ബോളിവുഡ് ചിത്രം പത്മാവതി വിവാദത്തില്‍ പ്രതികരണവുമായി തമിഴ് സൂപ്പര്‍ താരം കമല്‍ ഹാസന്‍. ദീപിക പദുകോണിന്‍റെ തല സംരക്ഷിക്കണമെന്ന ആഹ്വാനവുമായാണ് കമല്‍ ഹാസന്‍ രംഗത്തെത്തിയിട്ടുള്ളത്. ദീപിക പദുകോണിന്‍റെയും പത്മാവതിയുടെ സംവിധായകന്‍ സഞ്ജയ് ലീലാ ബെന്‍സാലിയുടെയും തലയ്ക്ക് 10 കോടി വിലയിട്ട ഹരിയാണ ബിജെപി നേതാവിന്‍റെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് കമല്‍ ഹാസന്‍റെ ട്വീറ്റ്.
‘എനിക്ക് ദീപികയുടെ തല സംരക്ഷിക്കണം. ശരീരത്തേക്കാള്‍ അവരുടെ തലയെ ബഹുമാനിക്കുന്നു. ദീപികയ്ക്ക് സ്വാതന്ത്ര്യം നിഷേധിക്കരുത്. ഈ വിഷയത്തിൽ തീവ്രവാദം കടന്നുവരുന്നത് പരിതാപകരമാണ്. മസ്തിഷ്ക്കമുള്ള ഇന്ത്യക്കാർ ഉണരണം. ചിന്തിക്കാൻ സമയമായി. പറയാനും ഒരുപാടുണ്ട്.–കമൽഹാസൻ പറഞ്ഞു.
സംവിധായകൻ സഞ്ജയിന്റെയും പത്മാവതിയായി അഭിനയിക്കുന്ന ദീപിക പദുക്കോണിന്റെയും തല കൊയ്യുന്നവർക്കു 10 കോടി രൂപ സമ്മാനം ഹരിയാനയിലെ ബിജെപി നേതാവ് സൂരജ് പാൽ അമു പ്രഖ്യാപിച്ചിരുന്നു. അമുവിനെതിരെ നടപടി സ്വീകരിക്കാൻ ദേശീയ വനിതാ കമ്മിഷൻ ഹരിയാനാ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദീപിക പദുക്കോണിനു സുരക്ഷയൊരുക്കുമെന്നു കർണാടക സർക്കാർ പ്രഖ്യാപിച്ചു. വധഭീഷണി മുഴക്കിയവർക്കെതിരെ കർശന നടപടിയെടുക്കാൻ ഹരിയാനാ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി സിദ്ധരാമയ്യ ട്വിറ്ററിൽ അറിയിച്ചു.