രാജേഷ് പിള്ള എന്ന സംവിധായകന്റെ അവസാന ചിത്രമായിരുന്നു വേട്ട. എന്നാൽ സാങ്കേതികമായി മാത്രമായിരിക്കും അത് സത്യമാകുന്നത്. ശരീരം കൊണ്ട് രാജേഷ് പിള്ള നമുക്കിടയിൽ ഇല്ലെങ്കിലും അദ്ദേഹത്തിന്റെ സിനിമകൾ യാഥാർത്ഥ്യമാകുന്നുണ്ട്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളിലൂടെ... അതൊരു അപൂർവതയാണ്. വേർപിരിഞ്ഞുപോയ മലയാളത്തിലെ മറ്റൊരു സംവിധായകർക്കും അവകാശപ്പെടാനില്ലാത്ത അപൂർവ ഭാഗ്യം.
രാജ്യാന്തരതലത്തിൽ ശ്രദ്ധ നേടിയ ടേക്ക് ഓഫിനു ശേഷം അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയുടെ സുഹൃദ്സംഘം പുതിയൊരു സിനിമയുടെ പണിപ്പുരയിലാണ്. ആസിഡ് ആക്രമണം നേരിടേണ്ടി വന്ന പല്ലവി എന്ന സ്ത്രീയുടെ കഥ. അവളുടെ സ്വപ്നങ്ങളുടെ കഥ. അതാണ് 'ഉയരെ.' രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്ന മനു അശോകാണ് ചിത്രത്തിന്റെ സംവിധായകൻ.
പുതിയ ചിത്രത്തിനായി രാജേഷിന്റെ സുഹൃത്തുക്കൾ ഒന്നിക്കുമ്പോൾ അദ്ദേഹത്തിന്റെ അദൃശ്യസാന്നിധ്യം അനുഭവിക്കുന്നുണ്ടെന്ന് ചിത്രത്തിന് തിരക്കഥ ഒരുക്കുന്ന സഞ്ജയ് പറയുന്നു. കായംകുളം കൊച്ചുണ്ണിക്കു ശേഷം ബോബി–സഞ്ജയ് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ഉയരെ. പുതിയ ചിത്രത്തെക്കുറിച്ചും ആ പ്രൊജക്ടിനോടുള്ള ഇഴയടുപ്പത്തെക്കുറിച്ചും ഇരട്ട തിരക്കഥാകൃത്തുക്കളിലൊരാളായ സഞ്ജയ് മനസു തുറക്കുന്നു
വല്ലാത്തൊരു അടുപ്പമുണ്ട് ഈ ചിത്രത്തിനോട്
പുതുമുഖമായ മനുവാണ് ചിത്രത്തിന്റെ സംവിധായകൻ. ഈ ചിത്രവുമായി ഞങ്ങൾക്ക് ഒരു വൈകാരിക ബന്ധം കൂടിയുണ്ട്. രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്നു മനു. രാജേഷ് എപ്പോഴും പറയാറുള്ള ഒരു പേരാണ് മനുവിന്റേത്. കാരണം, വേട്ടയുടെ സമയത്ത് രാജേഷ് ക്ഷീണിതനായിരുന്നു. ആ ദിവസങ്ങളിൽ ഏറ്റവുമധികം താങ്ങായി നിന്നത് മനുവായിരുന്നു. രാജേഷിന്റെ വലിയൊരു ആഗ്രഹമായിരുന്നു, രാജേഷിന്റെ സിനിമ മനുവിനെക്കൊണ്ട് ചെയ്യിപ്പിക്കണമെന്നത്. അക്കാര്യം എന്നോടും പറയാറുണ്ട്. അങ്ങനെയാണ് ഈ ചിത്രത്തിലേക്ക് എത്തുന്നത്. രാജേഷ് ഞങ്ങൾക്ക് തന്നിട്ട് പോയതാണ് മനുവിനെ എന്നു വേണമെങ്കിലും പറയാം. ശരിയ്ക്കും രാജേഷിന്റെ ഒരു സാന്നിധ്യം ചിത്രത്തിലുണ്ട്.
മനുവിന്റെ ഗുരുദക്ഷിണ
ചിത്രത്തിന്റെ ക്ലാപ് അടിക്കാൻ വേണ്ടി മനു ക്ഷണിച്ചത് രാജേഷിന്റെ ഭാര്യ മേഘയെയാണ്. വികാരനിർഭരമായ ഒരു മുഹൂർത്തമായിരുന്നു അത്. മനു ഒരു ഗുരുദക്ഷിണ പോലെ സമർപ്പിക്കുന്ന ഒരു ചിത്രമാണ് ഉയരെ. രാജേഷ് ഇല്ലാത്ത അവസരത്തിൽ അദ്ദേഹം ഞങ്ങൾക്കു തന്നിട്ടു പോയ ഒരാളാണ് മനു. രാജേഷ് അദൃശ്യമായിരുന്ന് ഇതൊക്കെ കാണുന്നുണ്ടാകാം.
പല്ലവിയുടെ സ്വപ്നങ്ങൾ
ഇതൊരു നല്ല സിനിമയായിരിക്കും എന്ന ഉറപ്പ് ഞങ്ങൾക്കുണ്ട്. എല്ലാ സിനിമകളും നൂറു ശതമാനം പ്രതീക്ഷയോടെയാണ് ചെയ്യുന്നത്. പ്രതീക്ഷയില്ലാത്ത സിനിമകൾ ചെയ്യാറില്ല. പാർവതിയുടെ കഥാപാത്രത്തിന്റെ പേര് പല്ലവി എന്നാണ്. ഒരുപാട് സ്വപ്നങ്ങൾ ഉള്ള ഒരു പെൺകുട്ടിയാണ് പല്ലവി. സാധാരണ ഒരു കുട്ടിയെക്കാൾ വലിയ സ്വപ്നങ്ങൾ അവൾക്കുണ്ട്. പല്ലവിയുടെ ജീവിതമാണ് നമ്മൾ സിനിമയിൽ പിന്തുടരുന്നത്.
പല്ലവി പാർവതി തന്നെ
പാർവതിയെ വച്ച് സിനിമ ചെയ്യുന്നതിൽ യാതൊരു വിധ പ്രശ്നങ്ങളും ഞങ്ങൾക്കു നേരിടേണ്ടി വന്നിട്ടില്ല. ഞങ്ങളെ സംബന്ധിച്ച് പാർവതി എന്നു പറയുന്നത് രാജ്യാന്തരതലത്തിൽ ശ്രദ്ധിക്കപ്പെട്ട, അംഗീകാരം ലഭിച്ച ഒരു അഭിനേത്രിയാണ്. മലയാളത്തിനു കൂടി ലഭിച്ച അംഗീകാരമാണത്. അതിൽ മലയാളികൾ അഭിമാനിക്കുകയാണ് വേണ്ടത്. അത്രയും കഴിവുള്ള ഒരു നടിയെ ഈ കഥാപാത്രം ചെയ്യാൻ ഞങ്ങൾക്ക് വേണമായിരുന്നു. മറ്റൊന്നും ഞങ്ങൾക്കു മുന്നിൽ പരിഗണനാവിഷയമായി വന്നില്ല. പാർവതിയ്ക്കു നേരെ പലതരം വിമർശനങ്ങൾ ഉയരുന്നുണ്ടെന്ന് കരുതി അതൊന്നും ഈ ചിത്രത്തിന്റെ ഷൂട്ടിങിനെയോ മറ്റു കാര്യങ്ങളെയോ ബാധിച്ചിട്ടില്ല.
പിന്നണിയിലെ കരുത്തർ
ചിത്രത്തിന്റെ നിർമാതാക്കൾ മൂന്നു സ്ത്രീകളാണ്. ഗൃഹലക്ഷ്മി ഫിലിംസിന്റെ ഉടമയായ പി.വി ഗംഗാധരന്റെ മൂന്നു പെൺമക്കളാണ് സിനിമ നിർമിക്കുന്നത്. ഷെഗ്ന, ഷെർഗ, ഷെനുഗ എന്നീ സഹോദരിമാരാണ് ചിത്രത്തിന് നട്ടെല്ലായി നിൽക്കുന്നത് നിർമാതാക്കൾ. ഞങ്ങൾ തിരക്കഥയെഴുതി പാർവതി അഭിനയിച്ച നോട്ടുബുക്ക് എന്ന ചിത്രം നിർമിച്ചത് പി.വി ഗംഗാധരനായിരുന്നു. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള ചെയ്ത മുകേഷാണ് ചിത്രത്തിന്റെ ക്യാമറ. സംഗീതം ഗോപി സുന്ദർ. ടേക്ക് ഓഫിന്റെ സംവിധായകനായ മഹേഷ് നാരായണനാണ് ചിത്രത്തിന്റെ എഡിറ്റർ. വസ്ത്രാലങ്കാരം നിർവഹിക്കുന്നത് ചിത്രത്തിന്റെ സംവിധായകൻ മനുവിന്റെ ഭാര്യയായ ശ്രേയയാണ്. അങ്ങനെ ശക്തമായൊരു ടീമുണ്ട് ഈ ചിത്രത്തിന്റെ അണിയറയിൽ.