രാഷ്ട്രീയ പാർട്ടികൾ ലോറികളിലും മറ്റും ആളുകളെ കൊണ്ടുവന്നിറക്കി ചെയ്യുന്ന സമരം പോലെയല്ല ചുംബന സമരം സംഘടിപ്പിക്കപ്പെട്ടത്. ഒരു സംഘടനയുടെ നിഴലില്ല അത് പോരാടിയത്. അതിനൊരു നേതാവോ ചട്ടക്കൂടുകളോ ഇല്ല. പിന്നെങ്ങനെയാണ് അതിൽ പങ്കെടുത്തവരിൽ രണ്ടു പേർ ഒരു കേസിൽ അറസ്റ്റിലാകുമ്പോൾ ചുംബന സമരത്തിൽ പങ്കാളികളായ എല്ലാവർക്കും നേരെ നിങ്ങൾക്കു കല്ലെറിയാനാകുന്നത്. ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിയുടെ നേതാവിനു നേരെ ഒരു അഴിമതി ആരോപണമുണ്ടായാൽ ആ പാർട്ടിയിൽപ്പെട്ട എല്ലാ നേതാക്കൾക്കെതിരെയും ഇങ്ങനെ കല്ലെറിയുമോ അവർക്കെല്ലാം ഇതിൽ പങ്കുണ്ടെന്ന മട്ടിൽ വാർത്തകൾ എഴുതുമോ. ചോദിക്കുന്നത് അരുന്ധതിയാണ്. നടിയും ഹൈദരാബാദ് കേന്ദ്ര സർവകാലാശാലയിലെ വിദ്യാർഥിയുമായ അരുന്ധതി.
ചുംബന സമരത്തിലൂടെ പ്രശസ്തരായ രാഹുൽ ശിശുപാലനും ഭാര്യയും മോഡലുമായ രശ്മി ആർ നായരും ഓൺലൈൻ പീഡന കേസിൽ അറസ്റ്റിലായതതോടെ ചുംബന സമരവും അതിൽ പങ്കെടുത്തവരും വീണ്ടും വിവാദമുഖത്തേക്കെത്തിയത്. ആർക്കെതിരെയാണോ ആരെ ഉന്നംവച്ചാണോ ചുംബനസമരം നടത്തിയത്, അവർക്കതിന്റെ കൂരമ്പുകളുടെ വേദന നന്നായി കിട്ടിയിട്ടുണ്ട്. അവർക്കാണ് ഈ സാഹചര്യത്തിൽ അനാവശ്യമായി തിളയ്ക്കുന്നത്.
ചുംബന സമരത്തിൽ പങ്കെടുത്തവർക്കെതിരെ അനാവശ്യമായി വാളെടുക്കുന്നത്. ഈ ഉറഞ്ഞുതുള്ളൽ വിഡ്ഢിത്തരം മാത്രമാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ അവർ പടച്ചുവിടുന്ന ഇത്തരം പോസ്റ്റുകൾ സദാചാര മലയാളി സ്വന്തം മനസിനെ തൃപ്തിപ്പെടുത്തുവാൻ നടത്തുന്ന ജല്പനകൾ മാത്രമാണിത്. അരുന്ധതി പറഞ്ഞു. സ്വന്തം ക്യാംപസിൽ ചുംബന സമരം നടത്തിയതിന് സോഷ്യൽ മീഡിയയിലൂടെ ഏറെ ക്രൂശിക്കപ്പെട്ട അരുന്ധതി വീണ്ടും അതിന്റെ നിഴലിലാണ്. ബി അരുന്ധതി എന്ന ഫേസ്ബുക്ക് പേജിൽ വിവാദ പരാമർശങ്ങൾ നിറയുകയാണ്.
രാഹുലും രശ്മിയും അറസ്റ്റിലായതിനു ശേഷം എന്റെ ഫേസ്ബുക്കിൽ പേജിൽ സദാചാര കുരു പൊട്ടിയവരുടെ പോർവിളിയാണെന്നറിയാം. ഐഎസിനെതിരെ ഒരു പെൺകുട്ടി നടത്തിയ വിപ്ലവകരമായ സമരത്തെ അനുകൂലിച്ചതിന് എന്റെ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. പിന്നെ എന്റെ ഫേസ്ബുക്കിൽ നാൽപതിനായിരം പേർ ഫോളോ ചെയ്യുന്നുണ്ടെങ്കിൽ അതിൽ നാലായിരം പേർ മാത്രമാണ് അനുകൂലിക്കുന്നത്. ബാക്കിയുള്ളവർ സദാചാരം പ്രസംഗിച്ച് എനിക്കെതിരെ പോസ്റ്റിട്ട് സുഖം കണ്ടെത്തുന്നവരാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി നടന്നുവരുന്നുണ്ടിത്. എന്നെ ഇത്തരം കാര്യങ്ങൾ ബാധിക്കാൻ പോകുന്നില്ല. അതിന്റെ ആയുസ് എത്രയുണ്ടെന്ന് വ്യക്തമായിട്ടറിയാം. നിങ്ങളിങ്ങനെ പോസ്റ്റിട്ട് സുഖം കണ്ടെത്തിക്കോളൂ.
ചുംബന സമരത്തിൽ പങ്കെടുത്തതിലോ അതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളോ തന്റെ തല പുകച്ചിട്ടില്ല. ഒരു കുറ്റബോധവും തോന്നിയിട്ടില്ല. കേരളത്തിൽ തുടങ്ങിയ ഒരു വിവാദം അങ്ങ് ഡൽഹി വരെയെത്തി. പ്രബുദ്ധമായ ജവഹർലാൽ നെഹ്‍റു സർവ്വകലാശാലയിലെ വിദ്യാർഥികൾ ആർഎസ്എസ് ആസ്ഥാനത്തേക്കു വരെ സമരം നയിച്ചു ഇതിന്റെ പേരിൽ. അത് ആ സമരത്തിന്റെ പ്രസക്തിയും അത് കൈകാര്യം ചെയ്ത വിഷയം എത്രത്തോളം പ്രാധാന്യമുളള്ളതാണെന്നും വ്യക്തമാക്കുന്നു.
രാഹുൽ ശിശുപാലനും രശ്മി ആർ നായരും പീഡനക്കേസിൽ പിടിയിലായെങ്കിൽ കേസ് നടക്കട്ടെ. അത് നിയമത്തിന്റെ വഴിക്ക് പോകട്ടെ. കേരളത്തിലെ പ്രധാന നഗരങ്ങളിൽ ചുംബന സമരങ്ങളിൽ നിരവധി പേർ പങ്കെടുത്തിരുന്നു. ഞാൻ പങ്കെടുത്തത് ഹൈദരാബാദ് സർവ്വകലാശാലയിൽ നടന്ന ചുംബന സമരത്തിലാണ്. ഇതിൽ പങ്കെടുത്തവരിൽ ആർക്കും പരസ്പരം അറിയുക പോലുമില്ല. അവരുടെ വ്യക്തി ജീവിതമോ സ്വഭാവമോ ഒന്നും ആർക്കും അറിയില്ല. അനാവാശ്യമായ സദാചാര ബോധവും കെട്ടിപ്പിടിച്ച് സമൂഹത്തിന്റെ സ്വാഭാവിക ചട്ടക്കൂടിനെ തകർക്കുവാൻ അതിൽ വിഷം വീഴ്ത്തുവാൻ വ്യക്തി സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുവാൻ ഗൂഢശ്രമം ചിലർ നടത്തിയപ്പോൾ പ്രതികരിക്കണമെന്ന് തോന്നിയവർ ഒത്തുകൂടിയ ഒരിടം മാത്രമാണത്. സംഘടനയുടെ സ്വഭാവം അവിടെയില്ല. നേതാവുമില്ല. ഇപ്പോൾ പ്രചരിക്കുന്നപോലെ ചുംബന സമരത്തിന് ഒരനുഷ്ഠാനം പോലെ വാർഷിക യോഗമൊന്നും നടത്തിയിട്ടില്ല. അരുന്ധതി പറഞ്ഞു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.