പ്രിയയ്ക്ക് ഇന്ന് അൻപതിന്റെ പിറന്നാൾ മധുരം. അതെ  മലയാളത്തിന്റെ ഇതിഹാസനടൻ മധു സംവിധായകന്റെ പട്ടം അണിഞ്ഞ  ആദ്യചിത്രമായ ‘പ്രിയ’ പ്രേക്ഷകരുടെ മുമ്പിൽ എത്തിയിട്ട് ഇന്ന്  അരനൂറ്റാണ്ട് പിന്നിടുന്നു. 

എൻ.പി. അലി എന്ന ബോംബെ വാസിയായ ബിസിനസുകാരനുമായി നടത്തിയ പ്ലെയിൻയാത്രക്കിടയിലാണ് സംവിധായകന്റെ കുപ്പായം അണിയാനുള്ള അവസരം മധുവിന് ലഭിക്കുന്നത്. മധു സംവിധാനം ചെയ്യും എന്നുറപ്പുണ്ടെങ്കിൽ താൻ ചലച്ചിത്രം നിർമിക്കാം എന്ന അലിയുടെ  വാക്കിൽ നിന്നാണ് അതിന്റെ തുടക്കം. പിന്നെ എല്ലാം ദ്രുതഗതിയിലായിരുന്നു. സി.രാധാകൃഷ്ണന്റെ തേവിടിശ്ശി എന്ന നോവൽ സിനിമയാക്കാൻ തീരുമാനിച്ചു. ചിത്രത്തിലെ നായികാവേഷത്തിൽ ശാരദേയായിരുന്നു ഉദ്ദേശിച്ചിരുന്നത് .എന്നാൽ ശാരദയ്ക്ക് ആ സമയത്ത് തിരക്കേറിയതിനാൽ അഭിനയിക്കാൻ ആകാതെ വന്നു. 

അന്നു മലയാളത്തിൽ ഉണ്ടായിരുന്ന നായികമാരിൽ മറ്റാർക്കും നായികാവേഷം അനുയോജ്യമാകില്ല എന്നുറപ്പുണ്ടായിരുന്നു. തുടർന്ന് നായികയ്ക്ക് വേണ്ടിയുള്ള അന്വേഷണം അവസാനിക്കുന്നത്  കൽക്കത്തയിലെ തിയറ്റർ ആർട്ടിസ്റ്റായ ‘ലില്ലി ചക്രവർത്തി’യിൽ. ചിത്രത്തിലെ നായകന്റെ വേഷം കൈകാര്യം ചെയ്യാൻ മധു വിളിച്ചത് സാക്ഷാൽ അടൂർ ഭാസിയെ. പ്രധാനവില്ലനായി മധു തന്നെ അഭിനയിച്ചു. 

ചെമ്മീനിലെ പരീക്കുട്ടി വിജയമായതിനു ശേഷം തന്നെ സ്ഥിരമായി ‘അവശകാമുക’വേഷത്തിൽ പ്രതിഷ്ഠിക്കുന്നവരോടുള്ള രോഷം കൂടിയായിരുന്നു ഇൗ ക്രൂരനായ വില്ലൻ  വേഷം കെട്ടുന്നതിലൂടെ മധു പ്രകടിപ്പിച്ചത്.

ഉപനായികയായി ജയഭാരതിയും പ്രത്യക്ഷപ്പെട്ട ചിത്രത്തിൽ അടൂർ ഭാസിയുടെ മൂത്ത സഹോദരൻ ചന്ദ്രാജിയും അഭിനയിച്ചു.  സി.രാധാകൃഷ്ണൻ തന്നെ തിരക്കഥയൊരുക്കി  ഛായാഗ്രഹണം യു.രാജഗോപാലും സംഗീതം ബാബുരാജും ഗാനരചന യൂസഫലി കേച്ചേരിയും നിർവഹിച്ചു.ലതാ രാജൂ ആലപിച ‘കണ്ണിനു കണ്ണായ കണ്ണാ.. ’ എന്നാരംഭിക്കുന്ന ഗാനവും എസ്.ജാനകി ആലപിച്ച  ‘കണ്ണൊന്നു തുറക്കൂദീപങ്ങളെ മണ്ണിലിറങ്ങിയ താരങ്ങളെ.. ’ എന്നീ ഗാനങ്ങൾ ഹിറ്റുകളായി.  എന്നാൽ  ഋഷികേശ് മുഖർജിയെ  തന്റെ ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കാൻ ക്ഷണിച്ചപ്പോൾ ആണ് സിനിമയെ എത്ര ഗൗരവമായാണ് മധു സമീപിച്ചിരിക്കുന്നത്  എന്ന് സിനിമാക്കാർക്കു പോലും ബോധ്യമായത്. 

സിനിമ പൂർണമായപ്പോൾ അപ്രതീക്ഷിതമായി സെൻസർ ബോർഡ് ഒരു പണി പറ്റിച്ചു. ചിത്രത്തിനു അവർ എ സർട്ടിഫിക്കറ്റ് നൽകി. സെക്സിന്റെ അതിപ്രസരം കൊണ്ടല്ല. കൈകാര്യം ചെയ്ത വിഷയം അത്ര തീവ്രമായത് കൊണ്ടെന്ന് വിശദീകര​ണം.

എന്നാൽ ആ സർട്ടിഫിക്കറ്റിന്റെ  ചതിക്കുഴിയിലൊന്നും വീണ് പ്രിയയ്ക്ക് പരുക്ക് പറ്റിയില്ല. ചിത്രം നിറഞ്ഞ സദസ്സിലോടി.പ്രേക്ഷരുടെയും നിരൂപകരുടെയും പിന്തുണയോടെ. 

​സംസ്ഥാന സർക്കാരിന്റെ ആ വർഷത്തെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരവും പ്രിയ നേടിയെടത്തു.

പ്രിയ നൽകിയ ആത്മവിശ്വാസമാണ് പിന്നീടിങ്ങോട്ട് സിന്ദൂരച്ചെപ്പ്, സതി, മാന്യശ്രീ വിശ്വാമിത്രൻ, അക്കൽദാമ, കാമം ക്രോധം മോഹം, നീലക്കണ്ണുകൾ,തീക്കനൽ, ആരാധന, ധീരസമീരേ യമുനാതീരേ, ഒരു യുഗസന്ധ്യ, ഉദയം പടിഞ്ഞാറ് തുടങ്ങിയ ചിത്രങ്ങൾ വരെ സംവിധാനംചെയ്യാൻ അദേഹത്തിനു പ്രചോദനമായത്. അൻപതാണ്ട് പിന്നിടുമ്പോഴും മധുവിന് പ്രിയ ഏറെ പ്രിയങ്കരമായി നിലനിൽക്കുന്നതും അതു കൊണ്ടാണ്.