സിനിമാ സ്റ്റൈലിൽ ബി ഉണ്ണികൃഷ്ണന്റെ കിടിലൻ ഹോട്ടൽ

b-unnikrishnan-hotel

ചെസ്, ബി. ഉണ്ണിക്കൃഷ്ണനു ജീവശ്വാസമാണ്. അതുകൊണ്ടു തന്നെയാണു ഗ്രാൻഡ് മാസ്റ്റർ എന്ന ചിത്രത്തിൽ ചെസ് കളി ഉൾപ്പെടുത്തിയത്. അതിനാൽ തന്നെ സ്വന്തമായി ഒരു റസ്റ്ററന്റ് ആരംഭിച്ചപ്പോൾ മറ്റൊരു പേരും ഉണ്ണിക്കൃഷ്ണന്റെ മനസ്സിലേക്ക് ഓടിവന്നില്ല. തന്റെ പ്രിയപ്പെട്ട സിനിമയുടെ പേര് തന്നെ റസ്റ്ററന്റിനും നൽകി–ഗ്രാൻഡ് മാസ്റ്റേഴ്സ് കിച്ചൻ.

b-unnikrishnan-hotel-4

ഇവിടേക്ക് ആദ്യത്തെ അതിഥിയായി എത്തിയതും ഉണ്ണിക്കൃഷ്ണനു നിർദേശങ്ങളും ഉപദേശങ്ങളും നൽകിയതും മറ്റാരുമല്ല; മലയാളത്തിന്റെ സ്വന്തം മോഹൻലാലായിരുന്നു. റസ്റ്ററന്റ് ഇന്നു മുതൽ വൈകിട്ട് ഏഴു മുതൽ പ്രവർത്തനം ആരംഭിക്കും. തിരുവനന്തപുരം പാളയത്തു വിജെടി ഹാളിന്റെ എതിരെ നിന്ന് ബേക്കറിയിലേക്ക് പോകുന്ന വഴിയിലാണ് റസ്റ്ററന്റ്.

b-unnikrishnan-hotel-6

ഇവിടേക്ക് എത്തുന്നവരെ ആകർഷിക്കുന്നതു മുഴുവൻ സിനിമകളാണ്. മലയാളത്തിൽ തുടങ്ങി ലോകത്തിലെ എക്കാലത്തെയും മികച്ച നടീനടൻമാർ, ചിത്രങ്ങൾ തുടങ്ങിയവയാൽ സമൃദ്ധമാണ് ഇവിടം.

b-unnikrishnan-hotel-5

ഓരോ മുക്കും മൂലയും സിനിമകളാലും മലയാളത്തിലെ പ്രസിദ്ധമായ വാചകങ്ങളാലും സമ്പന്നമാണ്. കമ്പിളിപ്പുതപ്പ് കമ്പിളിപ്പുതപ്പ് തുടങ്ങിയ റാംജി റാവു സ്പീക്കിങ്ങിലെ വാചകം, യെവൻ പുലിയാണ്, പോ മോനെ ദിനേശാ തുടങ്ങി മലയാളത്തിലെ പഴയതും പുതിയതുമായ എല്ലാ പ്രസിദ്ധ സിനിമാവാചകങ്ങളും കൊണ്ട് റസ്റ്ററന്റ് സുന്ദരമാക്കിയിട്ടുണ്ട്.

റസ്റ്ററന്റിന്റെ തുടക്കത്തിൽ മലയാളത്തിലെ എല്ലാ താരങ്ങളുടെയും ചിത്രങ്ങൾ കൊണ്ടു നിറച്ചിട്ടുണ്ട്. കൂടെ ചെസിനോടുള്ള ഉണ്ണിക്കൃഷ്ണന്റെ പ്രിയം വ്യക്തമാക്കുന്ന രീതിയിൽ ചെസ് കരുക്കൾ രണ്ടു വശങ്ങളിലും ​ഉണ്ട്. ആദ്യത്തെ വാതിൽ ഗ്രാൻഡ് മാസ്റ്റർ സിനിമയുടെ പോസ്റ്ററുകളും ഇതുവരെയുള്ള ലോകപ്രശസ്ത ചെസ് മാസ്റ്റർമാരുടെ ചിത്രങ്ങളും കാണാൻ കഴിയും. സിനിമ ശ്വസിച്ച്, അതിൽ ലയിച്ച് ഭക്ഷണം ആസ്വദിക്കാനായി അവസരം ഒരുക്കുക എന്നതാണു റസ്റ്ററന്റിന്റെ ലക്ഷ്യമെന്ന് ഉണ്ണിക്കൃഷ്ണൻ പറയുന്നു.

റസ്റ്ററന്റ് രാവിലെ 11 മുതൽ രാത്രി 11 വരെയാണു പ്രവർത്തനം. ചെസിനോടുള്ള പ്രിയംമൂലം റസ്റ്ററന്റിലെ മെനു കാർഡും ചെസിന്റെ മാതൃകയിലാണു തയാറാക്കിയിട്ടുള്ളത്–ഓപ്പൺ ഗെയിം, മിഡിൽ ഗെയിം, എൻഡ് ഗെയിം എന്നിങ്ങനെ.

ചൈനീസ്, നോർത്ത് ഇന്ത്യൻ, തായ്, അറേബ്യൻ, മലബാർ, കുട്ടനാടൻ നാടൻ ഷാപ്പ് ഭക്ഷണം എന്നിവ റസ്റ്ററന്റിൽ ലഭിക്കും. യാത്രകളിൽ കഴിച്ച ഭക്ഷണവും രുചികളും മറ്റുള്ളവർക്കും സമ്മാനിക്കാനായാണു റസ്റ്ററന്റ് ആരംഭിച്ചതെന്ന് ഉണ്ണിക്കൃഷ്ണൻ പറയുന്നു .

ഭക്ഷണം കഴിക്കാനായി എത്തുന്നവരെ ആദ്യം ആകർഷിക്കുക റസ്റ്ററന്റിനു മുന്നിലെ നാടൻ ചായക്കടയാണ്. മലബാർ വിഭവങ്ങളുടെ ഒരു നിര തന്നെ ഇവിടെ തയാറാണ്. രാവിലെ എട്ടു മുതൽ വൈകിട്ട് ഏഴു വരെ ഈ ചായക്കട പ്രവർത്തിക്കും.

തിരഞ്ഞെടുപ്പു പ്രചാരണത്തിനായി വടക്കൻ പ്രദേശങ്ങളിൽ സഞ്ചരിച്ചപ്പോൾ കഴിച്ച ഭക്ഷണത്തിന്റെ രുചിയും രസങ്ങളുമാണു മലബാർ വിഭവങ്ങളെ ഇവിടേക്ക് എത്തിക്കാൻ ഉണ്ണിക്കൃഷ്ണനെ പ്രേരിപ്പിച്ചത്. മലബാറിലെ കായപോള, മുട്ടമാല, ചട്ടിപത്തിരി, ഉമ്മകൊലുസു തുടങ്ങിയ കടികൾ ഇവിടെ ലഭിക്കും.