ചങ്ക്സ് എന്റെ ചങ്ക്; വിമർശനങ്ങൾക്ക് മറുപടിയുമായി ഒമർ ലുലു

സിനിമ പഠിച്ചല്ല ഒമർ ലുലു സംവിധായകനായത്. ഒരുപാട് കാലത്തെ ആ സ്വപ്നത്തെ അനുഭവിച്ചറിഞ്ഞാണ് അദ്ദേഹം വെള്ളിത്തിരയിൽ തന്റെ പേര് എഴുതിയത്. ഹാപ്പി വെഡ്ഡിങ് ആയിരുന്നു ആ സ്വപ്നത്തിന്റെ ആദ്യ സാക്ഷാത്കാരം. ഇപ്പോൾ ചങ്ക്സും.

ഈ അടുത്തിറങ്ങിയ സിനിമകളിൽ തിയറ്ററുകളിൽ ഏറ്റവുമധികം ആഘോഷമുണ്ടാക്കിയ ചിത്രമാണ് ചങ്ക്സ്. എന്നാല്‍ ചിത്രത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയർന്നുകേട്ടത്. വിമർശനങ്ങൾക്ക് മറുപടിയുമായി ഒമർ ലുലു മനോരമ ഓൺലൈനിൽ....

ഇത്രയധികം വിമർശനം

ഒരു സംഭവം വിജയിക്കുമ്പോഴാണ് അല്ലെങ്കിൽ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുമ്പോഴാണ് വിമർശനങ്ങൾ ഉണ്ടാകുക. ചങ്ക്സ് അധികം ശ്രദ്ധിക്കപ്പെട്ടില്ല, അല്ലെങ്കിൽ ഒരു പരാജയമായി മാറിയിരുന്നെങ്കിൽ ഈ പറയുന്ന വിമർശനങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ലായിരുന്നു. ചെറിയൊരു സിനിമയ്ക്ക് ആദ്യ ദിവസം തന്നെ തിയറ്ററുകളിലേക്ക് ആളുകളെത്തി എന്നത് തന്നെ വലിയൊരത്ഭുതമാണ്. ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ ഫെയ്സ്ബുക്കിൽ നെഗറ്റീവ് റിവ്യൂസ് ആരംഭിച്ചു. യൂത്തിന് ഒരുമിച്ച് വന്ന് തിയറ്ററിൽ രണ്ടുമണിക്കൂർ ആസ്വദിച്ച് കാണുവാൻ പറ്റുന്നൊരു സിനിമയാണ് ചങ്ക്സ് എന്ന് ഈ സിനിമ പുറത്തിറങ്ങുന്നതിന് മുമ്പേ സൂചിപ്പിച്ചിരുന്നു. അഭിമുഖങ്ങളിലും ഫെയ്സ്ബുക്കിൽ സംവദിക്കുന്ന സുഹൃത്തുക്കളോടും ഇങ്ങനെതന്നെയാണ് പറഞ്ഞത്.

യുവത്വം മനസ്സിൽ കൊണ്ടു നടക്കുന്ന എല്ലാവർക്കും ആഘോഷിക്കാൻ പറ്റാവുന്ന തരത്തിലുള്ള ഒരു ചിത്രമാണിത്. വലിയ കഥയൊന്നുമുള്ള സിനിമയൊന്നുമല്ല. അങ്ങനെ അവകാശപ്പെട്ടിട്ടുമില്ല. ‘ചിരിക്കാൻ രണ്ടു മണിക്കൂറുള്ള സിനിമ’, ഇതായിരുന്നു അവകാശവാദം. യുവത്വം ചിത്രം ഏറ്റെടുത്തുകഴിഞ്ഞു. സിനിമയ്ക്ക് ഇത്രയധികം വിമർശനങ്ങൾ ഫെയ്സ്ബുക്കിലൂടെ വന്നിട്ടും കലക്ഷന് ഒരു കുറവുമില്ല.

ഇതൊരു സൂപ്പർസ്റ്റാർ സിനിമയല്ല വലിയ താരനിരയും ചിത്രത്തിനില്ല. ഫെയ്സ്ബുക്കില്‍ കുറ്റം പറയുന്ന ആളുകളെക്കാൾ കൂടുതൽ ഈ സിനിമയെ ഇഷ്ടപ്പെടുന്നവരാണ് പുറത്തുളളവരിൽ അധികവും. അവരുടെ മൗത്ത് പബ്ലിസിറ്റിയാണ് ഈ സിനിമയ്ക്ക് ലഭിച്ച വലിയ പ്രോത്സാഹനം.

മുമ്പ് ദിലീപേട്ടന്റെ പല സിനിമകൾക്കും ഇതുപോലെ വിമര്‍ശനങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ ആ ചിത്രങ്ങളെല്ലാം ബോക്സ്ഓഫീസിൽ സൂപ്പർഹിറ്റുമാണ്. തമാശ ഇഷ്ടപ്പെടുന്നവരാണ് പ്രേക്ഷകർ എന്നതാണ് ഇതിൽ നിന്നും മനസ്സിലാക്കുന്നത്. പിടിച്ചിരുത്താൻ പറ്റുന്ന തമാശകളാണ് സിനിമയുടേതെങ്കിൽ അവർ തിയറ്ററുകളിൽ എത്തിയിരിക്കും, അതിന് പ്രത്യേകിച്ച് ഒരു താരനിരയുടെ ആവശ്യം ഇല്ല.

ഡബിൾ മീനിങ്

സിനിമയിൽ മുഴുവൻ ദ്വയാർത്ഥം അല്ലെങ്കിൽ ഡബിൾ മീനിങ് എന്നൊക്കെ ആരോപണം ഉന്നയിക്കുന്നവരുണ്ട്. ഹിന്ദിയിൽ ഇതുപോലെ ഒരുപാട് സിനിമകൾ വന്നിട്ടുണ്ട്. ഗോൽമാൽ സീരിസ്, ഗ്രാൻഡ്മസ്തി, അതൊക്കെ അവിടെ ഭയങ്കര സക്സസ് ആയിരുന്നു. അവര്‍ ആ ചിത്രങ്ങളും എൻജോയ് ചെയ്യും. ഇവിടെ മലയാളത്തിൽ ഇങ്ങനെ ഒരു തമാശ ചിത്രം ഇറങ്ങിയപ്പോൾ അതിനെ നെഗറ്റീവ് പറയുന്നത് എന്താണെന്ന് എനിക്കിപ്പോളും മനസിലായിട്ടില്ല.

എന്റെയൊരു അടുത്തൊരു സുഹൃത്തുണ്ട്. അദ്ദേഹം അറിയപ്പെടുന്ന സിനിമാനിരൂപകനാണ് . ആള് തീയറ്ററിൽ ഇരുന്ന് രണ്ടു മണിക്കൂർ പൊട്ടി ചിരിച്ച് പുറത്തെക്കിറങ്ങിയിട്ട് പടം നന്നായിട്ടുണ്ടല്ലോ ഫുൾ ചിരിക്കാനുണ്ടല്ലോ എന്ന് പറഞ്ഞപ്പോൾ ചോദിച്ച ഒരു ചോദ്യം ഭയങ്കര രസമാണ്. ചിരിക്കാൻ ഉണ്ടായിട്ട് എന്താ കാര്യം കഥ വേണ്ടെന്ന്.

കഥകളുള്ള സിനിമ മലയാളത്തിൽ ഒരുപാട് ഇറങ്ങുന്നുണ്ട്. പക്ഷെ അതൊക്കെ സമൂഹമാധ്യമങ്ങളിൽ മികച്ച അഭിപ്രായം നേടിയാലും സാധാരണ പ്രേക്ഷകർ തിയറ്ററുകളിലെത്തുന്നില്ല. അതിനാൽ അവയ്ക്കൊന്നും ബോക്സ്ഓഫീസിൽ ചലനം സൃഷ്ടിക്കാൻ കഴിയാതെ വരുന്നു.

ഹ്യൂമര്‍ കണ്ടന്റിന്റെ കുറവും ഇതിനൊരു കാരണമായി എനിക്ക് തോന്നിയിട്ടുണ്ട്. ചിരിപ്പിക്കാനുള്ള കണ്ടന്റ് ഉണ്ടെങ്കിൽ നിങ്ങൾ ഏത് ആളെ വച്ച് സിനിമ എടുത്തു കഴിഞ്ഞാലും വിജയിക്കും. അതിന് ഒരു ഉദാഹരണമാണ് കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സിനിമ.

ആദ്യത്തെ ദിവസം ദിലീപേട്ടൻ, നാദിർഷ എന്നിവരുടെ പേരുകൾ ഉള്ളതുകൊണ്ട് പ്രേക്ഷകർ വരും. എന്നാൽ രണ്ടാമത്തെ ഷോ മുതൽ ആള് വരുന്നുണ്ടെങ്കിൽ അതിൽ ചിരിപ്പിക്കാനുള്ള കണ്ടന്റ് ഉണ്ട്. അതുകൊണ്ടാണ് ആ സിനിമകൾ വിജയിക്കുന്നത്. അതു തന്നെയാണ് ഇപ്പോൾ ചങ്ക്സിലും സംഭവിക്കുന്നത്. ചങ്ക്സിലും എല്ലായിടത്തും ഡി ഗ്രെയ്ഡിങാണ്, ഫെയ്സ്ബുക്കിൽ ഒരാള്‍ പോലും സിനിമയെ പിന്തുണച്ച് കുറിപ്പ് എഴുതിയില്ല.

സത്യം പറഞ്ഞാൽ സിനിമയിൽ നിന്നും പ്രേക്ഷകര്‍ അകന്നുതുടങ്ങിയ സാഹചര്യമായിരുന്നു ഇപ്പോഴുണ്ടായിരുന്നത്. സിനിമയിൽ സംഭവിച്ച വിവാദങ്ങൾക്ക് ശേഷം റിലീസ് ചെയ്തൊരു ചിത്രം കൂടിയായിട്ടും ഈ സിനിമയ്ക്കായി തിയറ്ററിൽ ആളുകൾ കയറി. വലിയ ഓളം സൃഷ്ടിക്കാൻ സാധിച്ചു. തിയറ്റര്‍ ഉടമകൾ പലരും നന്ദി പറഞ്ഞ് എന്നെ വിളിച്ചിരുന്നു.

നിർമാതാവ് ഹാപ്പി

ചങ്ക്സ് കൊണ്ട് ഏറ്റവും ഹാപ്പി ആയിട്ടുള്ള മനുഷ്യൻ ഈ സിനിമയുടെ നിർമാതാവായ വൈശാഖ് രാജൻ ആണ്. അദ്ദേഹത്തിന്റെ ഇതിന് മുന്നെയുള്ള രണ്ടു മൂന്നു ചിത്രങ്ങൾ സാമ്പത്തികമായി ഭയങ്കര പരാജയമായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചടത്തോളം ഒരു തിരിച്ചുവരവ് കൂടിയാണ്. കാരണം 5 ദിവസം കൊണ്ട് തന്നെ മുടക്കു മുതൽ തിയറ്റർ ഷെയറിൽ നിന്ന് തിരിച്ചു പിടിച്ചു. ഇനി ഇപ്പോൾ കിട്ടുന്ന കലക്ഷൻ മുഴുവൻ ലാഭമാണ്. പിന്നെ സാറ്റലൈറ്റ് റൈറ്റ്സ്. എങ്ങനെ പോയാലും കോടികളുടെ ലാഭം മാത്രമാണ് അദ്ദേഹത്തിന് ഉണ്ടാകുക.

ഈ സിനിമ പരാജയമായിരുന്നെങ്കിൽ അദ്ദേഹത്തെപ്പോലുള്ള നിർമാതാക്കളൊക്കെ സിനിമയിൽ നിന്ന് അകലും. ഞാൻ പറഞ്ഞുവരുന്നത് ഈ സിനിമയുടെ വിജയം ഇവർക്കൊക്കെ പ്രചോദനമാണ്. ഇനിയും ഇവര്‍ സിനിമ ചെയ്യും. അതിനൊരു ഭാഗമാകാൻ ചങ്ക്സിനും സാധിച്ചു.

പെരുന്തൽമണ്ണ വിസ്മയ തിയറ്ററില് 4 ദിവസം കൊണ്ട് 45 ഹൗസ് ഫുൾ ഷോ പിന്നിട്ടുകഴിഞ്ഞു. അതായത് അവിടെ പുലിമുരുകൻ സിനിമയ്ക്കു ശേഷം കിട്ടുന്ന റെക്കോർഡ് ആണത്. ഇത്രയധികം ഹൗസ്ഫുൾ ഷോസ് ഒരു തീയറ്ററില്‍ അതും താരനിരയില്ലാത്തൊരു ചിത്രത്തിന്. അതാണ് ഒരു പ്രേഷകന്റെ അഭിരുചി.

ഫെയ്സ്ബുക്കിലും വാട്സാപ്പിലും നെഗറ്റീവ് കമന്റ്സ് ഇടുന്ന ആളുകളുണ്ട്. എന്നാൽ അതല്ല പ്രേഷകൻ. അവരെ സംബന്ധിച്ചടത്തോളം രണ്ട് മണിക്കൂർ ആസ്വദിക്കുക. ഔട്ട് ആൻഡ് ഔട്ട് കോമഡി കാണുക ചിരിക്കുക. ടെൻഷനടിച്ചുള്ള ജീവിതത്തിൽ മനസ്സ് നിറഞ്ഞ് ചിരിക്കാനുള്ള ഒരു സിനിമ കൊടുത്തു കഴിഞ്ഞാൽ ആളുകൾ ഹാപ്പിയാണ്.

ഹാപ്പി വെഡ്ഡിങ് എന്ന എന്റെ ആദ്യ സിനിമയ്ക്ക് 100 ദിവസം കൊണ്ട് കിട്ടിയ കളക്ഷനാണ് ചങ്ക്സിന് 7 ദിവസം കൊണ്ട് ലഭിച്ചത്. അപ്പോൾ അത്രയധികം യുവാക്കള്‍ ഈ ചിത്രം ഏറ്റെടുത്തു. റിപ്പീറ്റഡ് ഓഡിയൻസാണ് ഈ സിനിമക്ക് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്. ഫ്രണ്ട്സായിട്ടു വരുന്നു പിന്നെ ഇവർ ഫാമിലി ആയിട്ടു വരും. എന്നാൽ കുടുംബപ്രേക്ഷകരിൽ നിന്നും ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിച്ചത്. എന്നാൽ തുറന്നമനസ്സുള്ള ചില കുടുംബപ്രേക്ഷകർ ചിത്രം ഇഷ്ടപ്പെടുന്നുമുണ്ട്. ഓർത്തഡോക്സ് ആയിട്ടുള്ള ചില ആളുകൾക്കാണ് പ്രശ്നം.

വിമർശകരോട്

ഓരോ സിനിമയിലും അതിന്റേതായ കഷ്ടപ്പാട് ഒണ്ട്. എനിക്ക് ഈ വിമർശകരോട് ഒന്നേ പറയാനൊള്ളൂ, ഇതൊരു വെല്ലുവിളിയാണ് , നിങ്ങളുടെ അടുത്തൊരു സുഹൃത്തിനെ നിങ്ങൾ എന്തെങ്കിലും ഒരു തമാശ പറഞ്ഞ് ഒന്നു ചിരിപ്പിക്കുക.. അപ്പോൾ അറിയാം ഒരാളെ ചിരിപ്പിക്കാൻ എന്തുമാത്രം ബുദ്ധിമുട്ടുണ്ടെന്നുള്ള കാര്യം.

അയാൾ ചിരിച്ചു കഴിഞ്ഞാൽ അതിൽ ഒരു സംതൃപ്തിയുണ്ട്. ഇപ്പോൾ ഈ കാണുന്ന മോശം നിരൂപണങ്ങൾക്കിടയിലും തിയറ്ററിൽ നിന്നും ലഭിക്കുന്ന പൊട്ടിച്ചിരികളും കൈയടിയും ഒക്കെ തന്നെയാണ് എന്റെ ഏറ്റവും വലിയ സന്തോഷം. നെഗറ്റീവ് കാണുമ്പോൾ സ്വാഭാവികമായിട്ടും നമുക്കൊരു വിഷമം വരും. പക്ഷേ തീയറ്ററിൽ പോയി കഴിയുമ്പോൾ ആ വിഷമം നമ്മുടെ മാറും.

അതുകാരണം രണ്ടു മൂന്ന് ദിവസമായി ഫെയ്സ്ബുക്കും ഒന്നും അധികം നോക്കുന്നില്ല. ഞാൻ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ പ്രതികരണം ആണ് നോക്കുന്നത്. ഫെയ്സ്ബുക്ക് വിമര്‍ശനങ്ങളെപ്പറ്റി ആലോചിക്കുന്നില്ല ചിന്തിക്കുന്നില്ല.

പാല്‍ക്കുപ്പി കമന്റ്

ഞാൻ ഒരു വിധം എല്ലാ ട്രോൾ ഗ്രൂപ്പിലും എല്ലാ പേജസിലും ഒക്കെ മെമ്പറാണ്. M N T എന്ന് പറയുന്ന ഒരു ഗ്രൂപ്പുണ്ട്. മലയാളം നോട്ടി ട്രോൾസ് അതിൽ ഫുൾ നോട്ടി ആയിട്ടുള്ള കാര്യങ്ങളാണ് വരുന്നത്. ഒരിക്കലും ഒരു സെലിബ്രിറ്റി ആയി നടക്കാൻ ആഗ്രഹിക്കുന്ന ആളല്ല ഞാൻ. കൂട്ടുകാർക്കൊപ്പം നിൽക്കുന്ന ഒരാൾ. ഗ്രൂപ്പിലുള്ള എല്ലാവർക്കും മറുപടിയും റിപ്ലെയും കൊടുക്കാറുണ്ട്. ഈ ഗ്രൂപ്പിൽ എന്തെങ്കിലും കമന്റ് വന്ന് കഴിഞ്ഞാൽ ആ പ്ലാറ്റ്ഫോം എങ്ങനെയാണോ അതിനനുസരിച്ചുള്ള മറുപടിയാണ് കൊടുക്കുക.

ഫാൻഫൈറ്റ് ഗ്രൂപ്പ് എന്നൊരു ഗ്രൂപ്പില്‍ പ്രവീൺ എന്ന പയ്യൻ ചിത്രം ഇഷ്ടമായില്ല എന്നു പറഞ്ഞു. അപ്പോഴാണ് ഈ പാൽക്കുപ്പി കമന്റ് ഞാൻ പറയുന്നത്. ഇതിനും മുമ്പും ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം കളിയാക്കാറുണ്ട്. ‘ഓടടാ കണ്ടം വഴി’, ‘പാൽക്കുപ്പി’എന്നിവ ഈ ഗ്രൂപ്പില്‍ പൊതുവെ അങ്ങോട്ടും ഇങ്ങോട്ടും ഉപയോഗിക്കുന്ന വാക്കുകളാണ്.

എന്നാല്‍ ആ ഗ്രൂപ്പിൽ മാത്രം വന്ന വിഡിയോ അവിടെ നിന്നും ആരോ ഒരാൾ ഫെയ്സ്ബുക്കിലൂടെ പ്രചരിപ്പിച്ചു. പിന്നീട് അതൊരു വലിയ സംഭവം പോലെ ഏറ്റെടുത്തു. എനിക്ക് അഹങ്കരമായി എന്നൊക്കെ ട്രോളുകൾ വന്നു. പലകാര്യങ്ങളിലും സുഹൃത്തുക്കൾക്ക് കൊടുക്കുന്ന മറുപടി ആയിരിക്കില്ല ബന്ധുക്കൾക്കോ വീട്ടുകാർക്കോ കൊടുക്കുക. അതുപോലെ തന്നെയാണ് ഫെയ്സ്ബുക്കിലും അതിലെ ഓരോ ഗ്രൂപ്പിലും നമ്മൾ ചെയ്യുക. പക്ഷെ ഇതു മനസിലാക്കാതെ പലരും തെറ്റായി വ്യാഖ്യാനിച്ചു.

ചങ്ക്സ് ഒരു മാറ്റമാണ്

ചങ്ക്സ് മലയാള സിനിമയിലെ ഒരു മാറ്റം ആണ്. ഒരു മാറ്റം വരുമ്പോൾ ഇതിനെ സ്വഭാവികമായിട്ട് ആളുകൾ എതിർക്കും. ആ എതിർക്കലാണ് ഇപ്പോൾ ഫെയ്സ്ബുക്കിലൊക്കെ കാണുന്നത്. പക്ഷെ ചിരിച്ചു കൊണ്ടുള്ള ഈ മാറ്റത്തെ ഇഷ്ടപ്പെടുന്നവരാണ് അധികവും.

ചങ്ക്സിലൂടെ മലയാളസിനിമയ്ക്ക് പുതിയൊരു നായകനെ കിട്ടി. ബാലു വർഗീസ്. പുതിയ സംവിധായകർക്ക് ഇനി ബാലുവിനെയും ധർമജനെയും വച്ച് ചിത്രങ്ങൾ ചെയ്യാം. ഇതുപോലെ ചെറിയ ചിത്രങ്ങൾ ധൈര്യമായി നിർമിക്കാം. മലയാളസിനിമയെ സംബന്ധിച്ചടത്തോളം ഇതൊക്കെ വലിയ കാര്യമാണ്. ചങ്ക്സിന്റെ വിജയം ഇതിനൊക്കെ പ്രചോദനമാണ്. ഒരു സൂപ്പർതാരത്തിന്റെ ഡേറ്റ് ലഭിക്കുക എന്നത് പുതുമുഖ സംവിധായകരെ സംബന്ധിച്ചടത്തോളും പ്രയാസമാണ്. ചങ്ക്സ് സിനിമയ്ക്ക് ഒരു സൂപ്പർസ്റ്റാർ സിനിമയുടെ കലക്ഷനാണ് വന്നുകൊണ്ടിരിക്കുന്നത്.

ഇതിഹാസ എന്ന സിനിമയുടെ വിജയത്തിന്റെ പ്രചോദനം ഉൾക്കൊണ്ടാണ് ഞാൻ ഹാപ്പി വെഡ്ഡിങ് ചെയ്യുന്നത്. ഹാപ്പി വെഡ്ഡിങ് ഹിറ്റായപ്പോൾ അതുപോലെ ചെറിയ ചിത്രങ്ങൾ ഒരുപാട് പുറത്തിറങ്ങി. ചങ്ക്സിന്റെ വിജയവും സിനിമ ഇഷ്ടപ്പെടുന്ന പുതിയ ആളുകളെ പ്രോത്സാഹിപ്പിക്കുമെന്ന് എനിക്ക് ഉറപ്പാണ്.