുളള അഭിപ്രായപ്രകടനത്തിന് സ്വാതന്ത്യം ഉണ്ടോ എന്നതാണ് ഇപ്പോ‍ഴത്തെ വിവാദം 

     

വിവാദത്തിന്‍റെ പുറകെ ഞാൻ പോകാറില്ല. നമ്മുക്ക് വേണ്ടത് അർത്ഥവത്തായ സംവാദങ്ങളാണ്.സ്വതന്ത്രവും സഭ്യവുമായ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് നമ്മളെല്ലാം നിലകൊള്ളേണ്ടത്. 

താങ്കളുടെ ഫാൻസുകൾ വ‍ഴിവിട്ടു പ്രതികരിക്കുന്നു എന്നുളള ആക്ഷേപത്തെ കുറിച്ച് എന്തു പറയുന്നു 

എനിക്കു വേണ്ടി പ്രതികരിക്കാനോ എന്നെ പ്രതിരോധിക്കാനോ ഞാൻ ആരേയും ഇന്നേ വരെ ചുമതലപ്പെടുത്തിയിട്ടില്ല.ആവിഷ്കാര സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അഭിപ്രായ സ്വാതന്ത്യവും.