‘മഹേഷിന്റെ പ്രതികാരം’ അനുഭവിച്ചറിഞ്ഞ പ്രേക്ഷകർ സിനിമയോടു ചേർത്തുവച്ചൊരു ടാഗ്‌ലൈനുണ്ട്: ‘പോത്തേട്ടൻസ് ബ്രില്യൻസ്’. ദിലീഷ് പോത്തൻ എന്ന സംവിധായകന്റെ രണ്ടാം സിനിമ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ റിലീസിന് ഒരുങ്ങുന്നു. പോത്തേട്ടൻസ് മാജിക് കാണാൻ പ്രേക്ഷകരും. ഒച്ചപ്പാടും ബഹളങ്ങളുമില്ലാതെ കള്ളനെപ്പോലെ പതുങ്ങിവന്ന ‘തൊണ്ടിമുതൽ...’ ടീസർ ഹിറ്റായത് ഠപ്പേന്നായിരുന്നു. പുതിയ സിനിമയെക്കുറിച്ച് ദിലീഷ് പോത്തൻ സംസാരിക്കുന്നു:
∙ തൊണ്ടിമുതലും ദൃക്സാക്ഷിയും..
ചെറിയൊരു പ്ലോട്ടാണ്. അതിനാൽ കഥ പറഞ്ഞുതരാൻ കുറച്ചു ബുദ്ധിമുട്ടും. പൊലീസ് സ്റ്റേഷനിൽ ഒരു കേസുമായി ബന്ധപ്പെട്ട് എത്തുന്ന പരാതിക്കാരന്റെയും കുറ്റാരോപിതന്റെയും ഇടയിൽ രണ്ടു ദിവസത്തിനുള്ളിൽ നടക്കുന്ന സംഭവങ്ങളുടെ ഡീറ്റെയ്‌ലിങ് ആണ് സിനിമ. റിയലിസ്റ്റിക് രീതിയിൽ, ഒരുപക്ഷേ, മഹേഷിനേക്കാൾ റിയലിസ്റ്റിക് ആയിട്ടാണ് കഥ പറയുന്നത്. പ്രേക്ഷകരോട് നന്നായി കമ്യൂണിക്കേറ്റ് ചെയ്യുന്ന ചെറിയ ചെറിയ തമാശകളുള്ള, ത്രില്ലർ സ്വഭാവമുള്ള ഒരു സോഷ്യൽ ഡ്രാമ. പ്ലോട്ട് വർക്ക് ചെയ്തുവന്നപ്പോൾ ഇതിലും മികച്ച പേരു കിട്ടിയില്ല. മഹേഷിന്റെ പ്രതികാരവുമായി ഒരുതരത്തിലുള്ള താരതമ്യങ്ങളുടെയും കാര്യമില്ല.
∙ ശ്യാം പുഷ്കരൻ ..
മഹേഷിൽനിന്നു തൊണ്ടിമുതലിലേക്ക് എത്തുമ്പോൾ ശ്യാം പുഷ്കരൻ ക്രിയേറ്റിവ് ഡയറക്ടറായി ഒപ്പമുണ്ട്. ഈ സിനിമയുടെ എഴുത്തുകാരൻ സജീവേട്ടൻ (സജീവ് പാഴൂർ) കഥ പറഞ്ഞപ്പോൾ ഇന്ററസ്റ്റിങ് ആയിത്തോന്നി. വലിയൊരു ഏരിയയിലേക്ക് വിരൽചൂണ്ടുന്ന വിഷയമാണ്. അതു ശ്യാമിനോടും ഷൈജുവിനോടും (ഷൈജു ഖാലിദ്) സംസാരിച്ചു. അവർക്കും ഇഷ്ടപ്പെട്ടു. എല്ലാവരും ചേർന്നു പിന്നെയതിൽ വർക്ക് ചെയ്തു. അങ്ങനെ ആറു മാസംകൊണ്ടു മൂന്നു ഡ്രാഫ്റ്റ് തിരക്കഥയായി. പൂർത്തിയാക്കിയ സ്ക്രിപ്റ്റുമായി ഷൂട്ട് തുടങ്ങിയെങ്കിലും വിവിധഘട്ടങ്ങളിലായി കുറെ മാറ്റങ്ങളുണ്ടായി. മഹേഷിലും അത്തരം മാറ്റങ്ങളുണ്ടായിരുന്നു. സീൻ ഓർഡർ അനുസരിച്ചായിരുന്നു ഷൂട്ടിങ്.
∙ രാജീവ് രവി
ക്യാമറാമാനായി എന്തു കൊണ്ട് രാജീവ് രവി എന്നതു സിനിമ കാണുമ്പോൾ വ്യക്തമാകും. രാജീവ് രവിയുടെ കാര്യം കോ ഡയറക്ടറോട് വെറുതെ പറഞ്ഞതാണ്. സ്വപ്നംകണ്ടു മനസ്സു മടുപ്പിക്കേണ്ട എന്നായിരുന്നു മറുപടി. ആ ചിന്തയുമായി നടക്കുമ്പോഴാണ് ഒരു ദിവസം രാജീവ് രവിയെ കാണുന്നത്. ഈ കഥ പറഞ്ഞു. കേട്ടപ്പോൾ അദ്ദേഹവും സമ്മതിച്ചു.
∙ ഫഹദ് – സുരാജ് കോംബോ
കഥയെക്കുറിച്ചു ഫഹദിനോട് സൂചിപ്പിച്ചിരുന്നു. ഒരു ദിവസം സുരാജ് വെഞ്ഞാറമ്മൂട് ഫോണിൽ വിളിച്ചപ്പോൾ ‘തൊണ്ടിമുതലിന്റെ’ കാര്യം പറഞ്ഞു. സുരാജും ഓക്കെ. ഇതൊരു ഫഹദ് ഫാസിൽ സിനിമയല്ല. നാലു പ്രധാന കഥാപാത്രങ്ങളുണ്ട്. ഫഹദ്, സുരാജ്, അലൻസിയർ, പുതുമുഖ നായിക നിമിഷ. ഇവരൊക്കെ നമ്മളെ ഞെട്ടിച്ചു!
∙ ആദ്യം ഇടുക്കി, പിന്നെ കാസർകോട്
മഹേഷിന്റെ പ്രതികാരത്തിൽ നിറഞ്ഞുനിന്നത് ഇടുക്കിയാണ്. ഈ കഥ എവിടെയും പ്ലേസ് ചെയ്യാം. തമിഴ്നാട് അതിർത്തിയോടു ചേർന്ന തിരുവനന്തപുരത്തെ ഒരു ഗ്രാമമായിരുന്നു എഴുത്തുകാരന്റെ മനസ്സിൽ. പിന്നെയത്, മറ്റൊരു സ്ഥലത്താകാം എന്നു തീരുമാനിച്ചു. ചിത്രീകരണം കാസർകോട്ടായിരുന്നെങ്കിലും ഇത് കാസർകോടിന്റെ കഥയല്ല.
∙ മഹേഷിന്റെ തമിഴ് പ്രതികാരം
മഹേഷിന്റെ പ്രതികാരം തമിഴിൽ ചെയ്യുന്നതു റീമേക്ക് ആണെന്നു തോന്നുന്നില്ല. അതിന്റെ ആശയം മാത്രമായിരിക്കാം സിനിമയാക്കുന്നത്. തമിഴിലെ സാഹചര്യങ്ങൾക്കനുസരിച്ചു മാറ്റങ്ങൾ ഉണ്ടാകാമല്ലോ. തിരക്കഥയിലൊക്കെ സാരമായ മാറ്റം ഉണ്ടാകാം. പ്രിയദർശനെപ്പോലെ ഒരാൾ അതു ചെയ്യുമ്പോൾ കാണാൻ രസമുണ്ടാകും. ഏറെ പ്രതീക്ഷയോടെയാണ് ചിത്രം കാത്തിരിക്കുന്നത്.