ആരാധകനെ നാട് കടത്താന്‍ നോക്കിയ കോഹ്‌ലിക്കെതിരെ നടൻ സിദ്ധാര്‍ഥ്. ബുദ്ധിശൂന്യമായ വാക്കുകള്‍ എന്നായിരുന്നു സിദ്ധാർഥിന്റെ വിമർശനം. കിങ് കോഹ്‌ലിയായി തുടരണമെങ്കില്‍ ഇനിയെങ്കിലും ചിന്തിച്ചിട്ട് മാത്രം സംസാരിക്കണമെന്നും അദ്ദേഹം കോഹ്‌ലിയോട് പറയുന്നുണ്ട്. ‘ദ്രാവിഡ് എങ്ങനെയായിരിക്കും ഇത്തരം കാര്യങ്ങളോട് പ്രതികരിക്കുക എന്നു ചിന്തിച്ചു മാത്രം ഭാവിയിലെങ്കിലും സംസാരിക്കുക. ഒരു ഇന്ത്യന്‍ ക്യാപ്റ്റനില്‍ നിന്നും ഉണ്ടായിരിക്കുന്ന ബുദ്ധിശൂന്യമായ വാക്കുകളാണ് ഇത്.’–സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു.
ഇംഗ്ലിഷ്, ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാരെയാണ് കൂടുതൽ ഇഷ്ടപ്പെടുന്നതെന്ന് പറഞ്ഞ ക്രിക്കറ്റ് ആരാധകനോട് ഇന്ത്യ വിട്ടു പോകണമെന്നു നിർദേശിച്ച കോഹ്‌ലിയുടെ പരാമർശമാണ് വിവാദമായത്. തന്റെ മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ച് ചെയ്തതിനു പിന്നാലെ പ്രസ്തുത ആപ്പിൽ ആരാധകരുമായി സംവദിക്കുമ്പോഴാണ് കോഹ്‌ലി വിവാദ പരാമര്‍ശം നടത്തിയത്.
വിരാട് കോഹ്‍ലിയുടെ ഔദ്യോഗിക ആപ്പ് ലോഞ്ചിന്റെ ഭാഗമായുള്ള ലൈവിനിടെയാണ് വിവാദപരാമർശം. ഓസ്ട്രേലിയൻ, ഇംഗ്ലിഷ് ബാറ്റ്സ്മാൻമാരെയാണ് തനിക്കിഷ്ടം എന്നു പറഞ്ഞ ക്രിക്കറ്റ് ആരാധകനോട് ‘ഇന്ത്യയിൽ ജീവിക്കേണ്ടവനല്ല താങ്കൾ’ എന്നാണ് കോഹ്‍ലി മറുപടി നൽകിയത്.
അതിനിതിടെ പരാമർശം വിവാദമായ സാഹചര്യത്തിൽ പ്രതികരണവുമായി കോഹ്‌ലി എത്തി. ഇന്ത്യൻ താരങ്ങളെക്കുറിച്ച് സംസാരിച്ചതിലുള്ള പ്രതികരണം മാത്രമാണ് താൻ പ്രകടിപ്പിച്ചത്. തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിനൊപ്പമാണ് താനെന്നും ഒന്ന് മയപ്പെടുത്തി ട്രോളണമെന്നും ട്വീറ്റിലൂടെ കോഹ്‍ലി വ്യക്തമാക്കി.
30–ാം ജന്മദിനത്തിൽ പുറത്തിറക്കിയ ആപ്പിലൂടെ ആരാധകർക്ക് വിരാട് കോഹ്‌ലിക്ക് സന്ദേശമയക്കാനുള്ള അവസരമുണ്ടായിരുന്നു. ഇതിലൊന്നാണ് കോഹ്‍ലിയെ പ്രകോപിപ്പിച്ചത്. ‘കോഹ്‌ലി അമിതമായി ആഘോഷിക്കപ്പെട്ട ഒരു കളിക്കാരനാണ്. അദ്ദേഹത്തിന്റെ ബാറ്റിങിൽ ഒരു പ്രത്യേകതയുമില്ല. ഇംഗ്ലിഷ്, ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാരുടെ ബാറ്റിങ് കാണുന്നതാണ് എനിക്കിഷ്ടം’ എന്നതായിരുന്നു സന്ദേശം.
ഇതു വായിച്ച കോഹ്‌ലി ‘‘ഒകെ. എങ്കിൽ നിങ്ങൾ ഇന്ത്യയിൽ ജീവിക്കേണ്ടവനല്ല. എന്തിനാണ് നിങ്ങൾ ഇവിടെ ജീവിച്ച് മറ്റു രാജ്യങ്ങളെ സ്നേഹിക്കുന്നത്...’’ എന്നിങ്ങനെ പറയുന്നതാണ് വിഡിയോയിലുള്ളത്. പ്രതികരണത്തിന് പിന്നാലെ കോഹ്‌ലിക്കെതിരെ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്.
രണ്ട് വര്‍ഷം മുമ്പ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ വിജയിച്ച ആഞ്ജെലിക് കെര്‍ബറിനെ അഭിനന്ദിച്ച് കോഹ്‌ലി ഇട്ട പോസ്റ്റും ഇപ്പോള്‍ ആരാധകര്‍ കുത്തിപ്പൊക്കിയിട്ടുണ്ട്. ‘ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന വനിതാ ടെന്നീസ് താരമാണ് നിങ്ങള്‍’ എന്നാണ് അന്ന് കോഹ്‌ലി ട്വീറ്റ് ചെയ്തിരുന്നത്. ഇന്ത്യയില്‍ വനിതാ ടെന്നീസ് താരങ്ങള്‍ ഇല്ലേ എന്നാണ് ഇപ്പോള്‍ ആരാധകര്‍ ചോദിക്കുന്നത്. സാനിയ മിര്‍സയെ ഇഷ്ടപ്പെടാതെ ആഞ്ജെലിക്കിനെ ഇഷ്ടപ്പെടുന്ന കോഹ്‌ലിയോട് ജര്‍മ്മനിയിലേക്ക് പോവാനാണ് ഇപ്പോള്‍ ആരാധകര്‍ ആവശ്യപ്പെടുന്നത്.