നീർമാതളപ്പൂവിന്റെ സൗരഭ്യമുള്ള ജീവിതമായിരുന്നു മാധവിക്കുട്ടിയുടേത്. മനസ്സിലെ വികാര വിക്ഷോഭങ്ങളെ, പ്രണയത്തെ, കാമത്തെ ഇത്രയും വിശാലമായി എഴുതിയിട്ടുള്ള, തുറന്നു പറഞ്ഞിട്ടുള്ള അവർ എന്നും മലയാളത്തിന്റെ സാമൂഹികസാംസ്കാരിക തലങ്ങളിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. മാധവിക്കുട്ടിയുടെ ജീവിതം സിനിമയാകുമ്പോഴും വിവാദങ്ങൾക്കു കുറവില്ല. ജീവിതത്തെ കുറിച്ച് ഇത്രമേൽ സത്യസന്ധമായി എഴുതിയ എഴുത്തുകാരിയുടെ ജീവിതം സിനിമയാക്കുമ്പോൾ അതിൽ ലൈംഗികത കടന്നു വരുമോ ഇല്ലയോ എന്നതാണ് പുതിയ വിവാദങ്ങൾക്ക് അടിസ്ഥാനം.
വിദ്യാ ബാലൻ ആയിരുന്നു ആദ്യം ആമിയാകേണ്ടിയിരുന്നത്. പിന്നീട് അവർ അതിൽ നിന്നു പിൻമാറി. ശേഷം മഞ്ജു ആമിയായി. വിദ്യയായിരുന്നുെവങ്കിൽ ലൈംഗികതയെ കുറിച്ചു കൂടി അവതരിപ്പിക്കാമായിരുന്നുവെന്നു എന്നു കമൽ പറഞ്ഞതാണ് പുതിയ വിവാദങ്ങൾക്ക് ആധാരം. എന്താണ് സത്യം? വിവാദങ്ങളിൽ തന്റെ നിലപാട് വ്യക്തമാക്കി കമൽ മനോരമ ഓൺലൈനിൽ....
ഒരുപാട് പരിശ്രമങ്ങൾക്കു ശേഷം ആമി റിലീസിനൊരുങ്ങുന്നു. എന്താണിപ്പോൾ മനസിൽ?
ഏതൊരു ചിത്രം ചെയ്യുമ്പോഴും നല്ല പരിശ്രമം ആവശ്യമാണ്.പക്ഷേ ആമിക്കു വേണ്ടി അത് കുറച്ചധികം വേണ്ടിവുന്നുവെന്നേയുള്ളൂ. അത് ആ വിഷയത്തിന്റെ പ്രത്യേകതയാണ്. എന്റെ മനസിൽ ഒരു മാധവിക്കുട്ടിയുണ്ട്. അങ്ങനെ അവരെ വായിച്ചറിഞ്ഞ എല്ലാവരുടെ മനസിലും ഒരു മാധവിക്കുട്ടിയുണ്ട്. സിനിമയാക്കുമ്പോൾ വായനയിലൂടെ അറിഞ്ഞ മാധവിക്കുട്ടി മാത്രം പോരല്ലോ. അവരുടെ ജീവിതവും കൂടി പഠിക്കണ്ടേ. അതാണ് ഈ സിനിമയ്ക്കു വേണ്ടി ഇത്രയേറെ പരന്ന തയ്യാറെടുപ്പ് വേണ്ടി വന്നത്. ഞാൻ അതിൽ സംതൃപ്തനാണ്.
മലയാളികൾ എല്ലാവരുടെയും മനസിലുമുള്ള മാധവിക്കുട്ടിയാണ് സിനിമയിലുളളത്. മാധവിക്കുട്ടിയേയും അവരുടെ രചനകളേയും ജീവിതത്തേയും ഓരോരുത്തരും അവരുടേതായ കാഴ്ചപ്പാടിലൂടെയാണ് വായിച്ചതും അറിഞ്ഞതും നോക്കിക്കാണുന്നതും. അതുപോലെ സംവിധായകനെന്ന രീതിയിൽ ആമി എന്ന വിഷയത്തെ ഞാൻ എന്റേതായ കാഴ്ചപ്പാടിലാണു സമീപിച്ചത്. ഞാൻ പഠിച്ച് മനസിലാക്കിയ മാധവിക്കുട്ടിയാണു സിനിമയിലുള്ളത്. ഒരു സിനിമ ചെയ്തു പൂർത്തിയാക്കിയാൽ പിന്നെയതു സംവിധായകന്റേതല്ല, പ്രേക്ഷകരുടേതാണ്. അവരുടേതായി മാറുകയാണ്. ഞാന്‍ ആമി എന്ന ചിത്രം, എനിക്ക് മനസിലാകുന്ന രീതിയിൽ തൃപ്തി തരുന്ന എന്നെക്കൊണ്ടു കഴിയാവുന്ന രീതിയിൽ പൂർത്തിയാക്കിയിട്ടുണ്ട്. സിനിമ എന്ന രീതിയിൽ ഞാൻ പൂർണതൃപ്തിയാണ്. ഇനിയതു പ്രേക്ഷകരുടേതാണ്. അവർ കണ്ട് അഭിപ്രായം പറയട്ടെ.
വിവാദങ്ങൾ ആമിയെ വിടാതെ പിന്തുടരുന്നല്ലോ?
ഒരു പുതിയ സിനിമയുടെ പോസ്റ്ററൊട്ടിക്കുന്നതിനു മുൻപ് അഭിപ്രായം പറയുന്നവരുടെ കാലമാണ് ഇത്. അങ്ങനെയായിരിക്കും, ഇങ്ങനെയായിരിക്കും എന്ന മുൻവിധികളോടെയുള്ള അഭിപ്രായം പറയുന്നവരാണ് സോഷ്യൽ മീഡിയയിലുളളത്. നമ്മള്‍ വിചാരിക്കുന്നതു പോലെയാകില്ല സിനിമ. അപ്പോൾ മുൻവിധികളില്ലാതെ പോയി കാണുക. ഈ സിനിമയെ സംബന്ധിച്ച് ധാരാളം വിവാദങ്ങൾ പല കോണുകളിൽ നിന്ന് വരുന്നുണ്ട്. ഒരിടത്തു നിന്നു തുടങ്ങിയാൽ പിന്നെയതു പടർന്നു പന്തലിക്കുമല്ലോ. ആൾക്കാരെ തെറ്റിദ്ധരിപ്പിക്കാനാകും അവർക്ക്. പലരീതിയിൽ തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കയാണ്. സിനിമ തുടങ്ങിയ സമയം തൊട്ടുള്ളതാണല്ലോ. അന്ന് മതവർഗീയ വാദികളായിരുന്നു തുടങ്ങിവച്ചത്. ഈ സിനിമയെ സംബന്ധിച്ച് അവർക്കൊരുപാട് ധാരണകളുണ്ടായിരുന്നു. അത് ഇപ്പോഴുമുണ്ട്. സിനിമ വന്നാലും അത് തുടർന്നുകൊണ്ടിരിക്കും.
മഞ്ജു ആമിയായപ്പോൾ
മഞ്ജു എന്ന നടിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു ആമിയിലേത് എന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു. മഞ്‍ജു ആ കഥാപാത്രത്തിന് അനുയോജ്യയാണോ എന്ന വിഷയം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. അതു തന്നെയാണ് മഞ്ജു നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ഒരു അഭിനേത്രി എന്ന നിലയിലുള്ള മഞ്ജുവിന്റെ പ്രകടനത്തെ കുറിച്ച് എനിക്ക് പൂർണവിശ്വാസമുണ്ടായിരുന്നു. പിന്നെ രൂപസാദൃശ്യമാണ്. അത് വേണമോ വേണ്ടെയോ എന്നതു പോലും ആപേക്ഷികമാണ്. എങ്കിലും മാധവിക്കുട്ടിയെ കുറിച്ച് നമ്മുടെ മനസിലൊരു ചിത്രമുണ്ട്. ആ ചിത്രത്തോട് 90 ശതമാനമെങ്കിലും നീതിപുലർത്തുന്നുണ്ട് മഞ്ജുവെന്നാണ് എന്റെ വിശ്വാസം. ആദ്യ പോസ്റ്റർ വന്നതു മുതൽ എനിക്ക് കിട്ടിയ പ്രതികരണത്തിൽ നിന്ന് വ്യക്തമാകുന്നത് അതാണ്. സംവിധായകന് തൃപതി കിട്ടുന്ന രീതിയിലാണ് ഒരു കഥാപാത്രത്തേയും അഭിനേതാക്കള്‍ അവതരിപ്പിക്കേണ്ടത്. ആ അവതരണം കിട്ടുന്നതു വരെ സംവിധായകനും അഭിനേതാക്കളും തമ്മിലുള്ള പ്രയത്നം തുടരും. ഞാനും അതാണു ചെയ്തത്. അതിൽ ഞാന്‍ പൂർണസംതൃപ്തനാണ്. പ്രേക്ഷകരാണ് ഇനിയെല്ലാം തീരുമാനിക്കേണ്ടത്.
പുതിയ നടിയെ അവതരിപ്പിക്കാനുള്ള ശ്രമം എന്തുകൊണ്ട് നടക്കാതെ പോയതെന്താണ്?
പുതുമുഖത്തെ അവതരിപ്പിക്കണം എന്നു നിർബന്ധമില്ലല്ലോ. അത് നല്ല കാര്യമാണ്. പക്ഷേ പെട്ടെന്നു നടന്നില്ല എന്നതാണു വാസ്തവം. നമുക്ക് മുൻപിൽ നന്നായി അവതരിപ്പിക്കാൻ കഴിവുള്ള നടിമാരുമുണ്ടല്ലോ. അപ്പോൾ ഞാൻ അവരിലേക്കു പോയി. ആദ്യം വിദ്യാ ബാലനെയാണല്ലോ തീരുമാനിച്ചിരുന്നത്. അവർ പിൻമാറിയപ്പോൾ പെട്ടെന്നൊരു നടിയ കണ്ടെത്തേണ്ടതായി വന്നു. മഞ്ജു നല്ലൊരു തിരഞ്ഞെടുപ്പായിരിക്കും എന്നെനിക്കും തോന്നി.
ലൈംഗികതയെ മലയാള സിനിമയിൽ അവതരിപ്പിക്കാൻ ഭയപ്പെടുന്നുണ്ടോ ഇപ്പോഴും. ആമിയെ സംബന്ധിച്ച പുതിയ വിവാദം അതുമായി ബന്ധപ്പെട്ടാണല്ലോ?
ഒരിക്കലുമില്ല. ആ കാലമൊക്കെ പോയി. ലൈംഗികത സിനിമയിൽ അവതരിപ്പിക്കുവാൻ ഭയപ്പെടേണ്ടതില്ല. ഞാൻ കൊടുത്ത ഒരു അഭിമുഖം തെറ്റിദ്ധരിക്കപ്പെട്ടതാണ്. നമ്മൾ പറഞ്ഞ കാര്യം എഴുതിയപ്പോഴോ എഡിറ്റ് ചെയ്തപ്പോഴോ മറ്റൊരു അർഥത്തിലേക്കു മാറിയതാണ്. സംസാരത്തിനിടെ രണ്ട് സന്ദർഭങ്ങളിലായി പറഞ്ഞ കാര്യങ്ങൾ ഒന്നിച്ചു വന്നപ്പോൾ അതിന്റെ അർഥം മാറി. ഫോൺ വഴിയുള്ള അഭിമുഖങ്ങളോടു തന്നെ സത്യത്തിൽ ഇപ്പോൾ ഭയമായിരിക്കുന്നു. ‘കമൽ ശാലീന സുന്ദരിയും നാട്ടുമ്പുറത്തുകാരിയും മാത്രമായ കമലയെയാണ് ആമിയിൽ അവതരിപ്പിക്കുന്നത്, വിദ്യാ ബാലൻ ആയിരുന്നുവെങ്കിൽ ലൈംഗികത കൂടി കാണിക്കാമായിരുന്നു. മഞ്ജു വാര്യറെ വച്ച് അങ്ങനെയൊരു കാര്യം ചിത്രീകരിക്കാനാകില്ല. അല്ലെങ്കിൽ കമലിന് അത് സാധിക്കില്ല.’ തുടങ്ങിയ കാര്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. തീർത്തും തെറ്റിദ്ധാരണയിൽ നിന്നുണ്ടായ കാര്യമാണത്. ഞാൻ എന്താണ് പറഞ്ഞതെന്നു വ്യക്തമാക്കാം.
ൈംഗികതയെ കുറിച്ചുള്ള മാധവിക്കുട്ടിയുടെ സങ്കൽപങ്ങളും തുറന്നു പറച്ചിലുകളുമില്ലാത്ത ഒരു സിനിമ അപൂർണമാണ്. അങ്ങനെയൊരു സിനിമ ചെയ്യാൻ കഴിയില്ല. അവരെ വായിച്ചറിഞ്ഞ ഒരാളെന്ന നിലയിൽ എനിക്കതു സാധിക്കില്ല. സിനിമയിൽ എങ്ങനെയാണ് മാധവിക്കുട്ടിയുടെ ലൈംഗികപരമായ നിലപാടുകളെ ചിത്രീകരിച്ചിരിക്കുന്നത് എന്നതു സംബന്ധിച്ച ചോദ്യമാണ് ഇപ്പോൾ വിവാദമായത്. അങ്ങനെ സംസാരിച്ചു വന്നപ്പോൾ ശരീര പ്രദർശനം സംബന്ധിച്ച ചോദ്യത്തിലേക്കെത്തി. വിദ്യാ ബാലന്‍ ആയിരുന്നു കഥാപാത്രമെങ്കിൽ അത്തരത്തിലുള്ള ചിത്രീകരണം സാധ്യമായിരുന്നില്ലേ എന്നതായിരുന്നു ചോദ്യം. അതാണ് വലിയ വിവാദങ്ങൾക്ക് വഴിവച്ചത്.
‘ആമി’യിലെ മാധവിക്കുട്ടിയെ അവതരിപ്പിച്ചത് വിദ്യാ ബാലനായിരുന്നുവെങ്കില്‍ ലൈംഗിക സ്പര്‍ശമുള്ള രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ സംവിധായകനെന്ന നിലയില്‍ എനിക്ക് കൂടുതല്‍ സ്വാതന്ത്ര്യം കിട്ടുമായിരുന്നു എന്നാണ് ഞാന്‍ മറുപടി പറഞ്ഞത്. ഞാൻ സങ്കൽപത്തിൽ നിന്ന് ജീവിക്കുന്നയാളല്ല. മാധവിക്കുട്ടി എന്ന എഴുത്തുകാരി ലൈംഗികതയെ കുറിച്ചെടുത്ത നിലപാടുകളും കൂടി ആവിഷ്കരിക്കുന്ന ചിത്രം തന്നെയാണ് ആമി.
കാരണം, സില്‍ക് സ്മിതയുടെ ജീവിതം പറയുന്ന ‘ദ ഡേര്‍ട്ടി പിക്ചറി’ല്‍ നായികാവേഷമണിഞ്ഞയാളാണു വിദ്യ. വിദ്യയുടെ അത്തരത്തിലുള്ള പ്രതിച്ഛായ പ്രേക്ഷകർക്ക് പരിചിതമാണ്. വിദ്യാ ബാലനാണ് നായികയായിരുന്നതെങ്കിൽ ശരീര പ്രദര്‍ശനം കൂടുതൽ നടത്താവുന്നൊരു തലത്തിൽ സിനിമ ചിത്രീകരിക്കുവാൻ എനിക്കു കുറച്ചു കൂടി സ്വാതന്ത്ര്യം കിട്ടിയേനെ. എന്നാല്‍ മഞ്ജു വാര്യര്‍ക്ക് കേരളത്തിലുള്ള പ്രതിച്ഛായ അങ്ങനെയല്ല. അതുകൊണ്ടുതന്നെ ചിത്രീകരണവുമായി ബന്ധപ്പെട്ട ഒരു സ്വാതന്ത്ര്യത്തിന്റെ പരിമിതി എനിക്കുണ്ടായിരുന്നു. അത് സംവിധായകന്റെ സ്വാതന്ത്ര്യമാണ്.
ശരീരം അനാവൃതമാക്കാതെ തന്നെ ലൈംഗികതയുടെ ശക്തമായ അടിയൊഴുക്കുള്ള ഒരു രംഗം അവതരിപ്പിക്കാന്‍ മഞ്ജുവിന് കഴിയും. അതിനുള്ള ഉത്തമ ഉദാഹരണമാണ് ‘കണ്ണെഴുതി പൊട്ടുംതൊട്ട്. എന്ന ചിത്രം. ജയഭാരതി ‘ഇതാ ഇവിടെ വരെ’യില്‍ അവതരിപ്പിച്ചതിനു സമാനമായ വേഷമാണ് മഞ്ജു അതില്‍ അവതരിപ്പിച്ചത്. വൈകാരികത ഒട്ടും ചോര്‍ന്നു പോകാതെയാണ് അത്തരം രംഗങ്ങള്‍ മഞ്ജു അവതരിപ്പിച്ചിട്ടുള്ളതെന്നു കാണാം. അതുകൊണ്ടുതന്നെ മാധവിക്കുട്ടിയുടെ വൈകാരിക ലോകത്തെ അതിന്റെ എല്ലാവിധ സങ്കീര്‍ണതകളോടെയും ഭാവങ്ങളിലൂടെ അനായാസമായി ആവിഷ്കരിക്കാന്‍ മഞ്ജു വാര്യര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. തൃശൂർ ഭാഷ സംസാരിക്കുന്ന ശാലീന സുന്ദരിയായ ആമിയായും ജീവിതത്തെ കുറിച്ച് തീർത്തും േവറിട്ട, ശക്തമായ വീക്ഷ്ണമുള്ള ആമിയേയും ഇതിൽ കാണാം. ഈ രണ്ടു തലത്തിൽ നിന്നും കഥാപാത്രത്തെ കൂടുതൽ ഭംഗിയായി അവതരിപ്പിക്കുവാൻ മഞ്ജു വാര്യർ സാധിച്ചിട്ടുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.