Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിണക്കമില്ല കാംബ്ലിക്ക് സച്ചിനോട് സ്നേഹം മാത്രം

sachin-kumble

ചില ചിത്രങ്ങളും പുസ്തകങ്ങളുമൊക്കെ പുറത്തിറങ്ങുമ്പോൾ നമുക്കു വല്ലാത്ത കൗതുകമാണ്. അതു വായിക്കാനും വായിച്ചവരിൽ ചിലരുടെ അഭിപ്രായം അറിയാനും. ആ ചിലർ സിനിമയിലോ പുസ്തകത്തിലോ കേന്ദ്ര കഥാപാത്രമായ വ്യക്തികളോടോ സംഭവത്തോടെ ചേർന്നു നിൽക്കുന്നവർ ആയിരിക്കും. ഗൗരവ ഭാവമുള്ള ഡോക്യുമെന്ററികളും ചിലപ്പോൾ ബോക്സ് ഓഫിസിൽ ചലനമുണ്ടാക്കും എന്നു തെളിയിച്ചു സച്ചിൻ എ ബില്യൺ ഡ്രീംസ് മുന്നേറുമ്പോള്‍ അറിയാൻ പ്രേക്ഷകർ ആഗ്രഹിച്ചൊരു റിവ്യൂ ഉണ്ട്. വിനോദ് കാംബ്ലിയുടെ.

സച്ചിന്റെ ജീവിതത്തിൽ വിവാദങ്ങളുടെ ഒരു വലിയ നിര തീര്‍ത്തയാളാണ് കാംബ്ലി. ഒരു കാലത്ത് സച്ചിന്റെ ഉറ്റ ചങ്ങാതി. തെരുവോരത്തു നിന്ന് ക്രിക്കറ്റ് ലോകത്തേയ്ക്കെത്തിയ കാംബ്ലിയുടെ ജീവിതം സിനിമയെ വെല്ലുന്നതാണ്. സച്ചിനെ കുറിച്ച് ബ്രിട്ടിഷ് സംവിധായകൻ ജെയിംസ് എർസ്കിൻ തയ്യാറാക്കിയ ഡോക്യുമെന്ററി കണ്ട് കാംബ്ലി പറയുന്നതു വായിക്കുമ്പോഴും ഒരു പ്രത്യേക അനുഭൂതിയാണ്.

പ്രിയപ്പെട്ട മാസ്റ്റർ ബ്ലാസ്റ്റര്‍, ഐ ലവ് യൂ എന്നായിരുന്നു കാംബ്ലിയുടെ ട്വീറ്റ്. സച്ചിനൊപ്പമുള്ള രസകരമായൊരു ചിത്രവും ഒപ്പം പോസ്റ്റ് ചെയ്തു. പിന്നാലെയെത്തി ആരാധകരുടെ കമന്റും. കാംബ്ലി സച്ചിനൊപ്പം നിൽക്കുന്ന ചിത്രവും ഈ വാക്കുകളും തങ്ങളെ വികാരനിർഭരമാക്കിയെന്നായിരുന്നു മിക്കവരുടേയും പ്രതികരണം. ഇതിനിടയിൽ ഒരാൾ സച്ചിനെ കുറിച്ച് കാംബ്ലി പറഞ്ഞ വിവാദ ആരോപണവും ചൂണ്ടിക്കാണിച്ചു. താൻ പടവുകൾ ചവിട്ടിക്കയറുമ്പോൾ സച്ചിൻ എസ്കലേറ്ററിലായിരുന്നു മുകളിലേക്കു പോയത് എന്നായിരുന്നു അത്.

ഇരുവരുടെയും കരിയറിലെ വളർച്ചയെ താരതമ്യം ചെയ്തായിരുന്നു കാംബ്ലി ഇങ്ങനെ പറ‍ഞ്ഞത്. വിവാദങ്ങളോടൊന്നും കാംബ്ലി പ്രതികരിക്കാൻ നിന്നില്ലെങ്കിലും, അദ്ദേഹം ട്വിറ്ററിൽ കുറിച്ച വാക്കുകൾ ക്രിക്കറ്റ് ചരിത്രത്തിലെ കളിയ്ക്കപ്പുറമുള്ളൊരു കഥക്കൂട്ടിനെയാണു പ്രേക്ഷകരെ ഓർമിപ്പിച്ചതും നൊമ്പരപ്പെടുത്തിയതും. സച്ചിന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററിയെ കുറിച്ച് ലോക ക്രിക്കറ്റിലേതുൾപ്പെടെയുള്ള പല പ്രശസ്തരും പ്രതികരിച്ചെങ്കിലും കാംബ്ലി കുറിച്ച വാക്കുകളാണ് ജനമനസുകളെ സ്പർശിച്ചത്. അപ്പോൾ തന്നെ ഊഹിക്കാമല്ലോ ഈ രണ്ടു പേരും എത്രമാത്രം ആഴത്തിലാണ് അവരുടെ മനസുകളിൽ പതിഞ്ഞതെന്ന്.

കളിക്കളത്തിനകത്തും പുറത്തും സച്ചിനുമായി ആത്മബന്ധമുണ്ടായിരുന്നു കാംബ്ലിയ്ക്ക്. ആരെയും കൊതിപ്പിക്കുന്നൊരു സൗഹൃദം. ശാരദാശ്രം സ്കൂൾ മൈതാനത്തു വച്ച് ഇരുവരും ചേർന്ന കൂട്ടുകെട്ട് തീർത്ത റൺ മല ക്രിക്കറ്റിലെ എക്കാലത്തേയും വലിയ അത്ഭുതമായിരുന്നു. സിനിമയിൽ ഏറ്റവും ആവേശഭരിതമായ രംഗവും ഇതുതന്നെയായിരുന്നു.

പ്രതിഭയുടെ കാര്യത്തിൽ തോളോടു തോൾ ചേർന്നു നിന്ന ഇരുവരും ഇന്ത്യൻ ടീമിലുമെത്തി. പക്ഷേ സച്ചിനെ പോലെയായില്ല കാംബ്ലി. സച്ചിൻ ലോക ക്രിക്കറ്റിൽ വെന്നിക്കൊടി പാറിക്കുമ്പോൾ വെറും 24ാം വയസില്‍ തന്റെ അവസാന ടെസ്റ്റ് കളിക്കേണ്ടി വന്നു കാംബ്ലിയ്ക്ക്. സച്ചിന്റെ അടുത്ത സുഹൃത്ത് എന്നതിനപ്പുറം പ്രാധാന്യമൊന്നും കളിച്ച് നേടാനുമായില്ല അദ്ദേഹത്തിന്. സ്കൂൾ ക്രിക്കറ്റിലും പിന്നീട് ആദ്യ പന്തിൽ സിക്സർ അടിച്ചു രഞ്ജിയിലും മിന്നിയതുമൊന്നും ഇന്ത്യയുടെ കുപ്പായം അണിഞ്ഞുള്ള കളികളിൽ കാംബ്ലിയ്ക്കു കാഴ്ചവയ്ക്കാനായില്ല.

ആഢംബര ജീവിതവും അതിൽ തട്ടിയ വിവാദങ്ങളും എന്നും അദ്ദേഹത്തെ പിന്തുടർന്നു. കാംബ്ലിയുടെ ജീവിതം സച്ചിനേയും ഏറെ പിന്തുടർന്നു. സച്ചിന്റെ കാര്യത്തിൽ ആരാധകർ രണ്ടു തട്ടിൽ നിൽക്കുന്ന വിഷയങ്ങളിലൊന്നും കാംബ്ലിയാണ്. ഏഴു വര്‍ഷം മുൻപ് ഒരു അഭിമുഖത്തിൽ സച്ചിനെതിരെ കാംബ്ലി തുറന്നടിച്ചിരുന്നു. തന്റെ കരിയർ മുന്നോട്ടു കൊണ്ടുപോകാൻ സച്ചിൻ ഒരു തരത്തിലും സഹായിച്ചിരുന്നില്ല എന്നൊക്കെയായിരുന്നു അത്. അതെന്തായാലും സച്ചിന്റെ ജീവിതത്തെ കുറിച്ചു പറയുമ്പോൾ കാംബ്ലിയെ അവഗണിക്കുക അസാധ്യമാണ്.

സച്ചിൻ അദ്ദേഹത്തിന്റെ വിരമിക്കൽ പ്രസംഗത്തിൽ കാംബ്ലിയുടെ പേര് പറഞ്ഞിരുന്നില്ല. ചിത്രത്തിന്റെ സ്പെഷ്യൽ ഷോയിലേക്കുളള അതിഥികളുടെ നിരയിലും കാംബ്ലിയ്ക്ക് ഇടമുണ്ടായിരുന്നില്ല. എങ്കിലും ചിത്രത്തിൽ ഇരുവരും തങ്ങളുടെ ഓർമകൾ പങ്കുവയ്ക്കുന്നുമുണ്ട്. സിനിമയിൽ ഇരുവരും ഒന്നിച്ചെത്തുന്ന രംഗങ്ങളും കളിയുമെല്ലാം ജനമനസുകളെ വികാരനിർഭരമായാണു സ്വാധീനിച്ചത്. കാംബ്ലിയുടെ ട്വീറ്റിനോട് സച്ചിൻ പ്രതികരിക്കുമോ എന്നറിയാനായാണു പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.