കേറിവാടാ മക്കളെ....സിനിമയിൽ നിന്ന് മലയാളി ഏറ്റെടുത്ത ഈ വർത്തമാനത്തിന് ഇരുപത്തിയഞ്ച് തികയുകയാണ്. അഞ്ഞൂറാനും അദ്ദേഹത്തിന്റെ വാക്കു ധിക്കരിക്കാത്ത തന്റേടികളായ മക്കളും അന്നും ഇന്നും മരണമാസാണ് മലയാളികൾക്കെന്നും. അടിയും പിടിയുമൊക്കെയാണെങ്കിലും നല്ലവരായിരുന്നു അഞ്ഞൂറാനും മക്കളും. അതിലൊരാളാണ് പ്രേമചന്ദ്രൻ. ഭീമൻ രഘുവാണ് ഈ വേഷത്തിലെത്തിയത്. ഒരുപക്ഷേ ഇദ്ദേഹം ചെയ്ത നന്മയുള്ള വില്ലൻ വേഷങ്ങളിൽ അപൂർവമായിരിക്കും ഇത്. കാൽനൂറ്റാണ്ടുകൾക്കിപ്പുറം ഭീമൻ രഘു ഓർത്തെടുക്കുകയാണ് ചിത്രത്തെ.
ഗോഡ്ഫാദർ ഇറങ്ങിയിട്ട് 25 വർഷം ആയല്ലോ...
എന്നോടൊപ്പം ഇപ്പോഴും ആ കഥാപാത്രമുണ്ട്. എന്റെ അച്ഛനും ( കെപി. ദാമോരൻ നായർ) അമ്മയ്ക്കും വലിയ ആഗ്രഹമായിരുന്നു ഞാൻ സിനിമയിൽ അഭിനയിക്കണമെന്ന്. അച്ഛൻ മരിച്ചിട്ട് അപ്പോൾ 14 വർഷത്തോളമായി. ഇപ്പോഴും ഞാൻ അച്ഛനെ കാണുന്നുണ്ട്. അതിനു കാരണം ഈ ചിത്രമാണ്. അച്ഛനും സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്.
Godfather | Malayalam Full Movie
സിനിമയുടെ ചർച്ചകൾക്കായി കോഴിക്കോട് മഹാറാണി ഹോട്ടലിലേക്ക് ഞാൻ പോകുമ്പോൾ അച്ഛനും ഒപ്പമുണ്ട്. അച്ഛനും അഞ്ഞൂറാനായി അഭിനയിച്ച എൻഎൻ പിളളയും ഉറ്റ സുഹൃത്തുക്കളായിരുന്നു. എന്നിലേക്കു കഥാപാത്രമെത്തുന്നതും ഈ ബന്ധത്തിലൂെടയാണ്. ഏറെനാളായിരുന്നു അവർ തമ്മിൽ കണ്ടിട്ട്. അങ്ങനെയാണ് കോഴിക്കോടിനു ഞാൻ പോയപ്പോൾ അച്ഛനും ഒപ്പം വരുന്നതും. കഥാപാത്രത്തെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അവർ അച്ഛനോടു ചോദിച്ചു, ഒരു വേഷമുണ്ട് അഭിനയിക്കുന്നോയെന്ന്. അച്ഛന് അഭിനയത്തിൽ മുൻ പരിചയമൊന്നുമില്ല. പേരപ്പന് ഒരു നാടക ട്രൂപ്പ് ഉണ്ടായിരുന്നു. അതിൽ സഹകരിച്ചിരുന്നു അത്രയേയുള്ളൂ.

അങ്ങനെയാണ് കനകയേയും മുകേഷിനേയും വഴക്കു പറയുന്ന കോളജ് പ്രിൻസിപ്പലായി അച്ഛൻ എത്തുന്നത്. സിനിമയുടെ സിഡി ഞാൻ വാങ്ങി വച്ചിട്ടുണ്ട്. ഇടയ്ക്കിടെ അതെടുത്ത് കാണാറുണ്ട്. അച്ഛനെ ജീവനോടെ കാണുന്നപോലെ തോന്നും എനിക്കപ്പോൾ...
ഇപ്പോഴും പ്രേമചന്ദ്രനെപ്പറ്റി ആളുകൾ പറയാറുണ്ടെന്നത് വലിയ സന്തോഷം. ഒരിക്കലും ആ കഥാപാത്രത്തെ മറക്കില്ല അവർ എന്നാണെന്റെ വിശ്വാസം. സിദ്ധിഖിനെ വിളിക്കുമ്പോൾ അദ്ദേഹം പറയും ഏറ്റവും നല്ലൊരു പടം ചെയ്തില്ലേ ഭീമാ ജനങ്ങളുടെ മനസിൽ ഇപ്പോഴും കിടക്കുന്ന കഥാപാത്രമല്ലേ എന്നൊക്കെ പറയാറുണ്ട്.
സെറ്റും ഭയങ്കര രസകരമായിരുന്നു. തമാശകളേയുള്ളൂ. യാതൊരു ടെൻഷനുമില്ലാത്ത ഒരു സെറ്റായിരുന്നു. ഇന്നത്തെ പോലെ താരങ്ങൾ കാരവാനിൽ വന്നിറങ്ങി കാരവാനിൽ തന്നെ തിരിച്ചു പോകുന്ന പതിവൊന്നുമില്ല. എല്ലാവരും ഒരുമിച്ചു വരുന്നു. ഒരുമിച്ചിരുന്നു കഥാപാത്രങ്ങളെ കുറിച്ചും സംഭാഷണങ്ങളെ കുറിച്ചുമെല്ലാം ചർച്ച ചെയ്യുന്നു. അങ്ങനെയൊക്കെ.
സിദ്ധിഖ്-ലാലിന്റെ സംവിധാന ശൈലി അതുപോലെയായിരുന്നു. പ്രൊഡ്യൂസർ നമ്മളോടു പെരുമാറുന്ന രീതിയ്ക്കു പോലും പ്രത്യേകതകളുണ്ടായിരുന്നു. ഒരുപാടു ചിരിപ്പിക്കുന്ന എന്തെങ്കിലും ഒരു കാര്യമുണ്ടാകാതെ ഒരു ദിവസം പോലും കടന്നുപോയിട്ടില്ല. ചുരുക്കി പറഞ്ഞാൽ ഒന്നാം ഓണം മുതൽ പത്താം ഓണം വരെ ആഘോഷിച്ച ഒരു അനുഭവം.
സിദ്ധിഖ്-ലാൽ ടീമിനു വേണം എല്ലാ അഭിനനന്ദനവും നല്‍കാൻ. അടിയും ബഹളവും കഥയും പാട്ടും എല്ലാം ഒന്നിനോടൊന്നു മികവുറ്റ സിനിമ. വർഷങ്ങൾ എത്ര കഴിഞ്ഞാലും ഗോഡ്ഫാദർ ഗോഡ്ഫാദർ തന്നെയായിരിക്കും.
ജീവിതത്തിൽ ഇങ്ങനെയുള്ള കഥാപാത്രങ്ങളെ അറിയുമോ?
ജീവിതത്തിൽ അങ്ങനെയൊരു കഥാപാത്രത്തെ കണ്ടിട്ടില്ല. ജീവിതത്തിൽ അഞ്ചുമക്കളും അച്ഛൻ പറയുന്നതുപോലെ അനുസരിക്കുന്ന രീതിയിലുള്ള ക്യാരക്ടർ ഉണ്ടെന്ന് തോന്നുന്നില്ല. ചിലപ്പോൾ ഞാൻ കാണാത്ത ആളുകൾ കാണുമായിരിക്കും.
God Father Malayalam super duper scene
മാസ് തുടക്കമാണല്ലോ ചിത്രത്തിന്....
നിങ്ങളുടെ അതേ അഭിപ്രായമാണ് പലർക്കും. എല്ലാവരും കാണുമ്പോൾ എന്നോടതു പറയാറുണ്ട്. സിനിമയുടെ തുടക്കവും ആദ്യത്തെ ഇടിയും കലക്കിയെന്ന്. അത് സത്യമാണ്. ഞങ്ങളെല്ലാവരും അത്രയ്ക്ക് ആസ്വദിച്ച് ചെയ്തൊരു രംഗമാണത്. എല്ലാവരും നന്നായി ചെയ്യുകയും ചെയ്തു. ആ രംഗത്തിലെത്തുന്ന സ്ത്രീ ശരിക്കും ഒരു കടലോരത്ത് ജീവിക്കുന്ന അരയത്തിപ്പെണ്ണിനെ പോലെ തന്നെയായിരുന്നു.
ഈ സിനിമയിൽ അഞ്ഞൂറാൻ എന്ന കഥാപാത്രം പരുക്കനാണ് അദ്ദേഹം സെറ്റിൽ എങ്ങനെ?
കഥാപാത്രമാണ് പരുക്കൻ. അദ്ദേഹം വളരെ സ്നേഹസമ്പന്നനായ മനുഷ്യനാണ്. ഷൂട്ടിങ് സമയത്തൊക്കെ എന്ത് രസമായിരുന്നെന്നോ...തമാശയും കാര്യങ്ങളുമൊക്കെയായി. വർഷങ്ങൾക്ക് ശേഷം അച്ഛനെ നേരിട്ട് കണ്ടപ്പോൾ വലിയ സ്നേഹമായിരുന്നു.
ഇലക്ഷനു ശേഷം?
പ്രത്യേകിച്ചൊന്നുമില്ല. എല്ലാവർക്കും ഇഷ്ടമായിരുന്നു എന്നെ. പിന്നെ ബിജെപിയാണോ സിനിമാക്കാരനാണോ ഒന്നും ആരും നോക്കിയിട്ടില്ല. 12,000 ലധികം വോട്ടു നേടി. അതു തന്നെ വലിയ കാര്യമല്ലേ. എനിക്ക് അതൊരു വൻ വിജയമായിട്ടാണ് തോന്നിയത്.
ആദ്യം പറഞ്ഞപോലെ നന്മയുള്ള അടിപിടിക്കാരൻ വേഷങ്ങൾ ഭീമൻ രഘു കുറച്ചേ ചെയ്തിട്ടുള്ളൂ. ഗോഡ്ഫാദർ ചിത്രത്തിലാണെങ്കിൽ ഒരു പാവം ലുക്കും. അതുപറഞ്ഞപ്പോൾ ഭീമൻ രഘു ഉറക്കെ ചിരിച്ചുകൊണ്ടു പറഞ്ഞു....നിങ്ങൾക്കറിയാഞ്ഞിട്ടാ...ജീവിതത്തിലും ഞാൻ പാവമാ....