ആ ഒരൊറ്റ ഡയലോഗിൽ ക്വീൻ പിറന്നു

എൻജിനീയറിങ് എന്നാൽ കൂട്ടായ്മയാണ്. ‌സ്‌ക്രൂ മുറുക്കാൻ മുതൽ വമ്പൻ ബോയിലറുകൾ ഇറക്ട് ചെയ്യാൻ വരെ ഒട്ടേറെപ്പേരുടെ സഹായം വേണം. അതുപോലൊരു എൻജിനീയറിങ് കൂട്ടായ്മയുടെ കഥയാണ് ക്വീൻ– കുറേ എൻജിനീയർമാർ ചേർന്ന് അണിയിച്ചൊരുക്കിയ സിനിമ.  

എന്നാൽ, അഭ്രപാളിയിൽ അവരുടെ എൻജിനീയറിങ് അത്ര എളുപ്പമായിരുന്നില്ല. കരിയും ഗ്രീസും പുരണ്ട് ഒരു വ്യവസായ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനെക്കാൾ മെനക്കേടായിരുന്നു സിനിമാപിടിത്തമെന്ന് സംവിധായകനായ  ഡിജോ ജോസ് ആന്റണി പറയുന്നു. 

നിവിൻ പോളി ബിടെക് പഠിച്ച ഫിസാറ്റിലായിരുന്നു ഡിജോയുടെയും പഠനം. പല ഐടി സ്ഥാപനങ്ങളിൽ ജോലി ചെയ്തു. പിന്നീട് സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറുടെ വേഷവുമിട്ടു.  ഇതിനിടെ ഷാരിസ് മുഹമ്മദ്, ജെബിൻ ജോസ് ആന്റണി എന്നീ കഥയെഴുത്തുകാരും ഡിജോയ്‌ക്കൊപ്പം കൂടി.  (ഇരുവരും മെക്കാനിക്കൽ എൻജിനീയർമാർ).

മൂവരും ചേർന്നു പല താരങ്ങളെയും സമീപിച്ചു. ചിലരുമായി സംസാരിച്ചു, ചിലർ കാണാനേ കൂട്ടാക്കിയില്ല.  ഒടുവിൽ മനസ്സു മടുത്തിരുന്ന സമയത്താണ് കഥാകൃത്തുക്കളിലൊരാൾക്ക് ഐഡിയ മിന്നിയത്:  ‘മെക്ക്‌റാണിയെ വച്ചൊരു സിനിമയെടുത്താൽ എങ്ങനെയിരിക്കും?' ഈ ഒരൊറ്റ ഡയലോഗ് കൊള്ളേണ്ടിടത്തു കൊണ്ടു, ക്വീൻ എന്ന സിനിമയ്ക്കു സ്റ്റാർട്, ക്യാമറ, ആക്‌ഷൻ... 

∙ കളംമാറ്റിയ മെക്ക്‌റാണി

എൻജിനീയറിങ്ങിലെ വ്യത്യസ്തമായ ബ്രാഞ്ചാണ് മെക്കാനിക്കൽ. പഠിക്കുന്നവരിൽ കൂടുതലും ആൺകുട്ടികളാകുമെന്നതു തന്നെ കാരണം. തികഞ്ഞ പുരുഷാധിപത്യം നിലനിൽക്കുന്ന ഈ കോഴ്‌സിൽ ഇടയ്ക്കിടയ്ക്ക് ചില വനിതാശിങ്കങ്ങൾ അവതരിക്കും. അന്നുമുതൽ അവർ അറിയപ്പെടുന്നത് 'മെക്ക്‌റാണിമാർ' എന്ന രാജകീയ പേരിലാണ്. ഇതു തന്നെ ചിത്രത്തിന്റെ പ്രമേയമാക്കാൻ അവർ തീരുമാനിച്ചു. 

∙ ഫോർജിങ് തുടങ്ങി

മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഫോർജിങ് എന്നൊരു പ്രക്രിയയുണ്ട്. ഇരുമ്പ് തീയിൽ പഴുപ്പിച്ച് ചുറ്റികകൊണ്ട് അടിച്ചുപരത്തൽ. ഈ അവസ്ഥയിലൂടെയാണ് തങ്ങൾ കടന്നു പോയതെന്നു ഡിജോ പറയുന്നു.  വി. റിൻഷാദ്, ടി.ആർ. ഷംസുദ്ദീൻ, ഷിബു കെ.മൊയ്തീൻ എന്നിവർ (ഇവരും എൻജിനീയർമാർ) ചിത്രത്തിന്റെ നിർമാണം ഏറ്റെടുത്തു.

പ്രധാനവേഷം ചെയ്യേണ്ട എട്ട് പേരെ കണ്ടെത്തി.  ഇവരിൽ രണ്ടു പേർ എൻജിനീയർമാർ. ഛായാഗ്രഹണം സുരേഷ് ഗോപി കംപ്യൂട്ടർ എന്ന എൻജിനീയർ. സർവം എൻജിനീയറിങ് മയം. ചിന്നു എന്ന നായികാ കഥാപാത്രമായി പത്താംക്ലാസിൽ പഠിക്കുന്ന സാനിയാ അയ്യപ്പൻ കൂടി വന്നതോടെ കാസ്റ്റിങ് പൂർണം . 

ഷൂട്ടിങ് തുടങ്ങിയപ്പോൾ തടസ്സങ്ങളായി; സാമ്പത്തികമായും അല്ലാതെയും.  ഇതിനിടയിൽ ഡിജോയുടെ കല്യാണം. ദുബായിൽ ജോലി ചെയ്യുന്ന പ്രതിഭാ സൂസൻ തോമസുമൊത്തുള്ള ജീവിതം തുടങ്ങിയത് സിനിമാഷൂട്ടിങ് ഉച്ചസ്ഥായിയിലായ സമയത്ത്.

ഷൂട്ട് ചെയ്ത ആദ്യ സീൻ ക്ലൈമാക്‌സ്  ആയിരുന്നു. ഒരു പുതുമുഖ സംവിധായകനെ സംബന്ധിച്ച് ഏറ്റവും വെല്ലുവിളി ഉയർത്തിയ ഘട്ടം.  ആത്മവിശ്വാസം കൊണ്ടും ദൃഢനിശ്ചയം കൊണ്ടും എല്ലാം മറികടന്നു. തീർത്തും തുടക്കക്കാരായ ഒരു സംഘം എങ്ങനെ ഒരു സിനിമ നിർമിച്ചെന്നു ചോദിച്ചാൽ ഒട്ടും സംശയമില്ലാതെ പറയും: 'കൂട്ടായ്മയുടെ വിജയം'