അടുത്ത ക്യാപ്റ്റൻ അമേരിക്ക ജോൺ സീനയോ? ദുരന്തമാകുമെന്ന് വിമർശനം

ഹോളിവുഡ് സിനിമാപ്രേക്ഷകരെ നിരാശപ്പെടുത്തിയ പ്രഖ്യാപനമായിരുന്നു അ‍വഞ്ചേർസിൽ നിന്നുള്ള ക്രിസ് ഇവാൻസിന്റെ വിടവാങ്ങൽ. കഴിഞ്ഞ എട്ടുവർഷമായി ക്യാപ്റ്റൻ അമേരിക്കയയായി പ്രേക്ഷകഹൃദയം കീഴടക്കിയ താരമാണ് ക്രിസ്. താരത്തിന്റെ വിടവാങ്ങലോടെ ക്യാപ്റ്റന് പകരക്കാനാരെന്ന ചോദ്യമാണ് ആരാധകർക്കിടയിൽ ഉയർന്നുകേട്ടത്.

ഇപ്പോഴിതാ ആ സസ്പെ‍ൻസ് വെളിപ്പെടുത്തി ഒരു ഹോളിവുഡ് സൂപ്പർതാരം തന്നെ രംഗത്തുവന്നിരിക്കുന്നു. നടൻ ജോൺ സീനയാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയിരിക്കുന്നത്. 

തന്റെ ഇൻസ്റ്റഗ്രാം പേജിൽ ക്യാപ്റ്റൻ അമേരിക്കയുടെ ഷീൽഡിന്റെ ചിത്രം പോസ്റ്റ് ചെയ്തതാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ചിത്രത്തിന് യാതൊരു അടിക്കുറിപ്പും നൽകിയിട്ടുമില്ല.

താരം ക്യാപ്റ്റന്‍ അമേരിക്കയുടെ പകരക്കാനാകുന്നതിന്റെ സൂചനയാണ് ഈ പോസ്റ്റിലൂടെ നൽകിയതെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. എന്നാൽ താരത്തിന് നേരെ വിമർശനവും ഉയരുന്നുണ്ട്.

ക്യാപ്റ്റൻ അമേരിക്കയയായി ജോൺ സീനെ ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് മാർവൽ ആരാധകർ പറയുന്നു. എന്തായാലും ഇതുംസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അടുത്തവർഷം ഏപ്രിൽ 26നാണ് അവഞ്ചേർസ് 4 റിലീസിനെത്തുന്നത്.