രാധിക ആപ്തയുടെ ചൂടന്‍ രംഗങ്ങള്‍ എന്ന പേരിൽ ഒരു വിഡിയോ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. പാർഷ്ഡ് എന്ന സിനിമയിലെ ഒരു രംഗമാണിത്. യുഎസിലും ഫ്രാൻസിലും റിലീസ് ചെയ്ത ചിത്രം ഇന്ത്യയിൽ ഇതുവരെ എത്തിയിട്ടില്ല. സെൻസർ ബോർഡിനു മുന്നിലേക്ക് എത്തുന്നതിന് മുമ്പാണ് വിഡിയോ പുറത്തായത്.
സിനിമയുടെ സംവിധായികയും ചിത്രത്തിൽ രാധികക്കൊപ്പം അഭിനയിച്ച ആദില്‍ ഹുസൈനും ഈ വിഷയത്തിൽ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ‘എന്തു കൊണ്ടാണ് രാധിക ആപ്തെയുടെ നഗ്നവിഡിയോ എന്ന പേരിൽ ഇത് പ്രചരിക്കുന്നത്. ഞാനും ഇല്ലേ, ആ ദൃശ്യത്തില്‍? ആദിൽ ഹുസൈന്റെ നഗ്നവിഡിയോ എന്ന് എന്തുകൊണ്ടാണ് ആരും പറയാത്തത്?’ ആദിൽ ചോദിക്കുന്നു.
എന്നാൽ രാധിക ആപ്തെ മാത്രം ഈ സംഭവത്തിൽ മൗനം പാലിക്കുകയായിരുന്നു. ഇതിന് മുമ്പ് സമാനമായ സംഭവം രാധികയുടെ ജീവിതത്തിൽ നടന്നതാണ്. അനുരാഗ് കശ്യപിന്റെ ഒരു ഹ്രസ്വചിത്രത്തിലെ ഭാഗമാണ് ലീക്കായത്. തന്റെ വസ്ത്രം ഉയർത്തിക്കാണിക്കുന്ന രാധികയുടെ ഏതാനും സെക്കൻഡ് ദൃശ്യമായിരുന്നു അത്. ആ സംഭവത്തിൽ രാധിക രൂക്ഷമായ പ്രതികരണമാണ് നടത്തിയത്. അങ്ങനെയുള്ള ആൾ ഈ വിഷയത്തിൽ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നായിരുന്നു ചിലരുടെ ചോദ്യം. അവസാനം രാധിക നേരിട്ട് രംഗത്തെത്തി. ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രാധിക തുറന്നു പറയുന്നു.
‘ഇത് രണ്ടാം തവണയാണ് ഇതുപോലൊരു അവസ്ഥ എനിക്ക് സംഭവിക്കുന്നത്. ആദ്യം ഒരു ഹ്രസ്വചിത്രത്തിന്റെ വിഡിയോ ആയിരുന്നു. അത് മനഃപൂർവം ആരോ ലീക്ക് ചെയ്തതാണ്. അന്ന് അതെന്നെ ഒരുപാട് വിഷമിപ്പിച്ചു. എന്നെ വേട്ടയാടുകയായിരുന്നു,മാധ്യമങ്ങൾ അതുപോലെയുള്ള ചോദ്യങ്ങളാണ് ചോദിച്ചത്. അതൊരു ആഘോഷമായിരുന്നു. പക്ഷേ ആ സിനിമയ്ക്ക് അവാർഡും ലഭിച്ചു. അതിൽ എനിക്ക് അഭിമാനമുണ്ട്.
ഇത്തവണത്തേത് ലീക്ക് വിഡിയോ അല്ല. അതിൽ അമർഷമില്ല ആരോടും ദേഷ്യവുമില്ല. ഞാനെന്റെ ശരീരത്തിലും സൗന്ദര്യത്തിലും കംഫർട്ടബിൾ ആണ്. മറ്റുള്ളവരുെട സമീപനമാണ് എന്നെ അസ്വസ്ഥയാക്കുന്നത്.
ഒരു സിനിമാ നിർമാതാവ് എന്നെ വിളിച്ച് പറഞ്ഞു. രാധിക ഇങ്ങനെയൊരു ക്ലിപ്പ് ലീക്കായി അത് വൈറലാകുന്നുവെന്ന്...ഞാൻ ചോദിച്ചു, എന്ത് ക്ലിപ്പ്...പെട്ടന്നൊരു സ്മൈലി അയച്ച് അയാൾ ആ വിഡിയോ അയച്ചു തന്നു. അയാളോടൊക്കെ എന്തു പറയാനാണ്.
അതുപോലെ ഒരു മുതിർന്ന മാധ്യമപ്രവർത്തകൻ അഭിമുഖത്തിന് വിളിച്ചു...‘രാധിക പിന്നെയും നിങ്ങളുടെ നഗ്ന വിഡിയോ പുറത്തുവന്നിരിക്കുന്നു. അതും നിങ്ങളുടേതായി ഇപ്പോൾ രണ്ടാമത്തെ തവണയാണ് ഇത്തരം വിഡിയോ പുറത്തുവന്നിരിക്കുന്നത്.’ ഞാൻ അപ്പോൾ ചിരിക്കുകയാണ് ചെയ്തത്. ഇത്തരം രംഗത്തിൽ അഭിനയിച്ചതുകൊണ്ട് അങ്ങനെയൊരു വിഡിയോ പുറത്തുവന്നു. എന്നാണ് ഞാൻ മറുപടി പറഞ്ഞത്.
ലോകം മറ്റൊരു കണ്ണിൽ കൂടി നോക്കുന്നത് എന്നെ ഒട്ടും ബാധിക്കില്ല. ലൈംഗികതെയക്കുറിച്ച് സ്ത്രീകൾ തന്നെ തുറന്നുപറയാൻ തയ്യാറാകണം. ഇന്ത്യയിൽ ലിംഗഭേദമന്യേ ഒരു മോചനം ആവശ്യമാണ്.
സിനിമയിൽ നഗ്നത ഒരു ആർട്ട് ഫോം ആണ്. അങ്ങനെയൊരു സാഹചര്യത്തിലാണ് ഈ നഗ്നരംഗത്തിൽ ഞാൻ അഭിനയിച്ചതും. ഒരു സിനിമയ്ക്ക് നഗ്നത എത്രമാത്രം പ്രാധാന്യമുണ്ടെന്ന് സംവിധായകനും തിരക്കഥാകൃത്തും പറഞ്ഞു മനസ്സിലാക്കിയ ശേഷമാണ് ഈ രംഗത്തിൽ അഭിനയിക്കാൻ തയ്യാറായത്. ഞാൻ ഇനിയും നഗ്നരംഗങ്ങൾ ചെയ്യും. അതിൽ എന്താണ് ഇത്ര ആഘോഷിക്കാൻ.’