ടൈറ്റാനിക് എന്ന ചലച്ചിത്ര അനുഭവം ജെയിംസ് കാമറുൺ എന്ന ഇതിഹാസ സംവിധായകൻ പകർത്തിയത് ക്യാമറയിൽ ആയിരുന്നില്ല, ജനഹൃദയങ്ങളിലായിരുന്നു. ടൈറ്റാനിക് എന്ന ചിത്രം കണ്ടിറങ്ങിയവരെല്ലാം തന്നെ പിടിച്ചുലച്ച രംഗം ജാക്കിന്റെ മരണമാകും. ജാക്ക് ആയി അഭിനയിച്ച ലിയോനാർഡോ ഡികാപ്രിയോയെ എന്തിന് കൊന്നു എന്നൊരു ചോദ്യം ഏത് പ്രേക്ഷകനും കാമറൂണിനെ നേരിൽ കണ്ടാൽ ചോദിക്കാൻ ആഗ്രഹിക്കുന്ന ഒന്നായിരിക്കും.
തണുത്ത് മരവിച്ച വെള്ളത്തിൽ നിന്നും തനിക്ക് പിടിച്ച് കിടക്കാന്‍ കിട്ടിയ തടിയിൽ അല്‍പ്പം ഇടം കാമുകന്‍ ജാക്കിനും മാറ്റി വയ്ക്കാന്‍ റോസ് തയ്യാറായിരുന്നെങ്കില്‍ കഥ മാറിയേനെ. ജാക്ക് മരിക്കില്ലായിരുന്നു. എന്നിട്ടും റോസ് എന്താണ് അങ്ങനെ ചെയ്യാതിരുന്നത് എന്ന് ഇപ്പോഴും ആരാധകർക്ക് സംശയം.
20 വർഷങ്ങൾക്ക് ശേഷം വാനിറ്റി ഫെയർ മാഗസീനു വേണ്ടി അനുവദിച്ച അഭിമുഖത്തിലും കാമറൂണിനോട് ഇതേ ചോദ്യം ആവർത്തിക്കപ്പെട്ടു. ‘20 വർഷങ്ങൾക്ക് ശേഷം നാം ഈ ചിത്രത്തെ കുറിച്ച് സംസാരിക്കുന്നു. എന്ത് കൊണ്ട് ജാക്ക് മരിച്ചുവെന്ന ചോദ്യത്തിനുളള ഉത്തരം ലളിതമാണ്. തിരക്കഥയിലെ 147 പേജിൽ ജാക്ക് മരിക്കുന്നു. അതൊരു കലാപരമായ തെരഞ്ഞെടുപ്പായിരുന്നു. ജാക്ക് ജീവിച്ചിരുന്നെങ്കിൽ ഈ ചിത്രം അർത്ഥശൂന്യമായി പോയേനേ. ജാക്കിന്റെ മരണം സിനിമയ്ക്ക് അനിവാര്യമായിരുന്നു.’– കാമറൂൺ പറഞ്ഞു.
20 വർഷങ്ങൾക്ക് ശേഷം ജാക്കിന്റെ മരണത്തെ കുറിച്ച് സംസാരിക്കേണ്ട കാര്യമില്ലെന്നാണ് എനിക്കു തോന്നുന്നത്. കാമറൂൺ പറയുന്നു. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന് 20 വർഷങ്ങൾക്ക് ശേഷവും ജാക്കിനോട് സ്നേഹം തോന്നുന്നത് ആ ക്ലൈമാക്സ് കൊണ്ടാണെന്നും കാമറൂൺ പറഞ്ഞു.