പ്രതീക്ഷകളില്ലാതെ എത്തി വിജയം കൊയ്യുന്ന സിനിമകൾ അതിന്റെ അണിയറക്കാർക്കു കൊടുക്കുന്നത് ഇരട്ടി മധുരമാണ്. അത്തരമൊരു മാധുര്യം ആവോളം നുണയുകയാണ് ജോസഫിന്റെ സംവിധായകൻ എം. പത്മകുമാർ. സൂപ്പർ സ്റ്റാറുകളെ നായകനാക്കി ചിത്രമെടുത്തിട്ടുള്ള പത്മകുമാർ ജോജു ജോർജിനെ നായകനാക്കി സിനിമയെടുത്തപ്പോൾ മൂക്കത്തു വിരൽ വെച്ചവരുണ്ട്. എന്നാൽ അവരുടെയും കൈയടി നേടി ജോസഫ് തിയറ്ററിൽ നിറഞ്ഞോടുകയാണ്. വെല്ലുവിളികൾ നിറഞ്ഞ ആ സിനിമയെക്കുറിച്ചും സിനിമാജീവിതത്തെക്കുറിച്ചും പത്മകുമാർ സംസാരിക്കുന്നു.
ജോസഫ് ഇത്ര മികച്ച വിജയം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നോ ?
വിജയം പ്രതീക്ഷിച്ചിരുന്നു എന്നതിനേക്കാൾ കൂടുതൽ വിജയം ആഗ്രഹിച്ചിരുന്നു എന്നതാണ് സത്യം. പക്ഷേ ഇൗ സിനിമ ചെയ്ത സമയത്തൊക്കെ നല്ല സിനിമ എന്ന പേരുണ്ടാക്കാൻ ഇതിനു സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. കോമേഴ്സ്യലി ഇത്ര മികച്ച വിജയം നേടുമെന്നും ആളുകൾ നല്ല അഭിപ്രായം പറയുമെന്നും പ്രതീക്ഷിച്ചിരുന്നില്ല.
ജോജുവിനെ നായകനാക്കിയത് റിസ്ക്കായിരുന്നില്ലേ ?
ഇൗ തിരക്കഥ ആദ്യം വായിച്ചപ്പോൾ എന്റെ മനസ്സിൽ വന്ന രൂപം ജോജുവിന്റേതായിരുന്നു. തിരക്കഥാകൃത്തായ ഷാഹിയോട് ആരാവണം ജോസഫിന്റെ കഥാപാത്രം ചെയ്യേണ്ടതെന്നു ചർച്ച ചെയ്തപ്പോഴും ആദ്യമൊക്കെ ഞങ്ങൾ ഏറ്റവും താരമൂല്യമുള്ള നടന്മാരെക്കുറിച്ചാണ് ആലോചിച്ചത്. എങ്കിലേ വാണിജ്യപരമായി സിനിമ വിജയിക്കൂ എന്നാണ് ഞങ്ങൾ കരുതിയത്. അതിനിടയ്ക്കാണ് ഞാൻ ഷാഹിയോട് ഇത് ജോജു ചെയ്താൽ നന്നായിരിക്കുമെന്നു പറയുന്നത്. ജോജുവിനെക്കൊണ്ട് ഇതു പറ്റുമെന്ന് എനിക്കു വിശ്വാസമുണ്ടായിരുന്നു. അപ്പോഴാണ് ഷാഹി ജോജു ഇൗ തിരക്കഥ നേരത്തെ വായിച്ചിട്ടുണ്ടെന്ന് എന്നോടു പറയുന്നത്. അങ്ങനെ ഒരു നിമിത്തം പോലെ ജോജു ജോസഫിലേക്കെത്തി.
ജോസഫ് ചെയ്തപ്പോൾ നേരിട്ട വെല്ലുവിളികളെ എങ്ങനെ അതിജീവിച്ചു ?
തിരക്കഥയിലുള്ള വിശ്വാസമാണ് എല്ലാത്തിനും സഹായിച്ചത്. പൂർത്തിയാക്കിയാൽ എനിക്കും ജോജുവിനും മലയാള സിനിമയിൽ പുതിയൊരു പേര് ഉണ്ടാക്കാൻ പറ്റുന്ന ചിത്രമായി ഇതു മാറുമെന്ന് അറിയാമായിരുന്നു. ആ വിശ്വാസമാണ് എല്ലാത്തിനും കരുത്ത് പകർന്നത്. നിർമാതാക്കളുടെ ഭാഗത്ത് പ്രശ്നങ്ങളുണ്ടായിരുന്നു. ഒടുവിൽ ജോജു തന്നെ നിർമാണം ഏറ്റെടുത്തു. ഷൂട്ട് നടക്കുന്ന സമയത്താണ് പ്രളയം കേരളത്തെ ബാധിക്കുന്നത്. കുറേ ദിവസം ഷൂട്ട് ചെയ്തു. പിന്നീട് നിർത്തി. അതു കഴിഞ്ഞ് ആർട്ടിസ്റ്റുകളെ തിരികെ കിട്ടാൻ ബുദ്ധിമുട്ടി. ആദ്യം ഷൂട്ട് ചെയ്ത ലൊക്കേഷനുകളെ പ്രളയം ബാധിച്ചു. തളർന്നു പോകുമായിരുന്ന പല അവസരങ്ങളും ഉണ്ടായി. പക്ഷേ അതിനെ അതിജീവിക്കാൻ സാധിച്ചു.
മലയാള സിനിമയിൽ താരാധിപത്യം കൂടുതലാണോ ?
മലയാളത്തിൽ മാത്രമല്ല ലോകത്തെല്ലായിടത്തും കണ്ടു വരുന്നൊരു പ്രവണതയാണത്. താരങ്ങളാണ് സിനിമയുടെ ഭാഗധേയം നിർണയിക്കുന്നത്. ഹോളിവുഡ്, ബോളിവുഡ്, കോളിവുഡ് സിനിമകളിലൊക്കെ താരങ്ങൾക്ക് അവരുടേതായ പ്രാധാന്യമുണ്ട്. അതൊന്നും നാം വിസ്മരിച്ചു കൂടാ. താരങ്ങളില്ലാത്ത നല്ല സിനിമകൾ ഉണ്ടാകണം. താരങ്ങളുള്ള നല്ല സിനിമകളും ഉണ്ടാകണം. അല്ലാതെ താരങ്ങളെ പാടെ ഒഴിവാക്കി സിനിമ ചെയ്യണമെന്ന് എനിക്കില്ല. താരാധിപത്യം സിനിമയ്ക്ക് ഒരു ഭാരമാണെന്ന അഭിപ്രായവുമില്ല. പക്ഷേ പുതിയ അഭിനേതാക്കളും സംവിധായകരും നല്ല സിനിമകളും ഉണ്ടാവേണ്ടതുണ്ട്.
മാസ് സിനിമകൾ ചെയ്ത സംവിധായകർക്കൊപ്പം പ്രവർത്തിച്ച താങ്കൾ പക്ഷേ സ്വന്തം സിനിമകളിൽ മാസ് അധികം കാണിക്കാത്തത് എന്തുകൊണ്ടാണ് ?
സിനിമകൾ കൂടുതൽ റിയലിസ്റ്റിക്കാവണമെന്നാണ് എന്റെ അഭിപ്രായം. ശിക്കാർ പോലുള്ള സിനിമകളൊക്കെ മാസ് സ്വഭാവമുള്ളതാണ്. നമ്മൾ നമ്മുടെ കണ്ണു കൊണ്ട് എങ്ങനെ സംഭവങ്ങളെ കാണുന്നോ അങ്ങനെ സിനിമയെ സമീപിക്കണമെന്നാണ് എന്റെ അഭിപ്രായം. ജീവിതത്തിൽ നാം കാണുന്ന എല്ലാ ആളുകളും സൽഗുണസമ്പന്നരല്ലല്ലോ. അതുകൊണ്ട് എന്റെ നായകന്മാർക്കും പല ഷേഡുകൾ ഉണ്ടാവും. നെഗറ്റിവിറ്റി ഉണ്ടാകും. യഥാർഥ ജീവിതം കുറച്ചു ഡാർക്കാണ് എന്നാണ് എന്റെ വിശ്വാസം.
ആ വിശ്വാസമാണ് എന്റെ സിനിമകളിലൂടെ ഞാൻ അവതരിപ്പിക്കുന്നതും. പക്ഷേ ചിലപ്പോഴൊക്കെ കോംപ്രമൈസുകൾ ആവശ്യമാണ്. കുട്ടികൾക്കു മരുന്ന് കൊടുക്കുമ്പോൾ ഒപ്പം കുറച്ചു മധുരം കൂടി കൊടുക്കാറില്ലേ? അതുപോലെ പ്രേക്ഷകനെ ആകർഷിക്കാൻ ചില പൊടിക്കൈകൾ പ്രയോഗിക്കേണ്ടതുണ്ട്. ശിക്കാറിൽ മാസ് ഉണ്ടായിരുന്നു, അതിനൊപ്പം ഗൗരവമുള്ള ഒരു വിഷയം കൂടി പറഞ്ഞിട്ടുണ്ട്.
മോഹൻലാലിന്റെ കൂടെ ഒരുപാടു സിനിമകളിൽ പ്രവർത്തിച്ചു. അദ്ദേഹം എന്ന നടനിൽ കാണുന്ന പ്രത്യേകത ?
സെറ്റിൽ മോഹൻലാൽ ഒരു നടൻ മാത്രമല്ല ഒരു നല്ല സുഹൃത്തു കൂടിയാണ്. മോഹൻലാലിൽ ഞാൻ കാണുന്ന ഏറ്റവും വലിയ പ്രത്യേകത അദ്ദേഹം ജീവിക്കുന്നതും നടനാകുന്നതും തമ്മിൽ വലിയ വ്യത്യാസമില്ല. രണ്ടും ഒരേ രീതിയിൽ കൊണ്ടു നടക്കുന്ന വ്യക്തിയാണ് അദ്ദേഹം. നമ്മളോടു സംസാരിച്ചു കൊണ്ടിരിക്കുന്ന ലാലേട്ടൻ തന്നെയാണ് ഷോട്ട് റെഡിയാകുമ്പോൾ പോയി കഥാപാത്രമായി അഭിനയിച്ച് അതിനു ശേഷം തിരികെ വന്ന് നേരത്തെ പറഞ്ഞു കൊണ്ടിരുന്ന കാര്യം പൂർത്തിയാക്കുന്നത്.
കഥാപാത്രമാകാൻ വേണ്ടി അദ്ദേഹം ഒട്ടും സ്ട്രെയിൻ എടുക്കുന്നില്ല. ജന്മനാ ഉള്ള നൈസർഗികമായ കഴിവു കൊണ്ടാണ് അദ്ദേഹം തന്റെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അത് അദ്ദേഹത്തിൽ മാത്രം ഞാൻ കണ്ടിട്ടുള്ള പ്രത്യേകതയാണ്. എന്നെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ള നടനും അദ്ദേഹം തന്നെയാണ്.
ഒടിയൻ സിനിമയിൽ താങ്കളും ഭാഗമായിരുന്നല്ലോ. എന്താണ് പ്രതീക്ഷകൾ ?
ഒടിയന്റെ ക്രിയേറ്റീവ് സൈഡിൽ ഒന്നും ഞാൻ ചെയ്തിട്ടില്ല. ഒരു കോഓർഡിനേറ്ററുടെ റോളായിരുന്നു എന്റേത്. ഒടിയൻ മലയാളത്തിലെ ഏറ്റവും വലിയ മാസ് ഹിറ്റുകളിൽ ഒന്നായിരിക്കും എന്നാണ് എന്റെ വിശ്വാസം. ജനങ്ങൾ എന്താണോ പ്രതീക്ഷിക്കുന്നത് അതു കൊടുക്കാൻ ആ ചിത്രത്തിനു സാധിക്കുമെന്നാണ് എന്റെ വിശ്വാസം. അതിനുള്ള ശേഷി ആ സിനിമയ്ക്കുണ്ട്. ഒരിക്കലും ആ ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തില്ല. മോഹൻലാലിന് മാത്രം സാധിക്കുന്ന ചില മാജിക്കുകൾ ആ ചിത്രത്തിലുണ്ട്. അത് സിനിമ കണ്ടു തന്നെ അറിയേണ്ടതാണ്.