പ്രളയദുരന്തത്തിൽ പതറിപ്പോയ കേരളത്തെ സഹായിക്കാൻ വിവിധ കോണുകളിൽ നിന്ന് സുമനസ്സുകളുടെ ഒഴുക്കാണ്. പണമായും ഭക്ഷ്യവസ്തുക്കളായും അവശ്യസാധനങ്ങളായും വിവിധ മേഖലകളിൽ പെട്ട ആയിരങ്ങള്‍ കേരളത്തിൽ സഹായമെത്തിക്കുന്നു. അക്കൂട്ടത്തിൽ ഒരാൾ സണ്ണി ലിയോണാണ്.
ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറിനൊപ്പം ചേര്‍ന്ന് കേരളത്തിലേക്ക് സാധനങ്ങള്‍ അയക്കുന്നതിന്റെ ചിത്രം താരം തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കു വച്ചു. 1200 കിലോ അരിയും പരിപ്പുമാണ് സണ്ണി കേരളത്തിന് നൽകുന്നത്.
‘‘ഈ വലിയ സംരംഭത്തില്‍ ഇതൊരു ചെറിയ തുള്ളിയാണ്. കേരളത്തിന് വേണ്ടി ഇനിയും കൂടുതല്‍ സഹായങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു.’’. സണ്ണി ലിയോണ്‍ കുറിച്ചു.
നേരത്തെ സണ്ണി ലിയോണ്‍ കേരളത്തിന്റെ ദുരിതാശ്വാസത്തിനായി 5 കോടി രൂപ നല്‍കിയെന്ന് സമൂഹമാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഉണ്ടായിരുന്നില്ല. സംഭവം സത്യമാണോ എന്ന് ചോദിച്ച് പലരും സോഷ്യല്‍ മീഡിയയില്‍ തന്നെയെത്തി.
ഓഗസ്റ്റ് 17-ാം തീയതി മുഖ്യമന്ത്രിയുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് വന്ന ദുരിതാശ്വാസ ക്യാംപെയിന്‍ അറിയിപ്പ് സണ്ണി ലിയോണ്‍ റീട്വീറ്റ് ചെയ്തതിരുന്നു. ഇതോടെയാണ് 5 കോടി നൽകിയെന്ന വാർത്ത പ്രചരിച്ച് തുടങ്ങിയത്.
കേരളത്തിനായി സഹായം നല്‍കിയിട്ടുണ്ടെന്ന് തന്നെയാണ് സണ്ണി ലിയോണിന്റെ ഓഫീസ് വ്യക്തമാക്കുന്നത്. ധന സഹായം നല്‍കിയിട്ടുണ്ടെങ്കിലും എത്രയാണെന്ന് വ്യക്തമാക്കുന്നില്ല, അത് അവരുടെ വ്യക്തിപരമായ കാര്യമാണെന്നും താരത്തിന്റെ ഓഫീസ് വ്യക്തമാക്കി.