എന്റെ മകൾക്ക് സണ്ണി ലിയോൺ ആകണം; രാമുവിന്റെ വിവാദ ഹ്രസ്വചിത്രം പുറത്ത്

രാം ഗോപാൽ വർമ രണ്ടുകൽപിച്ചാണ്. സിനിമയിൽ സെൻസർ ബോർഡിന്റെ ഇടപെടലുകൾകൊണ്ട് തന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നുവെന്നു പറഞ്ഞ രാമു ഇപ്പോൾ ഇന്റർനെറ്റ് ആണ് തന്റെ പുതിയ ഇടമായി തിരഞ്ഞെടുത്തിരിക്കുന്നത്. സെൻസർഷിപ്പ് ഇല്ലാത്ത ഇന്റർനെറ്റ് ലോകത്ത് വയലൻസും സെക്സും നിറഞ്ഞ സിനിമയുമായി എത്തുകയാണ് രാമു.

ഇതിന്റെ ആദ്യപടിയായി ഗണ്‍സ് ആന്റ് തൈസ് എന്ന വെബ് സീരീസിന്റെ ഭീകര ട്രെയിലർ പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ തന്റെ കരിയറിലെ ആദ്യഹ്രസ്വചിത്രവും രാമു പുറത്തിറക്കിയിരിക്കുന്നു. എന്റെ മകൾക്ക് സണ്ണി ലിയോൺ ആകണം എന്നതാണ് ചിത്രത്തിന്റെ പേര്.

പേര് വിവാദം നിറഞ്ഞതാണെങ്കിലും ഒരു പെൺകുട്ടിയുടെ സ്വാതന്ത്ര്യവും അവളുടെ തീരുമാനത്തെക്കുറിച്ചുമൊക്കെയാണ് ഹ്രസ്വചിത്രം ചർച്ച ചെയ്യുന്നത്. മക്രാന്ദ് ദേശ്പാണ്ഡെ, ദിവ്യ, നൈന ഗാംഗുലി എന്നിവരാണ് പ്രധാനതാരങ്ങൾ.