മമ്മൂക്ക വഴികാട്ടി, ജോൺ തെക്കൻ വീണ്ടും അവതരിച്ചേക്കാം: ഉണ്ണി മുകുന്ദൻ

ജീവിതത്തിന്റെ നല്ലൊരു ഭാഗം ഗുജറാത്തിൽ ചെലവിട്ട മെലിഞ്ഞു കൊലുന്നനെയുള്ള ഒരു മലയാളി പയ്യൻ... സിനിമയോടുള്ള തീവ്രമായ ഇഷ്ടം കൊണ്ട് കഷ്ടപ്പെട്ട് ശരീരം മിനുക്കി വില്ലൻ വേഷങ്ങളിലൂടെ സിനിമയിലെത്തുക...ചുരുങ്ങിയ കാലം കൊണ്ട് നായകനായി മസിലളിയൻ എന്ന് വിളിക്കാവുന്ന ഒരടുപ്പം പ്രേക്ഷകരിൽ സൃഷ്ടിക്കുക...ഉണ്ണിയുടെ സിനിമാജീവിതവും ഒരു സിനിമാക്കഥ പോലെതന്നെയാണ്...

ഉണ്ണി മുകുന്ദൻ എന്ന നടനെ സംബന്ധിച്ചിടത്തോളം എല്ലാ തലങ്ങളിലൂടെയും കടന്നുപോയ വർഷമാണ് 2017. കൊമേഴ്‌സ്യൽ ചിത്രങ്ങളോടൊപ്പം കലാമേന്മയുള്ള ചിത്രങ്ങളിലൂടെയും തന്റേതായ ഇടംകണ്ടെത്താൻ ഉണ്ണിക്ക് കഴിഞ്ഞു. ഇതിനിടയിൽ ഗാനരചയിതാവും ഗായകനുമായി അരങ്ങേറ്റം കുറിച്ചു, മലയാളത്തിലും തമിഴിലും ഒരേസമയം പുറത്തിറങ്ങാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ നായകനായി..

2017 ഉണ്ണിയിലെ അഭിനേതാവിനെ കണ്ടെത്തിയ വർഷമെന്നും പറയാം. ഓരോ സിനിമയിലും ചെയ്ത വേഷങ്ങൾ വ്യത്യസ്തവും അഭിനയപ്രാധാന്യമേറിയതുമായിരുന്നു. ക്ലിന്റ് എന്ന സിനിമയിലെ ജോസഫ് എന്ന കഥാപാത്രം ഏറെ നിരൂപകപ്രശംസ ഉണ്ണിക്ക് നേടിക്കൊടുത്തു. അച്ചായൻസ് എന്ന സിനിമയിലൂടെ തുടങ്ങിയ ഉണ്ണിയുടെ അഭിനയവർഷം അവസാനിക്കുന്നത് മമ്മൂട്ടിക്കൊപ്പം മാസ്റ്റർപീസിലെ മാസ്സ് പൊലീസ് ഓഫീസർ ജോൺ തെക്കൻ തീർത്ത തരംഗങ്ങളിലൂടെയാണ്...

‘നമ്മൾ ഏറ്റവും കൂടുതൽ തളർന്നുപോകുമ്പോഴാണ് എത്രത്തോളം ശക്തിയുണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കുക. 2017 മാനസികമായി എന്നെ ശക്തിപ്പെടുത്തിയ വർഷം കൂടിയാണ്’. ഉണ്ണി പറയുന്നു... കടന്നു പോകുന്ന വർഷത്തെയും കഥാപാത്രങ്ങളെയും കുറിച്ച്, പുതിയ വർഷത്തെ ചിത്രങ്ങളെക്കുറിച്ച്... കട്ട സൂപ്പർമാൻ ഫാനായ മലയാളത്തിന്റെ ഉണ്ണി മുകുന്ദൻ മനസ്സുതുറക്കുന്നു...

ടോണി വാവച്ചനിൽ നിന്ന് ജോൺ തെക്കനിലേക്ക്....

അച്ചായൻസ് ആണ് ഈ വർഷം ആദ്യം റിലീസ് ചെയ്ത സിനിമ. കൊമേർസ്യൽ എന്റർടെയ്നറായ ചിത്രത്തിൽ കൊമേർസ്യൽ നായകകഥാപാത്രം. വളരെയധികം എൻജോയ് ചെയ്ത് അഭിനയിച്ച സിനിമായാണ് അച്ചായൻസ്. കൂടാതെ സ്വന്തമായി പാട്ട് എഴുതി പാടുവാനുള്ള അവസരം കൂടി ഈ സിനിമയിലൂടെ സാധിച്ചു. പാട്ടും സിനിമയും ഒരേപോലെ ഹിറ്റായതിൽ സന്തോഷം.

ഷാനിലിന്റെ അവരുടെ രാവുകൾ ശ്രദ്ധിക്കപ്പെടാതെ പോയൊരു ചിത്രമായിരുന്നെങ്കിൽ കൂടി എന്നെ വളരെയേറെ സ്വാധീനിച്ചിരുന്നു. ഒരുപാട് നല്ല നിമിഷങ്ങൾ സിനിമ സമ്മാനിച്ചു. പരീക്ഷണ ചിത്രമായാണ് ഇതൊരുക്കിയത്. ശ്രദ്ധിക്കപ്പെടാതെ പോയതിൽ മറ്റൊരുപാട് കാരണങ്ങൾ ഉണ്ട്.

മാനസികമായി ഒരുപാട് വേദനിപ്പിക്കുന്ന കഥാപാത്രമായിരുന്നു ക്ലിന്റിലെ ജോസഫ്. ജീവിച്ചിരിക്കുന്ന ഒരാളെ സ്ക്രീനിൽ അവതരിപ്പിക്കുകയെന്നതായിരുന്നു മറ്റൊരു വെല്ലുവിളി. കൂടാതെ സിനിമയില്‍ രണ്ട് വ്യത്യസ്തഗെറ്റപ്പുകളിലും അഭിനയിച്ചു. ക്ലിന്റിലെ അഭിനയത്തിന് രാമുകാര്യാട്ട് പുരസ്കാരവും ലഭിക്കുകയുണ്ടായി. സംവിധായകൻ ഹരികുമാർ സാറിനോട് വളരെ കടപ്പെട്ടിരിക്കുന്നു.

ക്ലിന്റിൽ നിന്നും പെട്ടന്നായിരുന്നു മാസ്റ്റർപീസിലെ ജോൺ തെക്കനായുള്ള പരകായപ്രവേശം. രണ്ടും വിപരീത ദിശയിൽ നിൽക്കുന്ന കഥാപാത്രങ്ങൾ. ജോൺ തെക്കനിലേക്കുള്ള കൂടുമാറ്റത്തിന് കുറച്ച് സമയമെടുക്കേണ്ടി വന്നിരുന്നു. ശരീരഭാഷയിലും ലുക്കിലും ജോൺ തെക്കൻ വ്യത്യസ്തനാണ്. ഉറച്ച ശരീരത്തിനായി അൽപം കഠിനാദ്ധ്വാനം ചെയ്യേണ്ടി വന്നു.

ജോൺ തെക്കൻ റിലോഡഡ്...

മറ്റൊരു കഥാപാത്രത്തിനും ലഭിക്കാത്ത പ്രതികരണമാണ് മാസ്റ്റർപീസിലൂടെ എനിക്ക് ലഭിച്ചത്. സിനിമയിലെ എന്റെ പെർഫോമൻസിനെ ആളുകൾ അളന്ന് കുറിച്ചാണ് വിവരിച്ചത്. വോയ്സ് മോഡുലേഷൻ, ശരീരഭാഷ, ആക്​ഷൻ പെർഫോമൻസ് ഇവയെല്ലാം അവർ കൃത്യമായി നിരീക്ഷിച്ചു. 

ജോൺ തെക്കനെക്കുറിച്ചുള്ള പ്രേക്ഷകരുടെ ആകാംക്ഷ എന്നെ അത്ഭുതപ്പെടുത്തിയെന്ന് പറയാം. സിനിമയിൽ മുപ്പത്തിയഞ്ച്കാരനായാണ് ആ കഥാപാത്രത്തെ കാണിക്കുന്നത്. ജോൺ തെക്കന്റെ ഭൂതകാലം എന്തായിരുന്നു? എങ്ങനെയാണ് ഈ സ്വഭാവത്തിലേക്ക് എത്തിയത്? ഇങ്ങനെയുള്ള സംശയങ്ങളാണ് സിനിമ കണ്ടിറങ്ങിയവർ എന്നോട് ചോദിച്ചത്.

ഞാൻ ഇതിനെക്കുറിച്ച് തിരക്കഥാകൃത്തായ ഉദയേട്ടനോട് പറയുകയും ചെയ്തു. ‘സിനിമ വന്നുപോയാലും അതിലെ കഥാപാത്രങ്ങളുടെ സാധ്യത അവസാനിക്കുന്നില്ലെന്നും ഒത്തുവന്നാൽ ജോൺ തെക്കൻ വീണ്ടും അവതരിച്ചേക്കാമെന്നും അദ്ദേഹം എന്നോട് പറഞ്ഞു. അതാണ് എനിക്കും പ്രേക്ഷകരോട് പറയാനുള്ളത്. ജോൺ െതക്കൻ റിലോഡഡ് സംഭവിച്ചേക്കാം.

വെല്ലുവിളി തന്നെ...

ശരിക്കും വെല്ലുവിളി തന്നെയായിരുന്നു ഈ കഥാപാത്രം. മമ്മൂട്ടിയുടെ ബിഗ് ബജറ്റ് സിനിമയിൽ അതിനൊത്ത നെഗറ്റീവ് റോൾ ചെയ്യുക പ്രയാസമേറിയ കാര്യമാണ്. അത് പാളിപ്പോയാല്‍  ഏറ്റവുമധികം വിമർശനം നേരിടേണ്ടി വരുന്നതും ഞാൻ തന്നെയാകും. മെഗാസ്റ്റാറിന്റെ വില്ലനാകുന്നതിൽ യാതൊരു ടെൻഷനും ഇല്ലായിരുന്നു.

മമ്മൂക്ക സിനിമയിൽ എന്ത് ചെറിയ വേഷം ലഭിച്ചാലും അഭിനയിക്കാൻ ഞാൻ െറഡിയാണ്. ആദ്യകാലത്ത് മമ്മൂട്ടി ചിത്രങ്ങളിൽ അഭിനയിച്ചത് കൊണ്ടാണ് ആളുകൾ എന്നെ തിരിച്ചറിഞ്ഞ് തുടങ്ങിയത് പോലും. എന്റെ സിനിമാകരിയറിൽ എല്ലാരീതിയിലും പിന്തുണച്ചുകൊണ്ടിരിക്കുന്ന വ്യക്തികൂടിയാണ് മമ്മൂക്ക.

സംവിധായകൻ അജയ് വാസുദേവിനും എനിക്ക് എന്തൊക്കെ ചെയ്യാൻ പറ്റുമെന്ന് കൃത്യമായ ധാരണയുണ്ട്. ഞങ്ങൾക്കിടയിലുള്ള നല്ല സൗഹൃദവും ഗുണമായി മാറി. എന്റെ ശരീരഭാഷയും മാനറിസവും ജോൺ തെക്കന് അനുയോജ്യമാണെന്ന് കണ്ടെത്തിയതും അജയ് തന്നെയാണ്. 

തിരക്കഥാകൃത്തായ ഉദയേട്ടനും എന്നിൽ ആത്മവിശ്വാസമുണ്ടായിരുന്നു. വില്ലനായി സിനിമയിൽ എത്തിയ ആളാണ് ഞാൻ. ആ സിനിമ അദ്ദേഹം കാണുകയും എന്റെ രീതികൾ കൃത്യമായി നീരിക്ഷിക്കുകയും ചെയ്താണ് ജോൺ തെക്കനെ എനിക്കായി സൃഷ്ടിക്കുന്നത്. സത്യത്തിൽ ഈ കഥാപാത്രം അവതരിപ്പിക്കാൻ എന്നേക്കാൾ കൂടുതൽ കോൺഫിഡൻസ് മമ്മൂക്കയ്ക്കും അജയ്‌യ്ക്കും ഉദയേട്ടനുമായിരുന്നു.

ആ ചാട്ടം ഒറിജിനൽ...

ഇമേജിനെ ബാധിക്കുമെന്ന് ഒരിക്കലും തോന്നിയിരുന്നില്ല. അങ്ങനെയുള്ള കുറച്ച് രംഗങ്ങൾ സിനിമയിലുണ്ട്. എന്നാൽ ആ കഥാപാത്രം അത്രയേറെ കരുത്തനാണ്. ഒരു ഡെയർഡെവിൾ എന്നൊക്കെ പറയാം. സത്യത്തിൽ കൊളേജ് െകട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് ചാടുന്നത് ഡ്യൂപ്പില്ലാതെ ചെയ്തതാണ്. നാല്‍പത് അടി മുകളിൽ നിന്നാണ് ഞാൻ ചാടിയത്. 

അങ്ങനെ ഓരോ ആക്​ഷൻ സീക്വൻസും റിസ്ക് എടുത്ത് തന്നെയാണ് ചെയ്തത്. ആ കഥാപാത്രത്തെ അത്രയേറെ ഞാൻ ഇഷ്ടപ്പെട്ട് കഴിഞ്ഞിരുന്നു.

‘ജോൺ തെക്കൻ വന്നപ്പോൾ മസിലളിയൻ ചെറുതായിപ്പോയി. മല്ലുസിങും ജോൺ തെക്കനും ഇടികൂടിയാൽ ആര് ജയിക്കും’ എന്നൊക്കെ ആളുകൾ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഇതൊക്കെ കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നും. നമ്മൾ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കുക എന്നതാണ് നടന്റെ വിജയം.

2018ൽ വലിയ സിനിമകളാണ് ഉണ്ണിയുടേതായി ഇറങ്ങാനിരിക്കുന്നത്. തെന്നിന്ത്യൻ നായിക അനുഷ്കയ്ക്കൊപ്പമുള്ള ബാഗമതി. മലയാളത്തിലും തമിഴിലും ഒരേസമയം പുറത്തിറങ്ങുന്ന ചിത്രം ഉണ്ണിയുടെ കരിയറിലെ മറ്റൊരു വഴിത്തിരിവാകും. നവാഗതനായ സൈജു എസ് സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം ഇരയാണ് മറ്റൊരു പ്രോജക്ട്. മലയാളത്തിലെ ഹിറ്റ്മേക്കേർസ് വൈശാഖും ഉദയകൃഷ്ണയും ചേർന്നാണ് നിർമാണം.

 

അച്ചായൻസിന് ശേഷം കണ്ണൻ താമരക്കുളം ഒരുക്കുന്ന ചാണക്യതന്ത്രത്തിലും ഉണ്ണിയാണ് നായകൻ. ശത്രുപക്ഷത്തെ നിമിഷങ്ങൾകൊണ്ട് ഇല്ലാതാക്കുന്ന ചാണക്യനെ അനുസ്മരിപ്പിക്കുന്ന തന്ത്രശാലിയായ പോരാളിയായാണ് ഉണ്ണിമുകുന്ദൻ ചിത്രത്തിൽ എത്തുന്നത്. ഈ സിനിമയിൽ വീണ്ടും ഗാനം ആലപിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. ലോകം മുഴുവൻ ൈവറലായി മാറിയ ജിമ്മിക്കി കമ്മലിന്റെ സൃഷ്ടാവ് ഷാൻ റഹ്മാന്റെ ഈണത്തിലാകും ഉണ്ണിയുടെ പാട്ട്.

 

കൂടാതെ ഉദയ്കൃഷ്ണയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം, അജയ് വാസുദേവിന്റെ മാസ് സിനിമ, മാർത്താണ്ഡൻ ചിത്രം...അങ്ങനെ കൈനിറയെ സിനിമകളാണ് 2018ലും ഉണ്ണിയെ കാത്തിരിക്കുന്നത്