ബൾഗേറിയയിലെ മൈനസ് 17 ഡിഗ്രി തണുപ്പിലായിരുന്നു തമിഴകത്തിന്റെ തല നായകനാകുന്ന തല 57 എന്ന ചിത്രത്തിന്റെ ഷൂട്ടിങ്. അജിത്തും വിവേകും കോഫി കുടിക്കുന്ന സീനിന്റെ ചിത്രീകരണം. ആവി പറക്കുന്ന കോഫി ഓരോ ഷോട്ടു കഴിയുമ്പോഴും ഐസ് കോഫിയായിപ്പോയ കാര്യം ആലോചിച്ച് വിവേക് ഒബ്റോയ് ഇടയ്ക്കിടെ ചിരിച്ചു കൊണ്ടാണു സംസാരം തുടങ്ങിയത്.
‘പതിയെ പതിയെ സിലക്ടീവായി സിനിമകൾ ചെയ്താൽ മതിയെന്ന തീരുമാനത്തിലാണ് ഞാൻ. ഏറെ പ്രതീക്ഷയുള്ള ബോളിവുഡ് ചിത്രം ബാങ്ക് ചോർ ഏപ്രിലിൽ റിലീസ് ചെയ്യും. ഐപിഎല്ലിന്റെ ഉള്ളറക്കളികളും അഴിമതിയും വാതുവയ്പും പശ്ചാത്തലമാക്കുന്ന പവർ പ്ലേയാണ് മറ്റൊരു ചിത്രം.’അജിത്തിനൊപ്പം തമിഴകത്തും അരങ്ങേറുന്ന സന്തോഷത്തിലാണു ബോളിവുഡ് താരം വിവേക് ഒബ്റോയ് മനോരമയോടു വിശേഷങ്ങൾ പങ്കുവച്ചത്.
ഭാഗ്യ ലാലേട്ടൻ
തന്റെ ഭാഗ്യനക്ഷത്രമാണു മലയാളത്തിന്റെ ലാലേട്ടനെന്ന കാര്യത്തിൽ വിവേകിനു സംശയമേയില്ല. ആദ്യ ചിത്രം ‘കമ്പനി’യിൽ വിവേകിനെ ഏറെ തുണച്ചതും മോഹൻലാലിന്റെ കമ്പനിയാണ്. ‘രാജ്യത്തെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളായ മോഹൻലാലിന്റെ ഏറ്റവും വലിയ പ്രത്യേകത അദ്ദേഹത്തിന്റെ വലിയ മനസ്സ് തന്നെയാണ്. ഒരു പുതുമുഖത്തെ എത്രത്തോളം പിന്തുണച്ചാണ് അദ്ദേഹം അഭിനയിക്കുന്നതെന്ന് അനുഭവിച്ച ആളാണ് ഞാൻ, അദ്ദേഹത്തിനേ അതു കഴിയൂ. മികച്ച വേഷങ്ങൾ ലഭിച്ചാൽ ഉറപ്പായും മലയാളത്തിൽ അഭിനയിക്കും. ഇതിനോടകം തമിഴ്, തെലുങ്ക് ചിത്രങ്ങൾ ചെയ്തു കഴിഞ്ഞു. എന്റെ ആദ്യചിത്രം കമ്പനി – ഞാൻ ലാലേട്ടനൊപ്പമാണ് ചെയ്തത്. അതുകൊണ്ടു തന്നെ എന്റെ ആദ്യ മലയാള ചിത്രം ലാലേട്ടനൊപ്പമാകണമെന്നാണ് എന്റെ ആഗ്രഹം. അദ്ദേഹം എന്റെ ഭാഗ്യനിമിത്തമാണ്.’ – വിവേക് പറയുന്നു. കമ്പനിയുടെ രണ്ടാം ഭാഗം നിർമിക്കാനുള്ള ആലോചനയുമുണ്ട് വിവേകിന്.
ചിരിപ്പിച്ച് ചിരിപ്പിച്ച് വെള്ളിമൂങ്ങ
ഇൗയടുത്തു കണ്ട മലയാള ചിത്രങ്ങളിൽ വിവേകിന് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം വെള്ളിമൂങ്ങയാണ്. ആ സിനിമ കണ്ട് ചിരിച്ച്.. ചിരിച്ച്.. തലകുത്തി മറിഞ്ഞെന്നു വിവേക്. ജനതാ ഗ്യാരേജും ഇഷ്ടമായി. പക്ഷേ, 125 കോടി രൂപയ്ക്കപ്പുറം ചാടിക്കടന്ന പുലിമുരുകൻ കാണാൻ ഇനിയും പറ്റിയിട്ടില്ല. ഇത്തരത്തിലൊരു വിജയം മലയാളം മേഖലയിൽ വരുന്നതു ശരിക്കും തന്നെ അദ്ഭുതപ്പെടുത്തുന്നുണ്ടെന്നു വിവേക്. ‘മികച്ച കഥകളും സംവിധാന ശൈലിയും കഴിവുറ്റ അഭിനേതാക്കളുമുണ്ട് മലയാളത്തിൽ. നിവിൻ, ഫഹദ്, അങ്ങനെ പ്രതീക്ഷ തരുന്ന ഒട്ടേറെപ്പേർ’..
ശബ്ദ രഹസ്യം
കോളജിൽ സുന്ദരിക്കുട്ടിയുമായി ചങ്ങാത്തത്തിലായിരുന്നു വിവേക്. ഇടയ്ക്കിടെ പുറത്തുപോകുമ്പോൾ റസ്റ്ററന്റ് മെനുവിലെ വിലകൂടിയ ഇനം തന്നെ കൂട്ടുകാരി ഓർഡർ ചെയ്യും. വിവേകിന്റെ പിതാവ് ഒരു മാസത്തേക്കുള്ള പോക്കറ്റ് മണിയായി കൊടുക്കുന്ന 500 രൂപ ഒറ്റ ദിവസം കൊണ്ടു തീരും.
ഇതോടെ പണത്തിനായി വിവേക് റേഡിയോ നാടകങ്ങൾ ചെയ്തു തുടങ്ങി. ഓരോ ആഴ്ചയിലും പണം കിട്ടിത്തുടങ്ങിയതോടെ കോളജിലെ ഏറ്റവും വലിയ പണക്കാരനായി വിവേക് മാറി. റേഡിയോ നാടകങ്ങളിലൂടെ ഡബ്ബിങ്ങിലേക്കും വിവേക് കടന്നു. ഒട്ടേറെ ഇംഗ്ലിഷ് ചിത്രങ്ങളും കാർട്ടൂണുകളും ഹിന്ദിയിലേക്ക് വിവേകാണ് ഡബ് ചെയ്തത് എന്നത് ഇപ്പോഴും പലർക്കും അറിയാത്ത രഹസ്യമാണ്. ഏറ്റവും ഒടുവിൽ ഹോളിവുഡ് ചിത്രമായ അമേസിങ് സ്പൈഡർമാനിൽ ജാമി ഫോക്സ് ഹിന്ദി പറഞ്ഞതും വിവേകിന്റെ ശബ്ദത്തിലൂടെയാണ്.