‘ചങ്ക്സ്’ മഹത്തായ ചിത്രമൊന്നുമല്ല, ഒരു എന്റർടെയ്നർ; ഒമർ

ആരുടെ കീഴിലും പരിശീലനം നടത്തിയല്ല ഒമർ സംവിധായകനായത്. സിനിമ പഠിക്കാൻ എവിടെയും ചെന്നിട്ടുമില്ല. സിവിൽ എൻജിനീയറിങ് കഴിഞ്ഞ ഒമർ മനസ്സിൽ തോന്നിയ കഥകൾ സിനിമകളാക്കി എഴുതി. ആദ്യമെഴുതിയ കഥ ‘ചങ്ക്സ്’ ഈയാഴ്ച തിയറ്ററുകളിലെത്തി. പിന്നെയെഴുതിയ കഥ ‘ഹാപ്പി വെഡ്ഡിങ്’ ഹിറ്റ് ചിത്രമാക്കിക്കൊണ്ടാണ് ഒമർ മലയാള സിനിമയിൽ തന്റെ വരവിനെ ഗംഭീരമാക്കിയത്.

 ചങ്ക്സ്

വലിയ സന്ദേശം പറയുന്ന മഹത്തായ ചിത്രം എന്നൊന്നും പറയുന്നില്ല. ഒരു അവകാശവാദത്തിനും ഞാനില്ല. സിനിമ തുടങ്ങി അവസാനിക്കുന്നതുവരെ പ്രേക്ഷകർ മനംനിറഞ്ഞു ചിരിക്കണം. ആ ചിരിക്കുള്ളതു ചങ്ക്സിലുണ്ട്. സിദ്ദീഖിനെയും ലാലിനെയുമെല്ലാം മുഴുനീള കോമഡി പറഞ്ഞു കണ്ടിട്ടു നാളേറെയായില്ലേ. അവരെല്ലാം നമ്മളെ ചിരിപ്പിക്കും, ഉറപ്പ്. 

ഹണി റോസ് 12 കിലോയാണ് ഈ ചിത്രത്തിനു വേണ്ടി കുറച്ചത്. ധർമജൻ ബോൾഗാട്ടിയും ഗണപതിയും ബാലു വർഗീസും ഹരീഷ് കണാരനുമെല്ലാം ചിരിയുടെ ഭാഗമാവുന്നു. കേന്ദ്രകഥാപാത്രങ്ങളായി ആരുമില്ല. മുഹൂർത്തങ്ങളെ കേന്ദ്രീകരിച്ചു ചിരിയിലൂടെ വളരുന്ന കഥാരീതിയാണു ചിത്രത്തിന്റേത്. 

 ഗോപീസുന്ദർ

പഴയ പാട്ടുകളുടെ കോപ്പിയാണെന്ന മട്ടിൽ ഗോപീസുന്ദർ പല പാട്ടുകൾക്കും പഴി കേട്ടിട്ടുണ്ട്. ഗോപി ഈ ചിത്രത്തിൽ ബോധപൂർവം സൂപ്പർഹിറ്റുകളുടെ സ്പൂഫുകൾ റീമിക്സ് ചെയ്തിരിക്കുന്നു. അതിമനോഹരമാണ് ഗോപിയുടെ ഈ പരീക്ഷണങ്ങൾ. ചങ്ക്സിലെ പാട്ടുകളെല്ലാം ഇതിനകം യൂട്യൂബിൽ ഹിറ്റായിക്കഴിഞ്ഞു. രംഗ് ദേ ബസന്തിയിലെ പാട്ടിന്റെ ഈണത്തെ അതേപടി പകർ‌ത്തിയത് ആളുകൾ ഇഷ്ടപ്പെടുമെന്നാണു വിശ്വാസം. 

സിനിമാപ്രവേശം

തൃശൂർ മുണ്ടൂരിലെ സാധാരണ കുടുംബമാണെന്റേത്. ഉപ്പ അബ്ദുൽ വഹാബിനും ഉമ്മ സുബൈദയ്ക്കും സിനിമയോടു വലിയ താൽപര്യം പോരാ. കഥകൾ മെനഞ്ഞു സിനിമയിലേക്കു നോക്കിയിരിക്കുന്ന എന്നെ പക്ഷേ അവർ തടഞ്ഞില്ല. ഭാര്യ റിൻഷിയും മക്കൾ ഇഷാനും ഐറിനും എല്ലാറ്റിനും കൂടെയുണ്ട്. ‘ഈ കഥയെല്ലാം നിനക്കു സംവിധാനം ചെയ്തൂടെ’ എന്നു ചോദിച്ച പ്രൊഡക്‌ഷൻ കൺട്രോളർ താജു ഗുരുവായൂരിന്റെ പ്രോൽസാഹനം. കൂട്ടുകാരായ നസീർ അലി, വർഗീസ് തരകൻ, നൗഷാദ് എന്നിവരുടെ സഹായം... അങ്ങനെയാണു ‘ഹാപ്പി വെഡ്ഡിങ്’ ചിത്രീകരിക്കാനിറങ്ങിയത്. മുൻ പരിചയം ഒട്ടുമില്ലാതെ ആ സിനിമ പൂർത്തിയാക്കിയെങ്കിലും തിയറ്ററിലെത്തിക്കൽ വലിയ പ്രശ്നമായി. അവിടെ ഭാഗ്യം ‘ഇറോസ് ഇന്റർനാഷനലിന്റെ’ രൂപത്തിലെത്തി. രണ്ടാം ആഴ്ച മുതലാണു പടം ഹിറ്റിലേക്കു വളർന്നത്. 

  പ്രതീക്ഷ

മെക്കാനിക്കൽ എൻജിനീയറിങ്ങിനു പെൺകുട്ടികൾ പൊതുവേ പതിവില്ല. ഒരാളോ മറ്റോ വന്നാൽ അയാൾ അവിടുത്തെ ‘മെക്ക് റാണി’ ആയിരിക്കും. അങ്ങനെ മെക്കാനിക്കൽ എൻജിനീയറിങ് പഠിക്കാനെത്തുന്ന ഹണിറോസിന്റെ ‘മെക്ക് റാണി’യാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ചിരി കൊണ്ടു തുടങ്ങുന്ന ചിത്രം ചിരിയിൽ തന്നെ അവസാനിക്കും, തീർച്ച.