സാമ്പത്തിക ലാഭമുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ദുരുപയോഗം ചെയ്തതിനാല്‍ മോഹന്‍ലാലിന് ലെഫ്റ്റനന്റ് കേണല്‍ പദവി നഷ്ടമായേക്കുമെന്ന വാർത്തകൾക്കെതിരെ പ്രതികരിച്ച് മേജർരവി. ചിട്ടകള്‍ പാലിക്കുന്നതില്‍ വീഴ്ച്ച വരുത്തിയതിനെത്തുടർന്ന് മോഹന്‍ലാലിന്റെ ലെഫ്നന്റ് കേണല്‍ പദവി തിരിച്ചെടുക്കാന്‍ തീരുമാനമെന്നാണ് ചില പ്രമുഖ ഓൺലൈൻ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത്. മോഹന്‍ലാലിന് ബഹുമാനസൂചകമായി നല്‍കിയ ടെറിട്ടോറിയല്‍ ആര്‍മിയിലെ ലെഫ്റ്റനന്റ് കേണല്‍ പദവി തിരിച്ചെടുക്കണമെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പ്രതിരോധ മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടതായും ഈ വാര്‍ത്തയിലുണ്ട്. ഇതിനെതിരെയാണ് മേജർരവിയുടെ പ്രതികരണം. മേജർ രവി മനോരമ ഓൺലൈനിനോട് പ്രതികരിച്ചത് ഇങ്ങനെ;
‘പഴയ ന്യൂസ് വച്ച് ഒരു ന്യൂസും കിട്ടാതെ വരുമ്പോൾ കുറച്ച് ഓൺലൈനുകാർ ചെയ്യുന്ന പണിയാണ്. കാണ്ഡഹാര്‍ എന്ന സിനിമയുടെ ഹോര്‍ഡിങുകളില്‍ ഗ്രാന്‍ഡ് കേരളാ ഷോപ്പിംഗ് ഫെസ്റ്റിവലിന് പരസ്യം നല്‍കാന്‍ സ്ഥലം നല്‍കിയിരുന്നു. ഹോര്‍ഡിങിന് താഴെയാണ് ഈ പരസ്യം വന്നത്. മോഹന്‍ലാല്‍ ലെഫ്റ്റനന്റ് കേണല്‍ യൂണിഫോമില്‍ അല്ല മേജര്‍ മഹാദേവന്‍ എന്ന് നെയിംപ്‌ളേറ്റില്‍ ആ സിനിമയിലെ കഥാപാത്രത്തിന്റെ യൂണിഫോമിലാണ് ഹോര്‍ഡിങില്‍ ഉണ്ടായിരുന്നത്.
അതുപോലും തിരിച്ചറിയാനാകാത്തെ ബ്രിഗേഡിയർ ജോഷി എന്ന വ്യക്തിയാണ് ഈ പരാതി നൽകിയത്. അദ്ദേഹത്തിനോട് അന്ന് സംസാരിച്ച് അവസാനിപ്പിച്ച കേസാണ് ഇപ്പോൾ വീണ്ടും കുത്തിപൊക്കിയിരിക്കുന്നത്. ജോഷിയുടെ അന്നത്തെ കത്ത് പുതിയതെന്ന രൂപത്തിൽ കാണിക്കുന്നത് അസൂയ മൂലമാണ്. മോഹൻലാലിന്റെ ഏതെങ്കിലും ഒരു സിനിമ വിജയിച്ചു കഴിഞ്ഞാൽ ഉടൻ കേണൽ പദവി തിരിച്ചെടുക്കണം അതുമല്ലെങ്കിൽ ആനക്കൊമ്പിന്റെ വിവാദം പൊക്കിക്കൊണ്ടു വരണം. ഇതൊക്കെ സ്ഥിരം പരിപാടിയാണ്.’ മേജര്‍ രവി പറഞ്ഞു.
‘കിട്ടാത്ത മുന്തിരി പുളിക്കും’ എന്നാണ് ഇതൊക്കെ കാണുമ്പോൾ പറയാൻ തോന്നുക. ലഫ്റ്റനന്റ് കേണൽ പദവി ഒരു നടനും കിട്ടിയിട്ടില്ല. അദ്ദേഹത്തിന് ഡോക്ടർ പദവികൊടുത്തിട്ടുണ്ട്, കാരോട്ടയിൽ ബ്ലാക്ക് ബെൽറ്റ് കൊടുത്തിട്ടുണ്ട്. അങ്ങനെ പല സ്ഥാനമാനങ്ങളും കൊടുത്തിട്ടുണ്ട്. അതൊന്നും തിരിച്ചെടുക്കാൻ എന്താണ് ആരും ആവശ്യപ്പെടാത്തത്. ഇതൊക്കെ ചിലരുടെ നികൃഷ്ട ബുദ്ധിയിൽ നിന്നു വരുന്ന ഒരു വികാരം മാത്രമാണ്. കാരണം ആർക്കും കിട്ടാത്ത ഒരു പദവി മോഹൻലാലിന് കിട്ടിയതിനുള്ള അസൂയ മാത്രമാണ്. ഈ അഞ്ച് വർഷത്തിനുള്ളിൽ ജനിച്ച കുട്ടികൾക്കുള്ള വാർത്ത ആയി മാത്രമേ പുതിയതായി തോന്നുകയുള്ളൂ. കാരണം 2011 ൽ ജീവനോടെ ഇരുന്നവരെല്ലാം ഈ കേസിനെക്കുറിച്ച് കണ്ടതാണ് കേട്ടതുമാണ്. ഈ വാർത്ത പ്രസിദ്ധീകരിച്ച എല്ലാ ഓൺലൈൻ മാധ്യമങ്ങളോടും എനിക്ക് പുച്ഛമാണ്.’ മേജര്‍ രവി പറയുന്നു.
‘ജോഷി ഇപ്പോൾ ജീവനോട് ഉണ്ടോ എന്ന് ഈ പറഞ്ഞ മാധ്യമങ്ങൾ അന്വേഷിക്കുന്നത് നല്ലതായിരിക്കും . ജോഷി വെറും വെള്ളപേപ്പറിലാണ് പരാതി പ്രതിരോധമന്ത്രിക്ക് കൊടുത്തത്. അപ്പോൾ അദ്ദേഹം ആ പേപ്പർ ചവട്ടുകൊട്ടയിൽ എറിഞ്ഞിട്ടു പറഞ്ഞിരുന്നതാണ് ‘നിങ്ങൾക്ക് കളിക്കാനുള്ളതല്ല ഈ ലഫ്റ്റനന്റ് റാങ്ക്, ഞങ്ങൾക്കറിയാം എന്താണ് ചെയ്യേണ്ടതെന്ന്’. ഈ കാര്യങ്ങളെല്ലാം ജോഷിയോട് തന്നെ ചോദിക്കണം. പഴയ വാർത്തയെച്ചൊല്ലിയുള്ള പുതിയ വിവാദം ജോഷിയ്ക്ക് അറിയാമോ എന്നു പോലും അറിയില്ല. ഏതു സമയത്തും മോഹൻലാലിന്റെ ലഫ്റ്റനന്റ് റാങ്കിന്റെ പുറകിൽ എന്തിനാണ് പോകുന്നത്?
2011നുശേഷം അദ്ദേഹം മൂന്നുപ്രാവശ്യം ലൈൻഓഫ് കൺട്രോളിൽ പോയിട്ട് പട്ടാളക്കാരുമായി സന്ദർശിച്ചതിന്റെ പേരിൽ നോർത്തേൺ കമാൻഡർ അദ്ദേഹത്തിന് കഴിഞ്ഞ വർഷം ചീഫ് ഓഫ് ആർമി കമാൻഡറിന്റെ കമന്റേഷൻ ഗാർഡ് കൊടുത്ത് ആദരിക്കുകയുണ്ടായി. ഇതൊന്നും പത്രത്തിൽ കൊടുത്ത് ന്യൂസ് ആക്കുന്നതിനോട് താൽപര്യമില്ല. എന്തു കേട്ടാലും അതിനെതിരായി പ്രവർത്തിക്കുന്ന ആളുകൾ ഒരുപാടുണ്ട് ഇവിടെ.’ മേജര്‍ രവി പറയുന്നു.
ലഫ്.കേണൽ പദവി ആർക്കും കിട്ടാത്ത പദവി അദ്ദേഹത്തിന് കിട്ടിയതിനുള്ള അസൂയ ആണ്. അവരാണ് ഈ ആവശ്യമില്ലാത്ത വാർത്ത സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നത്. ആ അസൂയ വളരുന്നത് അദ്ദേഹത്തിന്റെ പടം ഹിറ്റാവുമ്പോഴാണ് മോഹൻലാലിനെ ഏറ്റവും അധികം ആക്രമിക്കാൻ പറ്റിയ പദവിയായ ലഫ്. കേണൽ പദവി. കൂടെ ഒരു കൊട്ട് മേജർ രവിക്കും. ഇങ്ങനെ വാർത്ത പ്രചരിപ്പിച്ചതുകൊണ്ട് ലഫ്. കേണൽ പദവി ഒന്നും തിരിച്ചെടുക്കാൻ പോകുന്നില്ല. അതിനൊക്കെ കൃത്യമായ നിയമവശങ്ങൾ ഉണ്ട്. അത് മോഹൻലാൽ കൃത്യമായി പാലിക്കുന്ന വ്യക്തിയുമാണ്.
ജനുവരിയിൽ അദ്ദേഹം ട്രെയിനിങ്ങിനു പോകുകയാണ്. .ഇതെല്ലാം ആത്മാർഥതയോടെ തന്നെയാണ് ചെയ്യുന്നത്. സ്വന്തം കയ്യിലെ കാശ് എടുത്തിട്ടാണ് കാശ്മീരിലെ ട്രൂപ്പിനെ സന്ദർശിക്കാൻ പോകുന്നത്. ഇതൊന്നും പബ്ലിസിറ്റിയ്ക്കായി ചെയ്യുന്നതല്ല. അതിന്റെ ആവശ്യവുമില്ല. അത് ട്രൂപ്പുമായിട്ടുള്ള ബന്ധത്തിന്റെ പുറത്താണ് പോകുന്നത്. ഈ കാര്യങ്ങളൊന്നും സെൽഫിയെടുത്ത് വാട്സ് ആപ്പിൽ ഇടാറുമില്ല. ലഫ്. കേണൽ പദവിയ്ക്ക് പിറകേയുള്ള ചിലരുടെ ഈ നടത്തം നിർത്തണ്ട സമയം കഴിഞ്ഞു. ഇതിന്റെ പിന്നിൽ അസൂയ മാത്രമാണ് ഉള്ളത്. മേജർ രവി വ്യക്തമാക്കി.