ആറുദിവസം വെയിലത്ത്, ഒഡീഷന് കരച്ചിൽ; നിമിഷ പറയുന്നു

തനിനാടൻ നായിക– മലയാളസിനിമയിൽ അന്യമായിക്കൊണ്ടിരുന്ന പ്രയോഗത്തെവീണ്ടും വെള്ളിത്തിരയിലെത്തിച്ചത് ദിലീഷ് പോത്തനാണ്. മഹേഷിന്റെ പ്രതികാരത്തിലെ ജിംസിയ്ക്ക് ശേഷം വീണ്ടും ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്സാക്ഷിയിലൂടെ തനിനാടാൻ നായികയെ കണ്ടു. ശ്രീജ എന്ന നായികാകഥാപാത്രത്തെ അവതരിപ്പിച്ച നിമിഷ ശരിക്കും തനിനാടനാണോ? ആദ്യ സിനിമ അഭിനയത്തെക്കുറിച്ച് വാചാലയാകുകയാണ് നിമിഷ സജയൻ എന്ന മുംബൈ മലയാളി പെൺകുട്ടി.

ശ്രീജയെപ്പോലെയാണോ നിമിഷ?

ശ്രീജയെപ്പോലയേ അല്ല നിമിഷ. ഞാൻ ജനിച്ചതും വളർന്നതും പഠിച്ചതുമെല്ലാം മുംബൈയിലാണ്. ശ്രീജയെപ്പോലെയൊരു പെൺകുട്ടിയെ എനിക്ക് പരിചയം പോലുമില്ല. അതിനുള്ള സാഹചര്യമില്ലായിരുന്നു. വല്ലപ്പോഴും അവധിക്ക് നാട്ടിൽ വരുമെന്നുള്ളത് മാത്രമാണ് നാടുമായിട്ടുള്ള ബന്ധം. ശ്രീജ സാധാരണനാട്ടിൻപുറത്തുകാരിയായ പക്വതയുള്ള പെൺകുട്ടിയാണ്. ഞാൻ കുറച്ച് ടോംബോയിഷ് ടൈപ്പാണ്.

എങ്ങനെയാണ് കഥാപാത്രമായി മാറിയത്?

ശ്രീജ എങ്ങനെയൊക്കെ പെരുമാറണം, എങ്ങനെ നടക്കണം, സംസാരിക്കണം എന്നൊക്കെ ദിലീഷ് ചേട്ടന് കൃത്യമായ ധാരണയുണ്ടായിരുന്നു. വസ്ത്രങ്ങളിൽ പോലും ദിലീഷ് പോത്തൻസ് റിയലിസ്റ്റിക്ക് ടച്ച് ഉണ്ടായിരുന്നു. അയഞ്ഞവസ്ത്രങ്ങളാണ് കൂടുതലും ഉപയോഗിച്ചത്. അലസമായി കോട്ടൺഷോളൊക്കെ ധരിച്ച് കൈയിൽ ബിഗ്ഷോപ്പറുമായിട്ട് നടന്നുപോകുന്ന ശ്രീജയുടെ രൂപം അദ്ദേഹത്തിന്റെ മനസിൽ പതിഞ്ഞിരുന്നു. അത് വ്യക്തമായി പറഞ്ഞു തന്നു.

നിമിഷയെ കണ്ടാൽ മുംബൈ മലയാളിയാണെന്ന് പറയില്ലല്ലോ?

അതിന്റെ ക്രഡിറ്റും ദിലീഷേട്ടന് തന്നെയാണ്. ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുമ്പ് എന്നോട് അഞ്ചാറുദിവസം നാട്ടിലെ ബസിലൊക്കെ കയറി പരിചയിക്കാൻ പറഞ്ഞു. ത്രഡ് ചെയ്യാനും വാക്സ് ചെയ്യാനും ഒന്നും സമ്മതിച്ചില്ല. ഷൂട്ടിങ്ങിന് മുമ്പ് എനിക്ക് ഇതിലും വെളുപ്പ് ഉണ്ടായിരുന്നു. ശ്രീജയ്ക്ക് അത്ര വെളുപ്പിന്റെ ആവശ്യമില്ല. വെയിലുകൊണ്ട് അൽപം കരുവാളിച്ച് എണ്ണമയമുള്ള മുഖം മതി. അതിനായിട്ട് കുറച്ചുദിവസം വെയിലത്ത് നടത്തിച്ച് നിറംമങ്ങിയതിന് ശേഷമാണ് ഷൂട്ടിങ്ങ് തുടങ്ങിയത്.

മലയാളം പ്രയാസമായിരുന്നോ?

സ്ക്രീൻടെസ്റ്റിന് വന്നപ്പോൾ മലയാളം അധികം അറിയില്ലായിരുന്നു. എന്റെ മലയാളം കേട്ടിട്ട് അന്ന് അവിടെ ഉണ്ടായിരുന്നവരെല്ലാം അമ്പരന്ന് നോക്കുന്നുണ്ടായിരുന്നു. ഏതായാലും ദിലീഷേട്ടൻ പറഞ്ഞഭാഗം അവതരിപ്പിച്ചു കാണിച്ചു. അതുകണ്ടിട്ട് ചേട്ടൻ പറഞ്ഞു, അഭിനയമൊക്കെ നല്ലതാണ് പക്ഷെ മലയാളം പോര, ഞാൻ വേറെ സംവിധായകന്മാരോട് നിമിഷയുടെ കാര്യം പറയാമെന്ന്. 

ഇതുകേട്ടതോടെ ഞാൻ കരയാൻ തുടങ്ങി. മലയാളം പഠിക്കാമെന്ന് പറഞ്ഞു. അറിയിക്കാം എന്നു പറഞ്ഞാണ് വിട്ടത്. പ്രതീക്ഷയില്ലായിരുന്നു, എന്നാലും അന്നുതൊട്ട് ഹിന്ദി പറയുന്നത് നിറുത്തി മലയാളം മാത്രം സംസാരിക്കാൻ തുടങ്ങി. കുറച്ചുദിവസം കഴിഞ്ഞ് ദിലീഷേട്ടൻ വിളിച്ചു ലുക്ക് ടെസ്റ്റിനു വേണ്ടി. അന്നും ഉറപ്പൊന്നും പറഞ്ഞില്ല. മൂന്നാമത്തെ ഓഡിഷനും കഴിഞ്ഞപ്പോഴാണ് മലയാളം സാരമില്ല, നീ തന്നെയാണ് നായിക എന്ന് പറയുന്നത്. സ്രിന്റ ചേച്ചിയാണ് (സ്രിന്റ അർഹാൻ) എനിക്ക് വേണ്ടി ഡബ്ബ് ചെയ്തത്. 

ഷൂട്ടിങ് കൂടുതലും കാസർകോട്ട് ആയിരുന്നു. അവിടുത്തെ ഭാഷ തീരെ മനസിലാകില്ലായിരുന്നു. ഷൂട്ടിങ്ങ് കഴിഞ്ഞ് ആളുകളൊക്കെ സംസാരിക്കാൻ വരും. ഒരു ദിവസം കുറച്ചുചേച്ചിമാർ വന്നിട്ട് ബയിച്ചോ ബയിച്ചോ എന്നു ചോദിച്ചു. അവർ പറയുന്നത് മനസിലാകാത്തതുകൊണ്ട് ഞാൻ മിണ്ടാതെ പേടിച്ച് അകത്തുപോയി ഇരിക്കുമായിരുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ് ബയിച്ചോ എന്നാൽ കഴിച്ചോ എന്നാണെന്ന് മനസിലായത്.  ഷൂട്ടിങ്ങ് അവസാനിക്കാറായപ്പോഴേക്കും അത്യാവശ്യം നന്നായി കാസർകോട് ഭാഷ പറയാനും പഠിച്ചു. അവരോട് ഞാൻ തിരച്ച് ബയിച്ചോ ചേച്ചി എന്ന് ചോദിക്കാൻ തുടങ്ങി.

സുരാജിനും ഫഹദിനുമൊപ്പമുള്ള അഭിനയം?

ഫഹദിനൊപ്പം അഭിനയിച്ചത് ഇപ്പോഴും ഒരു സ്വപ്നം പോലെ തോന്നുന്നു. അമ്പരപ്പിൽ നിന്ന് വിട്ടുമാറിയിട്ടില്ല. ഒരുപാട് ഇഷ്ടപ്പെടുന്ന അഭിനേതാവാണ് ഫഹദ്. അദ്ദേഹത്തിന്റെ ഒപ്പം ആദ്യസിനിമ എന്നുള്ളത് വിശ്വസിക്കാനാവുന്നില്ല. മഹേഷിന്റെ പ്രതികാരം ഇറങ്ങിയ സമയത്ത് എന്റെ ചേച്ചി നീതു വെറുതെ പറഞ്ഞു, എടീ അഭിനയിക്കുകയാണെങ്കിൽ ഇതുപോലെയുള്ള സിനിമയിലൊക്കെ അഭിനയിക്കണമെന്ന്. ചേച്ചി പറഞ്ഞതുപോലെ തന്നെ സംഭവിച്ചു.

സുരാജ് ചേട്ടന് നല്ല സപ്പോർട്ട് ആയിരുന്നു. സെറ്റിൽ തമാശയൊക്കെ പറയും. പക്ഷെ ഞാൻ ഡയലോഗ് പറയുമ്പോൾ എന്റെ മലയാളം കേട്ട് ചിരിവന്നാലും ചേട്ടൻ ചിരിക്കാതെയിരിക്കും. ചിരിച്ചാൽ എന്റെ ആത്മവിശ്വാസം പോകും എന്നുപറഞ്ഞായിരുന്നു അത്. തെറ്റുകളൊക്കെ വരുമ്പോൾ പറഞ്ഞുതരും. അഭിനയിക്കുന്നതിന് മുമ്പ് തന്നെ ദിലീഷേട്ടൻ പറഞ്ഞിരുന്നു ഇവിടെ ആരും വഴക്ക് പറയില്ല, തെറ്റിയാലും സാരമില്ല അഭിനയിച്ചോളൂ എന്ന്. അത് വലിയ ആത്മവിശ്വാസമായിരുന്നു.

മലയാളസിനിമയിൽ തുടരാനാണോ ആഗ്രഹം?

തീർച്ചയായും. സ്വന്തം ഭാഷയിൽ അഭിനയിക്കുന്നതിന്റെ സന്തോഷം ഒന്നുവേറെയാണ്. അതിനുവേണ്ടി മലയാളം കുറച്ചുകൂടി നന്നായി പറയാൻ പഠിക്കുന്നുണ്ട്.

കുടുംബം?

അച്ഛൻ എറണാകുളം സ്വദേശിയാണ്, അമ്മയുടെ വീട് കൊല്ലത്താണ്. ഒരു ചേച്ചിയുണ്ട്. വർഷങ്ങളായി ഞങ്ങൾ മുംബൈയിലാണ്. അച്ഛൻ അവിടെ എൻജിനിയറാണ്. േചച്ചി നീതും എംബിഎയ്ക്ക് പഠിക്കുന്നു. ഞാൻ മാസ്കമ്യൂണിക്കേഷൻ വിദ്യാർഥിയാണ്.