Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ഛനു വേണ്ടി അച്ചായൻ കഥ

dulquer-amal-neerad ദുൽക്കറും അമൽ നീരദും കോട്ടയം സിഎംഎസ് കൊളേജിൽ ചിത്രീകരണത്തിനിടെ. ചിത്രം: റിജോ ജോസഫ്

കോട്ടയത്തായിരുന്നു അമൽ നീരദിന്റെ കുട്ടിക്കാലം. അമ്മ ഏജീസ് ഓഫിസിൽ, അച്ഛൻ എറണാകുളം മഹാരാജാസിൽ. രാവിലെ അമലും അനിയത്തിയും ഉറക്കമുണരും മുൻപേ അച്ഛനും അമ്മയും ജോലിക്കു പോകും, തിരികെ വരുമ്പോഴേക്കും കുട്ടികൾ ഉറക്കമായിട്ടുണ്ടാകും. കുട്ടികൾക്കും ജോലിക്കും ഇടയിലൂടെ ഈ ‘പാസഞ്ചർ യാത്ര’ മടുത്തപ്പോൾ കുടുംബം എറണാകുളത്തേക്കു മാറി. പക്ഷേ, അമലിന്റെ വാക്കുകളിൽത്തന്നെ പറഞ്ഞാൽ ‘കാരണമുണ്ടാക്കിയും കാരണമില്ലാത്ത കാര്യങ്ങൾക്കുമായി’ എപ്പോഴും കോട്ടയത്തേക്കു വണ്ടി കയറുന്ന അച്ഛൻ പ്രഫ.സി.ആർ.ഓമനക്കുട്ടൻ എന്നിട്ടും സ്വന്തം നാടിനെ മറന്നില്ല.

എറണാകുളം നോർത്തിലെ വീടിന് അദ്ദേഹം നൽകിയ പേര് ‘തിരുനക്കര’ എന്നായിരുന്നു. ഇപ്പോഴാകട്ടെ, ഒരിക്കൽ വിട്ടുപോയ കോട്ടയത്തെ തന്റെ സിനിമാ ജീവിതത്തിലേക്കു കൂട്ടിച്ചേർക്കാനൊരുങ്ങുകയാണ് അമൽ നീരദ്. ദുൽഖർ സൽമാനെ നായകനാക്കിയുള്ള അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ പാലായാണ്. ഇനി ഒരു മാസത്തോളം കോട്ടയത്തുണ്ട് അമലും ദുൽഖറും സംഘവും. അച്ഛനും അമ്മയും കണ്ടുമു‌ട്ടിയ സിഎംഎസ് കോളജിലെ തണൽതണുപ്പിലിരുന്ന് അമൽ നീരദ് പറയുന്നു ‘ഞാനുണ്ടാകാൻ തന്നെ കാരണമായ കോളജാണ്...’

സിനിമയ്ക്ക് പേരില്ല?

മനഃപൂർവമല്ല. നിറയെ സന്തോഷം പകരുന്ന ഒരു ചിത്രമാണ്. അതിനാൽത്തന്നെ സന്തോഷം ഉണ്ടാക്കുന്ന ഒരു പേരിലേക്ക് ഇതുവരെ എത്താനായിട്ടില്ല. ഒക്ടോബറിലാണു റിലീസ്. സമയമുണ്ടല്ലോ? നല്ലൊരു പേര് വരട്ടെ...

dulquer-kottayam

കുടുംബ ചിത്രമാണോ?

എന്നെ സംബന്ധിച്ചിടത്തോളം ആദ്യചിത്രം ബിഗ് ബിയും അവസാനമിറങ്ങിയ ഇയ്യോബിന്റെ പുസ്തകവുമെല്ലാം കുടുംബചിത്രങ്ങളാണ്. പ്രേക്ഷകനെ എന്റർടെയ്ൻ ചെയ്യിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ചിത്രങ്ങളെല്ലാം. അങ്ങനെ നോക്കിയാൽ പുതിയ ചിത്രവും ഒരു കംപ്ലീറ്റ് ഫാമിലി ചിത്രമാണ്.

അപ്പോൾ സ്ഥിരം ഹീറോയിസം?

എല്ലാവരും ചെയ്യുന്ന കാര്യങ്ങളിൽ നിന്നു വിട്ടുമാറിയുള്ള കാര്യങ്ങൾ ചെയ്യുന്നയാളാണൊരു ഹീറോ. അതു സൂപ്പർമാന്റെ ലെവലിലുമാകാം, എന്റെ സിനിമയിലെ കുള്ളന്റെ തലത്തിലുമാകാം. പുതിയ ചിത്രത്തിലും കൊണ്ടുവരേണ്ട ഹീറോയിസത്തിന്റെ കാര്യത്തിൽ അതുകൊണ്ടുതന്നെ എനിക്കു യാതൊരു കൺഫ്യൂഷനുമില്ല.

കോട്ടയം കുഞ്ഞച്ചനാകുമോ ദുൽഖർ?

നൂറു ശതമാനവും പറയാം ഇതൊരു അച്ചായൻ പടമല്ല. ഇപ്പോഴത്തെ എല്ലാ രാഷ്ട്രീയ-സാമൂഹ്യ സാഹചര്യങ്ങളിലും ജീവിക്കുന്ന പാലായിലെ ഒരു ചെറുപ്പക്കാരനായിട്ടാണു ചിത്രത്തിൽ ദുൽഖർ. പിന്നെ കലയിലായാലും സാഹിത്യത്തിലായാലും ‘അക്ഷരനഗര’ത്തിന്റെ എല്ലാ ഗുണങ്ങളുമുള്ള ആളാണ് എന്റെ നായകനും. കോട്ടയം കുഞ്ഞച്ചന്റെ കാലത്തെയല്ല. ഇപ്പോഴത്തെ കോട്ടയത്തിന്റെയാണ് ആ നായകൻ. അച്ചായൻ വേഷത്തിന്റെ ഭാഗമായിട്ടൊന്നുമല്ല സിനിമയിലെ മുണ്ടുടുക്കൽ. ‘കുള്ളന്റെ ഭാര്യ’ എന്ന എന്റെ സിനിമയിലും അദ്ദേഹം മുണ്ടുടുക്കുന്നുണ്ട്. പുതിയ സിനിമയിലും കഥാപാത്രം ആവശ്യപ്പെടുന്നതിനനുസരിച്ച് ഉടുക്കുന്നുവെന്നേയുള്ളൂ. സിനിമയിൽ കാണുന്ന, കള്ളുഷാപ്പിലിരുന്നു വെടിപൊട്ടിക്കുന്ന കൂളിങ്ഗ്ലാസ് അച്ചായന്മാരെയാണു മലയാളികൾക്കു പരിചയം. പക്ഷേ നമുക്ക് എളുപ്പത്തിൽ ‘കണക്ട്’ ചെയ്യാനാകുന്ന സാധാരണ അച്ചായന്മാരുമുണ്ട്. എനിക്കും തിരക്കഥാകൃത്ത് ഷിബിൻ ഫ്രാൻസിസിനും പോലും എളുപ്പത്തിൽ ആശയവിനിമയം സാധ്യമാകുന്ന അത്തരമൊരു പുതുതലമുറക്കാരനാണു ദുൽഖറിന്റെ കഥാപാത്രം.

പുതിയൊരു അമൽ നീരദ്?

കുള്ളന്റെ ഭാര്യയായാലും ഇയ്യോബിന്റെ പുസ്തകമായാലും തൊട്ടടുത്ത സിനിമ പുതിയൊരു അമലിന്റേതായിരിക്കണമെന്നു ഭയങ്കരമായി ആഗ്രഹിക്കുന്നയാളാണ് ഞാൻ. പക്ഷേ മറ്റു പല സംവിധായകരെയും പോലെ പല കാരണങ്ങളാലും അത് എപ്പോഴും സംഭവിക്കുമെന്നു തോന്നുന്നില്ല. എന്നാലും ‘പാത്ത്ബ്രേക്കിങ്’ ആയ വ്യത്യസ്തത ഉണ്ടാകണമെന്നാണു പുതിയ സിനിമയിലും ആഗ്രഹിക്കുന്നതും പ്രാർഥിക്കുന്നതും.

ദുൽഖറിന്റെ കോട്ടയം ഭാഷ എങ്ങനെ?

വലിയൊരു ചിരിയായിരുന്നു മറുപടി ‘എല്ലാം, ശേഷം സ്ക്രീനിൽ...’

കോട്ടയം ഞെട്ടിച്ചോ?

അഭിനേതാക്കളായി കോട്ടയം ഭാഷ പറയുന്നവരെ തേടിയപ്പോൾ വന്നത് ആയിരക്കണക്കിന് അപേക്ഷകൾ. ഒരു മാസത്തോളമെടുത്ത് തൊടുപുഴയിലും പാലായിലുമൊക്കെ നടത്തിയ ഓഡിഷനിലൂടെ തിരഞ്ഞെടുത്തതു നൂറിലേറെ പുതുമുഖങ്ങളെ. നായകനു പഠിക്കാവുന്ന ക്യാംപസിനെപ്പറ്റി ആലോചിച്ചപ്പോൾ 'ഇത്രയും ഭംഗിയായ ഒരു സ്ഥലത്ത് ഷൂട്ട്‌ ചെയ്തില്ലെങ്കിൽ സങ്കടമല്ലേ' എന്നു തോന്നിപ്പിക്കും വിധം സിഎംഎസ് കോളജ്. പഴയകാലത്തെ വീടുകൾ തേടിയപ്പോൾ രാമപുരത്തു കണ്ടെത്തിയത് 100 വർഷത്തോളം പഴക്കമുള്ള വീട്. എല്ലാറ്റിനുമുപരി അച്ഛന്റെയും അമ്മയുടെയും പ്രിയനാട്. സിഎംഎസിലെ ഷൂട്ടിങ്ങിന്റെ ആദ്യദിവസം സി. ആർ. ഓമനക്കുട്ടനും എത്തിയിരുന്നു.