എന്നെ അന്ന് ജയിലിൽ അടച്ചിരുന്നെങ്കിൽ അത് ആലുവ സബ്ജയിലിലായേനെ; ദിനേഷ് പണിക്കർ

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ പലരും ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. സിനിമയിൽ പലരെയും ഒതുക്കാൻ ദിലീപ് കാട്ടിക്കൂട്ടിയ വിക്രിയകളായിരുന്നു എല്ലാവരുടേയും മുഖ്യവിഷയം. എന്നാൽ ദിലീപ് നൽകിയ കേസിൽ പ്രതിയായി മാനസീക വിഷമം അനുഭവിച്ച ദിനേഷ് പണിക്കർ എന്ന നിർമാതാവ് മാത്രം ആരോപണങ്ങളുമായി രംഗത്തുവന്നില്ല. അതിനുള്ള കാരണം അദ്ദേഹം തന്നെ മനോരമ ഒാൺലൈനോട് വെളിപ്പെടുത്തുന്നു.

ഞാൻ ദിലീപിനെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരു പ്രതികരണവും നടത്തുന്നില്ല. 15 വർഷം മുമ്പ് ദിലീപ് വാദിയും ഞാൻ പ്രതിയുമായി ഒരു കേസ് നടന്നു എന്നുള്ളത് സത്യമാണ്. അന്ന് ഒരാഴ്ചയ്ക്കുള്ളിൽ നടന്മാരുടെ സംഘടനും നിർമാതാക്കളും സംവിധായകരുമൊക്കെ ചേർന്ന് കേസ് ഒത്തു തീർപ്പാക്കി. ഇന്നസെന്റൊക്കെ അന്ന് കാര്യക്ഷമമായി കേസിൽ ഇടപെട്ടു. അതിനുശേഷം ഞാനും ദിലീപും തമ്മിലുള്ള തെറ്റിദ്ധാരണകൾ മാറി. പിന്നീട് സൗഹൃദപൂർവമേ ഞങ്ങൾ ഇടപഴകിയിട്ടുള്ളൂ. ദിലീപിന്റെ സിനിമകളിലൊക്കെ എന്നെ അഭിനയിക്കാൻ വിളിക്കാറുണ്ട്. ദിലീപിനെ നായകനാക്കി പിന്നീട് ഒരു സിനിമയും നിർമിക്കാൻ ഞാൻ പദ്ധതിയിട്ടിരുന്നു. ദിലീപിന്റെ ഏത് പരിപാടിക്കും എന്നെ വിളിക്കാറുണ്ട്. ദിലീപിന്റെ തീയറ്റർ ഉദ്ഘാടനത്തിനും എന്നെ വ്യക്തിപരമായി വിളിച്ചിരുന്നു. അന്നത്തെ കേസിനു ശേഷം സംഘടന പിളർക്കുകയും വിലക്കുകളൊക്കെ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്,.

നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്നൊന്നും പറയാൻ ഞാൻ ആളല്ല. അദ്ദേഹം ഇൗ കേസിൽ കുറ്റം ചെയ്തിട്ടുണ്ടാകരുതേ എന്നും ഞാൻ മനസുകൊണ്ട് പ്രാർഥിക്കുന്നു. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടുകയും വേണം. ദിലീപിന്റെ ഇപ്പോഴത്തെ മാനസീകാവസ്ഥ എനിക്ക് ഉൗഹിക്കാവുന്നതേ ഉള്ളൂ. ഇൗ സമയം മുതലെടുത്ത് പഴയ സംഭവങ്ങളുടെ പേരിൽ അദ്ദേഹത്തെ കുറ്റപ്പെടുത്താൻ ഞാൻ ശ്രമിക്കില്ല.

ഞാൻ കിടന്ന ജയിലിലാണ് ദിലീപ് ഇപ്പോൾ കിടക്കുന്നതെന്ന് എല്ലാവരും ചർച്ചകളിൽ പറയുന്നുണ്ട്. എന്നാൽ, ഞാൻ അന്ന് ജയിലിൽ കിടന്നിട്ടില്ല എന്നാതാണ് സത്യം. കാരണം, മജിസ്ട്രേറ്റിനു മുമ്പിൽ ഹാജരാക്കിയപ്പോഴേ ഞാൻ ബോധം കെട്ടു വീണു. എന്നെ നേരെ ആശുപത്രിയിൽ അഡ്മിറ്റു ചെയ്തു. രണ്ട് ദിവസം കഴിഞ്ഞ് ഡിസ്ചാർജ് ചെയ്തപ്പോഴേക്കും ‍ജാമ്യം ലഭിച്ചിരുന്നു. അങ്ങനെ ഒരു ദൈവഭാഗ്യം എനിക്ക് ലഭിച്ചിരുന്നു. പക്ഷെ, എന്നെ ജയിലിൽ അടച്ചിരുന്നെങ്കിൽ അത് ആലുവ സബ്ജയിലിലായിരുന്നേനെ. 

ഉദയപുരം സുൽത്താൻ എന്ന ചിത്രത്തിന്റെ വിതരണക്കാരനായിരുന്ന ദിനേശ്പണിക്കർ നൽകിയ ഒന്നരലക്ഷം രൂപയുടെ െചക്ക് മടങ്ങിയെന്നാരോപിച്ച് 15 വർഷം മുമ്പ് ദിലീപ് ദിനേശ് പണിക്കർക്കെതിരെ കേസ് നൽകുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് മജിസ്ടേറ്റിനുമുമ്പിൽ ഹാജരാക്കുകയും ചെയ്തിരുന്നു.