പുലിമുരുകൻ ഉപേക്ഷിക്കാൻ മോഹൻലാലിനെ ഉപദേശിച്ചവരുണ്ട്

പുലിയെ കീഴ്പ്പെടുത്തുന്നതുപോലെ ശ്രമകരമായ ജോലിയാണു പുലിമുരുകൻ എന്ന ചിത്രം തിയറ്ററിൽ എത്തിക്കാൻ അണിയറക്കാർ നടത്തിയതും. അഞ്ചു ഷെഡ്യൂളുകളിലായി 150 ദിവസമായിരുന്നു ഷൂട്ട്. അതും കൊടുംകാടിനുള്ളിൽ. ടെക്നീഷ്യൻമാർ പലരും പരുക്കു പറ്റി പിൻവാങ്ങി. പടം മുടങ്ങുമെന്നുള്ള കഥ വേറെ. ചിത്രം ഉപേക്ഷിക്കാൻ മോഹൻലാലിനെ ഉപദേശിച്ചവരുണ്ട്. എന്നിട്ടും ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ പുലിമുരുകൻ തിയറ്ററിലെത്തി.

പുലിമുരുകൻ എന്ന കഥാപാത്രം രൂപപ്പെടുത്തിയതു മുതൽ തിയറ്ററിലെത്തിയതു വരെയുള്ള സാഹസിക കഥകൾ തിരക്കഥാകൃത്ത് ഉദയകൃഷ്ണ പറയുന്നു.

എവിടെനിന്ന് കിട്ടി പുലിമുരുകനെ...?

എന്റെ നാട് കോതമംഗലമാണ്. അവിടെനിന്നു 30 കിലോമീറ്റർ അകലെയാണു പൂയം കുട്ടി ഗ്രാമം. വന്യമൃഗങ്ങളോടു പൊരുതി ജീവിക്കുന്ന മനുഷ്യരാണ് അവിടെയുള്ളത്. വേട്ടക്കാരായ വീരനായകന്മാരുടെ കഥകൾ കേട്ടാണു ഞാൻ വളർന്നത്. അത്തരം പല കഥകളിൽ നിന്നാണു പുലിമുരുകൻ രൂപപ്പെടുന്നത്. കഥാപാത്രത്തെപ്പറ്റി പറഞ്ഞപ്പോൾ മോഹൻലാലിനും താൽപര്യമായി. കഥ കേട്ട വൈശാഖിനും ഇഷ്ടപ്പെട്ടു. ഞങ്ങൾ രണ്ടു പേരും കൂടി ഇരുന്നു വൺലൈൻ പൂർത്തിയാക്കി.

നിർമാതാവ് ടോമിച്ചൻ മുളകുപാടം, ഉദയ്കൃഷ്ണ എന്നിവർക്കൊപ്പം വൈശാഖ്

ബിഗ്ബജറ്റ് പടമാകും എന്ന് അപ്പോഴേ മനസ്സിലായി. സുഹൃത്തായ ടോമിച്ചൻ മുളകുപാടത്തോടു പറഞ്ഞപ്പോൾ സിനിമ നിർമിക്കാം എന്ന് ഏറ്റു. പിന്നെ നേരെ മോഹൻലാലിന്റെ അടുത്തേക്ക്. സ്ക്രിപ്റ്റ് വായിച്ചുകേട്ട ലാലേട്ടൻ തായ്​ലൻഡുകാരനായ കേഷ് എന്ന ഫൈറ്റ് മാസ്റ്ററെ നിർദേശിക്കുകയും ചെയ്തു.

ഞങ്ങൾ കേഷിനെ നേരിട്ടു പോയി കണ്ടെങ്കിലും അദ്ദേഹം നാലുവർഷത്തെ സമയം ചോദിച്ചു. മലയാളത്തിൽ അങ്ങനെയൊരു കാത്തിരിപ്പു സാധ്യമല്ലാത്തതിനാൽ, മറ്റൊരാളെ നോക്കാമെന്നായി തീരുമാനം. അങ്ങനെയാണു പീറ്റർ ഹെയ്നിൽ എത്തുന്നത്. ഞാനും വൈശാഖും ടോമിച്ചനും കൂടി വിയറ്റ്നാമിൽ പോയാണു പീറ്റർ ഹെയ്നെ കാണുന്നത്. കഥ കേട്ടയുടൻ അദ്ദേഹം പറഞ്ഞു ‘നന്നായിട്ടുണ്ട്. ഞാനിന്നുവരെ ഒരു ആനിമൽ ഫൈറ്റ് ചെയ്തിട്ടില്ല. അതുകൊണ്ട് ഒന്നോ രണ്ടോ പ്രോജക്ടുകൾ ഒഴിവാക്കിയാലും പ്രതിഫലം നോക്കാതെ ഞാൻ ഈ പടം ചെയ്യും.’

അതോടെ പുലിമുരുകനു ജീവൻ വച്ചു. പക്ഷേ, ഈ സന്തോഷവാർത്തയുമായി ഞങ്ങൾ കേരളത്തിലെത്തുമ്പോൾ മോഹൻലാലിന്റെ ഡേറ്റ് മാറി. അദ്ദേഹം പുതിയ പടത്തിൽ അഭിനയിക്കാൻ കരാർ ഒപ്പിടുകയും ചെയ്തു. ഉടൻ സിനിമാ ലോകത്തു പുതിയ കഥയും പരന്നു. ‘മോഹൻലാൽ സ്ക്രിപ്റ്റ് തള്ളി, പുലിമുരുകൻ നടക്കില്ല.’

പടം ചെയ്യരുതെന്നു പ്രമുഖ സംവിധായകർ വരെ മോഹൻലാലിനെ ഉപദേശിച്ചതായി കേട്ടിരുന്നു?

മോഹൻലാലിനെ മാത്രമല്ല എന്നെയും ഉപദേശിച്ചു പലരും. എന്തിനാണ് ഇങ്ങനെയൊരു റിസ്ക് എടുക്കുന്നതെന്നാണ് അവരു ചോദിക്കുന്നത്. നേരിട്ടു പറയാൻ ബുദ്ധിമുട്ടുള്ള ചിലർ ഇടനിലക്കാരെ വിട്ടുവരെ ഉപദേശിച്ചു. സത്യമാണ്, ലാലേട്ടനു ചില സന്ദേഹങ്ങൾ ഉണ്ടായിരുന്നു. എഴുതിവച്ചതൊക്കെ എങ്ങനെ ഷൂട്ട് ചെയ്യും എന്ന സംശയം മാത്രമായിരുന്നു അത്. ഒരു പ്രോജക്ടിലേക്ക് ഇറക്കിക്കൊണ്ടുവരാൻ വലിയ ബുദ്ധിമുട്ടുള്ള നടനാണു മോഹൻലാൽ.

ഒട്ടേറെക്കാര്യങ്ങൾ അദ്ദേഹത്തെ ബോധ്യപ്പെടുത്തേണ്ടി വരും. പക്ഷേ, തീരുമാനിച്ച് ഇറങ്ങിക്കഴിഞ്ഞാൽ, അദ്ദേഹം നമ്മുടെ ഒരുപടി മുകളിൽ നിൽക്കും. പിന്നെ പിന്തിരിപ്പിക്കാൻ ഒരാൾക്കും കഴിയില്ല. ലാലേട്ടനു പിന്തുണയുമായി ആന്റണി പെരുമ്പാവൂരും ഒപ്പം നിന്നു. ടോമിച്ചൻ എന്ന ശക്തനായ നിർമാതാവും വൈശാഖ് എന്ന മിടുക്കനായ സംവിധായകനും പതറാതെ നിന്നു.

ഇത്രയും റിസ്ക് ഉള്ള ഒരു പ്രോജക്ട് എങ്ങനെയാണു മോഹൻലാലിനെ ബോധ്യപ്പെടുത്തിയത്?

കൂടെ അഭിനയിക്കുന്നതു വന്യമൃഗമാണ്. അതിന്റെ കാര്യത്തിലായിരുന്നു കൺഫ്യൂഷൻ. ഞങ്ങൾ കടുവയെ കണ്ടെത്തിയ ശേഷം ലാലേട്ടനെ അറിയിക്കുകയായിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു. ‘എനിക്ക് അതുമായി പരിചയിക്കണം’. അങ്ങനെ ഞങ്ങൾ വിയറ്റ്നാമിൽ പോയി. അവിടെ രണ്ടാഴ്ചത്തെ ഒരു ഫൈറ്റ് ട്രെയിനിങ് ക്യാംപാണു പീറ്റർ ഹെയ്ൻ ഒരുക്കിയത്.

സൂര്യ, വിക്രം തുടങ്ങിയവരൊക്കെ ഷൂട്ടിനു മുൻപ് ഇത്തരം ക്യാംപുകളിൽ പങ്കെടുക്കാറുണ്ട്. പക്ഷേ, രണ്ടു ദിവസം കഴിഞ്ഞപ്പോഴേ പീറ്റർ ഹെയ്ൻ ഞങ്ങളുടെ ക്യാംപ് മതിയാക്കി. അദ്ദേഹം മോഹൻലാലിന്റെ മുൻപിൽ വന്നിട്ടു പറഞ്ഞു. ‘നമിച്ചിരിക്കുന്നു. നിങ്ങൾക്ക് ട്രെയ്നിങ് വേണ്ട. നിങ്ങൾ ലൊക്കേഷനിലേക്കു വന്നാൽ മതി സാർ.’ അതോടെ പ്രോജക്ടിൽ ലാലേട്ടനു പൂർണ വിശ്വാസമായി.

ഷൂട്ടിങ് എങ്ങനെയുണ്ടായിരുന്നു?

കടുവയുടെ മൂഡ് അനുസരിച്ചേ ഷൂട്ടിങ് പറ്റൂ. രാവിലെയും വൈകിട്ടുമായി ദിവസം നാലുമണിക്കൂറാണ് അനുവദിക്കുന്നത്. അതിൽ രണ്ടു മണിക്കൂറേ പലപ്പോഴും ഷൂട്ടിങ് നടന്നിട്ടുള്ളു. ഇരുപതു ദിവസത്തോളമെടുത്തു മൃഗവുമായുള്ള എപ്പിസോഡ് ഫിനിഷ് ചെയ്യാൻ. പരിശീലകർ ആദ്യമേ പറഞ്ഞിരുന്നു അവർക്കു സുരക്ഷയുടെ കാര്യത്തിൽ ഉത്തരവാദിത്തം എടുക്കാൻ പറ്റില്ലെന്ന്. പലപ്പോഴും മൃഗം അക്രമാസക്തനായി. മുന്നോട്ടു നയിച്ചതു മോഹൻലാൽ എന്ന നടന്റെ സഹകരണമാണ്. നോ എന്ന വാക്ക് ലാലേട്ടന്റെ നിഘണ്ടുവിൽ ഇല്ല.

മലയാള സിനിമ അടിമുടി മാറിയിട്ടും ഇങ്ങനെയൊരു പടം ചെയ്യാൻ എങ്ങനെ ധൈര്യം വന്നു?

മാസ് പടങ്ങളുടെയും അതെഴുതുന്നവരുടെയും കാലം കഴിഞ്ഞെന്നു മാധ്യമങ്ങൾ വിലയിരുത്തിയിട്ടു കാലം ഏറെയായി. എന്നെ വ്യക്തിപരമായി വിളിച്ച് ഒരു മുന്നറിയിപ്പുപോലെ ഇതൊക്കെ പറയുന്നവരും ഉണ്ട്. പക്ഷേ, എന്റെ അഭിരുചി ഇതാണ്. വിസ്മയക്കാഴ്ചകൾ ഒരുക്കാനാണ് എനിക്കിഷ്ടം. പേനയെടുക്കണമെങ്കിൽ എന്റെ മനസ്സിൽ ഒരു ഹീറോ ജനിക്കണം.

പുതിയ താരങ്ങൾ പക്ഷേ, ഇത്തരം കഥകൾ ഒഴിവാക്കി സിംപിൾ സിനിമകളാണല്ലോ ചെയ്യുന്നത്?

എന്നോട് പലരും പറയാറുണ്ട്, ഇപ്പോൾ സിംപിൾ സിനിമകളുടെ കാലമാണെന്നും അതാണു ട്രെൻഡ് എന്നും. പക്ഷേ, ട്രെൻഡിനെ ബ്രേക്ക് ചെയ്യുമ്പോഴാണു സൂപ്പർ ഹിറ്റ് ജനിക്കുന്നതെന്നാണ് എന്റെ വിശ്വാസം. ചരിത്രം പരിശോധിച്ചാലറിയാം, രാജാവിന്റെ മകൻ എന്ന ആക്​ഷൻ നായകനാണു മോഹൻലാലിനെ താരമാക്കിയത്. ന്യൂഡൽഹിയും അതിരാത്രവും പോലുള്ള മാസ് പടങ്ങളാണു മമ്മൂട്ടിയെ താരമാക്കിയത്. പുതിയ നടന്മാർ മാസ് പടങ്ങൾ ചെയ്യണം എന്നാണ് എന്റെ അഭിപ്രായം. എങ്കിലേ സ്റ്റാർഡം ഉണ്ടാവൂ. സ്റ്റാർഡം ഉണ്ടായാലേ ബിഗ് ബജറ്റ് പടങ്ങൾ ഉണ്ടാവു. എങ്കിലേ തിയറ്ററുകൾ നിറയൂ. തിയറ്ററുകൾ നിറഞ്ഞുകവിഞ്ഞാലേ സിനിമ ഇൻഡസ്ട്രി നിലനിൽക്കൂ.

തിരക്കഥ പൂർത്തിയാക്കി കഴിഞ്ഞാലും ഷൂട്ടിങ്ങിനും എഡിറ്റിങ്ങിനും മുതൽ അവസാനത്തെ മിനുക്കു പണിക്കുവരെ കൂടെ നിൽക്കാറുണ്ടല്ലേ?
ഗുരു തുല്യനായ ജോഷി സാറിനൊപ്പമായാലും ഞങ്ങൾക്കൊപ്പം വളർന്ന വൈശാഖിനൊപ്പമായാലും സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ഞാൻ കൂടെ നിൽക്കും. അതു തിരക്കഥാകാരനായിട്ടല്ല, അസോഷ്യേറ്റ് ഡയറക്ടറെപ്പോലെയാണ് അവിടെ ഇരിക്കുന്നത്. ആർക്ക് എന്തു സംശയം ഉണ്ടായാലും അതിനുള്ള ഉത്തരം കൊടുക്കേണ്ട ബാധ്യത എഴുത്തുകാരന്റേതാണെന്നാണ് എന്റെ വിശ്വാസം.

സിബി കെ. തോമസുമായി തെറ്റി പിരിഞ്ഞതാണോ?

പിരിഞ്ഞു, പക്ഷേ തെറ്റിയിട്ടില്ല. എത്ര കൂട്ടുകാരായാലും രണ്ട് എഴുത്തുകാർ ആലോചിക്കുന്നതു രണ്ടു തലകൊണ്ടാണ്. അവിടെ പൂർണമായ സ്വാതന്ത്ര്യമില്ല. ഒരുമിച്ചുപോകാൻ ബുദ്ധിമുട്ടുണ്ടാകുമ്പോൾ സൗഹൃദത്തോടെ പിരിയുന്നതാണു നല്ലത്. അപ്പോൾ അവർ സ്വതന്ത്രരാവും. അത്രേയുള്ളു. അതു മുൻനിശ്ചയിച്ച പ്രകാരമുള്ള വേർപിരിയലായിരുന്നു. പുലിമുരുകനുമായി ഒരു ബന്ധവുമില്ല.