ആരാധകർ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ–ഹരി ടീമിന്റെ സിങ്കം 3. ഫെബ്രുവരി ഒൻപതിന് ലോകമൊട്ടാകെ പ്രദർശനത്തിനെത്തുന്ന സിനിമയുടെ വിശേഷങ്ങളുമായി സംവിധായകൻ ഹരി മനോരമ ഓൺലൈനിൽ....
Si3 English Sneak Peek | Suriya, Anushka Shetty, Shruti Haasan
എന്താണ് സിങ്കം 3യുടെ പ്രത്യേകത
ഇന്ത്യൻ സിനിമയിൽ ഒരു സിനിമയുടെ മൂന്നാം ഭാഗം ഇതിന് മുമ്പും വന്നിട്ടുണ്ട്. എന്നാൽ ഒരേകഥയുടെ തുടർച്ചയായി ഒരേ നായകൻ തന്നെ അഭിനയിക്കുന്ന ഒരു സിനിമ തമിഴിൽ ഇതാദ്യമാണ്. നായകൻ മാത്രമല്ല അതേ കഥാപാത്രങ്ങൾ അഭിനേതാക്കൾ എന്നിങ്ങനെ എല്ലാ ഘടകങ്ങളും തുടർച്ചയായി ഉൾപ്പെടുത്തിയിട്ടുള്ള ഒരു മൂന്നാം ഭാഗം ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യത്തെ അനുഭവമാണെന്ന് തോന്നുന്നു.
ഈ സിനിമയുടെ വിജയം ഇന്നത്തെ തലമുറയിലെ സംവിധായകർക്കും ഇതുപോലെ തുടർഭാഗങ്ങൾ ചെയ്യാൻ പ്രചോദനമാകട്ടെ എന്ന് പ്രതീക്ഷിക്കുന്നു.
മൂന്നാം ഭാഗം മുൻകൂട്ടി നിശ്ചയിച്ചിരുന്നോ?
ഒരിക്കലുമില്ല, സിങ്കം ആദ്യ ഭാഗത്തിന്റെ അവസാനം വേട്ട തുടരുമെന്ന് എഴുതി കാണിക്കുമ്പോൾ രണ്ടാം ഭാഗം മനസ്സിൽ കണ്ടുകൊണ്ടേ ആയിരുന്നില്ല. പക്ഷേ പടം വിജയിച്ച് കഴിഞ്ഞ് എന്തുകൊണ്ട് രണ്ടാം ഭാഗം ആയിക്കൂടെന്ന് ചോദിച്ചപ്പോൾ അത് എനിക്ക് പ്രചോദനമാകുകയായിരുന്നു.
രണ്ടാം ഭാഗം വിജയിച്ചപ്പോഴും മൂന്നാം ഭാഗം മനസ്സിൽ ഇല്ലായിരുന്നു. പക്ഷേ ആരാധകരും മാധ്യമങ്ങളും എന്നെ കാണുമ്പോഴെല്ലാം സിങ്കം 3യെക്കുറിച്ചാണ് ചോദിച്ചുകൊണ്ടിരുന്നത്. എന്നാൽ അന്നും മൂന്നാം ഭാഗത്തെക്കുറിച്ച് ഞാൻ ചിന്തിച്ചില്ല. ഇതിനിടെ ഞാനും സൂര്യയും ചേർന്ന് മറ്റൊരു കഥ ചർച്ച ചെയ്തിരുന്നു.
ആദ്യ ചർച്ച കഴിഞ്ഞ് മൂന്നാമത്തെ ചർച്ചയ്ക്കിടെ സിങ്കം 3യുടെ ഒരു ത്രെഡ് ഉണ്ടെന്ന് സൂര്യയോട് പറഞ്ഞു. അദ്ദേഹം കേൾക്കാൻ താൽപര്യം പ്രകടിപ്പിച്ചു. കേട്ട് കഴിഞ്ഞ് ത്രെഡ് ഇഷ്ടമായെന്നും ഈ സിനിമ നമ്മൾ ചെയ്യുന്നുവെന്നും പറയുകയായിരുന്നു. സിനിമയുടെ വൺലൈന്‍ പോലും അന്ന് തയ്യാറായിട്ടില്ല.
തിരക്കഥ എഴുതി തീരുന്നതുവരെ കാത്തിരിക്കാമെന്ന് സൂര്യ പറഞ്ഞു. വളരെ സമയമെടുത്താണ് സിങ്കം 3യുടെ തിരക്കഥ പൂർത്തിയാക്കിയത്.
സിങ്കം 3യിലെ ചലഞ്ച്
ഇതിന് മുമ്പ് സാമി, സിങ്കം, സിങ്കം 2 എന്നിങ്ങനെ മൂന്നുപൊലീസ് സ്റ്റോറി ചെയ്തു. സൂര്യ കാക്ക കാക്കയിലും പൊലീസ് വേഷം ചെയ്തു. ഈ നാലു സിനിമകളെയും വെല്ലുന്ന ഒരു സിനിമയായിരിക്കണം സിങ്കം 3 എന്നതായിരുന്നു എന്റെ മുന്നിലെ കടുത്ത വെല്ലുവിളി.
ആദ്യ രണ്ടുഭാഗങ്ങളിൽ നിന്ന് ദുരൈ സിങ്കം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു
കഴിഞ്ഞ സിനിമകളിൽ യൂണിഫോംധാരിയായ പൊലീസ് ഓഫീസറായിരുന്നു അദ്ദേഹം. ഇതിൽ കുറച്ചുഭാഗത്ത് യൂണിഫോം അണിഞ്ഞും സ്റ്റൈലിഷ് ലുക്കിലും സൂര്യയെ കാണാം. ഇത്തവണ ദുരൈ സിങ്കം രാജ്യാന്തര ഇൻവെസ്റ്റിഗേറ്റീവ് ഓഫീസറാണ്. അതുകൊണ്ടാണ് ദ് യൂണിേവഴ്സൽ കോപ്പ് എന്നു വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ സിങ്കം സിനിമകളിലേക്കാൾ കൂടുതൽ പക്വതയും എനർജിയം സിങ്കം 3യിലെ ദുരൈ സിങ്കത്തിനുണ്ട്്.
സിങ്കം 3യിലെ പ്രമേയം
ജനങ്ങൾ ദിനംപ്രതി അനുഭവിക്കുന്ന പ്രശ്നങ്ങൾ ചിത്രത്തിൽ പ്രമേയമാകുന്നത്. അതിൽ തന്നെ അന്തർദേശീയമായ വളരെ കുഴപ്പം പിടിച്ച ഒരു പ്രശ്നത്തെ ഇന്ത്യൻ പൊലീസ് എങ്ങനെ അഭിമുഖീകരിക്കുന്നു എന്നതാണ് സിനിമയുടെ കാതൽ. ഒരു ഇന്റർനാഷ്ണൽ പൊലീസ് സ്റ്റോറി ആയതിനാൽ ആന്ധ്രയിൽ തുടങ്ങി ആസ്ട്രേലിയ, ജോർജിയ, റൊമാനിയ, സിംഗപ്പൂര് എന്നിവടങ്ങളിലെല്ലാം ചിത്രീകരണം ഉണ്ടായിരുന്നു.
ഒരു പുതിയ സൂര്യയെ ആയിരിക്കും ഈ ചിത്രത്തിലൂടെ ആരാധകർ കാണുക. സൂര്യയുടെ നോട്ടം, മാനറിസം, സംസാരരീതി, ആക്ഷൻ എന്നിവയെല്ലാം വ്യത്യാസമായിരിക്കും. ആരാധകരെ രസിപ്പിക്കുന്ന എല്ലാ ഘടങ്ങളും ചേർത്ത് പുതിയ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ അണിയിച്ചൊരുക്കുന്ന വേഗതയും മൂർച്ചയുമുള്ള സിനിമ. നെറ്റിചുളിക്കാതെ കുടുംബസമേതം കണ്ട് ആസ്വദിക്കാവുന്ന ഒരു എന്റർടെയ്നർ.