കേരളത്തിൽ ബ്രഹ്മാണ്ഡ റിലീസുമായി സൂപ്പർതാരം അജിത്തിന്റെ വിവേകം നാളെ എത്തുന്നു. 303 തിയറ്ററുകളിലാണ് മലയാളത്തിൽ ചിത്രം റിലീസിനെത്തുന്നത്. ആദ്യദിനം മാത്രം 1650 ഷോ ഉണ്ടാകും. റിലീസിന്റെ കാര്യത്തിൽ ബാഹുബലി 2 വിനെയാണ് വിവേകം തകർത്തത്. രാവിലെ 7. 30 മുതൽ ആദ്യ ഷോ ആരംഭിക്കും.
തിരുവനന്തപുരത്ത് 16 സ്ക്രീനുകളിലും വിവേകം മാത്രമാണ് ഷോ. തിരുവനന്തപുരം നഗരത്തിൽ മാത്രം അൻപതിലധികം ഷോകളാണ് ചിത്രത്തിനുള്ളത്. സർവകാല റെക്കോർഡാണ് ഇത്. കബാലിക്ക് 48 ഷോ ആയിരുന്നു തിരുവനന്തപുരത്ത് ഉണ്ടായിരുന്നത്. ബാഹുബലി 2 നു 44 ഷോയും ഉണ്ടായിരുന്നു.
തിരുവനന്തപുരം ന്യൂ തിയേറ്ററിൽ മാത്രം 7 ഷോ ആണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഏരീസ് പ്ലെക്സിൽ 10 ഷോയും ചിത്രം പ്രദര്ശിപ്പിക്കുന്നുണ്ട്. കഠിനംകുളത്തെ ജി ട്രാക്‌സിലും വി ട്രാക്‌സിലുമായി 6 ഷോ വീതം വിവേകം എത്തുന്നു.
46 രാജ്യങ്ങളിലാണ് ചിത്രം റിലീസിനെത്തുന്നത്. ആകെ സ്ക്രീൻ 3250. ഒരു തമിഴ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വമ്പൻ റിലീസ് കൂടിയാണ്. പുലിമുരുകന്റെ വലിയ വിജയത്തിന് ശേഷം നിർമാതാവ് ടോമിച്ചൻ മുളകുപാടം വിതരണത്തിനെത്തിക്കുന്ന ചിത്രം കൂടിയാണ് വിവേകം.
തിരുവനന്തപുരത്ത് മാത്രമല്ല കേരളത്തിൽ പലയിടത്തും സ്പെഷൽ ഷോയും ഫാൻസ് ഷോയും പ്രദർശിപ്പിക്കുന്നുണ്ട്. സിനിമയുടെ പ്രമോഷന് വേണ്ടി മാത്രം കോടികളാണ് ടോമിച്ചൻ മുളകുപാടം മുടക്കുന്നത്.