ലിച്ചി...യുവഹൃദയങ്ങളെ കീഴടക്കിയ നായിക. മലർ ടീച്ചറിനെപ്പോലെ ലിച്ചിയും മലയാളികൾക്കിടയില്‍ തരംഗമാകുകയാണ്. അന്ന രേഷ്മ രാജന്‍ എന്ന ആലുവക്കാരിയാണ് അങ്കമാലിക്കാരി ലിച്ചിയെ സ്‌ക്രീനില്‍ അവീസ്മരണീയമാക്കുന്നത്. അഭിമുഖത്തിനായി ഫോണില്‍ വിളിച്ചപ്പോഴും നാക്കില്‍ വന്നത് 'ലിച്ചിയല്ലേ...' എന്നു ചോദിക്കാനാണ്. സംസാരിച്ചു തുടങ്ങിയപ്പോള്‍ തനി ലിച്ചി തന്നെ. ബെല്ലും ബ്രേക്കും ഇല്ലാതെ സംസാരിക്കുന്ന മനസ്സില്‍ നിറയെ നന്മകളുള്ള ലിച്ചിയെന്ന അന്ന രേഷ്മയുടെ വര്‍ത്തമാനങ്ങളിലൂടെ....
ആലുവക്കാരി രേഷ്മ അങ്കമാലിക്കാരി ലിച്ചിയായ കഥ...
ഞാന്‍ രാജാഗിരി ഹോസ്പ്പിറ്റലിലെ എമര്‍ജന്‍സി വിഭാഗത്തിലെ നഴ്‌സിങ് സ്റ്റാഫാണ്. ഹോസ്പ്പിറ്റലിലെ ഒന്നു രണ്ടു പരിപാടികളില്‍ അവതാരകയായിട്ടുണ്ട്. ഹോസ്പിറ്റലിന്റെ കോര്‍പ്പറേറ്റ് വീഡിയോയിലും അഭിനയിച്ചിരുന്നു. പിന്നീട് വീഡിയോ ഷൂട്ട് ചെയ്ത ടീം തന്നെ ഫോട്ടോഷൂട്ടിനു വന്നു. ഹോര്‍ഡിങ്‌സിനു വേണ്ടി കൂറെ ഫോട്ടോസ് എടുത്തു. അതില്‍ നിന്ന് തിരഞ്ഞെടുത്തവരുടെ കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു. ഹോര്‍ഡിങിസില്‍ എന്റെ ചിത്രം വരുന്നതിനോടു വീട്ടുകാര്‍ക്കു താല്‍പര്യമില്ലായിരുന്നു.
സ്വന്തം റിസ്‌കില്‍ ഞാന്‍ യെസ് മൂളി. അങ്ങനെ പ്രത്യക്ഷപ്പെട്ട പരസ്യ ബോര്‍ഡിലെ എന്റെ ചിരിക്കുന്ന പടം ലിജോ ചേട്ടന്‍ കണ്ടത്തോടെയാണ് ഞാന്‍ അങ്കമാലിയുടെ ഭാഗമാകുന്നത്. ഞാന്‍ ഹോസ്പ്പിറ്റലിലെ സ്റ്റാഫാണെന്ന് അണിയറ പ്രവര്‍ത്തകര്‍ക്ക് അറിയില്ലായിരുന്നു. പരസ്യ ബോര്‍ഡിലെ കുട്ടിയാരാണെന്നു കണ്ടെത്താന്‍ അവര്‍ക്കു കൂറെ അന്വേഷണങ്ങള്‍ നടത്തേണ്ടി വന്നു.
അഭിനയിക്കുന്നതിനോടു വീട്ടില്‍ അമ്മക്കും ചേട്ടനും ഒന്നും വലിയ താല്‍പര്യമില്ലായിരുന്നു. ഞാന്‍ 'നോ' പറയണേ എന്നാണ് അമ്മ പ്രാര്‍ഥിച്ചോണ്ട് ഇരുന്നത്. എന്റെ വീടിന്റെ അടുത്തൊരു അങ്കിളുണ്ട്. ബിനോ അങ്കിള്‍. എന്ത് പ്രശ്‌നം വന്നാലും ആദ്യം പറയുന്നത് അങ്കിളിനോടാണ്. ഞാന്‍ ബിനോപ്പാ എന്ന അദ്ദേഹത്തെ വിളിക്കുന്നത്. ബിനോപ്പാ എന്നെ സ്‌പ്പോര്‍ട്ട് ചെയതു. ആദ്യം ക്യാമറ ടെസ്റ്റൊക്കെ ഉണ്ടായിരുന്നു. ഭയങ്കര ടെന്‍ഷനായിരുന്നു. സെറ്റിലൊക്കെ വന്നു കഴിഞ്ഞപ്പോ വീട്ടുകാര്‍ക്കും ധൈര്യമായി.
ലിജോ ചേട്ടന്റെ സെറ്റ് വളരെ കംഫര്‍ട്ടബിളും സുരക്ഷിതവുമാണെന്ന് അവര്‍ക്കും ബോധ്യമായി. 10 എംഎല്‍ ബിറ്റോ ചേട്ടനൊക്കെ ലിജോ ചേട്ടന്റെ ബാല്യകാല സുഹൃത്താണ്. പക്ഷേ സെറ്റില്‍ സൗഹൃദം വേറെ സിനിമ വേറെ. സെറ്റില്‍ ലിജോ ചേട്ടന്‍ എല്ലാവരോടും ഒരുപോലെയാണ്. നന്നായാല്‍ നന്നായി എന്നു പറയും. കുളമാക്കിയാല്‍ നന്നായി ദേഷ്യപ്പെടുകയും ചെയ്യും.
ആ പ്രാര്‍ഥന ഫലിച്ചുട്ടോ...
ആദ്യ ഷോട്ട് ആദ്യ ടേക്കില്‍ തന്നെ ഓകെയായി. ഞാനും പെപ്പെയും പള്ളിയില്‍ മുട്ടുകുത്തി ഇരുന്ന പ്രാര്‍ഥിക്കുന്ന രംഗമാണ് ആദ്യം ഷൂട്ട് ചെയ്തത്. ആ രംഗം ഷൂട്ട് ചെയ്യുമ്പോള്‍ സത്യത്തില്‍ ഞാനും ആന്റണിയും ദൈവമേ ഞങ്ങളുടെ അഭിനയവും സിനിമയുമൊക്കെ നന്നായി വരണേ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുകയായിരുന്നു. പ്രാര്‍ഥന ഫലിച്ചു. ടേക്ക് ഓകെയായി, സിനിമ ഡബിള്‍ ഓകെയായി.
ലിച്ചി പ്രണയം പൂത്തുനില്‍ക്കുന്ന മരമാണത്രേ, രേഷ്മയോ
പ്രണയിച്ചിട്ടില്ല, ആര്‍ക്കും എന്നോടും പ്രണയം തോന്നിയിട്ടില്ല എന്നൊക്കെ പറഞ്ഞാല്‍ ജാഡയായി പോകും. പ്രണയവും പ്രണയാഭ്യര്‍ഥനകളുമൊക്കെ ഉണ്ടായിട്ടുണ്ട. പ്രണയവും പ്രോപോസലും ബ്രേക്കപ്പും എല്ലാം ലൈഫിന്റെ ഭാഗമാണല്ലോ. അതൊന്നും ഇല്ലെങ്കില്‍ ജീവിതം ബോറല്ലേ.
ലിച്ചിയും രേഷ്മയും തമ്മില്‍
ലിച്ചിയെപോലെ തന്നെ പുറത്തു പോയി ജോലി ചെയ്യണമെന്നും സമ്പാദിക്കണമെന്നും വീട്ടുകാരെ നോക്കണമെന്നും വീട് വെക്കണമെന്നുമൊക്കെ സ്വപ്നം കാണുന്ന പെണ്‍കുട്ടിയാണ് ഞാന്‍. ജോലി തിരക്കകള്‍ക്കിടയിലും സഹപ്രവര്‍ത്തകര്‍ക്കൊപ്പം നര്‍മ്മം പങ്ക് ഇടുന്ന വ്യക്തിയാണ്. എന്നാല്‍ ദേഷ്യപ്പെടേണ്ട സാഹചര്യമാണെങ്കില്‍ ദേഷ്യപ്പെടും. നമ്മള്‍ ജോലി ചെയ്യുന്നതും കഷ്ടപ്പെടുന്നതുമൊക്കെ നമ്മളെ പൊന്നുപോലെ വളര്‍ത്തിയ മാതാപിതാക്കളെ സംരക്ഷിക്കാനും കരുതാനും വേണ്ടിയാവാണമെന്ന ചിന്താഗതിക്കാരിയാണ് ഞാന്‍.
''ഒരു ചൂയിങമെങ്കിലും ചവച്ചൊണ്ടു നിന്നു കൂടെ...''
സ്‌കൂളില്‍ പഠിക്കുന്ന ടൈമിലൊന്നും അഭിനയി്ചിട്ടേ ഇല്ല. പ്ലസ്ടുവിനു പഠിക്കുന്ന സമയത്ത് ഒന്ന് രണ്ട് സ്‌കിറ്റിലൊക്കെ തല കാണിച്ചിട്ടുണ്ട്. അതിലൊക്കെ ബെഞ്ചു പോക്കുന്ന സീനിലും വെള്ളം കൊടുക്കുന്ന സീനിലും മാത്രം. എന്റെ കൂട്ടുകാരൊക്കെ കളിയാക്കുമായിരുന്നു. നിനക്ക് ഒന്നുമല്ലെങ്കില്‍ ഒരു ചൂയിങമെങ്കിലും ചവച്ചൊണ്ടു നിന്നുകൂടെ അങ്ങനെയെങ്കിലും മുഖത്തൊരു എക്‌സ്പ്രഷന്‍ വരട്ടെയെന്ന്.
''ഒറ്റൊരണ്ണം അഭിനയിച്ചു പോകരുത്''
ലിജോ ചേട്ടന്‍ ഞങ്ങളോട് എല്ലാവരോടും ആദ്യമേ പറഞ്ഞ കാര്യം നിങ്ങളാരും അഭിനയിക്കരുത് എന്നാണ്. മൂന്നുദിവസം ഇരുത്തി സ്‌ക്രിപ്പ്റ്റ് വായിച്ചു നമ്മുടെ കഥാപാത്രത്തെക്കുറിച്ചൊക്കെ പറയാന്‍ പറഞ്ഞു. ഞങ്ങള്‍ക്ക എല്ലാവര്‍ക്കും ഒരു ക്ലാസ് പോലെയൊക്കെ ഉണ്ടായിരുന്നു. അതിനിടയില്‍ ഞങ്ങള്‍ എല്ലാരും നല്ല കൂട്ടായി. ഫാമിലി പോലെയായി. ആ അടുപ്പം കൊണ്ടുകൂടിയാകും ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും വളരെ നാച്ചുറ്വലായി ചെയ്യാന്‍ പറ്റിയത്.
''അത് ഏതോ ഫ്രണ്ട്‌സ് പറ്റിക്കാന്‍ വിളിക്കണതാണ് പിള്ളേരേ''
സിനിമ കണ്ടിട്ട് ജയസൂര്യ വിളിച്ചു. ഞങ്ങള്‍ എല്ലാരും ഇരിക്കുമ്പോള്‍ ആദ്യം 10 എംഎല്‍ ബിറ്റോ ചേട്ടനെയാണ് വിളിച്ചത്. ചേട്ടന്‍ പറഞ്ഞ് അത് പുള്ളിയുടെ ഏതോ ഫ്രണ്ട്‌സ് പറ്റിക്കാന്‍ വിളിക്കണതാണെന്ന്. കുറച്ച് കഴിഞ്ഞ് എന്നെ വിളിച്ചു. ഞാന്‍ സ്പീക്കറിലിട്ടു. ജയസൂര്യയുടെ അതെ ശബ്ദം. പിന്നീട് അത് ജയസൂര്യ തന്നെയാണെന്ന് ബോധ്യമായി. ഞാന്‍ അന്ന് അതിന്റെ സന്തോഷത്തില്‍ അവിടെയെല്ലാം പാറി പാറി നടക്കുവാരുന്നു. പിന്നെ ലാലേട്ടന്‍ ഞങ്ങളുടെ സിനിമ കണ്ടെന്നു പറഞ്ഞു പോസ്റ്റ് ഇട്ടു. പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം തോന്നി. ഇതുവരെ ഞങ്ങളെല്ലാം ലാലേട്ടന്റെ പടങ്ങള്‍ കണ്ടുകൊണ്ടിരുന്ന ആളുകളാണ്. ഇപ്പോ ലാലേട്ടന്‍ ഞങ്ങളുടെ പടം കണ്ടു എന്നുപറയുമ്പോള്‍ സ്വപ്നം പോലെ തോന്നുന്നു.
മാരത്തോണ്‍ ഷൂട്ടിങും മനസ്സിലുടക്കിയ രംഗവും
മദ്യപ്പിച്ചു പള്ളിയുടെ മുന്നിലൂടെ നടന്നു വരുന്ന രംഗമാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട രംഗം. ഒരുപാട് കഷ്ടപ്പെട്ടാണ് ആ രംഗം ചിത്രീകരിച്ചത്. ആറു മിനിട്ടോളം ദൈര്‍ഘ്യമുള്ള ഒറ്റ ഷോട്ടായിരുന്നു അത്. രാത്രി എട്ടര-ഒന്‍പതു മണിക്കു തുടങ്ങിയ ഷോട്ടാണ്. തീര്‍ന്നപ്പോ ഒരുമണി രണ്ടു മണിയായി. ഷൂട്ട് ചെയ്യുന്നതിന്റെ ഇടയ്ക്കു ഓട്ടോയോ കാറോ ഒക്കെ ഫ്രെയിമില്‍ കേറി വരും. അതില്‍ ഇരിക്കുന്ന ആളുകള്‍ തിരിഞ്ഞു നോക്കും. അങ്ങനെ ഷോട്ട് ബ്രേക്കാകും. പിന്നെയും ടേക്ക് പോകും. എന്തായാലും അത്രയും കഷ്ടപ്പെട്ടു ചെയ്തത്തിന്റെ ഫലം ആ ഷോട്ടിനു ലഭിച്ചിട്ടുണ്ടെന്നുള്ളത് ഏറെ സന്തോഷം തരുന്നു.
ലിച്ചിയുടെ വില കളയാനില്ല
ലിച്ചിയെന്ന എന്ന കഥാപാത്രത്തിനു ഇത്ര അധികം സ്വീകാര്യത ലഭിക്കുമെന്നു കരുതിയിരുന്നില്ല. ടെസ്റ്റൊക്കെ എഴുതി വിദേശത്ത് പോയി ജോലി ചെയ്യണമെന്നതു തന്നെയാണ് ഇപ്പോഴും സ്വപ്നം. നല്ല കഥാപാത്രങ്ങള്‍ കിട്ടിയാല്‍ തീര്‍ച്ചയായും അഭിനയിക്കും. ലിച്ചിയെന്ന കഥാപാത്രത്തിനൊപ്പമോ മുകളിലോ നില്‍ക്കുന്ന കഥാപാത്രമായിരിക്കണം. ഏതെങ്കിലുമൊക്കെ വേഷം ചെയ്തു ലിച്ചിയുടെ വില കളയാന്‍ ആഗ്രഹമില്ല.
അപ്പനേ വല്ലാണ്ട് മിസ് ചെയ്യുന്നു
ഇപ്പോഴാണ് ഞാന്‍ ലിച്ചിയെന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. അതിനു മുമ്പ് എന്റെ മേല്‍വിലാസം രാജന്റെ മകള്‍ എന്നതായിരുന്നു. അച്ഛന്‍ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു. കഴിഞ്ഞ ദിവസം ഹൈബി ഈഡന്‍ എംഎല്‍എ വിളിച്ചിരുന്നു. സിനിമ കണ്ടിരുന്നു. കെ.സി. രാജന്‍ ചേട്ടന്റെ മകളാണെന്ന് അറിഞ്ഞതിന്റെ സന്തോഷത്തിലാണ് വിളിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അപ്പന്‍ മരിച്ചിട്ടു മൂന്നു വര്‍ഷമാകുന്നു. എന്റെ റിസല്‍ട്ട് വന്നതിന്റെ അന്നാണ് അപ്പന്‍ മരിക്കുന്നത്.
അപ്പന്‍ അവസാനമായി ചികിത്സയിലായിരുന്ന ഹോസ്പിറ്റലിലാണ് ഞാന്‍ ആദ്യമായി ജോലിക്കു കയറുന്നത്. അപ്പന്‍ എപ്പോഴും പറയുമായിരുന്നു, നീ പഠിച്ച് ജോലി കിട്ടിയിട്ടു വേണം എനിക്ക് ഫ്‌ളയിറ്റിലൊക്കെ കയറാന്‍ എന്ന്. കഴിഞ്ഞ ദിവസം സിനിമയുടെ പ്രൊമോഷനു വേണ്ടി ദുബായിലേക്ക് യാത്ര ചെയ്യുമ്പോള്‍ എന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു. അപ്പന്‍ ഇവിടൊക്കെ തന്നെയുണ്ട്. ഇവിടെങ്കിലുമിരുന്ന് കാണുന്നുണ്ടാകും.