18 വർഷം മുമ്പ് സത്യം ശിവം സുന്ദരം എന്ന ചിത്രത്തിലൂടെ ശാലീന സുന്ദരിയായ ഒരു നായിക മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. മുൻനിര നായികയായി ഉയരാനുള്ള സാഹചര്യങ്ങളുണ്ടായിട്ടും പെട്ടെന്നൊരു നാൾ ആ നടി അപ്രത്യക്ഷയായി. ഒാർത്തിരിക്കാൻ വിരലിലെണ്ണാവുന്ന സിനിമകൾ മാത്രം സമ്മാനിച്ച അവർ നീണ്ട ഇടവേളയ്ക്കു ശേഷം മലയാള സിനിമയിൽ സജീവമാകാനുള്ള തയാറെടുപ്പിലാണ്. വെള്ളിത്തിര വിട്ടതിനെപ്പറ്റിയും ഇപ്പോൾ തിരിച്ചെത്തിയതിനെപ്പറ്റിയും അശ്വതി മനോരമ ഒാൺലൈനിനോടു സംസാരിക്കുന്നു.
എന്തിനാണ് അന്നു സിനിമ വിട്ടത് ?
2000 ലായിരുന്നു സത്യം ശിവം സുന്ദരം എന്ന ചിത്രത്തിലൂടെ ഞാൻ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം നാലു ചിത്രങ്ങൾ ചെയ്തു. നാലാമത്തെ ചിത്രം കഴിഞ്ഞപ്പോൾ എന്റെ ഡിഗ്രി ഫൈനൽ പരീക്ഷയായിരുന്നു. തമിഴിൽനിന്നും മറ്റും അവസരങ്ങൾ വന്നിരുന്നു. പക്ഷേ പോകാൻ സാധിച്ചില്ല. ഒരു സാധാരണ എൻആർഐ കുടുംബമായിരുന്നു എന്റേത്. അതുകൊണ്ട് പഠനം എന്നത് വലിയ പ്രാധാന്യമുള്ളതായിരുന്നു.
പഠിക്കാനാണ് ശരിക്കും നാട്ടിലേക്കു പോന്നതും. ലാലേട്ടന്റെ ഒപ്പം ഒന്നാമൻ ചെയ്തു. പിന്നാലെ ദുബായിലേക്കു തിരികെ പോയി. അവിടെ ജോലി ലഭിച്ചു. രാവിലെ മുതൽ വൈകിട്ടു വരെ ഒാഫിസിലിരുന്നു ചെയ്യുന്ന ജോലി. അതു മറ്റൊരു ജീവിതമായിരുന്നു. പക്ഷേ അഭിനയം പല വഴികളിലൂടെ എന്നിലേക്കു വന്നു. ചില ഇംഗ്ലിഷ് നാടകങ്ങളിലൊക്കെ അഭിനയിക്കാനുള്ള അവസരം ലഭിച്ചു. അതുകൊണ്ട് ഇടവേളയുടെ വിടവ് അനുഭവപ്പെട്ടില്ല.
18 വർഷത്തിനു ശേഷമുള്ള തിരിച്ചുവരവ് ?
റാഫി സാർ സംവിധാനം ചെയ്ത റോൾ മോഡൽസ് എന്ന ചിത്രത്തിലൂടെയാണ് തിരിച്ചു വരുന്നത്. വലിയ പിന്തുണയുമായി ഒപ്പം നിന്നത് ഭർത്താവും മാതാപിതാക്കളുമൊക്കെയാണ്. സുഹൃത്തുക്കളും പിന്തുണയും പ്രോത്സാഹനവും നൽകി. ഒരു നാടകമെന്നത് രണ്ടു മണിക്കൂറാണ്. ആ രണ്ടു മണിക്കൂറിൽ നമ്മൾ കാഴ്ചക്കാരെ കയ്യിലെടുക്കണം.
രണ്ടു മാസമെങ്കിലും കുറഞ്ഞത് റിഹേഴ്സലിനായി മാറ്റി വയ്ക്കണം. ഭാർത്താവ് വികാസ് ‘താനെങ്ങനെ ഇൗ ഒാഫിസ് ജോലിയൊക്കെ ചെയ്യുന്നു?’ എന്ന് ഒരിക്കൽ ചോദിച്ചു. അദ്ദേഹം പറഞ്ഞതു കൊണ്ടാണ് തിരികെ വരാം എന്നു തീരുമാനിക്കുന്നതും. റാഫി സാറിനെ വിളിച്ചപ്പോൾ നേരെ ഗോവയ്ക്കു പോരാൻ പറഞ്ഞു. അങ്ങനെ റോൾ മോഡൽസിലൂടെ ഒരു മടങ്ങിവരവ്.
ഫഹദിനൊപ്പം ട്രാൻസിൽ അഭിനയിക്കുന്നുവെന്നു കേട്ടു ?
റോൾ മോഡൽസ് കഴിഞ്ഞു നിൽക്കുമ്പോഴാണ് ട്രാൻസിന്റെ സംവിധായകൻ അൻവർ റഷീദിന്റെ ഭാര്യ എന്നെ വിളിക്കുന്നത്. ഞങ്ങൾ സ്കൂളിൽ ഒരുമിച്ചു പഠിച്ചിട്ടുണ്ട്. ‘അൻവറിന്റെ അടുത്ത പ്രോജക്ടിൽ ഒരു കഥാപാത്രമുണ്ട്, മുടി വെട്ടുമോ’ എന്നു ചോദിച്ചു. അതിനെന്താ, കഥാപാത്രം നല്ലതാണെങ്കിൽ മുടി വെട്ടാം എന്നു പറഞ്ഞു. അങ്ങനെ ട്രാൻസിൽ ഫഹദിനൊപ്പം കവിത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.
റോൾ മോഡൽസിൽ പഴയ സെറ്റ്, പഴയ ആളുകൾ ഒക്കെയായിരുന്നു. എന്നാൽ ട്രാൻസ് അങ്ങനെയല്ലായിരുന്നു. പുതിയ ആളുകൾ, പുതിയ ഉൗർജം, ആകെ മൊത്തത്തിൽ പുതിയ അനുഭവമായിരുന്നു. ഫഹദിനൊപ്പമുള്ള അഭിനയം വലിയ പാഠമായിരുന്നു. റോൾ മോഡൽസിലും ഫഹദിനൊപ്പം അഭിനയിച്ചുവെങ്കിലും ട്രാൻസിൽ കൂടുതൽ കോമ്പിനേഷൻ സീനുകളുണ്ടായിരുന്നു. ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിനായി കാത്തിരിക്കുകയാണ് ഞാൻ,
അന്നത്തെ സിനിമയും ഇന്നത്തെ സിനിമയും തമ്മിലുള്ള വ്യത്യാസം?
കഥ പറയുന്ന രീതി മാറിയെന്നാണ് എനിക്കു തോന്നുന്നത്. ഇപ്പോൾ കുറച്ചു കൂടി സാധാരണമാണ് കഥ പറച്ചിൽ. സാധാരണ പ്രേക്ഷകനു പെട്ടെന്നു മനസ്സിലാക്കാനാവുന്ന രീതി. പറവ, മഹേഷിന്റെ പ്രതികാരം അങ്ങനെയുള്ള നിരവധി സിനിമകൾ അടുത്തിടെയിറങ്ങി. ഇതിന്റെയൊക്കെ കഥകൾ ലളിതമാണ്. ആ കാലത്തെ കഥ പറച്ചിൽ ഇങ്ങനെയേ അല്ലായിരുന്നു. ടെക്നിക്കലായും സിനിമ ഒരുപാടു വളർന്നു. അഭിനേതാക്കളുടെ പ്രകടനവും മെച്ചപ്പെട്ടു. അവർക്കു വലിയ വെല്ലുവിളികളുണ്ട്. നമുക്കതു പെട്ടെന്നു മനസ്സിലാക്കാനാകും. ചാക്കോച്ചന്റെയൊക്കെ പ്രകടനം വളരെ മാറി. അഭിനേതാവെന്ന നിലയിൽ അവരൊക്കെ ഒരുപാടു വളർന്നു.
മാറി നിന്നതിൽ ദുഃഖമുണ്ടോ ?
എല്ലാവർക്കും ഒരു വിധിയുണ്ട്. അന്നത്തെ കാലത്ത് അത് ആവശ്യമായിരുന്നു. എനിക്ക് അഭിനയം പഠിക്കാൻ സാധിച്ചു ഇക്കാലയളവിൽ. ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ എനിക്കു സ്കോളർഷിപ്പ് ലഭിച്ചു. അവിടെ നാടകങ്ങൾ ഉണ്ടായിരുന്നു. സിനിമയിൽ നിന്നെടുത്ത ഇടവേളയിൽ അങ്ങനെ അഭിനയം പഠിക്കാൻ സാധിച്ചു. സിനിമകൾ മിസ്സ് ചെയ്തു, കഥാപാത്രങ്ങൾ മിസ്സായി. പക്ഷേ ഇങ്ങനെയൊക്കെ ആവണമെന്നായിരുന്നു വിധി. അതുകൊണ്ട് മാറി നിന്നതിൽ ഒട്ടും ദു:ഖമില്ല. ഇതാണു ശരിയായ സമയമെന്ന് ഞാൻ വിശ്വസിക്കുന്നു.
സിനിമയിലെ കാസ്റ്റിങ് കൗച്ച് സത്യമാണോ ?
2000–ൽ ഞാൻ അഭിനയം തുടങ്ങിയ കാലത്തും ഇൗ കാസ്റ്റിങ് കൗച്ച് എന്ന സംഭവം ഉണ്ട്. അതിന് വലിയ മാറ്റം ഉണ്ടായെന്നു ഞാൻ കരുതുന്നില്ല. അത് സങ്കടകരമാണ് പക്ഷേ അതാണ് സത്യം. ഞാൻ തിരിച്ചു വരുന്ന ഇൗ സമയത്തും അതിനെപ്പറ്റി ചില സംസാരങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ എനിക്ക് എന്റേതായ ചില തീരുമാനങ്ങളുണ്ട്. ഏതൊക്കെ അവസരങ്ങൾ വേണം, വേണ്ട എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും എനിക്കുണ്ട്.
ശരിക്കും ഞെട്ടിക്കുന്നതായിരുന്നു ചില അനുഭവങ്ങൾ. ശരിക്കും സങ്കടമുളവാക്കുന്നതാണ് ഇതൊക്കെ. ഇതിനെതിരെ ശബ്ദമുയർത്തി പ്രതികരിക്കുന്ന നടിമാർ വളരെ നല്ല കാര്യമാണ് ചെയ്യുന്നത്. ഡബ്ല്യുസിസി ഒരുപാടു നല്ല കാര്യങ്ങൾ ചെയ്തു. അമ്മയും ഒരുപാടു നടീനടന്മാരെ സഹായിക്കുന്നുണ്ട്. രണ്ടു സംഘടനകളും സിനിമാപ്രവർത്തകരുടെ നന്മയ്ക്കായാണ് പ്രവർത്തിക്കുന്നത്. പിന്നെ ഒാരോ സിനിമയും ഒാരോ തരത്തിലാണ്. ഞാൻ ജോലി ചെയ്തിട്ടുള്ള സിനിമകളിലൊന്നും എനിക്കു ദുരനുഭവങ്ങളുണ്ടായിട്ടില്ല.