Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അര്‍ണബ്, നിങ്ങളെ ഞാൻ വെറുക്കുന്നു: മേജർ രവി

major-ravi-arnab

റിപബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയോട് സഹതാപം മാത്രമാണെന്ന് സംവിധായകൻ മേജർ രവി. മാധ്യമപ്രവർത്തകന് ആദ്യം വേണ്ടത് ദേശത്തോടുള്ള ബഹുമാനമാണെന്നും അർണബ് പമ്പര വിഡ്ഢിയാണെന്നും നിങ്ങളെ വെറുക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. പ്രളയദുരിതത്തിൽ നിന്ന് കരകയറാൻ കഷ്ടപ്പെടുന്ന കേരളത്തെയും മലയാളികളേയും അധിക്ഷേപിച്ച അർണബിന് മനോരമ ഓൺലൈനിലൂടെ മറുപടി പറയുകയായിരുന്നു മേജർ രവി.

മേജർ രവിയുടെ വാക്കുകൾ–

ടൈംസ് നൗ ചാനലിൽ വാർത്താ അവത‌ാരകനായിരുന്നപ്പോള്‍ മുതൽ ശ്രദ്ധിക്കുന്ന വ്യക്തിത്വമാണ് അർണബ് ഗോസാമി. അന്ന് അദ്ദേഹം മോദി വിരുദ്ധനായിരുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ വാക്കുകൾക്കും ശക്തിയുണ്ടായിരുന്നു. പിന്നീട് അദ്ദേഹം സ്വന്തമായി ചാനൽ തുടങ്ങി.  അതോടെ മോദി അനുകൂലിയായി. പൂർണമായും ബിജെപി ചായ്‌വുള്ള ചാനലിന്റെ മേധാവി. 

Arnab Goswami: Newshour Debates

അർണബിനോട് എനിക്ക് ഇപ്പോൾ സഹതാപം മാത്രമാണ്. എസി റൂമിൽ ഇരുന്ന് കുറച്ച് വിവരങ്ങളും ശേഖരിച്ച് വായിൽ തോന്നിയത് വിളിച്ചുപറയലല്ല മാധ്യമപ്രവർത്തനം. ആളുകൾക്ക് ഇടയിലേയ്ക്ക് ഇറങ്ങണം. കേരളത്തിലെത്തി ഇവിടെയുള്ളവരുടെ അവസ്ഥ മനസ്സിലാക്കണം. എന്നാലാണ് സത്യസന്ധമായ റിപ്പോർട്ടിങ് ഉണ്ടാകൂ. അപ്പോൾ മാത്രമാണ് സത്യങ്ങൾ വിളിച്ചുപറയാൻ കഴിയൂ.

‘ഇന്ത്യയിലെ ഏറ്റവും നാണംകെട്ട വര്‍ഗമാണ് ഇവര്‍’ ഇങ്ങനെയാണല്ലോ അർണബിന്റെ വാക്കുകൾ. അത് കോൺഗ്രസിനെയോ മാർക്സിസ്റ്റ് പാർട്ടിയെയോ ആരെ വേണമെങ്കിലും ഉദ്ദേശിച്ച് ആകട്ടെ, ഇങ്ങനെ പറയാൻ ആരാണ് അർണബ്. ആരാണ് അതിന് അനുവാദം കൊടുത്തിരിക്കുന്നത്. 

ഞാനുൾപ്പെടുന്ന മലയാളി സമൂഹത്തെയാണ് അർണബ് അധിക്ഷേപിച്ചത്. ഞാൻ പറയുന്നു, അർണബ് താങ്കളാണ് പമ്പര വിഡ്ഢി. ഞാൻ നിങ്ങളെ വെറുക്കുന്നു.

കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരിതക്കയത്തില്‍ നിന്നും കരകയറുകയാണ് ഞങ്ങൾ. അതും ഒത്തൊരുമയോടെ ഒരേമനസ്സോടെ ഒറ്റക്കെട്ടായാണ് കേരളം മുന്നോട്ട് പോകുന്നത്. ആ സാഹചര്യത്തിൽ അർണബിനെപ്പോലുള്ളവരെ പുച്ഛിച്ച് തള്ളണം.

Nation Wants To Know With Arnab Goswami And Yogi Adityanath

ബിജെപിയുടെ ഉടമസ്ഥതയിലുള്ള ചാനലാണ് റിപ്ലബിക് ചാനൽ. ഒരു ബനാന റിപബ്ലിക്കൻ രീതിയിലാണ് ഇപ്പോൾ അത് മുന്നോട്ട് പോകുന്നത്. പാർട്ടി ചാനൽ ഏതുമാകട്ടെ അതിൽ ഉന്നതസ്ഥാനത്ത് ഇരിക്കുന്നവർ പ്രത്യേകിച്ച് മാധ്യമപ്രവർത്തകർ കുറച്ചെങ്കിലും നിക്ഷ്പക്ഷരാകാൻ ശ്രമിക്കൂ. മാധ്യമപ്രവര്‍ത്തകയായ ബർക്കാ ദത്തും ഇതേ ഗണത്തിൽപ്പെടും.

അർണബ് ഒരു ദേശത്തിനെതിരെയാണ് പ്രതികരിച്ചത്. മാധ്യമപ്രവർത്തകന് ആദ്യം വേണ്ടത് ദേശത്തോടുള്ള ബഹുമാനമാണ്. ഇതുമാത്രമല്ല ചാനൽ ചർച്ചയിലും ധാര്‍ഷ്‌ട്യത്തോടെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. ചർച്ചയ്ക്ക് വരുന്നവർക്ക് യാതൊരു ബഹുമാനവും നൽകാതെ കടിച്ച് കീറാൻ നിൽക്കുന്നു. നമ്മളെ ഒരു ചാനൽ ചർച്ചയ്ക്ക് വിളിച്ച്, ഒരക്ഷരം പോലും മിണ്ടാൻ സമ്മതിക്കാതെ എതിർത്ത് നിന്നാൽ എന്താകും അവസ്ഥ. ഒന്നും മിണ്ടാതെ ഇറങ്ങിപ്പോകാനെ സാധിക്കൂ.

മുമ്പ് മറ്റൊരു ചാനലിൽ ആയിരുന്നപ്പോൾ യോഗി ആദിത്യനാഥിനെ അർണബ് അഭിമുഖം ചെയ്തിരുന്നു. അന്ന് വാക്കുകളാൽ ഇടത്തുനിന്നും വലത്തുനിന്നും ചുറ്റികയ്ക്ക് അടിക്കുന്നതുപോലെയായിരുന്നു അർണബിന്റെ ചോദ്യങ്ങൾ. പുതിയ ചാനലിൽ എത്തിയതോടെ വീണ്ടും അദ്ദേഹത്തെ അഭിമുഖം ചെയ്തു. ഇത്തവണ പുഞ്ചിരിയോട് കൂടിയായിരുന്നു അർണബ്, യോഗിയെ വരവേറ്റത്. അതിൽ തന്നെ അർണബിന്റെ ഇരട്ടത്താപ്പ്‌ വ്യക്തമാണ്.

ബിജെപിെയ പിന്തുണയ്ക്കുന്നതും അവരെ സംരക്ഷിക്കുന്നതുമായ വാർത്തകൾ മാത്രമാണ് ഇപ്പോൾ നൽകികൊണ്ടിരിക്കുന്നത്. ഇതിൽ എവിടെയാണ് പ്രതിബദ്ധത. യോഗി ആദിത്യനാഥോ, മോദിയോ, സോണിയ ഗാന്ധിയോ ആരുമാകട്ടെ എന്നാൽ ഒരു മാധ്യമപ്രവർത്തകൻ ഈ രീതിയിൽ തരംതാഴാൻ പാടില്ല. അവർക്കൊരു ചുമതലയുണ്ട്. അത് മറന്ന് പ്രവർത്തിക്കുന്നവർ ഈ ജോലിക്ക് അർഹരല്ല.

അർണബിന്റെ മുൻകാല വാർത്തകളും വിശകലനങ്ങളും വീക്ഷിക്കുന്ന ഒരാൾ എന്ന നിലയിൽ ഞാൻ പറയുന്നു, ഇനിയും ഈ ഇരട്ടത്താപ്പ് മാറ്റിയില്ലെങ്കിൽ ഇതിന് മറുപടി ജനം നൽകും. ‘റിപബ്ലിക്’ ആ പേരിനെങ്കിലും കളങ്കം വരുത്താതെ ജോലി ചെയ്യാൻ ശ്രമിക്കൂ.