Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നയന മോഹനം ഈ ക്യാമറചലനങ്ങള്‍

K U Mohanan

എണ്‍പതുകളിലാണ് ഉത്തരമലബാറിലെ പയ്യന്നൂരില്‍ നിന്ന് ഒരു യുവാവ് സിനിമയുടെ ലോകത്തേക്കുള്ള യാത്ര തുടങ്ങുന്നത്. ചലച്ചിത്രത്തിന്റെ വര്‍ണകാഴ്ച്ചകള്‍ ഒപ്പിയെടുക്കുന്ന ഛായാഗ്രാഹകനാകാനുള്ള യാത്ര.

ഗള്‍ഫിലുള്ള കൂട്ടുകാരന്‍ അയച്ചു തന്ന ക്യാമറയില്‍ നിന്നും പഠിച്ച പാഠങ്ങളായിരുന്നു കൈമുതല്‍. ഒപ്പം സമ്പന്നമായ പയ്യന്നൂരിന്റെ ചലച്ചിത്രകൂട്ടായ്മകള്‍ പകര്‍ന്ന് തന്ന ലോകസിനിമാ കാഴ്ച്ചകളും. പിന്നീട് പൂനൈ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും പഠനം കഴിഞ്ഞ് ഡോക്യുമെന്ററികളിലൂടെയും പരസ്യചിത്രങ്ങളിലൂടെയും വളര്‍ന്ന് ബോളിവുഡ് സിനിമയുടെ മുഖ്യധാരാ കീഴടക്കി കഴിഞ്ഞു കെ. യു മോഹനന്‍ എന്ന ഈ പ്രതിഭ.

വിഖ്യാത സംവിധായകനായ മണി കൗളിന്റെ നൗക്കര്‍ കി കമീസില്‍ തുടക്കമിട്ട ക്യാമറ ചലനങ്ങള്‍ ഈ കാലഘട്ടത്തിന്റെ നായകനായ ഷാരൂഖ് ഖാന്‍റെ റയീസ് വരെ എത്തി നില്‍ക്കുന്നു. മലയാളത്തിന്റെ സ്പര്‍ശം ബോളിവുഡില്‍ പതിപ്പിച്ചവരുടെ രൂപരേഖകളും വിവരങ്ങളും സുലഭമായിരിക്കുന്ന ഈ ഇന്റര്‍നെറ്റ് കാലത്തും ഗൂഗിളില്‍ നിന്നോ വിക്കിപീഡിയയില്‍ നിന്നോ ഇദേഹത്തെ കുറിച്ച് നമുക്ക് ഒന്നും ലഭിക്കില്ല. ചലച്ചിത്രങ്ങളുടെ വര്‍ണ്ണാഭമായ ചലനങ്ങള്‍ ഒപ്പിയെടുത്ത് എന്നും ക്യാമറയ്ക്ക് പിന്നില്‍ അദൃശ്യനായി നില്‍ക്കുന്ന ഛായാഗ്രാഹകന്റെ ദൗത്യം തന്നെയാണ് കെ യു മോഹനനും നിര്‍വഹിക്കുന്നത്. തന്റെ ചലച്ചിത്ര ജീവിതകാഴ്ച്ചപാടുകളെ കുറിച്ചും അനുഭവങ്ങളെ കുറിച്ചും കെ യു മോഹനന്‍ സംസാരിക്കുന്നു...

Manorama Online | I Me Myself | K U Mohanan

സിനിമയുടെ വേരുകള്‍ അധികം പടരാത്ത ഒരു പ്രദേശമായ പയ്യന്നൂരില്‍ നിന്നും ബോളിവുഡിന്റെ മുഖ്യധാരയിലെത്തുക എന്നത് അവശ്വസീനയ കാര്യമല്ലേ?

ആ കാലത്ത് പയ്യന്നൂരിന്റെ ചലച്ചിത്ര ആസ്വാദനം വളരെ വലുതായിരുന്നു. ഫിലിം സൊസൈറ്റി പ്രസ്ഥാനം സജീവമായ കാലമായിരുന്നു അത്. പല ലോകക്ലാസിക്കുകള്‍ കാണുവാനുള്ള അവസരവും അന്ന് ലഭിച്ചിരുന്നു. കോളേജില്‍ ബിരുദപഠനകാലത്താണ് ഇത്തരം ചലച്ചിത്രപ്രസ്ഥാനങ്ങളുമായി ബന്ധപ്പെടുന്നത്. ആ സമയത്ത് ഏതെങ്കിലും പ്രത്യേക തൊഴിലിനെ കുറിച്ചുള്ള ചിന്ത ഉണ്ടായിരുന്നില്ല. താത്പര്യമുള്ള കാര്യങ്ങളൊക്കെ ശ്രദ്ധിക്കും കാണും, അവയെക്കുറിച്ച് വായിക്കും. ഇതായിരുന്നു രീതി. സാഹിത്യവും സിനിമയുമായിരുന്നു മുഖ്യ വിഷയം.

സര്‍ഗ്ഗ ഫിലിം സൊസൈറ്റിയാണ് അന്നത്തെ പയ്യന്നൂരിന്റെ പ്രധാന സിനിമാ കേന്ദ്രം. അവിടുത്തെ സൗഹൃദങ്ങളാണ് സിനിമാ സ്വപ്‌നം കാണുവാന്‍ പ്രേരിപ്പിച്ചത്. പൂനൈ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഛായാഗ്രഹണം പഠിക്കാന്‍ പ്രേരണയായതും പയ്യന്നൂരിന്റെ ഈ ചലച്ചിത്രകൂട്ടായ്മകള്‍ തന്നെയാണ്.

ഫോട്ടോഗ്രഫിയുടെ സ്വാധീനവും ചലച്ചിത്രകാഴ്ച്ചകളുമാണ് ഛായാഗ്രാഹകനാകണം എന്ന മോഹം കൂടുതല്‍ വളര്‍ത്തിയത്.

1960 ആഗസ്റ്റില്‍ പയ്യന്നൂര്‍ മഹാദേവ ഗ്രാമത്തിനടുത്ത് പി.ഗോവിന്ദപൊതുവാളിന്റയും മാധവിയമ്മയുടെയും മകനായി ജനനം. പയ്യന്നൂര്‍ സൗത്ത് യു.പി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. പയ്യന്നൂര്‍ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നേടിയ മോഹനന്‍ പയ്യന്നൂര്‍ കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും നേടിയിട്ടുണ്ട്.

ഛായാഗ്രാഹകന്‍ എന്ന നിലയിലുള്ള വളര്‍ച്ചയെ പൂനൈ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് എങ്ങനെ സ്വാധീനിച്ചു?

ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനം തന്നെയാണ് ജീവിതത്തിലെ വലിയ വഴിത്തിരിവ്. അവിടെയുള്ള അന്തരീക്ഷവും അധ്യാപകരും സഹപാഠികളും എന്നെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. പുസ്തകങ്ങളുടെയും , ലോകക്ലാസിക്കുകളുടെയും മഹത്തായ ഒരു ശേഖരം തന്നെ അവിടെയുണ്ട്.

മലയാളിയായ പി.കെ നായര്‍ രൂപം കൊടുത്ത നാഷ്ണല്‍ ഫിലിം ആര്‍ക്കേവ്‌സ്, ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഏറ്റവംു പ്രധാനപ്പെട്ട ഭാഗമാണ്. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണുവാനും പഠിക്കുവാനും സാധിച്ചു. ഒട്ടനവധി പ്രബലര്‍ അന്ന് ക്ലാസുകള്‍ കൈകാര്യം ചെയ്തിരുന്നു. ഇക്കാലത്ത് സിനിമാറ്റോഗ്രഫി പഠിച്ച സീനിയേഴ്‌സിനൊപ്പം നിരവധി ഡോക്യുമെന്ററികളിലും ഹൃസ്വചിത്രങ്ങളിലും സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

K U Mohanan

ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠിച്ചിറങ്ങുന്ന ഏതൊരാളുടെയും സ്വപ്‌നം സിനിമയാണ്. എന്നാല്‍ അതില്‍ നിന്നും ഒരു വഴിമാറ്റമാണ് താങ്കള്‍ നടത്തിയത്.അതിന് കാരണം

ഒരു യഥാര്‍ത്ഥ ചലച്ചിത്രം ഡോക്യുമെന്ററികളാണ് എന്ന തിരിച്ചറിവ് ഇന്‍സ്റ്റിറ്റിയൂട്ട് പഠനകാലത്തു തന്നെ എനിക്കുണ്ടായിരുന്നു. ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി കേരളത്തില്‍ വന്ന് ജോലി ചെയ്യാനാഗ്രഹിച്ചെങ്കിലും രജ്ഞന്‍ പാലിതുമായുള്ള സൗഹൃദവും അദേഹത്തിന്റെ ഒരു ഡോക്യുമെന്ററിയില്‍ സഹഛായാഗ്രാഹകനായി ഡോലി ചെയ്യാന്‍ ലഭിച്ച അവസരവും ബോംബെയില്‍ തന്നെ നില്‍ക്കാന്‍ എന്നെ പ്രേരിപ്പിച്ചു. വോയ്‌സസ് ഫ്രം ബലിയാ പാല്‍ , ഇന്‍ ക്യാമറ തുടങ്ങിയ നിരവധി ഡോക്യുമെന്ററികളിലൂടെ പ്രശസ്തനാണ് രജ്ഞന്‍ പാലിത്ത്.

അദേഹവുമായി ഒന്നിച്ചുള്ള പ്രവര്‍ത്തനം എന്റെ കാഴ്ച്ചപാടുകള്‍ തന്നെ മാറ്റി. പിന്നീട് ആനന്ദ് പട്‌വര്‍ദ്ധന്റെയും മറ്റും ഡോക്യുമെന്ററികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. അവയില്‍ കൈകാര്യം ചെയ്ത രീതിയും വിഷയങ്ങളും പഠനവിഷയമാക്കി.

ഡോക്യുമെന്ററിയില്‍ നിന്നും ഡോക്യുഫിക്ഷന്‍ എന്ന ചലച്ചിത്രരൂപത്തിന്റെ സാധ്യതയെ കുറിച്ച് ധാരണയുണ്ടാക്കിയത് ഇന്ത്യന്‍ വംശജയായ കനേഡിയന്‍ സംവിധായിക ഈശമാര്‍ജാരാ ഒരുക്കിയ ഡെസ്പറേറ്റ്‌ലി സീക്കിങ് ഹെലന്‍ എന്ന ഡോക്യുമെന്ററിയാണ്. ഇതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഫിന്‍ലാന്റിലെ ജോണ്‍ വെബ്‌സ്റ്റര്‍ എന്ന സംവിധായകനോടൊപ്പം ചേര്‍ന്ന് റൂം ഓഫ് ലൈറ്റ് ആന്റ് ഷാഡോ എന്ന ഡോക്യുമെന്ററിയെടുക്കുന്നത്. ക്യാമറയ്ക്കു പുറമെ ചിത്രത്തിന്റെ സംവിധാന സഹായിയും ഞാനായിരുന്നു. ബോംബെയിലെ ചുവന്ന തെരുവുകളിലെ സത്രീകളുടെ ജീവിതമായിരുന്നു ചിത്രത്തിന്റെ പ്രമേയം. ദേശീയതലത്തില്‍ തന്നെ നിരവധി പുരസ്‌കാരരങ്ങള്‍ ലഭിച്ചിട്ടുള്ള ചിത്രമാണ്. ഏകദേശം പത്തുവര്‍ഷത്തോളം കാലം ഡോക്യുമെന്ററികളായിരുന്നു എന്റെ ജീവിതം

ആദ്യ ചിത്രം വിഖ്യാത സംവിധായകനായ മണി കൗളിനൊപ്പം.. എങ്ങനെയായിരുന്നു അദേഹവുമായുള്ള അനുഭവം

എന്നെ സംബന്ധിച്ചടത്തോളം തികച്ചും അഭികാമ്യമായ ഒരു തുടക്കം തന്നെയായിരുന്നു ഇത്. 1997ലാണ് നൗകര്‍ കി കമീസ് എന്ന ചിത്രത്തിനായി അദേഹമെന്നെ വിളിക്കുന്നത്. ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള പരിചയവും എന്റെ ഡോക്യുമെന്ററികളുമാകാും ഈ ചിത്രത്തിലേയ്ക്ക് എന്നെ വിളിക്കാന്‍ അദേഹത്തിന് പ്രേരണയായതെന്ന് ,തോന്നുന്നു.

കച്ചവട ചിത്രങ്ങളിലേക്ക് വ്യതിചലിച്ചു പോകാതിരുന്നതും ഇങ്ങനൈയൊരു തുടക്കം എനിക്കു കിട്ടിയതു കൊണ്ടാകാം. സിനിമയോട് ഒടുങ്ങാത്ത ആവേശവും പ്രണയവുമായിരുന്നു അദേഹത്തിന്. പ്രതിഭാശാലിയായ അദേഹവുമൊത്തുള്ള പിരവര്‍ത്തനം എനിക്ക് മറ്റൊരു പഠനം തന്നെയായിരുന്നു. ക്യാമറാ ചലനത്തിന്റെ സങ്കീര്‍ണ്ണതകള്‍ ചലച്ചിത്രത്തിലെ ആശയവിനിമയത്തെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്നതിനെ കുറിച്ചും, കൃത്യമായ ഫ്രെയ്മിങിനെ പറ്റിയും കൂടുതല്‍ അറിയുവാന്‍ മണി കൗളുമായുള്ള പ്രവര്‍ത്തനം സഹായകമായി.മണി കൗളിന്റെ മനസില്‍ ഉണ്ടാകുന്ന പുത്തന്‍ പരീക്ഷണങ്ങള്‍ക്ക് ക്യാമറ കൊണ്ട് കഴിയുന്ന സഹായവുമായി ഞാന്‍ ഒപ്പമുണ്ടായിരുന്നു. പുതിയൊരു ചിത്രത്തിന്റെ ചര്‍ച്ചകളുമായി മുന്നോട്ടു പോകുന്ന സമയത്തായിരുന്നു അപ്രതീക്ഷിതമായ അദേഹത്തിന്റെ അന്ത്യം.

K U Mohanan

ആര്‍ട് സിനിമയില്‍ നിന്നും ബോളിവുഡ് മുഖ്യധാരാ ചിത്രങ്ങളിലേക്കുള്ള കടന്ന് വരവ് എങ്ങനെയായിരുന്നു

ആദ്യ ചിത്രത്തിന് ശേഷം ആറു വര്‍ഷത്തോളം പരസ്യ ചിത്രങ്ങളിലാണ് കൂടുതല്‍ പ്രവര്‍ത്തിച്ചത്. സിനിമയോടുള്ള അമിതമായ ആവേശം എനിക്കില്ലായിരുന്നു. മിക്ക വലിയ പരസ്യ കമ്പനികള്‍ക്കൊപ്പവും ഞാന്‍ ജോലി ചെയ്തു.

പരസ്യത്തിലെ രംഗങ്ങള്‍ യഥാര്‍ത്ഥ ജീവിതവുമായി അടുത്തു നില്‍ക്കുന്നതായി മാറുന്ന കാലഘട്ടമായിരുന്നു അത്. അതിനാല്‍ തന്നെ അന്നു ചെയ്ത പല പരസ്യങ്ങളിലും മൗലികമായ സംഭാവനകള്‍ നല്‍കാന്‍ സാധിച്ചിട്ടുണ്ട്.

ഇത്തരം പരസ്യ ചിത്രങ്ങള്‍ കണ്ടിട്ടാകാം സംവിധായകന്‍ ഫര്‍ഹാന്‍ അക്തര്‍ ഡോണ്‍ എന്ന ചിത്രത്തിനായി എന്നെ വിളിക്കുന്നത്. അമിതാഭ് ബച്ചന്‍ അഭിനയിച്ച ഡോണില് നിന്നും പ്രത്യേകിച്ചും ദൃശ്യാവതരണത്തില്‍ വ്യത്യസ്ത കൊണ്ടുവരണമെന്നായിരുന്നു ഫര്‍ഹാന്റെ ആവശ്യം. ചിത്രത്തിനൊരു അന്താരാഷ്ട്ര ശൈലി കൊണ്ടുവരാന്‍ ഞാന് ശ്രമിച്ചിട്ടുണ്ട്. അതിലെ കാര്‍ ചേസിംഗ് രംഗങ്ങള്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ അണിയറപ്രവര്‍ത്തകരുടെ കൂട്ടായ്മ വിജയത്തിന് മറ്റൊരു മുതല്‍ കൂട്ടായി.

ഡോണിലെ അദേഹത്തിന്റെ ക്യാമറാ വര്‍ക്ക് ദേശീയ അവാര്‍ഡിന് വരെ പരിഗണിക്കപ്പെട്ടിരുന്നു.

ഡോണ്‍ ഒരു ആക്ഷന്‍ ചിത്രമായിരുന്നെങ്കില്‍ ഇതില്‍ നിന്നും വേറിട്ടൊരു ചിത്രമായിരുന്നു ആജാ നച്ച്‌ലേ. സംവിധായകന്‍ എന്റെ സുഹൃത്തും കൂടിയായിരുന്നു. മാധുരീ ദീക്ഷിന്റെ തിരിച്ചു വരവെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ആജാ നച്ച്‌ലേ. കരണ്‍ ജോഹര്‍ നിര്‍മിച്ച വീ ആര്‍ ഫാമിലി എന്ന ചിത്രവും അതിനിടയില്‍ ചെയ്തിരുന്നു. എന്നാല്‍ ഒരു മാനസിക സംതൃപ്തി ലഭിക്കാത്ത ചിത്രമായിരുന്നു. അമിതാഭ് ബച്ചനെ നായകനാക്കി സുജിത് സര്‍ക്കാര്‍ സംവിധാനം ചെയ്ത ജോണി മസ്താന എന്റെ കരിയറിലെ ഒരു മികച്ച സൃഷ്ടിയായിരുന്നു , എന്നാല്‍ ചിത്രം റിലീസ് ചെയ്തില്ല.

K U Mohanan

ആമിര്‍ ഖാനും നവാസുദ്ദീന്‍ സിദ്ദിഖിയും

പതിവ് ഹിന്ദി ചിത്രങ്ങളില്‍ നി വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു തലാഷ്. കൂടുതലും രാത്രിയിലായിരുന്നു ചിത്രീകരണമധികവും പ്രത്യേകിച്ചും അപകടങ്ങള്‍ ചിത്രീകരിക്കാന്‍ വളരെ പ്രയാസപ്പെടേണ്ടി വന്നു. പുഴയിലേക്ക് കാര്‍ മറിയുന്ന രംഗം ദിവസങ്ങളെടുത്താണ് ചിത്രീകരിച്ചത്.

ആമിര്‍ ഖാന്‍റെ ഡെഡിക്കേഷനും സമ്മതിച്ചുകൊടുക്കേണ്ടാണ്. ഒരു നിര്‍മ്മാതാവ് എന്നതിലുപരി ചലച്ചിത്രത്തിലെ എല്ലാ മേഖലകളെ കുറിച്ചും വ്യക്തമായ അറിവുള്ള ആളാണ് അമീര്‍ ഖാന്‍. ക്യാമറയിലാമെങ്കിലും, അഭിനയത്തിലാണെങ്കിലും തന്റേതായ സംഭാവനകള്‍ മറ്റുള്ളവര്‍ക്ക് കൂടി നല്‍കുണമെന്നു കരുതുന്ന ആളാണ് അദേഹം.

സംവിധായകന്‍റെ നല്ല സുഹൃത്താണ് നവാസുദ്ദീന്‍ സിദ്ദിഖി. ഇന്നത്തെ തലമുറയുടെ നടനാണ് അദേഹം.

ഷാരൂഖ് ഖാനൊപ്പം വീണ്ടും, എന്താണ് റയീസ്

ഷാരൂഖ് ഖാന്‍ ഒരു ഡ്രീം ഹിറോ ആണ്. ഇത്രയും സഹകരിക്കുന്ന മറ്റൊരു നടനില്ല. വര്‍ക്കഹോളിക്ക് ആണ് അദ്ദേഹം. ആമിറും ഷാരൂഖും തികച്ചും പ്രൊഫഷനലാണ്. റയീസിലെ കഥാപാത്രം റിയലിസ്റ്റിക് ആണ്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രമാണിത്. ഗുജറാത്തില്‍ മദ്യനിരോധനം ഉണ്ടായ പശ്ചാത്തലം ആസ്പദമാക്കി എടുത്തിരിക്കുന്നു.

മദ്യം ഒളിച്ചു കടത്തി കച്ചവടം നടത്തുന്ന പയ്യന്‍ അധോലോക നായകനായി മാറുന്നതാണ് റയീസ്.