‘കുളപ്പുള്ളി അപ്ഫൻ’ -ഒരു തെക്കൻ വീരഗാഥ
‘ഞാൻ ഓണാട്ടുകരക്കാരനാണ്. എനിക്കൊരു ബൗദ്ധപാരമ്പര്യമുണ്ട്. ഗൗതമബുദ്ധൻ പറയുന്നു, ഹിംസ പാടില്ല. സകലതിനോടും കരുണയുണ്ടാകണം. എനിക്കും അറിയാം പഞ്ചശീലങ്ങൾ. പക്ഷേ അതൊന്നും ജീവിതത്തിൽ പാലിച്ചിട്ടില്ല, ഞാൻ അവതരിപ്പിച്ച കഥാപാത്രങ്ങളും പാലിച്ചിട്ടില്ല. എന്റെ പുസ്‌തകങ്ങൾ വായിച്ചിട്ടുള്ളവർക്കു മനസിലാകും, എന്നിലെ നിഷേധിയെ, റെബലിനെ. അങ്ങനെയൊന്നും മെരുങ്ങില്ല ഞാൻ.’
നരേന്ദപ്രസാദ് കൈകൾ വൃത്തത്തിൽ കൂട്ടിത്തിരുമ്മി, ഒന്നു ചിരിച്ചു, പ്രേക്ഷകരുടെയുള്ളിൽ ഭീതിയുടെ കനലുകൾ കോരിയിടുന്ന കൊലച്ചിരി.
അതിനെപ്പറ്റിയായി പിന്നത്തെ ചോദ്യം.
‘വില്യം ജെയിംസ് പറഞ്ഞതുപോലെ എന്റെ ചിരി എന്റെ വ്യക്തിത്വമാണ്. അതിൽ ഒരു വന്യത കാണുന്നില്ലേ ? ഉള്ളിൽ ഒളിച്ചുകഴിയുന്ന ഹിംസ്രമൃഗങ്ങളുടെ സാന്നിധ്യം ഫീൽ ചെയ്യുന്നില്ലേ ?’
പ്രസാദ് സാർ പെട്ടെന്നു ഗൗരവക്കാരനായി. ലാഘവത്വം കൊണ്ടുവരാൻ ഞാൻ വിഷയം മാറ്റിപ്പിടിച്ചു.
‘സാറിനെ കോട്ടയം നസീർ അതേപടി അനുകരിക്കുന്നുണ്ടല്ലോ ?’
‘അവൻ അനുകരിക്കട്ടെ, ജനങ്ങൾ രസിക്കട്ടെ. കലതന്നെ അനുകരണമല്ലേ ? 'റിപ്പബ്ലികി'ന്റെ പത്താമത്തെ അധ്യായത്തിൽ പ്ലേറ്റോ പറഞ്ഞിട്ടുണ്ട് - അനുകരണത്തിന്റെ അനുകരണമാണ് കല. അങ്ങനെ വരുമ്പോൾ താത്വികമായി എന്റെ അഭിനയത്തേക്കാൾ യഥാർഥമായ കല കോട്ടയം നസീറിന്റെ മിമിക്രിയാണ്.’
സമാധാനം, പ്രതീക്ഷിച്ച തരത്തിലുള്ള പ്രകോപനമുണ്ടായില്ല. അതിനുള്ള കാരണം ഉയരംകുറഞ്ഞ മേശമേൽ ചിതറിക്കിടന്ന ഖര-ദ്രവരൂപങ്ങളാകാം. ഞാൻ സംഭാഷണം തുടരാൻ ശ്രമിക്കേ, പ്രസാദ് സാർ ജനലിനടുത്തേക്കു നീങ്ങിനിന്നു. വെളിയിൽ പകൽവെളിച്ചം കെട്ടുകഴിഞ്ഞു. കായലിനക്കരെ നക്ഷത്രങ്ങൾ പൊടിച്ചു വിതറിയതുപോലെ ചെറിയ വിളക്കുകൾ. അവയുടെ പ്രതിഫലനം കായലിനെ അലുക്കുകൾ അണിയിച്ചുകൊണ്ടിരുന്നു. കനത്ത ഹോണടിയോടെ ഒരു കപ്പൽ സാവധാനം നീങ്ങുന്നതു കണ്ടു. അതുയർത്തിയ വലിയ ഓളങ്ങളിൽപെട്ട ചെറിയ വളങ്ങൾ ഉയർന്നുതാഴുന്നതും നോക്കി പ്രസാദ് സാർ അവിടത്തന്നെ നിന്നു. പിന്നെ തിരികെവന്നു കസേരയിലിരുന്നു.
‘താൻ രണ്ടുമൂന്നു തവണ കാണാൻവന്ന കാര്യം ഓർമയുണ്ട്. എന്തു ചെയ്യാൻ, അപ്പോഴൊന്നും സംസാരിക്കാനുള്ള സാഹചര്യം ഉണ്ടായില്ല. അയച്ചുതന്ന ലേഖനങ്ങളിൽ ചിലതൊക്കെ കണ്ടു. സംഗീതത്തെപ്പറ്റി എഴുതുമ്പോൾ വളരെ സൂക്ഷിക്കണം. ഭാഷ പ്രധാനമാണ്. ഏതായാലും എഴുത്തു നിർത്തേണ്ട, തുടരാം.’
വൈകിയാണെങ്കിലും പ്രസാദ് സാർ നൽകിയ പിന്തുണ എന്നിൽ ആത്മവിശ്വാസം നിറച്ചു. ആയിടെ ഒരു മാഗസിനിൽ അച്ചടിച്ചുവന്ന സംഗീതലേഖനവും ഞാൻ അദ്ദേഹത്തെ കാണിച്ചു. ഒന്നു മറിച്ചുനോക്കി, അത്രമാത്രം. ഞാൻ വീണ്ടും ചോദ്യങ്ങളിലേക്കു മടങ്ങി.
‘സിനിമയുടെ തിരക്കിൽ എഴുതാൻ കഴിയാതെപോകുന്നതിൽ സാറിനു ദുഃഖമുണ്ടോ?’
‘ദുഃഖം ഉണ്ടാകുമായിരുന്നു, എഴുതാൻ കഴിഞ്ഞില്ലായിരുന്നെങ്കിൽ ! ഞാൻ എഴുതുന്നുണ്ട്, മനസ്സിലാണെന്നുമാത്രം. ഇനി ഒന്നു പകർത്തിവെക്കണം. അതിനുള്ള സാവകാശം കിട്ടിയാൽ മതി. സി.വി.യുടെ എല്ലാ നോവലുകളിൽനിന്നും ഓരോ കഥാപാത്രത്തെ എടുത്തുകൊണ്ടുള്ള ഒരു ചെറിയ പരീക്ഷണനാടകം മനസ്സിൽ ബീജം വീണുകഴിഞ്ഞു. പുറത്തു വരാറായിട്ടില്ല.’ അദ്ദേഹം മുഴുമിക്കാതെ മാറിക്കളഞ്ഞു
അപ്പോൾ ഡോർബെൽ താളാത്മകമായി മുഴങ്ങി. ഞാൻ വാതിൽ തുറന്നു. മുന്നിൽ മധ്യവയസ്സിലെത്തിയ രണ്ടു വിദേശികൾ, ഒരാൾ പുരുഷൻ, മറ്റെയാൾ സ്ത്രീ. പ്രസാദ് സാർ ഊഷ്മളതയോടെ എഴുന്നേറ്റുചെന്നു. സായിപ്പിനെ വെല്ലുന്ന ഉച്ചാരണഭംഗിയോടെ വർത്തമാനം തുടങ്ങി. ഞാൻ കാര്യമായി ശ്രദ്ധിച്ചില്ലെങ്കിലും ഫോർട്ടുകൊച്ചിയിലും പരിസരങ്ങളിലും ചുറ്റിക്കറങ്ങിയിട്ടുള്ള വരവാണെന്നു മനസ്സിലായി. സാർ പരിചയപ്പെടുത്തി- ദക്ഷിണേന്ത്യൻ ഗ്രാമങ്ങളിലെ നാട്യവഴികൾ തേടിയിറങ്ങിയവർ. അനന്തമൂർത്തിയുടെ മിത്രങ്ങൾ ഇപ്പോൾ പ്രസാദ് സാറിനും ഉറ്റ ബന്ധുക്കൾ. ടാജ് ഗെയ്റ്റ് വേയിൽ അവരുടെ മുറിയിലാണ് ഞങ്ങൾ ഇരിക്കുന്നത്. കയ്യിലെ ചെറിയ ബാഗുകൾ കട്ടിലിൽ ഒതുക്കിവച്ച്, സാറിനോടെന്തോ സ്വകാര്യം പറഞ്ഞ്, എനിക്കൊരു പുഞ്ചിരിതന്ന് അവർ പുറത്തേക്കിറങ്ങി.
ഉള്ളിൽ തുളുമ്പിയ കൗതുകത്തോടെ ഞാൻ ചോദിച്ചു, ‘സാർ തിരക്കേറിയ ഒരു സിനിമാനടനാണെന്ന കാര്യം ഇവർക്കറിയാമോ?’
‘കുറച്ചൊക്കെ. 'ആറാം തമ്പുരാനും പൈതൃകവും' കണ്ടിട്ടുണ്ട്. അവർക്ക് എന്നിലെ അക്കഡമീഷ്യനെ മതിയെടോ, സിനിമാനടനെ ഒട്ടും വേണ്ട!’
സന്ദർഭത്തിനു യോജിച്ചതിനാൽ, പ്രസാദ് സാറിനെപ്പറ്റി ഒരിക്കൽ രാജൻ പി. ദേവ് പറഞ്ഞ ഒരു വാക്യം, ഞാൻ ഓർമിച്ചെടുത്തു-
‘എന്നെപ്പോലെ പഠിപ്പും അറിവുമൊന്നും ഇല്ലാത്ത ഒരുത്തന്, ഒരു വലിയ പ്രൊഫസറടെ അനിയൻബാവയായിട്ട് അഭിനയിക്കാൻ കിട്ടിയ ഭാഗ്യത്തിന് ഞാൻ എപ്പഴും പുണ്യാളനോട് നന്ദി പറയും.’
‘രാജൻ നല്ലവനാണ്. ശുദ്ധനാണ്. ഷൂട്ടിങ്ങിന്റെ ആദ്യത്തെ ദിവസങ്ങളിൽ എന്നെ കാണുമ്പോൾ അവനൊരു പരിഭ്രമമുണ്ടായിരുന്നു. പിന്നെ മാറി, നല്ല ചങ്ങാതിയായി. ഞങ്ങൾ രണ്ടുപേരും നാടകക്കാരാണല്ലോ!’
വർത്തമാനം സിനിമയിൽ ഒതുങ്ങിപ്പോകാതിരിക്കാൻ വ്യക്തിപരമായ കാര്യങ്ങളും ഞാൻ അദ്ദേഹത്തോടു ചോദിച്ചു. അച്ഛനെപ്പറ്റി, കുടുംബത്തെപ്പറ്റി, അധ്യാപനജീവിതത്തെപ്പറ്റി പലതും അദ്ദേഹം തുറന്നുപറഞ്ഞു. ചിലതൊക്കെ വികാരഭരിതവും ചിലതൊക്കെ വിമർശനപരവുമായിരുന്നു. നിരീക്ഷണങ്ങളും നിലപാടുകളും നിറഞ്ഞ സംഭാഷണത്തിൽ ആധുനികനിരൂപണത്തെ സർഗാത്മകമാക്കിയ ധിഷണാശക്തി വെട്ടിത്തിളങ്ങി.
അങ്ങനെ ചുറ്റിക്കറങ്ങിവന്നപ്പോൾ അവസാനത്തെ ശരം ഞാൻ പുറത്തെടുത്തു.
'മിക്ക സിനിമകളിലും സാർ ഉന്നതകുലജാതനാണ്. ഇതിനെ സവർണ ഹൈന്ദവതയുടെ പ്രമോഷനായി പലരും കാണുന്നു. സത്യമെന്താണ്?'
'തർക്കിക്കുന്നില്ല, ഞാൻ സിനിമയിൽ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളിൽ അധികവും അഭിജാതവർഗക്കാരാണ്. വർമയായും ശർമയും തിരുമേനിയായും തിരുമുൽപ്പാടായും തമ്പിയായും തമ്പുരാനായും മഹാരാജാവ് തിരുമനസായും ഏറെ പകർന്നാടിയിട്ടുണ്ട്. പക്ഷേ അവയൊന്നും എന്റെ ചോയിസല്ലല്ലോ. അത്തരം വേഷങ്ങൾ എന്റെ രൂപഭാവത്തിന് ചേരുന്നതായി സംവിധായകർ കരുതിയതുകൊണ്ട് ഞാൻ അഭിനയിച്ചു. പക്ഷേ താൻ ശ്രദ്ധിക്കണം, അത്തരം ഫ്യൂഡൽ കഥാപാത്രങ്ങളെ തിരശീലയിൽ ആടിയപ്പോഴെല്ലാം, പ്രേക്ഷകർക്ക് ഫ്യൂഡലിസത്തോട് നീരസമുണ്ടാക്കുന്ന പല മാനറിസങ്ങളും ഞാൻ കൊണ്ടുവന്നിട്ടുണ്ട്. കുടിലബുദ്ധിക്കാരനായ കുളപ്പുള്ളി അപ്ഫനെ ആർക്കെങ്കിലും സ്നേഹിക്കാൻ തോന്നുമോ? ഈ വിദ്വേഷസൃഷ്ടിയെ സവർണതയോടുള്ള എന്റെ പ്രതികരണമായി വ്യാഖ്യാനിക്കുന്നതിൽ എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല.'
മുറിയിൽ വരുത്തിയ ലഘുഭക്ഷണം കഴിച്ചശേഷം പുറത്തേക്കിറങ്ങാൻനേരം പ്രസാദ് സാർ ഇത്രകൂടി പറഞ്ഞു, ‘എടോ, ഞാൻ കാലത്തിനുമുമ്പേ നടക്കാൻ ആഗ്രഹിക്കുന്നവനാണ്. മറ്റുള്ളവരേക്കാൾ എനിക്കൽപം വേഗതകൂടും. അതുകൊണ്ട് പലയിടത്തും എത്തേണ്ടതിനേക്കാൾ വളരെ നേരത്തേ എത്തിപ്പോകുന്നു. നടന്നുതളർന്നപ്പോൾ സെമിത്തേരിയിലെ പൊട്ടിപ്പൊളിഞ്ഞ കല്ലറയുടെ മുകളിൽ ചെന്നിരുന്നു വിശ്രമിക്കുന്ന വയസനെപ്പറ്റി ഒരു കനേഡിയൻ കഥാകാവ്യമുണ്ട്. അയാൾ അവിടെയിരുന്ന് ഉറക്കം തൂങ്ങുന്നു. ഉറക്കത്തിൽത്തന്നെ മരണവും സംഭവിക്കുന്നു. മനോഹരമായ മരണം. ആൻ അമേയ്സിങ് ഡിപാർചർ ! ഇതുപോലെയാണെങ്കിൽ മരണത്തെ എനിക്കും ഭയമില്ല. മൃത്യു ഒരനുഭവമാകണം.’
‘ആരുടെ അനുഭവം സാർ?’ എന്നു ചോദിക്കാൻ ഞാൻ ആഗ്രഹിച്ചു, ധൈര്യം വന്നില്ല. ഇപ്പോൾ ധൈര്യമുണ്ട്. പക്ഷേ, ആ ചോദ്യം കേൾക്കാൻ പ്രസാദ് സാർ എവിടെ ?
(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും തലശേരി ഗവ. ബ്രണ്ണൻ കോളേജിൽ പ്രൊഫസറുമാണ്. )