ആരാധകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ട്രെയിലറാണ് അവഞ്ചേഴ്സ് 4. പുറത്തിറങ്ങി 24 മണിക്കൂറുകൾക്കുള്ളിൽ ലോകത്തിൽ ഏറ്റവുമധികം ആളുകൾ കണ്ട ട്രെയിലറായി അവഞ്ചേഴ്സ്: എൻഡ് ഗെയിം മാറി. ഇപ്പോഴിതാ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ വരെ അവഞ്ചേഴ്സ് തരംഗത്തിൽപെട്ടിരിക്കുകയാണ്.
Marvel Studios' Avengers - Official Trailer
അവഞ്ചേഴ്സിൽ പ്രധാനതാരമായേക്കാവുന്ന അയണ്‍മാന്റെ വിവരണത്തോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. കട്ടപ്പയെ ബാഹുബലി പിന്നിൽനിന്നു കുത്തിയതുപോലൊരു ക്ലൈമാക്സിൽ സിനിമ തീർത്താണ് അവഞ്ചേഴ്സ്: ഇൻഫിനിറ്റി വാർ അവസാനിച്ചത്. സ്പൈഡർമാൻ, ഡോക്ടർ സ്ട്രെയ്ഞ്ച്, ബക്കി തുടങ്ങി നമ്മുടെ പ്രിയതാരങ്ങളെല്ലാം താനോസിന്റെ ആക്രമണത്താൽ ഇല്ലാതായിക്കഴിഞ്ഞു. ഇനിയെന്തു ചെയ്യും, താനോസിനെ ആർക്കു കൊല്ലാനാകും എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് അവശേഷിക്കുന്നത്.
ആകെയുള്ള ആശ്വാസം അയൺമാനിലും ക്യാപ്റ്റൻ അമേരിക്കയിലുമൊക്കെയാണ് എന്നാൽ അയൺമാനാകട്ടെ ബഹിരാകാശത്ത് ഒരു സ്പേസ്ഷിപ്പിൽ കുടുങ്ങിക്കിടക്കുകയാണ്. അയൺമാൻ ഹെൽമറ്റും ഊരി വിടവാങ്ങൽ പ്രസംഗം നടത്തുന്ന ടോണി സ്റ്റാർക്കിന്റെ ആരോഗ്യനില അതീവഗുരുതരമാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ.
മറ്റു സൂപ്പർതാരങ്ങളൊക്കെ താനോസിന്റെ പ്രഹരത്തിൽ അവശരായിക്കിടക്കുന്ന അവസ്ഥയിൽ നാസ എത്രയും പെട്ടെന്ന് ഇടപെടണമെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്. ഇതോടെ നാസയെ പേരെടുത്തു പറഞ്ഞായി ആരാധകരുടെ ട്വീറ്റുകൾ.
എത്രയും പെട്ടെന്ന് നാസ ടീമിനെ ബഹിരാകാശത്തേക്ക് അയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിനു ട്വീറ്റുകളാണ് നാസയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ എത്തിയത്.
അവസാനം നാസ തന്നെ ആരാധകർക്കു മറുപടിയുമായി എത്തി. മാർവലിനു മറുപടി നൽകിയായിരുന്നു നാസയുടെ ട്വീറ്റ്. ‘ടോമി സ്റ്റാർക്കിന്റെ അവസ്ഥ ഞങ്ങൾക്കു മനസ്സിലായി. അദ്ദേഹത്തിന് അവിടെനിന്ന് ആശയവിനിമയത്തിനു തടസ്സമുണ്ടെങ്കിൽ ഇവിടെയുള്ള മാർഗങ്ങൾ ഉപയോഗിച്ച് രക്ഷിക്കാൻ ശ്രമിക്കൂ.’
ഇതാദ്യമായാണ് ഒരു സിനിമയുടെ ട്രെയിലറുമായി ബന്ധപ്പെട്ട് നാസ ട്വീറ്റ് ചെയ്യുന്നത്.