അന്യന്‍റെ വാക്കുകള്‍ സംഗീതം പോലെ ആസ്വദിക്കുന്ന ഒരു കാലം വരും ആ കാലത്തിന് വേണ്ടി പ്രാര്‍ഥിക്കാമെന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി പറയുന്നത്. അക്കാലത്താണ് ടി.പി ചന്ദ്രശേഖരന്‍ എന്ന ഒരു പാവം മനുഷ്യനെ കുറെ പേർ ചേർന്ന് ക്രൂരമായി വെട്ടിനുറുക്കിയത്. അദ്ദേഹത്തിനുള്ളതാണ് ഇൗ സിനിമ. അദ്ദേഹത്തെക്കുറിച്ചുള്ളതാണ് ഇൗ സിനിമ. ടിപി 51 എന്ന ചിത്രത്തിന്റെ സംവിധായകൻ മൊയ്തു താഴത്ത് പറയുന്നു.
സാധാരണജനങ്ങളുടെ ഹൃദയത്തില്‍ പതിഞ്ഞ ഒരു രാഷ്ട്രീയപ്രവര്‍ത്തകന്‍. രാഷ്ട്രീയകൊലപാതകങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുള്ളതും ഇനി ഒരുപാട് നടക്കാനുളളതുമായ നാടാണ് കേരളം. വിവിധപാര്‍ട്ടികളുടെ വാക്പോരില്‍ ഒരുപാട് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഒരുപാര്‍ട്ടി തന്നെ അതേപാര്‍ട്ടിയിലെ പ്രവര്‍ത്തകനെ വെട്ടിക്കൊല്ലുന്ന അവസ്ഥ. അത് അതിഭീകരമാണ്.
ആകാശത്തൊരു നക്ഷത്രം, ഞങ്ങള്‍ക്കായൊരു നക്ഷത്രം, ടി.പി എന്നൊരു നക്ഷത്രം
ടി.പിയെ ചെറുപ്പം മുതലേ അറിയാം. ഇത്രയും ജനസമ്മതനായ ഒരു രാഷ്ട്രീയക്കാരന്‍. വര്‍ഗശത്രുക്കളെക്കാള്‍ അപകടകാരികളായി തീര്‍ന്ന റിവിഷനിസ്റ്റുകളുടെ ഫാസിസ്റ്റ് മുറയിലുള്ള ആക്രമണത്തിലാണ് ടി.പി ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ടത്. ജനങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ ഈ സിനിമ ചെയ്യുന്നത്.
ഈ സിനിമയിലേക്ക് പ്രേരിപ്പിച്ച ഘടകം
കേരളം ഇന്നുവരെ കണ്ടിട്ടുള്ളതില്‍വച്ച് ക്രൂരമായൊരു കൊലപാതകമായിരുന്നു അത്. 51 വെട്ടുകൊണ്ട് മുഖം ചിതറിപോയിരുന്നു ആ മുഖം. മുഖമാണെന്ന് കരുതി കാലുപിടിച്ച് പൊട്ടിക്കരയുന്ന ടി.പിയുടെ മകന്‍ നന്ദുവിന്‍റെ ചിത്രം ഒരിക്കലും മറക്കാനാകില്ല.
മരണമടഞ്ഞ നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി അന്ത്യചുംബനം നല്‍കാനുള്ള അവസാനത്തെ അത്താണിയാണ് മുഖം. ടി.പിയുടെ ഭാര്യ രമയ്ക്ക് ആ മുഖത്ത് ചുംബനത്തിന് പകരം റോസാപ്പൂ വെക്കേണ്ടി വന്നു. ഇതൊക്കെ ഈ സിനിമയിലേക്ക് എന്നെ പ്രേരിപ്പിച്ച ഘടകമാണ്.
മുപ്പത് വര്‍ഷമായി എന്‍റെ കുടുംബം ഇടതുപക്ഷത്തിനാണ് വോട്ടു ചെയ്തിരുന്നത്. ഇടതുപക്ഷ അനുഭാവമുള്ള ഒരു മുസ്ലിം കുടുംബമാണ് എന്‍റേത്. ടി.പിയുടെ മരണശേഷം വീട്ടിലെത്തിയ എന്‍റെ ഉമ്മ പറഞ്ഞ വാക്കുകള്‍ ഓര്‍ക്കുന്നു. ‘ ഇനി സിപിഎമ്മിന് വോട്ടുചെയ്യണമെന്ന് പറഞ്ഞ് നീ എന്‍റെ അടുത്തു വന്നാല്‍ ചെരുപ്പൂരി മുഖത്തടിക്കും’.
ഈ സംഭവങ്ങളെല്ലാം എന്നെ ചിന്തിപ്പിച്ചു. ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് ഇതൊരു സന്ദേശമായി നല്‍കണമെന്ന് എനിക്ക് തോന്നി. അതിന് ഏറ്റവും നല്ല മാര്‍ഗം സിനിമയാണ്.
അങ്ങനെ തിരക്കഥ എഴുതാന്‍ ആളെ കണ്ടെത്തി. ആദ്യം തിരക്കഥ എഴുതാന്‍ വന്നയാള്‍ ദിവസങ്ങള്‍ക്കുള്ളില്‍ പണിനിര്‍ത്തിപോയി. ചോദിച്ചപ്പോള്‍ അയാള്‍ക്കൊരു ഭീഷണികോള്‍ വന്നെന്ന് പറഞ്ഞു.
അങ്ങനെ നാലു തിരക്കഥാകൃത്തുക്കള്‍ ഈ സിനിമയ്ക്ക് വേണ്ടി എലുതി. നാലുപേരും ചിത്രം പാതിവഴിയില്‍ ഉപേക്ഷിച്ചു. അവസാനം എന്‍റെ തന്നെ ചില സുഹൃത്തുക്കളുടെ സഹായത്തോടെ ഞാൻ ഇൗ സിനിമയുടെ കഥ എഴുതി. ഇരുപത്തിരണ്ടോളം നിര്‍മാതാക്കള്‍ ഈ സിനിമ ഉപേക്ഷിച്ചു. അഡ്വാന്‍സ് നല്‍കിയ തുക തിരികെ മേടിച്ച് പോയവരുണ്ട്. മലയാളത്തിലെ പ്രമുഖരായ പതിനെട്ടോളം നടന്മാര്‍ ടിപി ആകാന്‍ വിസമ്മതിച്ചു. സിനിമയുടെ ടെക്നീഷ്യന്‍മാര്‍ ഇടയ്ക്ക് ഉപേക്ഷിച്ച് പോയി.
നാലു തവണ പാര്‍ട്ടി തന്നെ സിനിമയുടെ ചിത്രീകരണം തടഞ്ഞു. കോഴിക്കോട് മുടിക്കല്‍ മലയിലും വടകരയിലും ചിത്രീകരണം തടഞ്ഞു. എന്നാല്‍ അവിടെയും ഞാന്‍ തളര്‍ന്നില്ല. ജനാധിപത്യബോധമുള്ള ഒരു പൊതുസമൂഹത്തിന്‍റെ പിന്തുണയോടെയാണ് പിന്നീട് ഷൂട്ടിങ് തുടര്‍ന്നത്. ഒഞ്ചിയം, വള്ളിക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ ജനപിന്തുണയോടെ സിനിമയുടെ ചിത്രീകരണം തുടര്‍ന്നു.
രമേശന്‍ വടകരയെന്ന ടി.പി
ടി.പി ആകാന്‍ ഒരും തയാറാകുന്നില്ലെന്നും ഈ സിനിമ ഉപേക്ഷിച്ചെന്നും മാധ്യമങ്ങളിലും മറ്റും വാര്‍ത്ത വന്നിരുന്നു. അതിനിടെയാണ് ഒരു ഇടതുപക്ഷ സഹയാത്രിക എന്നെ വിളിക്കുന്നത്. ‘ചന്ദ്രന്‍ നല്ല കമ്യൂണിസ്റ്റ്കാരനായിരുന്നു. അവനെക്കുറിച്ചുള്ള സിനിമ നിര്‍ത്തരുതെന്ന് അവര്‍ എന്നോട് പറഞ്ഞു.
അവര്‍ ഒരു മാവേലിസ്റ്റോറില്‍ പോയപ്പോള്‍ ടി.പിയെ പോലെ സാദൃശ്യമുള്ള ഒരാളെ കണ്ടെന്നും രമേശ് എന്നാണ് േപരെന്നും പറഞ്ഞു. മോനൊന്ന് പോയിട്ട് അയാളെ കാണണം ഈ സിനിമ തുടരണമെന്നും അവര്‍ പറയുകയുണ്ടായി. അങ്ങനെ ഞാൻ രമേശേട്ടനെ പോയി കണ്ടു. സംസാരിച്ചു. അദ്ദേഹത്തിന്റെ ചലനങ്ങള്‍ നിരീക്ഷിച്ചു. ആദ്യം വിസമ്മതിച്ചെങ്കിലും അവസാനം അഭിനയിക്കാന്‍ തീരുമാനിച്ചു. ഞാന്‍ പിന്നെ രക്തസാക്ഷിയാകാന്‍ നടക്കുന്നതുകൊണ്ട് മരണഭയമില്ലായിരുന്നു. (മൊയ്തു ചിരിക്കുന്നു)
ഭീഷണികൾ, തടസങ്ങൾ
കണ്ണൂരിലെ താണയിലെ വാടകവീട്ടില്‍ ആയിരുന്നു എന്റെ താമസം. ഈ സിനിമ ചെയ്തു എന്ന ഒറ്റകാരണം കൊണ്ട് വാടകവീട്ടില്‍ നിന്ന് കുട്ടികളെയും കൊണ്ട് വടകരയിലേക്ക് പലായനം ചെയ്യേണ്ടി വന്നു. ഈ സിനിമ ചെയ്താല്‍ കൊന്നുകളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എനിക്ക് മാത്രമല്ല നടന്‍ രമേശ് വടകരയ്ക്കും വധഭീഷണി ഉണ്ടായി.
ദേവി അജിത്ത് റിയാസ് ഖാന്‍, ഭീമന്‍ രഘു, ശിവജി ഗുരുവായൂര്‍, ഗീത സലാം തുടങ്ങിയ താരങ്ങളോടെല്ലാം ഞാന്‍ കടപ്പെട്ടിരിക്കുന്നു. മ്യൂസിക് ചെയ്തത് വിപിന്‍ സുദര്‍ന്‍ ആണ് ചെയ്തിരിക്കുന്നത്. ദേശീയ പുരസ്കാരം നേടിയ ജലീല്‍ ബാദുഷ ക്യാമറ ചെയ്തിരിക്കുന്നത്. സുറാസ് വിഷ്വല്‍ മീഡിയയുടെ ബാനറില്‍ ഗഫൂര്‍ വടകരയാണ് സഹനിര്‍മാതാവ്.
സെന്‍സറിങ്
സിനിമ പോസ്റ്റ് പ്രൊഡക്ഷന്‍ കഴിഞ്ഞു. സെന്‍സര്‍ ബോര്‍ഡ് കാണുന്നു. സെന്‍സര്‍ ബോര്‍ഡ് റീജയണല്‍ ഡയറ്കടര്‍ ഡോ. പ്രതിഭയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമായിരുന്നു സിനിമ ഇതിനായി ഉണ്ടായിരുന്നത്. എന്നാല്‍ സിനിമയ്ക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഡോ. പ്രതിഭയ്ക്ക് ഒരു പ്രമുഖരാഷ്ട്രീയ നേതാവില്‍ നിന്നും വിളി വന്നു.
അങ്ങനെ സിനിമ റിവേഴ്സിങ് കമ്മിറ്റിക്ക് വിട്ടു. ഒരു സിനിമയെ കൊല്ലുന്നതിന് തുല്യമാണ് ഈ നടപടി. ഇതിന് മുന്‍പ് ഇങ്ങനെയൊരു വിധി നേരിടേണ്ടി വന്നത് ബാന്‍ഡിറ്റ് ക്യൂന്‍ എന്ന ചിത്രത്തിനാണ്. ബോംബെയില്‍ നിന്ന് ചെയര്‍മാന്‍ വരുന്നു. അതും ചാര്‍ട്ടേഡ് ഫ്ലൈറ്റില്‍, അദ്ദേഹം സിനിമ കണ്ടതിന് ശേഷം പിന്നീട് പത്തുപേര്‍ വരുന്നു. അവരും സിനിമ കാണുന്നു. പിന്നെ അവിടെ വാഗ്വാദവും യുദ്ധവുമാണ് നടക്കുന്നത്. അങ്ങനെ ആ സിനിമ കണ്ട പത്തുപേരും ഈ സിനിമയ്ക്ക് സെന്‍സറിങ് നല്‍കണമെന്ന് ചെയര്‍മാനോട് ആവശ്യപ്പെട്ടു.
സിപിഎമ്മിനെതിരെ ആണോ ഇൗ സിനിമ?
ഒരിക്കലുമല്ല. ഇത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനോ സിപിഎമ്മിനോ എതിരല്ല. ഈ സിനിമ ഫാസിസ്റ്റുകള്‍ക്ക് എതിരെയുള്ളതാണ്.