ആമിർ ഖാൻ ചിത്രമായ ദംഗൽ ബോക്സ്ഓഫീസിൽ റെക്കോർഡുകൾ വാരിക്കൂട്ടിയിരുന്നു. പതിനേഴ് ദിവസംകൊണ്ട് 300 കോടിയാണ് ചിത്രം കലക്ട് ചെയ്തത്. ഹരിയാനയിലെ ഗുസ്‌തിതാരമായ മഹാവീർ സിങ് ഫോഗട് തന്റെ മൂത്ത പെൺമക്കളായ ഗീതയെയും ബബിതയെും ചാംപ്യൻമാരാക്കിയ കഥയാണു ‘ദംഗൽ’ പുനരാവിഷ്‌കരിച്ചത്.
ചിത്രം കോടികൾ വാരിയപ്പോൾ ഇവരുടെ കഥ സിനിമയാക്കിയതിന് ഫോഗട് കുടുംബത്തിന് ലഭിച്ച പ്രതിഫലം എൺപത് ലക്ഷം രൂപയാണ്. ബന്ധുക്കൾക്കിടയിൽ തുക കുറഞ്ഞുപോയെന്നൊരു വിമർശനം നടക്കുന്നുണ്ടെങ്കിലും മഹാവീർ ഈ തുകയിൽ സന്തോഷവാനാണ്.
വളരെ കഷ്ടപ്പെട്ടായിരുന്നു മഹാവീർ രണ്ടുമക്കളെയും ഇന്ത്യയുടെ ഗുസ്തി ചാമ്പന്‍മാരാക്കി മാറ്റിയത്. ഇതിനായി ലക്ഷങ്ങൾ വിലയുള്ള എരുമകളെ മഹാവീർ മേടിച്ചിരുന്നു. എരുമപ്പാല് ആയിരുന്നു ഇവരുടെ പ്രധാന ആഹാരം. ഗുസ്തിക്കാർ വെജിറ്റേറിയൻസ് ആയതിനാൽ കൃത്യമായ ആഹാരനിയന്ത്രണം അദ്ദേഹം ഏർപ്പെടുത്തിയിരുന്നു. 2010 കോമൺവെൽത്ത് ഗെയിംസിൽ ഗീത ഫോഗട്ടും ബബിത ഫോഗട്ടും വനിതാ ഗുസ്‌തിയിൽ ഇന്ത്യയുടെ ആദ്യ മെഡലുകൾ സ്വന്തമാക്കിയിരുന്നു.
തന്റെ ജീവിതം വെള്ളിത്തിരയിൽ കോടികൾ വാരിയെങ്കിലും ഒരു സ്വപ്നം മാത്രം ഇപ്പോഴും മഹാവീറിന് ബാക്കി. ഹരിയാനയിലെ ബലാലി ഗ്രാമത്തിൽ ഒരു റസ്‌ലിങ് അക്കാദമി തുടങ്ങുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
ആമിർ ഖാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഡിസ്‌നി അവതരിപ്പിക്കുന്ന ‘ദംഗലി’ന്റെ നിർമാണം ആമിർ ഖാനും ഭാര്യ കിരൺ റാവുവും സിദ്ധാർഥ് റോയ് കപൂറും ചേർന്നാണ്.
പുതുമുഖങ്ങളായ ഫാത്തിമാ സനാ ഷെയ്ഖും സാന്യ മൽഹോത്രയുമാണു ചിത്രത്തിൽ ഖാന്റെ പുത്രിമാരായ ഗീതയും ബബിതയുമായത്. ഹരിയാൻവി ഭാഷയിലും ഗുസ്‌തിയിലും പ്രാവീണ്യം നേടാൻ ഇരുവരും പരിശീലനം തേടിയിരുന്നു. മഹാവീർ ഫോഗട്ടിന്റെ ഭാര്യയായ ദയയെ അവതരിപ്പിച്ചത് ടിവി താരമായ സാക്ഷി തൻവറാണ്.