അങ്കമാലി ഡയറീസിലെ യു ക്ലാംപ് രാജനിൽ നിന്ന് മറഡോണയിലെ സുധിയിലെത്തുമ്പോൾ ടിറ്റോ വിൽസൺ എന്ന തൃശൂരുകാരൻ പയ്യൻ പ്രേക്ഷകരുടെ മനസിലേക്ക് ഇഷ്ടത്തോടെ ചേർന്നു നിൽക്കുന്നുണ്ട്. ചിരിക്കുന്ന മുഖം പോസ്റ്ററിൽ നിറയുന്നതിനൊപ്പം സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ മനസിലേക്ക് ചങ്ക് പറിച്ച് നൽകുന്ന സുഹൃത്തായി ടിറ്റോ കൂടെ പോരുകയാണ്. 'ഇവൻ കൊള്ളാട്ടോ', എന്ന് പ്രേക്ഷകരെക്കൊണ്ട് പറയിപ്പിച്ചതിന്റെ സന്തോഷത്തിലാണ് ടിറ്റോ. ജീവിതത്തിൽ ഒന്നും നടക്കുന്നില്ല എന്ന് തോന്നിപ്പോയ കാലത്തിൽ നിന്ന് തിരക്കുള്ള സിനിമാക്കാലത്തിലേക്ക് എത്തിപ്പെട്ടതിന്റെ അനുഭവങ്ങൾ മനോരമ ഓൺലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ടിറ്റോ പങ്കു വച്ചു.
മറഡോണയിലെ സുധി
മുൻപ് ചെയ്ത എല്ലാ വേഷങ്ങളും വില്ലൻ കഥാപാത്രങ്ങളായിരുന്നു. അതിൽ നിന്നൊരു ചെയ്ഞ്ചായിരുന്നു മറഡോണയിലെ സുധി. അടുപ്പം തോന്നുന്ന നിരവധി സീക്വൻസുകൾ ചിത്രത്തിലുണ്ട്. എല്ലാവരും ദേഷ്യത്തോടെ കണ്ട ഒരാൾ പെട്ടെന്നു കരയിപ്പിക്കുക എന്നു പറഞ്ഞാൽ അത് അൽപം ബുദ്ധിമുട്ടുള്ളതാണ്. അത് ആളുകൾക്ക് ഇഷ്ടമായെന്ന് അറിയുന്നതിൽ സന്തോഷം.
കരയിപ്പിച്ച് കളഞ്ഞല്ലോടാ!
സിനിമ കണ്ട് എല്ലാ സുഹൃത്തുക്കളും വിളിക്കുന്നുണ്ട്. കരയിപ്പിച്ച് കളഞ്ഞല്ലോടാ എന്നാണ് എല്ലാവരും വിളിച്ചു പറയുന്നത്. എന്നെ നന്നായി അറിയാവുന്ന ആളുകൾക്ക് പോലും സ്ക്രീനിൽ എന്നെ കാണുമ്പോൾ ആ കഥാപാത്രമായി കാണാനും ആ കഥാപാത്രത്തിന്റെ വൈകാരികത മനസിലാക്കാനും കഴിഞ്ഞു. എല്ലാവർക്കും സുഹൃത്തുക്കൾ ഉണ്ടല്ലോ... ആ സുഹൃത്തുക്കളുടെ വേദനയും അവരുടെ സംസാരവും എല്ലാവർക്കും ബന്ധപ്പെടുത്താൻ കഴിഞ്ഞു. പ്രതീക്ഷിക്കാത്ത പ്രതികരണങ്ങളാണ് എനിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. വളരെ സീരിയസായി ഞാൻ പറഞ്ഞ ഡയലോഗ് കേട്ട് തീയറ്ററിൽ ചിരി പടരുന്നത് കണ്ട് ഞാൻ ഞെട്ടി. വൈകാരികമായി പ്രേക്ഷകരോട് അടുപ്പമുണ്ടാക്കാൻ കഴിഞ്ഞതു തന്നെയാണ് ആ കഥാപാത്രത്തിന്റെ വിജയം.
നിന്റെ നമ്പർ അല്ലേടാ എനിക്ക് അറിയുള്ളൂ
മറഡോണയിലെ ഈ ഡയലോഗ് ആണ് എല്ലാവരും എടുത്തു പറയുന്ന ഒരു കാര്യം. സത്യത്തിൽ ഞാൻ ജീവിതത്തിലും ഇങ്ങനെയാണ്. എനിക്ക് ഇപ്പോഴും കാണാതെ അറിയുന്നത് എന്റെ സുഹൃത്തിന്റെ നമ്പറാണ്. പണ്ടു മുതൽ എന്റെ കൂടെയുള്ള ആഷിഖിന്റെ നമ്പർ. സിനിമയിലെ ഈ ഡയലോഗ് ഒക്കെ ഞാനെന്റെ കൂട്ടുകാരനോട് പറയാറുള്ളതാണ്.
സിനിമകൾ എന്നെ തിരഞ്ഞെടുക്കുന്നു
ഇപ്പോൾ എന്നെ സിനിമയാണ് തിരഞ്ഞെടുക്കുന്നത്. ഞാൻ സിനിമ തെരഞ്ഞെടുക്കുന്ന കാലം ആയിട്ടില്ല. എന്നാലും, അവസരങ്ങൾ വരുമ്പോൾ എനിക്ക് ആ സിനിമയിൽ എന്തു ചെയ്യാനുണ്ട് എന്ന് ഞാൻ നോക്കും. അല്ലാതെ വലിയ ബലം പിടിക്കാനുള്ള ആളായിട്ടില്ല. കിട്ടുന്ന അവസരങ്ങൾ നന്നായി ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നു. കുറച്ച് ഗ്യാപ്പിട്ട് സിനിമകൾ ചെയ്യുന്ന രീതിയാണ് എന്റേത്.
ടൊവിനോ ഞെട്ടിച്ചു
തരംഗം സിനിമയുടെ സെറ്റിൽ വച്ചാണ് ടൊവിനോയെ ആദ്യമായി കാണുന്നത്. പരിചയപ്പെട്ടതിനു ശേഷം ഞങ്ങൾ അന്ന് ഒരുപാടു സംസാരിച്ചു. ഒരു പുതിയ ആളെ പരിചയപ്പെട്ടു സംസാരിക്കുന്ന രീതിയിൽ ആയിരുന്നില്ല ഞങ്ങളുടെ വർത്തമാനങ്ങൾ. വ്യക്തിപരമായും വീട്ടുകാരെക്കുറിച്ചുമൊക്കെ സംസാരിച്ചു. തന്റെ സിനിമയിൽ നല്ലൊരു വേഷം തരാമെന്ന് ആദ്ദേഹം പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല. എന്നാൽ കുറച്ചു നാളുകൾക്ക് ശേഷം കണ്ണേട്ടൻ എന്നെ വിളിച്ച് ടൊവിനോയുടെ സിനിമയിൽ ഒരു വേഷമുണ്ടെന്ന് പറഞ്ഞപ്പോൾ ഞെട്ടിപ്പോയി. എന്റെ കരിയറിലെ നല്ല വേഷമായിരിക്കും മറഡോണയിലെ സുധി എന്നാണ് ടൊവിനോ പറഞ്ഞത്. അങ്ങനെ സംഭവിക്കുകയും ചെയ്തു.
വില്ലൻ വേഷം ചെയ്ത് കയ്യടി വാങ്ങണം
ചെയ്യുന്ന കഥാപാത്രത്തെ വളരെയധികം ഇഷ്ടപ്പെട്ടും ആസ്വദിച്ചുമാണ് ഞാൻ ചെയ്യുന്നത്. വില്ലൻ വേഷം ചെയ്ത് കയ്യടി വാങ്ങണമെന്ന് എനിക്ക് വാശിയുണ്ടായിരുന്നു. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന സിനിമയിൽ അതെനിക്ക് ചെയ്യാൻ കഴിഞ്ഞു. അതിൽ ഞാൻ സന്തുഷ്ടനാണ്. അതിന് നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്. പിന്നീട് ആ തരത്തിലുള്ള കഥാപാത്രത്തിൽ നിന്നൊരു മാറ്റം വേണമെന്ന് ആഗ്രഹിച്ചു. അവന്റെ ഉള്ളിൽ ഒരു നല്ല നടനുണ്ട് എന്ന് ആളുകളെക്കൊണ്ട് പറയിപ്പിക്കണമെന്നായിരുന്നു മോഹം. മറഡോണയിലെ സുധി അത്തരത്തിലുള്ള അനുഭവമാണ് നൽകുന്നത്.
ഇത് സാധാരണക്കാരന്റെ വാശി
ഒരു കാര്യം നേടിയെടുക്കാൻ ഏതൊരു സാധാരണക്കാരനും ചെയ്യുന്ന കാര്യങ്ങളെ ഞാനും ചെയ്തിട്ടുള്ളൂ. അത് സാധാരണക്കാരന്റെ വാശിയാണ്. ജീവിതത്തിൽ ഒന്നും നടക്കാത്ത കാലം ഉണ്ടായിരുന്നു. അപ്പോഴൊക്കെ മനസിലെ ആഗ്രഹത്തിനു പിന്നാലെ പ്രതീക്ഷയോടെ, ആത്മവിശ്വാസത്തോടെ ശ്രമങ്ങൾ നടത്തുകയായിരുന്നു. ഇരുപത്തി മൂന്നാം വയസിൽ ആഗ്രഹിച്ച കാര്യം നടന്നു. പിന്നെ അതിന് പിന്നാലെയായി. ശ്രമിച്ചാൽ നടക്കാത്തതായി ഒന്നുമില്ല. മടി കാരണമാണ് പലപ്പോഴും ശ്രമങ്ങൾ പോലും നടക്കാതെ ഇരിക്കുന്നത്. ഈ തിരിച്ചറിവ് പലർക്കും വൈകിയാണുണ്ടാവുക. എനിക്കു നേരത്തെ ആ തിരിച്ചറിവുണ്ടായി.
സിനിമയിലെ സൗഹൃദ തുരുത്തുകൾ
സൗഹൃദക്കൂട്ടങ്ങളാണ് എന്നെ സിനിമയിലേക്ക് കൈപിടിച്ച് കയറ്റിയത്. അവർക്ക് എന്റെ കഴിവുകളെക്കുറിച്ച് നല്ല ധാരണയുണ്ട്. ടിറ്റോ അത് ചെയ്താൽ നന്നാവുമെന്ന വിശ്വാസം അവർക്കുണ്ട്. എനിക്ക് ഉള്ളതിനെക്കാളും ധൈര്യം അവർക്ക് എന്റെ മേലുണ്ട്. എവിടെ പതറിയിട്ടുണ്ടോ അവിടെയൊക്കെ ധൈര്യം തരാൻ വീട്ടുകാരും കൂട്ടുകാരുമുണ്ടായിരുന്നു. എന്നെ സഹായിച്ചുള്ളതും ഉപദ്രവിച്ചിട്ടുള്ളതും സുഹൃത്തുക്കൾ തന്നെയാണ്.
കുടുംബത്തിന്റെ കട്ട സപ്പോർട്ട്
ഡിഗ്രി കഴിഞ്ഞു ഡ്രാമാ സ്കൂളിൽ പോകണമെന്നു പറയുകയാണെങ്കിൽ സാധാരണ ഒരു വീട്ടുകാരും സമ്മതിക്കില്ല. അഡ്മിഷൻ കിട്ടിയപ്പോൾ വീട്ടുകാർ എന്നെ നിരുത്സാഹപ്പെടുത്തിയില്ല. ഡ്രാമാ സ്കൂളിലെ പഠനത്തിന്റെ അവസാന നാളുകളിലാണ് അങ്കമാലി ഡയറീസിലേക്ക് ക്ഷണം കിട്ടുന്നത്. എന്റെ അലച്ചിലുകൾക്ക് ഗുണമുണ്ടായതിൽ അവരും സന്തോഷിക്കുന്നു.
അപ്പാനി ശരത്തിന്റെ പോസ്റ്റ്
അപ്പാനി ശരത്തിന്റെ പോസ്റ്റ് വായിച്ചപ്പോൾ ചിരിയാണ് വന്നത്. എന്റെ വീട്ടുകാർ എന്നെ നന്നായി സപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്റെ പ്രശ്നങ്ങൾ വേറെ ഒരാൾ പറയുന്നത് താൽപര്യമില്ല. പല കാര്യങ്ങളും ഞാൻ കണ്ണടച്ച് വിടാറുണ്ട്. പക്ഷേ, അപ്പാനി ശരത് എഴുതിയ പോലെ കാര്യങ്ങൾ എഴുതിയാൽ എന്റെ കുടുംബത്തിലെ ആളുകളൊക്കെ കഴിവില്ലാത്തവർ ആയിപ്പോകില്ലേ. കുടുംബത്തെ വേദനിപ്പിക്കുന്ന കാര്യങ്ങൾ എന്നെയും ബാധിക്കും. കൂടെ നിൽക്കുന്നവരെ വേദനിപ്പിക്കുന്നത് ഇഷ്ടമല്ല. എന്റെ കൂടെയുള്ളവർ കഴിവില്ലാത്തവരാണെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ എഴുതിപ്പിടിപ്പിച്ചാൽ മോശം തന്നെയാണ്. അവൻ എന്നെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി എഴുതിയതാണ്. പക്ഷേ, വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമല്ലോ.
അറിയാവുന്ന തൊഴിൽ അഭിനയം
അറിയാവുന്ന ജോലി അഭിനയമാണ്. അത് തുടരാനാണ് തീരുമാനം. സിനിമയിൽ അസിസ്റ്റ് ചെയ്യണമെന്ന ആഗ്രഹവുമായി എത്തിയ ഞാൻ ആദ്യം നടനായി. സംവിധാനം ചെയ്യാൻ പ്രാപ്തനാണെന്നു തോന്നുന്ന സമയത്ത് അത്തരമൊരു പ്രൊജക്ടിനെക്കുറിച്ച് ചിന്തിക്കും. പക്ഷേ, അതിന് ഒരുപാടു സമയം എടുക്കും.
പുതിയ ചിത്രം തനഹ
തനഹ എന്ന ചിത്രമാണ് റിലീസിനൊരുങ്ങുന്നത്. ചിത്രത്തിലെ രണ്ടു നായകന്മാരിൽ ഒരാളായാണ് വേഷമിടുന്നത്. കോമഡി ടച്ചുള്ള കഥാപാത്രമാണ് ചിത്രത്തിൽ. വലിയ അവകാശവാദങ്ങളൊന്നുമില്ലാത്ത കുഞ്ഞു ചിത്രം. പ്രകാശ് കുഞ്ഞൻ മൂരയിലാണ് സംവിധാനം. പുതുമുഖമായ അഭിലാഷ്, ഹരീഷ് കണാരൻ, ശ്രീജിത്ത് രവി തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. ഓഗസ്റ്റിൽ ചിത്രം പ്രദർശനത്തിനെത്തും.