തമിഴിലാണ് പ്രയാഗ മാർട്ടിൻ ആദ്യമായി നായികയാവുന്നത്. പിന്നീട് മലയാളത്തിലെത്തി സ്വന്തം ഭാഷയിൽ ചുവടുറപ്പിച്ചു. പരിചയസമ്പന്നരുടെയും പുതുമുഖങ്ങളുടെയും സിനിമയിൽ അഭിനയിക്കാൻ സാധിച്ചുവെന്നതാണ് താരതമ്യേന പുതുമുഖമായ പ്രയാഗയ്ക്ക് ലഭിച്ച ഭാഗ്യം. സാഗർ ഏലിയാസ് ജാക്കിയിലെ ഒറ്റ സീനിൽ നിന്ന് രാമലീല പോലൊരു വലിയ ചിത്രത്തിലെ നായികയായി മാറിയ പ്രയാഗ സംസാരിക്കുന്നത് പ്രായത്തിൽ കവിഞ്ഞ പക്വതയോടെ.
പ്രയാഗ മേക്കപ്പ്മാനെ തല്ലിയെന്നു കേൾക്കുന്നത് ശരിയാണോ ?
അത് പൂർണമായും തെറ്റാണ്. അയാൾ അപമര്യാദയായി പെരുമാറി. പക്ഷേ അതിന് അയാളെ ഞാൻ തല്ലിയില്ല. മറിച്ച് പ്രതികരിക്കേണ്ട രീതിയിൽ പ്രതികരിച്ചു. അയാൾ സംവിധായകന്റെയും മറ്റ് ആളുകളുടെയും മുന്നിൽ വച്ച് എന്നോടു മാപ്പും പറഞ്ഞു. പിന്നീട് സോഷ്യൽ മീഡിയയിലാണ് ഞാൻ ആരെയൊ തല്ലി എന്ന മട്ടിൽ വാർത്തകൾ പ്രചരിക്കപ്പെട്ടത്. ആക്രമിച്ചാൽ തിരിച്ച് പ്രതികരിക്കാൻ നടിയാവണമെന്നില്ല. ഏതു സാധാരണക്കാരനും സഹിക്കാൻ പറ്റാതാവുമ്പോൾ പ്രതികരിച്ചു പോകും.
മലയാള സിനിമയിലെ സ്ത്രീകൾ സുരക്ഷരിതല്ലെന്ന ആരോപണത്തോട് ?
എനിക്കറിയാവുന്നിടത്തോളം മലയാള സിനിമ വളരെ നല്ല ഒരു മേഖലയാണ്. നിർഭാഗ്യകരമായ ഒരു സംഭവം ഉണ്ടായെന്നു വച്ച് സിനിമ മുഴുവൻ മോശമാണെന്നു പറയുന്നത് ശരിയല്ല. ഞാൻ മലയാള സിനിമയിൽ സജീവമായിട്ട് വളരെ കുറച്ചു നാളുകളെ ആയിട്ടുള്ളൂ. അമ്മയുടെ മീറ്റിങ്ങിന് ആദ്യമായി പോകുന്നത് കഴിഞ്ഞ ദിവസമാണ്. അമ്മയെയും പുതിയതായി രൂപം കൊണ്ട വിമൻ സിനിമ കലക്റ്റീവ് എന്ന സംഘടനയും എനിക്ക് രണ്ടായി തോന്നിയിട്ടില്ല. അമ്മയുടെ യോഗത്തിലും എല്ലാവരും വിമൻ കലക്റ്റീവിനെ പിന്തുണച്ചു കൊണ്ടാണ് സംസാരിച്ചത്. സംഘടനകളെക്കുറിച്ചും സിനിമയെക്കുറിച്ചും കൂടുതൽ സംസാരിക്കാനുള്ള പരിചയസമ്പത്ത് ഇപ്പോഴെനിക്കില്ല.
പ്രയാഗയോട് ഗ്ലാമറസാവാൻ ആവശ്യപ്പെട്ടാൽ ?
ഗ്ലാമറസാവുക വളരെ നല്ല കാര്യമാണ്. പക്ഷേ ഞാൻ അത്തരമൊരു റോൾ ചെയ്യില്ലായിരിക്കും. എന്റെ ശരികൾ വേറൊരാൾക്ക് ശരിയാവണമെന്നില്ല. തിരിച്ചും അങ്ങനെ തന്നെ. കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ എനിക്ക് എന്റേതായ മാനദണ്ഡങ്ങളുണ്ട്. ഗ്ലാമർ വളരെ പോസിറ്റീവായ കാര്യമാണ്. പക്ഷേ അത്തരം റോളുകൾ ചെയ്യാൻ എനിക്ക് താൽപര്യമില്ല. ഇതു വരെ അത്തരം റോളുകളുമായി ആരും എന്നെ സമീപിച്ചിട്ടുമില്ല.
പൊക്കം പൊരെന്ന് തോന്നിയിട്ടുണ്ടോ ?
എന്റെ ഉയരം അഞ്ചടി ഒരിഞ്ചാണ്. അതിൽ വലിയ കുഴപ്പമൊന്നും തോന്നിയിട്ടില്ലെന്നു മാത്രമല്ല അതു നല്ല കാര്യമായിട്ടാണ് തോന്നുന്നത്. പൊക്കമൊരിക്കലും എനിക്ക് കൂട്ടാനാവില്ല. സിനിമകളിൽ എന്നെ കണ്ടിട്ടുള്ള പലരും അയ്യോ പ്രയാഗയ്ക്ക് കുറച്ചു കൂടി പൊക്കമുണ്ടെന്നാണ് ഞങ്ങൾ വിചാരിച്ചിരുന്നത് എന്നു നേരിട്ട് കാണുമ്പോൾ പറഞ്ഞിട്ടുണ്ട്. സിനിമകളിൽ നല്ല ഉയരമുള്ള നായകർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. പക്ഷേ പൊക്കക്കുറവ് എനിക്കോ പ്രേക്ഷകർക്കോ തോന്നിയിട്ടില്ല എന്നുള്ളതാണ് വാസ്തവം.
ഫെയ്സ്ബുക്ക് അക്കൗണ്ട് ഇല്ലാത്ത പെൺകുട്ടികൾക്കാണ് സ്വഭാവഗുണമുള്ളതെന്ന് പറയുന്നത് ശരിയാണോ ?
ഫെയ്സ്ബുക്ക് അക്കൗണ്ട് ഇല്ലെങ്കിൽ വളരെ നല്ല കുട്ടി. ഉണ്ടെങ്കിൽ അത്ര നല്ലതല്ല. എന്തു വിഡ്ഢിത്തരമാണ് ഇങ്ങനെ പറയുന്നത്. ഇക്കാലത്ത എന്തു തെറ്റു ചെയ്യണമെങ്കിലും അതു ചെയ്യാം. അതിന് ഫെയ്സ്ബുക്ക് അക്കൗണ്ട് വേണമെന്നില്ല. നാം നന്നായിരിക്കുക എന്നുള്ളതാണ് പ്രധാന കാര്യം. അല്ലാതെ സ്വഭാവഗുണവും ഫെയ്സ്ബുക്കും തമ്മിൽ ഒരു ബന്ധവുമില്ല.