വിവാദങ്ങളിലൂടെയും പ്രശസ്തമായ ക്ലാസിക് ആയിരുന്നു ബെർത്തലൂച്ചിയുടെ ലാസ്റ്റ് ടാൻഗോ ഇന്‍ പാരിസ്. ഇറോട്ടിക് ഡ്രാമ’ വിഭാഗത്തില്‍പ്പെടുന്ന ചിത്രം പുറത്തിറങ്ങിയ കാലത്തുതന്നെ ചര്‍ച്ചാവിഷയമായിരുന്നു. ഭാര്യ ആത്മഹത്യ ചെയ്ത ഒരാള്‍ക്ക് മറ്റൊരു യുവതിയുമായുണ്ടാകുന്ന ബന്ധമായിരുന്നു ചിത്രത്തിന്റെ വിഷയം.
ലോകപ്രശസ്ത നടൻ മെർലൻ ബ്രാൻഡോയും മരിയ ഷ്നീഡറുമാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഹിംസാത്മകമായ ലൈംഗികതയെ തുറന്നുകാട്ടുന്നതിന്റെ പേരില്‍ റിലീസ്‌കാലത്തുതന്നെ ചിത്രം വിവാദത്തില്‍പ്പെട്ടിരുന്നു. ഒരു ഘട്ടത്തില്‍ സെന്‍സര്‍ഷിപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തന്നെ അമേരിക്കയില്‍ തുടക്കമിട്ട ചിത്രത്തിന് ആദ്യം എക്‌സ് റേറ്റിങും പിന്നീട് എന്‍സി17 റേറ്റിങും നല്‍കി. വിവാദ ചിത്രത്തിലെ ചില രംഗങ്ങൾ ഇറ്റലിയിൽ വിപ്ലവം തന്നെ സൃഷ്ടിച്ചു. 1976-ൽ ആ ചിത്രത്തിന്റെ എല്ലാ കോപ്പികളും നശിപ്പിക്കുവാൻ കോടതി ഉത്തരവിട്ടു.
സംവിധായകന്റെ ഭാഗ്യത്തിന് ആ ചിത്രത്തിന്റെ ഒരു കോപ്പി മാത്രം നാഷനൽ ഫിലിം ലൈബ്രറിയിൽ സൂക്ഷിക്കുവാൻ കോടതി അനുമതി നൽകി. അഞ്ചുകൊല്ലത്തേക്ക് ദേശീയ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിനുള്ള അവകാശവും ബെർത്തലൂച്ചിക്ക് കോടതി അന്നു നിഷേധിച്ചു.
വിവാദവെളിപ്പെടുത്തലുകൾ
പിന്നീട് ചിത്രം റിലീസ് ചെയ്ത് നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം മറ്റൊരു കാരണത്തിന്റെ പേരിലും വിവാദം പൊട്ടിപുറപ്പെട്ടു. ബ്രാന്‍ഡോയുടെ കഥാപാത്രമായ പോള്‍ നായിക ജീനിനെ (മരിയ ഷ്നീഡർ) മാനഭംഗം ചെയ്യുന്ന രംഗമുണ്ടായിരുന്നു. റിലീസ് സമയത്ത് വാര്‍ത്തകളില്‍ ഇടംപിടിച്ച രംഗമായിരുന്നു ഇത്. എന്നാല്‍ നടിയുടെ അനുമതിയില്ലാതെയായിരുന്നു ഈ രംഗം ചിത്രീകരിച്ചതെന്നായിരുന്നു ബെര്‍ത്തലൂച്ചിയുടെ വെളിപ്പെടുത്തൽ. ആ രംഗം അത്രയും സ്വാഭാവികതയോടെ ചിത്രീകരിക്കണമെന്നുണ്ടായിരുന്നതിനാലാണ് നായികയെ അവതരിപ്പിച്ച മരിയ ഷ്നീഡറോട് മുന്‍കൂട്ടി അതേക്കുറിച്ച് പറയാതിരുന്നതെന്ന് ഒരു അഭിമുഖത്തിൽ ബെർത്തലൂച്ചി വെളിപ്പെടുത്തി.
‘അത് ബ്രാൻഡോയ്ക്കും എനിക്കുമിടയിലുള്ള തീരുമാനമായിരുന്നു. അങ്ങനെ ചെയ്താല്‍ മരിയയുടെ ‘ക്യാമറയ്ക്ക് മുന്‍പാകെയുള്ള പ്രതികരണം’ ഒരു നടിയുടേത് ആവില്ലെന്നും മറിച്ച് ഒരു പെണ്‍കുട്ടിയുടേതാവുമെന്നും ഞങ്ങള്‍ കരുതി. ഭയപ്പെടുത്തുന്ന ഒരു ആശയമായിരുന്നു അത്. പക്ഷേ ആ ചിത്രീകരണത്തെക്കുറിച്ച് എനിക്ക് ഇന്ന് കുറ്റബോധമൊന്നുമില്ല.’
എന്നാല്‍ തിരക്കഥയില്‍ ഇല്ലാത്ത ആ മാനഭംഗംരംഗം ചിത്രീകരിച്ചതിന് തൊട്ടുമുന്‍പ് സംവിധായകന്‍ അതേക്കുറിച്ച് തന്നോട് വെളിപ്പെടുത്തിയിരുന്നെന്നാണ് മരിയ ഷ്നീഡർ 2007ല്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. യഥാര്‍ഥത്തില്‍ മാനഭംഗം സംഭവിച്ചില്ലെങ്കിലും പീഡിപ്പിക്കപ്പെട്ടതായി തനിക്ക് എവിടെയോ തോന്നിയെന്നും അവര്‍ പറഞ്ഞിരുന്നു.
‘ലാസ്റ്റ് ടാൻഗോ ഇന്‍ പാരീസിന്റെ യഥാർഥ തിരക്കഥയിൽ ആ രംഗം ഉണ്ടായിരുന്നില്ല. മെര്‍ലൻ ബ്രാൻഡോയാണ് ആ ആശയവുമായി എത്തിയതെന്നാണ് സത്യം. ‘മരിയാ വിഷമിക്കരുത് ഇത് വെറുമൊരു സിനിമാ രംഗമാണ് എന്ന് ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് മെര്‍ലന്‍ പറഞ്ഞു. ആ രംഗം ചിത്രീകരിക്കുന്നതിന് തൊട്ടുമുന്‍പാണ് അവര്‍ എന്നോട് ഇതേക്കുറിച്ച് പറഞ്ഞത്. എനിക്ക് വലിയ ദേഷ്യം തോന്നി. വേണമെങ്കില്‍ എന്റെ ഏജന്റിനെയോ അഭിഭാഷകനെയോ വിളിക്കാമായിരുന്നു. തിരക്കഥയില്‍ ഇല്ലാത്ത ഒരു രംഗം ചിത്രീകരിക്കാന്‍ നിര്‍ബന്ധിക്കുന്നതിന്. പക്ഷേ ഞാന്‍ അത് ചെയ്തില്ല. അന്നു ഞാൻ തീരെ ചെറുപ്പമായിരുന്നു. എനിക്ക് സിനിമയെപറ്റി കൂടുതൽ അറിയുകയുമില്ലായിരുന്നു. അപമാനിക്കപ്പെട്ടതുപോലെതോന്നി. സത്യസന്ധമായി പറഞ്ഞാല്‍ ചിത്രീകരണത്തിനിടെ എവിടെയൊക്കെയോ റേപ്പ് ചെയ്യപ്പെട്ടതുപോലെയും. സംവിധായകനും നടനും റേപ്പ് ചെയ്തതുപോലെയാണ് തോന്നിയത്. ആ രംഗത്തിന് ശേഷം ബ്രാൻഡോ എന്നെ ആശ്വസിപ്പിക്കുകയോ മാപ്പ് പറയുകയോ ചെയ്തില്ല. ആരുടെയോ ഭാഗ്യത്തിന് അതിന് റീടേക്കുകളൊന്നും ഉണ്ടായില്ല.’
കാന്‍സര്‍ ബാധിച്ച് വര്‍ഷങ്ങളോളം കിടപ്പിലായ ഷ്നീഡര്‍ 2011 ല്‍ മരണപ്പെട്ടു. എന്നാൽ നായികയുടെ വെളിപ്പെടുത്തൽ തീര്‍ത്തും തെറ്റിദ്ധാരണയെത്തുടര്‍ന്നുള്ള വിവാദമെന്നാണ് ബെർത്തലൂച്ചി വിശേഷിപ്പിച്ചത്. മാനഭംഗംരംഗം തിരക്കഥയിൽ ഉണ്ടായിരുന്നെന്നും എഴുതി ചേർത്തത് ‘ബട്ടര്‍’ ഉപയോഗം മാത്രമാണെന്നുമാണ് ബെർത്തലൂച്ചി പറയുകയുണ്ടായി. ചിത്രീകരണത്തിന് ശേഷം ഷ്‌നീഡറും താനും തമ്മില്‍ കണ്ടിട്ടില്ലെന്നും അവര്‍ തന്നെ വെറുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.