കാരണം അറിയില്ല, ആമിയില്‍ നിന്ന് പിന്മാറിയപ്പോൾ വിദ്യ ഒരു മെസേജ് അയച്ചു: കമൽ

‘എന്റെ കഥ’യിലെ മാധവിക്കുട്ടിയല്ല ‘എന്റെ കഥ’ എഴുതിയ മാധവിക്കുട്ടിയാണു തന്റെ സിനിമയായ ആമിയിലെ നായികയെന്നു സംവിധായകൻ കമൽ. നമുക്കെല്ലാം സുപരിചിതമായ പുന്നയൂർക്കുളത്തെ നാട്ടുഭാഷ പറയുന്ന മാധവിക്കുട്ടിയാണ് ഈ സിനിമയിൽ. മാധവിക്കുട്ടിയുടെ പൂർണമായ ജീവിതമാണ് ഇതിലുണ്ടാകുക. സെക്‌ഷ്വാലിറ്റിയെക്കുറിച്ചു തുറന്നെഴുതിയ എഴുത്തുകാരിയാണ് അവർ. ‘എന്റെ കഥ’ എന്ന കൃതി എഴുതിയ മാധവിക്കുട്ടിയെയും ഇതിൽ കാണാം. മാധവിക്കുട്ടിയായി അഭിനയിച്ചിരുന്നത് വിദ്യാ ബാലനായിരുന്നുവെങ്കിൽ അതിൽ ലൈംഗികത കടന്നുകൂടുമായിരുന്നുവെന്ന് താൻ പറഞ്ഞുവെന്ന മട്ടിൽ സോഷ്യൽ മീഡിയയിൽ വന്ന വാർത്തകളുടെ സത്യാവസ്ഥ കമൽ പറയുന്നു...

വിദ്യാ ബാലനായിരുന്നു നായികയെങ്കിൽ സിനിമയിൽ കൂടുതൽ ലൈംഗികത വരുമായിരുന്നുവെന്ന് കമൽ പറഞ്ഞോ?

എന്റെ അഭിമുഖ സംഭാഷണം തെറ്റിദ്ധരിക്കപ്പെട്ടതാണ്. പറഞ്ഞ കാര്യം എഴുതിയപ്പോഴോ എഡിറ്റ് ചെയ്തപ്പോഴോ മറ്റൊരു അർഥത്തിലേക്കു മാറിയതാണ്.  സംസാരത്തിനിടെ രണ്ടു സന്ദർഭങ്ങളിലായി പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ഒരുമിച്ചു വന്നപ്പോൾ അതിന്റെ അർഥം മാറി. 

ലൈംഗികതയെക്കുറിച്ചുള്ള മാധവിക്കുട്ടിയുടെ സങ്കൽപങ്ങളും തുറന്നു പറച്ചിലുകളുമില്ലാത്ത ഒരു സിനിമ അപൂർണമാണ്. സിനിമയിൽ എങ്ങനെയാണു മാധവിക്കുട്ടിയുടെ ലൈംഗികപരമായ നിലപാടുകളെ ചിത്രീകരിച്ചിരിക്കുന്നത് എന്നതു സംബന്ധിച്ച ചോദ്യമാണ് ഇപ്പോൾ വിവാദമായത്.

അങ്ങനെ സംസാരിച്ചു വന്നപ്പോൾ ശരീരപ്രദർശനം സംബന്ധിച്ച ചോദ്യത്തിലേക്കെത്തി. വിദ്യാ ബാലൻ ആയിരുന്നു കഥാപാത്രമെങ്കിൽ അത്തരത്തിലുള്ള ചിത്രീകരണം സാധ്യമായിരുന്നില്ലേ എന്നതായിരുന്നു ചോദ്യം. അതാണു വിവാദങ്ങൾക്കു വഴിവച്ചത്. ‘ആമി’യിലെ മാധവിക്കുട്ടിയെ അവതരിപ്പിച്ചത് വിദ്യാ ബാലനായിരുന്നുവെങ്കിൽ ലൈംഗിക സ്പർശമുള്ള രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ സംവിധായകനെന്ന നിലയിൽ എനിക്ക് കൂടുതൽ സ്വാതന്ത്ര്യം കിട്ടുമായിരുന്നു എന്നാണു ഞാൻ മറുപടി പറഞ്ഞത്. മാധവിക്കുട്ടി എന്ന എഴുത്തുകാരി ലൈംഗികതയെക്കുറിച്ചെടുത്ത നിലപാടുകളും കൂടി ആവിഷ്കരിക്കുന്ന ചിത്രം തന്നെയാണ് ആമി. എന്നാൽ അതു മാത്രമല്ല ആമി. സിൽക് സ്മിതയുടെ ജീവിതം പറയുന്ന ‘ദ ഡേർട്ടി പിക്ചറി’ൽ നായികയായിരുന്നു വിദ്യ. 

വിദ്യയുടെ അത്തരത്തിലുള്ള പ്രതിച്ഛായ പ്രേക്ഷകർക്ക് പരിചിതമാണ്. വിദ്യാ ബാലനാണു നായികയായിരുന്നതെങ്കിൽ എനിക്കു കുറച്ചുകൂടി സ്വാതന്ത്ര്യം കിട്ടിയേനെ. എന്നാൽ മഞ്ജു വാരിയർക്ക് കേരളത്തിലുള്ള പ്രതിച്ഛായ അങ്ങനെയല്ല. അതുകൊണ്ടുതന്നെ ചിത്രീകരണവുമായി ബന്ധപ്പെട്ട സ്വാതന്ത്ര്യത്തിന്റെ ഒരു പരിമിതി എനിക്കുണ്ടായിരുന്നു. ഈ വിമർശനത്തെ ഞാൻ സ്പോർട്ടീവ് സ്പിരിറ്റിലേ എടുക്കുന്നുള്ളൂ.‌‌

പോസ്റ്റർ പോലും പുറത്തു വന്നിട്ടില്ലാത്ത സിനിമയെക്കുറിച്ചു വിവാദമുണ്ടാക്കുന്നത് എന്തിനാണ്? മാധവിക്കുട്ടിയുടെ ജീവിതം കൃത്യമായി പഠിച്ചിട്ടാണു ഞാൻ സിനിമയെ സമീപിച്ചത്. അവർക്ക് പരിചിതമല്ലാത്ത മാധവിക്കുട്ടിയെ ഞാൻ അവതരിപ്പിക്കുമോ എന്ന ആശങ്കയിൽ നിന്നാകാം ഈ പ്രചാരണം ശക്തി പ്രാപിച്ചത്. അത് മൗഡ്യമാണെന്നല്ലാതെ എന്തു പറയാൻ.

 

സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിന്റെ തലേ ആഴ്ച വിദ്യാ ബാലൻ പിൻമാറിയത് സത്യത്തിൽ എന്തുകൊണ്ടാണ്? യഥാർഥ കാരണം അവർ പറഞ്ഞോ?

ഒറ്റപ്പാലത്തു വീട് സെറ്റിട്ടു. എറണാകുളത്ത് ഫ്ലാറ്റും. എല്ലാം റെഡിയായി ഷൂട്ടിങ് തുടങ്ങുന്നതിന് അഞ്ചു ദിവസം മുൻപ് പ്രധാന കഥാപാത്രം പിൻമാറിയാലുള്ള അവസ്ഥ ആലോചിച്ചുനോക്കൂ. എന്തുകൊണ്ടാണ് ആമിയിൽ നിന്ന് പിൻമാറുന്നതെന്നുള്ള യഥാർഥ കാരണം വിദ്യ ഇനിയും എന്നോടു പറഞ്ഞിട്ടില്ല. ഇപ്പോൾ ഈ കഥാപാത്രം ചെയ്യാനുള്ള മാനസികമായ തയാറെടുപ്പിലല്ല എന്നാണ് വിദ്യ എനിക്കയച്ച മെസേജ്. 

ഒന്നര വർഷം മുൻപാണ് ആമിയുടെ കഥ വിദ്യയോടു പറയുന്നത്. അന്നവർ വലിയ എക്സൈറ്റഡ് ആയിരുന്നു. സിനിമയുടെ പുരോഗതി പലവട്ടം ചർച്ച ചെയ്തു.‍ ഞാനും റസൂൽ പൂക്കുട്ടിയും മുംബൈയിൽ പോയി വീണ്ടും ദീർഘമായ ചർച്ച നടത്തി. അപ്പോൾ മാധവിക്കുട്ടിയുടെ ഭാഷയിൽ വിദ്യാ ബാലൻ ഞങ്ങളെ സംസാരിച്ചു കേൾപ്പിക്കുക വരെ ചെയ്തു. ഭാഷ പഠിപ്പിക്കാൻ മുംബൈയിൽ ഒരാളെയും ചുമതലപ്പെടുത്തി. എന്നിട്ടാണു കാരണമൊന്നും തുറന്നു പറയാതെ പിന്മാറിയത്. അത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ തുറന്ന മനസ്സോടെ ആമിയാകാൻ മുന്നോട്ടു വന്നതാണു മഞ്ജുവിന്റെ ഗ്രേറ്റ്നസ്.